Friday, April 20, 2018

ഛാന്ദോഗ്യോപനിഷത്ത് 1
സാമവേദത്തിലെ ഒരു ഉപനിഷത്താണ് ഛാന്ദോഗ്യം. ഛന്ദോഗന്‍ എന്നാല്‍ സാമ ഗായകന്‍. സാമവേദാനുഗായികള്‍ക്ക്  അവകാശപ്പെട്ടതിനാലാണ്  ഛാന്ദോഗ്യം എന്നു പറയുന്നത്. 130 വിഷയങ്ങള്‍ ഈ ഉപനിഷത്തില്‍ ചര്‍ച്ച ചെയ്യുന്നു. വേദാന്ത പഠനത്തില്‍ ഛാന്ദോഗ്യത്തിന് വളരെ പ്രാധാന്യമുണ്ട്. ദാര്‍ശനികതയും സാഹിത്യവും വളരെ കേമമായി ആവിഷ്‌കരിച്ചിരിക്കുന്നു. 
ഉപനിഷത്തുകളില്‍ വെച്ച് അതിപ്രാചീനമായ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്. ബ്രഹ്മ തത്വത്തെ നന്നായി അറിയാന്‍ കഴിയുന്ന വാക്യങ്ങള്‍ ഛാന്ദോഗ്യത്തിലാണ് കൂടുതല്‍ ഉള്ളതെന്ന് വേദവ്യാസമഹര്‍ഷിയും ശങ്കരാചാര്യസ്വാമികളും പറയുന്നു. 
 സാമുദായിക സ്ഥിതി, ഗുരുകുല വിദ്യാഭ്യാസം, രാജ്യഭരണം, ശിക്ഷാസമ്പ്രദായം തുടങ്ങിയവയെ പറ്റി പരാമര്‍ശിക്കുന്ന കഥകളിലൂടേയും മറ്റുമാണ് ഉപനിഷത്ത് സംവദിക്കുന്നത്.
 അദ്ധ്യാത്മം, അധിദൈവം എന്നീ രണ്ടു ഭാവങ്ങളാണ് ഛാന്ദോഗ്യത്തിലുള്ളത്. അദ്ധ്യാത്മഭാവമായ മനുഷ്യ ശരീരത്തെ ബ്രഹ്മത്തിന്റെ വാസസ്ഥാനമായ പട്ടണം എന്ന അര്‍ത്ഥത്തില്‍ ബ്രഹ്മപുരം എന്ന് പറയുന്നു. ബ്രഹ്മം അവിടെ എല്ലാ ശക്തികളുടേയും നിയാമകനായി പ്രാണസ്വരൂപനായി കുടികൊള്ളുന്നു.
 ഛാന്ദോഗ്യ ഉപനിഷത്തിലെ ആദ്യ 5 അദ്ധ്യായങ്ങള്‍ പലതരത്തിലുള്ള ബ്രഹ്മപ്രതീക ഉപാസനകളുടെ വിവരണമാണ്. ഓങ്കാരത്തിന്റെ മറ്റൊരു പേരായ ഉദ്ഗീഥത്തിന്റെ ഉപാസനയോടെയാണ് ഒന്നാം അദ്ധ്യായം തുടങ്ങുന്നത്. പ്രണവോ പാസനയുടെ മഹത്വത്തെ കാണിക്കുന്ന പല ഉപാഖ്യാനങ്ങളും ഇതിലുണ്ട്. പ്രണവ ജപത്തിലൂടെ അസുരന്‍മാരെ ജയിച്ചതാണ് തുടക്കം.രണ്ടാമദ്ധ്യായത്തില്‍  സാമത്തിന്റെ വിവിധ ഉപാസനയാണ്. ആദിത്യ ഉപാസനയാണ് മുന്നില്‍. സൂര്യനെ പ്രതീകമാക്കിയുള്ള ബ്രഹ്‌മോപാസനകളാണിവിടെ. വായം, പ്രാണന്‍ എന്നിവയെ ബ്രഹ്മമായി ഉപാസിക്കുന്ന വിദ്യയെ പ്രകീര്‍ത്തിക്കുന്ന കഥകളാണ് നാലില്‍. അഞ്ചാം അദ്ധ്യായത്തിലും ഉപാസനകളാണ്. ശ്വേതകേതുവും പ്രഹണനും തമ്മിലുള്ള സംവാദം ഇതിലാണ്.
പ്രപഞ്ച ചൈതന്യത്തെക്കുറിച്ചുള്ള ചര്‍ച്ച, പഞ്ചാഗ്‌നി വിദ്യ, വൈശ്വാനര വിദ്യ എന്നിവയും വിവരിക്കുന്നു. ഉപാസന കൊണ്ട് മനസ്സിനെ ഏകാഗ്രവും ശുദ്ധവുമാക്കി ആത്മസാക്ഷാത്കാരം നേടാനുള്ള മാര്‍ഗ്ഗമാണ് ഈ അദ്ധ്യായങ്ങളില്‍ പറയുന്നത്.
 ആറാം അദ്ധ്യായത്തില്‍ ആരുണി എന്ന ഋഷി മകനായ ശ്വേതകേതുവിന് നല്‍കുന്ന ഉപദേശമാണ് പ്രധാനം. 'തത്വമസി' മഹാവാക്യം വരുന്നത് ഇവിടെയാണ്. മനോഹരമായ പല ഉദാഹരണങ്ങള്‍ നിരത്തി തത്വമസിയിലൂടെ ജീവ ബ്രഹ്മ ഐക്യത്തെ 9. തവണ  ആവര്‍ത്തിച്ച് പറഞ്ഞ് ഉറപ്പിച്ചിരിക്കുന്നു. ഛാന്ദോഗ്യത്തിന്റെ ജീവന്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇതില്‍ ഉപാസനയില്‍ ജ്ഞാനത്തിലേക്കുള്ള പ്രവേശനമാണ്.
നാരദ -സനത് കുമാര സംവാദമാണ് ഏഴില്‍.
 വെറും ശാസ്ത്ര പഠനം ശബ്ദജ്ഞാനം മാത്രമാണ് ,സത്യജ്ഞാനമാണ് വേണ്ടതെന്ന് സനത് കുമാരന്‍ നാരദരെ ബോധ്യപ്പെടുന്നു. അറിവ് കൊണ്ട് മനസ്സിനെ പരിമിതിക്ക് അപ്പുറമെത്തിക്കണം. അപരിമിതമായ ഭൂമാവിനെ നേടണം. സത്യമായ ആത്മാവിനെ അപ്രകാരം അറിഞ്ഞാല്‍ സമാധാനം ഉണ്ടാകും.
എട്ടാം അദ്ധ്യായത്തില്‍ ദഹരോപാസനയെപ്പറ്റി പറയുന്നു. ബ്രഹ്മപുരമാകുന്ന ശരീരത്തില്‍ ഹൃദയത് താമരയ്ക്കുള്ളില്‍ പ്രകാശിക്കുന്ന ബ്രഹ്മത്തെ ഉപാസിക്കലാണിത്. അസുരരാജാവായ വിരോചനനും ദേവരാജാവായ ഇന്ദ്രനും പ്രജാപതി ആത്മ ജ്ഞാനത്തെ ഉപദേശിക്കുന്ന ഒരു കഥയും ഉണ്ട്.ശരീരമാണ് ആത്മാവ് എന്ന് ധരിച്ച വിരോചനന്‍ അന്വേഷണം നിര്‍ത്തുന്നു. എന്നാല്‍ ഇന്ദ്രന്‍ കൂടുതല്‍ അന്വേഷണത്തിനായി. വീണ്ടും തപസ്സ് ചെയ്ത് ആത്മജ്ഞാനം നേടുന്നു.ഉപാസനകളെയും ആത്മജ്ഞാനത്തേയും വിവരിച്ച് അതിലൂടെ പരമപദ പ്രാപ്തിയെ നേടാന്‍ ഛാന്ദോഗ്യ ഉപനിഷത്ത് വഴികാട്ടിയാകുന്നു..janmabhumi

No comments: