Tuesday, February 04, 2020

വസിഷ്ഠ സാന്ത്വനം

Friday 9 October 2015 2:19 pm IST
ഭരതനോട് വസിഷ്ഠ മഹര്‍ഷി പറഞ്ഞു. ദശരഥമഹാരാജാവ് വൃദ്ധനും ജ്ഞാനിയും സത്യപരാക്രമനുമായിരുന്നു. അദ്ദേഹം മനുഷ്യജന്മത്തിലെ എല്ലാ സുഖഭോഗങ്ങളും അനുഭവിച്ച് അശ്വമേധാദിയാഗങ്ങളും ചെയ്ത് ഭഗവാനെ ഭജിച്ചു ഭഗവാന്‍ മഹാവിഷ്ണുവിനെ പുത്രരൂപത്തില്‍ ലഭിച്ച് സ്വര്‍ഗം പ്രാപിച്ചു. ഇന്ദ്രന്റെ അര്‍ദ്ധസിംഹാസനത്തിന് ഇപ്പോള്‍ അര്‍ഹനായിത്തീര്‍ന്നു. ത്രിമൂര്‍ത്തികളാല്‍ വന്ദിക്കപ്പെട്ട് സ്വര്‍ഗ്ഗത്തിലിരിക്കുന്ന ആളെച്ചൊല്ലി വിലപിക്കുന്നതെന്തിനാണ്? ആത്മാവ് നിത്യവും നാശരഹിതവും ജന്മനാശാദികളില്ലാത്തതുമാണ്. ശരീരമാകട്ടെ ജഡവും നശിക്കുന്നതും അപവിത്രവുമാണ്. അപ്പോള്‍ ശരീരം നശിക്കുമ്പോള്‍ ദുഃഖിക്കേണ്ട കാര്യമില്ല. പിതാവോ പുത്രനോ മറ്റൊരെങ്കിലുമോ മരിക്കുമ്പോള്‍ മാറത്തടിച്ചു കരയുന്നത് മൂഢന്മാരാണ്. ഈ സംസാരം നിസ്സാരമാണ്. ജ്ഞാനികള്‍ക്ക് ആരുടെയെങ്കിലും വിയോഗം വൈരാഗ്യത്തിനു കാരണമായിത്തീരും. അതവര്‍ക്ക് സുഖവും ശാന്തിയും നല്‍കുന്നു. സത്യത്തെ അറിയാന്‍ സത്സംഗം മാത്രവേ വഴിയുള്ളൂ. ഈ ലോകത്തില്‍ ജനിക്കുമ്പോള്‍തന്നെ മരണവും കൂടി ഒത്തുചേരുന്നു. അതിനാല്‍ ജനിച്ചവര്‍ക്കെല്ലാം മരണവുമുണ്ട്. അതിനെ ആര്‍ക്കും തടുക്കാന്‍ സാധിക്കുകയില്ല. തങ്ങളുടെ തന്നെ കര്‍മ്മവശാലാണ് ജനനവും മരണവും ഉണ്ടാകുന്നത്. ഇതു മനസ്സിലാക്കിയാലും മൂഢന്മാര്‍ ബന്ധുക്കള്‍ മരിക്കുമ്പോള്‍ ദുഃഖിക്കുന്നു. ഈ തത്ത്വം മനസ്സിലാക്കിയ ജ്ഞാനികള്‍ അപ്രകാരം ദുഃഖിക്കുകയുമില്ല. ഉണ്ടായിരുന്ന അനേകം ബ്രഹ്മാണ്ഡങ്ങള്‍ നശിച്ചിരിക്കുന്നു. അനേകം സൃഷ്ടികള്‍ നശിച്ചു. ബ്രഹ്മാവിന്റെ സൃഷ്ടിയില്‍ സംഖ്യയില്ലാത്തോളം ജീവജാലങ്ങളുണ്ട്. അവയൊക്കെ നശിക്കുന്നവയാണ്. ഈ സമുദ്രങ്ങള്‍പോലും ഒരിക്കല്‍ വറ്റിപ്പോകും. പിന്നെ ഈ ക്ഷണികമായ ജീവിതത്തിന്റെ അവസ്ഥയെന്താണ്? ഇളകുന്ന ഇലയുടെ അറ്റത്ത് തൂങ്ങിക്കിടക്കുന്ന ജലത്തുള്ളികള്‍പോലെ ക്ഷണഭംഗുരമാണ് ആയുസ്സ്. ഈ ജീവാത്മാവ് തന്റെ പൂര്‍വ്വദേഹകൃതമായ കര്‍മ്മംകൊണ്ടാണ് ഈ ശരീരമെടുത്തത്. ഇനി ഈ ശരീരകൃതമായി മറ്റൊരു ശരീരമെടുക്കും. അങ്ങനെ ആത്മാവിന് വീണ്ടും വീണ്ടും ദേഹപ്രാപ്തിയുണ്ടാകുന്നു. മനുഷ്യന്‍ പഴയവസ്ത്രങ്ങള്‍ കളഞ്ഞ് പുതിയ വസ്ത്രം ധരിക്കുന്നതുപോലെ ജീവന്‍ പഴയ ശരീരം ഉപേക്ഷിച്ച് പുതിയ ശരീരം സ്വീകരിക്കുന്നു. ആത്മാവുമാത്രം നശിക്കുന്നില്ല. അത് ജനനം, ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം, മരണം എന്നീ ഷഡ്വികാരങ്ങളില്ലാത്തതാണ്. അനന്തവും സച്ചിത്സ്വരൂപവും ആനന്ദവുമാണ്. പരമാത്മാവ് ഏകവും അദ്വിതീയവും ആദ്യന്തരഹിതവുമാണ്. നീ ആത്മാവിനെ സംബന്ധിച്ച ശരിയായ ജ്ഞാനം ഉറപ്പിച്ച് ശോകരഹിതനായി എല്ലാ കര്‍മ്മങ്ങളും ചെയ്യുക. ശ്രീമദ് ഭഗവദ്ഗീത രണ്ടാമദ്ധ്യായത്തിലെ 22-ാം ശ്ലോകത്തിന്റെ ആശയം അദ്ധ്യാത്മരാമായണത്തിലും കടമെടുത്തിരിക്കുന്നു. വാസാംസി ജീര്‍ണ്ണാനി യഥാവിഹായ നവാനി ഗൃഹ്ണാതി നരോfപരാണി തഥാ ശരീരാണി വിഹായജീര്‍ണ്ണാന്‍ അന്യാനി സംയാതി നവാനി ദേഹി (മനുഷ്യന്‍ കീറിയതും പഴകിയതുമായ പഴയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചിട്ട് പുതിയതു ധരിക്കുന്നതുപോലെ ജീവാത്മാവ് പഴയ ശരീരം വിട്ട് പുതിയതു സ്വീകരിക്കുന്നു)
janmabhumi

No comments: