Saturday, February 08, 2020

സാധകന് അനിവാര്യം ദൃഢവൈരാഗ്യം

Thursday 6 February 2020 6:55 am IST
ശ്ലോകം 79
ആപാത വൈരാഗ്യവതോ മുമുക്ഷൂന്‍
ഭവാബ്ധിപാരം പ്രതിയാതുമുദ്യതാന്‍
ആശാഗ്രഹോ മജ്ജയതേളന്തരാളേ
നിഗൃഹ്യ കണ്‌ഠേ വിനിവര്‍ത്യ വേഗാത്
താല്‍ക്കാലിക വൈരാഗ്യം മാത്രമുള്ള മുമുക്ഷുക്കള്‍ സംസാരസാഗരത്തിന്റെ മറുകര കടക്കാന്‍ ശ്രമിക്കുമ്പോള്‍ ആശയാകുന്ന മുതല അവരുടെ കഴുത്തില്‍ മുറുക്കി പിടിച്ച് ഇടയ്ക്ക് വെച്ച് മുക്കിക്കൊല്ലുന്നു. സംസാര സാഗരത്തിന്റെ മറുകരയേറണമെങ്കില്‍ തീര്‍ച്ചയായും ദൃഢവൈരാഗ്യം വേണമെന്ന് ഇവിടെ വ്യക്തമാക്കുന്നു. താല്ക്കാലികമായ വൈരാഗ്യത്തിന്റെ0പോരായ്മയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇത്.
തുടര്‍ച്ചയായി ആപത്തുകളെ നേരിടേണ്ടി വരുമ്പോഴോ പ്രിയപ്പെട്ട ആളുകളുടെ വിയോഗം കൊണ്ടോ ചിലപ്പോള്‍ ചിലര്‍ക്ക് വൈരാഗ്യം  തോന്നിയേക്കാം. കടുത്ത നിരാശയും ദയനീയ പരാജയവും ശാരീരിക ക്ലേശങ്ങളുമൊക്കെ താല്കാലിക വൈരാഗ്യത്തിലേക്ക് നയിച്ചേക്കാം. ആ സമയം വിഷയങ്ങളിലുള്ള ആസക്തി കുറഞ്ഞ പോലെയും തോന്നും. അങ്ങനെയുള്ള ഒരു മുമുക്ഷുവാണെങ്കില്‍ അയാള്‍ ആശയാകുന്ന മുതലയുടെ കടിയില്‍പെട്ട് വീണ്ടും സംസാരത്തിലേക്ക് പതിക്കും.
താല്കാലികമായ വൈരാഗ്യങ്ങള്‍ക്ക് ഉദാഹരണമായി 'ശ്മശാന വൈരാഗ്യം', 'പ്രസൂതി വൈരാഗ്യം'എന്നിവയെ പറയാറുണ്ട്. തനിക്ക് വേണ്ടപ്പെട്ട ആളുകളുടെ മരണാനന്തര ചടങ്ങുകള്‍ ശ്മശാനത്തിലും മറ്റും നടക്കുമ്പോള്‍ ഈ ജീവിതത്തിന്റെ നിസ്സാരതയെ പറ്റി തോന്നാന്‍ ഇടയാകും. എന്നാല്‍ ഇത് അല്പനേരത്തേക്ക് മാത്രമായിരിക്കും. കുറച്ച് കഴിഞ്ഞാല്‍ വീണ്ടും പഴയപോലെയാകും. അത് പോലെ തന്നെ മറ്റൊന്നാണ് പ്രസവസമയത്തെ കഠിന വേദന മൂലം സ്ത്രീകള്‍ക്ക് തോന്നുന്ന വൈരാഗ്യം. ഒന്നും വേണ്ടിയിരുന്നില്ല; ഇനിയെന്തായാലും ഇല്ല. എന്നൊക്കെ കുറച്ച് സമയത്തേക്ക് തോന്നും. പക്ഷേ വീണ്ടും മൈഥുനത്തിലേര്‍പ്പെടുകയും ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയുമൊക്കെ ചെയ്യും.
ഇത്തരം താല്കാലിക വൈരാഗ്യങ്ങളൊന്നും ആത്മശ്രേയസ്സിനെ നല്‍കാന്‍ സാധിക്കുന്നവയല്ല. എങ്കിലും ജീവിതത്തിലെ കടുത്ത യാഥാര്‍ത്ഥ്യങ്ങളെ തുടരെത്തുടരെ നേരിടേണ്ടി വരുമ്പോള്‍ ആരിലും ഉദാസീന ഭാവവും ചിന്താശീലവും ഉണ്ടാക്കാനിടയുണ്ട്. അത് വിവേകം ഉദിക്കാനും വൈരാഗ്യം തീവ്രമാക്കാനും ഇടയാക്കും.
വിവേകമാകുന്ന വെളിച്ചത്തില്‍ ബുദ്ധിയ്ക്ക് എല്ലാം വ്യക്തമായി അറിയാന്‍ കഴിയും. അത് വൈരാഗ്യത്തെ ഉണ്ടാക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വ്യാജ വൈരാഗ്യം നാസ്തികതയേക്കാള്‍ അനര്‍ത്ഥ കാരിയാണ്. വിവേകവും വൈരാഗ്യവുമില്ലാതെ എത്രയോ പേരാണ് ആദ്ധ്യാത്മിക ജീവിതത്തിലേക്ക് എടുത്തു ചാടി കഷ്ടപ്പെടുന്നത്. ആശ്രമങ്ങളിലും മറ്റും വന്ന് പെടുന്ന ഇവര്‍ കുറച്ച് കാലം കൊണ്ട് തന്നെ തങ്ങള്‍ക്ക് ആന്തരിക സന്ന്യാസമോ വിരക്തിയോ ആത്മ നിയന്ത്രണമോ ഇല്ലെന്ന് മനസ്സിലാക്കും.അപ്പോള്‍ യോഗഭൂമി വിട്ട് ഭോഗഭൂമിയിലേക്ക് തിരിച്ച് പോകും.എന്നാല്‍ ചിലര്‍ അദ്ധ്യാത്മിക ജീവിതം നയിക്കാനോ ലൗകികതയിലേക്ക് തിരിച്ചുപോകാനോ കഴിയാതെ സ്വയം നീറിയെരിയുന്നവരാണ്. ചിലര്‍ സാധു വേഷം കെട്ടി വിഷയ ജീവിതം നയിക്കുന്നു. അവര്‍ ആദ്ധ്യാത്മിക സംസ്‌കാരത്തിന് തന്നെ കളങ്കമാണ്.
സ്ഥിരവും തീവ്രവുമായ വൈരാഗ്യമില്ലാത്തവര്‍ വിഷയേച്ഛകളാകുന്ന അഥവാ ആഗ്രഹങ്ങളാകുന്ന മുതലകള്‍ നിറഞ്ഞ സംസാരസാഗരത്തെ മറികടക്കാന്‍ കെല്പില്ലാത്ത വരാണ്. ആഗ്രഹങ്ങളാകുന്ന മുതലകള്‍ ഇവരെ പിടികൂടി ലക്ഷ്യം നേടാനനുവദിക്കാതെ സംസാര സമുദ്രത്തില്‍ മുക്കി കൊല്ലും. അതിനാല്‍ വളരെ കരുതല്‍ വേണം. നല്ല ദൃഢമായവൈരാഗ്യം തന്നെ വേണം സാധകന്.

No comments: