Tuesday, April 03, 2018

*മഹാഭാരതം കഥാരൂപത്തിൽ - 22*
ശകുനി പറഞ്ഞതനുസരിച്ച് ദുര്യോധനൻ ഭീമനെ കൊല്ലാൻ നോക്കുന്നു.
വാസ്തവത്തിൽ ഭീമന് ദുര്യോധനൻ നല്കിയ കൊടിയ വിഷത്തിനെ നിർവീര്യമാക്കാൻ നാഗങ്ങളുടെ വിഷത്തിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. ശത്രു എന്ന് ധരിച്ചു ഭീമനെ നാഗങ്ങൾ ആക്രമിച്ചപ്പോൾ വിഷം നിർവീര്യമാകുകയും ഭീമൻ രക്ഷപെടുകയും ചെയ്തതാണ് എന്ന് ആരും അറിഞ്ഞില്ല.
അതേ സമയം ഭീമനെ കാണാതെ കൊട്ടാരത്തിൽ മറ്റു പാണ്ഡവരും കുന്തിയും വിഷമിച്ചു. ഭീമനെ ദുര്യോധനൻ കൂട്ടിക്കൊണ്ട് പോകുന്നത് യുധിഷ്ഠിരൻ കണ്ടിരുന്നു. അത് അവൻ കുന്തിയോട് പറഞ്ഞു. കുന്തി രഹസ്യമായി ദുര്യോധനനെ വിളിച്ചു കാര്യം അന്വേഷിച്ചു. തന്റെ കൂടെ അല്പസമയം കളിച്ച ശേഷം യുധിഷ്ഠിരൻ്റെ അടുത്തേക്ക് എന്ന് പറഞ്ഞു ഭീമൻ പോയി എന്ന് ദുര്യോധനൻ കള്ളം പറഞ്ഞു.
ഭീമന്റെ തിരോധാനത്തിൽ ഗാന്ധാരിയും സംശയിച്ചത് ദുര്യോധനനെ തന്നെയായിരുന്നു.
ദുര്യോധനന്റെ പ്രവർത്തികൾ കണ്ടിട്ട് പേടിയാകുന്നു എന്നും അവനെ നിയന്ത്രിച്ചില്ലെങ്കിൽ അനർത്ഥങ്ങൾ ഉണ്ടാകും എന്നും ഗാന്ധാരി ധൃതരാഷ്ട്രരോട് പറഞ്ഞു. പക്ഷെ, ഗാന്ധാരി വെറുതെ ദുര്യോധനനെ സംശയിക്കുന്നതാണ് എന്നാണു ധൃതരാഷ്ട്രർ പറഞ്ഞത്.
തിരിച്ചു കൊട്ടാരത്തിൽ എത്തിയ ഭീമൻ സംഭവിച്ചതെല്ലാം പാണ്ഡവരോടും കുന്തിയോടും പറഞ്ഞു. തന്നെ വിഷം തന്നു കൊല്ലാൻ ശ്രമിച്ച ദുര്യോധനന്റെ തല ഇന്ന് തകർക്കും എന്ന് ഭീമൻ പറഞ്ഞു. പക്ഷെ അങ്ങനെ ചെയ്‌താൽ ദുര്യോധനനും ഭീമനും തമ്മിൽ വ്യത്യാസമൊന്നും ഉണ്ടാകില്ല, അതുകൊണ്ട് നീ അവനോടു ക്ഷമിക്കണം. അവൻ നിന്റെ സഹോദരനാണ്, കൂടാതെ ഈ കാര്യം നമ്മൾ അല്ലാതെ വേറെ ആരും അറിയാൻ പാടില്ല. ദുര്യോധനൻ വിഷം തന്നു നിന്നെ കൊല്ലാൻ ശ്രമിച്ചു എന്ന് ഗാന്ധാരിയമ്മ അറിഞ്ഞാൽ അവർ വിഷമിക്കും. അതുകൊണ്ട് ഈ കാര്യങ്ങൾ എല്ലാം രഹസ്യമായി തന്നെ സൂക്ഷിക്കണം എന്നും യുധിഷ്ഠിരൻ ഭീമനോട് പറഞ്ഞു. അത് തന്നെയാണ് തന്റെയും ആജ്ഞ എന്ന് കുന്തിയും പറഞ്ഞു.
ഭീമൻ ആരോടും ഒന്നും പറഞ്ഞില്ല. പക്ഷെ ബുദ്ധിമാനായ വിദുരർ സത്യം മനസ്സിലാക്കിയിരുന്നു. അദ്ദേഹം ഭീഷ്മരോട് പറഞ്ഞു. ഭീഷ്മർ സംഭവിച്ചത് അറിഞ്ഞു വിഷമിച്ചു. അദ്ദേഹം പറഞ്ഞു, ധൃതരാഷ്ട്രരുടെ പ്രതിബിംബമാണ് ദുര്യോധനൻ. അവൻ കുട്ടിയല്ലേ, അവനെ നമുക്ക് നിയന്ത്രിക്കാം ... ധൃതരാഷ്ട്രർ ഇത്തരം ഗൂഡാലോചനയൊന്നും നടത്തില്ല. ഇതിനു പിന്നിൽ ആ ശകുനിയാണ്. ഗാന്ധാരിയെ ധൃതരാഷ്ട്രർക്ക് വധുവായി ചോദിച്ചത് ഗാന്ധാര രാജ്യത്തെ അപമാനിച്ചതായിട്ടാണ് ശകുനി കാണുന്നത്. അയാൾ *ശകുനി കുരുവംശത്തോട് പ്രതികാരം തീർക്കാൻ* ശ്രമിക്കുകയാണ്. അതുകൊണ്ട് നമ്മൾ സൂക്ഷിക്കണം.

No comments: