Sunday, April 22, 2018

ഇത്ഥം യദീക്ഷേതഹി ലോക 
സംസ്ഥിതോ  
ജഗന്മൃഷൈവേതി വിഭാവവാന്‍ മുനിഃ
നിരാകൃതത്വാത്ശ്രുതിയുക്തിമാനതോ 
യഥേന്ദുഭേദോ ദിശി ദിഗ്ഭ്രമാദയഃ(55)
ഇപ്രകാരം എല്ലാ വ്യവഹാരങ്ങളും ഉപേക്ഷിച്ച് താന്‍തന്നെയാണ് ലോകം എന്നനിലയില്‍ കാണുന്നതായാല്‍, ഈ ലോകത്തെ ശ്രുതികള്‍കൊണ്ടും യുക്തികൊണ്ടും അനുഭവം കൊണ്ടും നിരസിക്കാന്‍ സാധിക്കും. ഇത് ഇന്ദുഭേദം ( ഓരോ സ്ഥലത്തും ഓരോ ചന്ദ്രനുണ്ടെന്ന തോന്നല്‍), ദിഗ്ഭ്രമം( ദിക്കുകള്‍ കറങ്ങുന്നു എന്നതോന്നല്‍) എന്നിവപോലെയാണ്.
കുറിപ്പ്- അവസ്ഥാത്രയങ്ങളില്‍ നിന്നും മുക്തനായി സര്‍വ്വ ലോകവ്യവഹാരങ്ങളും ഉപേക്ഷിക്കണം. എന്നിട്ട് ഈ ലോകം ഇല്ലാത്തതാണെന്ന് ഇതുവരെ പഠിച്ച ജ്ഞാനംകൊണ്ടും ബുദ്ധികൊണ്ടും തിരിച്ചറിയണം. യുക്തികള്‍ കൊണ്ട് സമര്‍ത്ഥിച്ചുറപ്പിക്കണം. ഉദാഹരണമായി ഭാരതത്തിലും അമേരിക്കയിലും ജപ്പാനിലും വേറെ വേറെ സമയത്തുദിക്കുന്ന ചന്ദ്രന്‍ വേറെ വേറെയല്ലല്ലോ. തന്റെ തലചുറ്റുമ്പോള്‍ ദിക്കുകള്‍ കറങ്ങുന്നു എന്നുതോന്നും. ദിക്കുകള്‍ ഒരിക്കലും കറങ്ങുകയില്ല. ഇവ വെറും ഭ്രമം മാത്രമാണ്. അതുപോലെ സംസാരം വെറും ഭ്രമം മാത്രമാണെന്ന് ഉറയ്ക്കണം.   
യാവന്ന പശ്യേദഖിലം മദാത്മകം 
താവന്മദാരാധനതല്‍പരോ ഭവേല്‍
ശ്രദ്ധാലുരത്യൂര്‍ജ്ജിത ഭക്തിലക്ഷണോ 
യസ്തസ്യ ദൃശ്യോഹമഹര്‍ന്നിശം 
ഹൃദി.(56)
   ഇക്കാണുന്നതെല്ലാം ഞാന്‍ തന്നെയാണെന്ന് ഏതുവരെ ബോധമുണ്ടാകാതിരിക്കുന്നുവോ, അതുവരെ എത്രയും ശ്രദ്ധയോടും ഭക്തിയോടും കൂടി എന്നെ ആരാധിച്ചുകൊണ്ടിരിക്കുന്നവന് രാപകല്‍ എന്നെ ഹൃദയത്തില്‍ കാണാന്‍ കഴിയും. 
കുറിപ്പ്- ഈ വിശ്വത്തില്‍ കാണുന്ന സര്‍വ്വതും തന്നിലുള്ള ഈശ്വരന്‍ തന്നെ എന്ന ബോധമാണ് ആത്മബോധം. ആത്മബോധം കിട്ടുക അഥവാ സര്‍വ്വത്തിലും ഈശ്വരനെ ദര്‍ശിക്കുക അത്ര എളുപ്പമല്ല. അതിന് നിരന്തരമായ അഭ്യാസവും സാധനയും ആവശ്യമാണ്.  ഭഗവാനെ ശ്രദ്ധയോടും ഭക്തിയോടും കൂടി നിരന്തരം ഉപാസിച്ചുകൊണ്ടിരുന്നാല്‍ ക്രമേണ ആത്മബോധം ഉറയ്ക്കും.
രഹസ്യമേതത്ശ്രുതിസാരസംഗ്രഹം
മയാവിനിശ്ചിത്യ തവോദിതം പ്രിയ
യസ്‌ത്വേതദാലോചയതീഹ ബുദ്ധിമാന്‍ 
സ മുച്യതേ പാതകരാശിഭിഃ ക്ഷണാല്‍. (57)
ഹേ പ്രിയ സഹോദരാ, ഞാന്‍ നിനക്കു പറഞ്ഞുതന്ന ഈ ജ്ഞാനം അത്യന്തം രഹസ്യവും വേദസാരസംഗ്രഹവുമാണെന്നുറയ്ക്കുക. ബുദ്ധിമാനായ ഏതൊരുവന്‍ ഇതിനെ വിചിന്തനം ചെയ്യുന്നുവോ അവന്‍ ക്ഷണേന എല്ലാവിധ പാപങ്ങളില്‍ നിന്നും മോചിതനായിത്തീരും.
കുറിപ്പ്- വേദാന്തജ്ഞാനം അത്യന്തം രഹസ്യമാണ്. കാരണം അതറിയാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമേ അതിനായി പരിശ്രമിക്കുകയുള്ളു. ആത്മാന്വേഷി ആകാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അതുപദേശിച്ചുകൊടുത്തിട്ട് ഫലമില്ല. അത്യന്തം രഹസ്യമായ അധ്യാത്മജ്ഞാനം അധ്യയനം ചെയ്യുന്നവര്‍ക്ക് ഈ ജന്മത്തില്‍ തന്നെ മുക്തിസിദ്ധിക്കുമെന്ന്  എഴുത്തച്ഛന്‍ രാമായണത്തില്‍ പറയുന്നു. 
janmabhumi

No comments: