ലോകജീവിതം ആത്യന്തികമായി ശോകപൂര്‍ണ്ണമാണ്. അതില്‍ നിന്നുള്ള മോചനത്തിനായുള്ള പ്രവര്‍ത്തനം ലോകഹിതത്തിനു കൂടിയാവണം. (ആത്മനോമോക്ഷാര്‍ത്ഥം ജഗദ്ഹിതായച). വെല്ലുവിളികളും ദുരിതങ്ങളും നിറഞ്ഞ ലോകജീവിതത്തെ തരണം ചെയ്യുന്നതിന് തിരിച്ചറിവുള്ള വ്യക്തികളുണ്ടാവണം. മനുഷ്യത്വമുള്ള നല്ല മനുഷ്യരുണ്ടാവുക, അവര്‍ തന്റേയും മറ്റുള്ളവരുടേയും സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിക്കുക. ഇങ്ങനെയുള്ള നല്ല മനുഷ്യസമൂഹത്തിന്റെ ഭാഗമാകുക. അവിടെയാണ് മനുഷ്യന്‍ സ്വരൂപത്തെ തിരിച്ചറിയുന്നത്. ഇതാണ് 'മനുഷ്യത്വം, മുമുക്ഷുത്വം, സതാംസംഗതിരേവ ച' എന്ന ഉപദേശസാരത്തിന്റെ താല്‍പര്യം.
അടിസ്ഥാനപരമായി മനുഷ്യന്‍ ഹിംസചെയ്യുന്നവനും, അസത്യം പറയുകയും, പരധനത്തില്‍ മോഹമുള്ളവനും, കാമചാരിയും, അനര്‍ഹമായതൊക്കെ വാരിക്കൂട്ടുന്ന സ്വഭാവമുള്ളവനുമാണ്. അതുപോലെ വാക്കിലോ പ്രവൃത്തിയിലോ ശുദ്ധിയില്ലാത്തതും, എന്തുകിട്ടിയാലും സന്തോഷിക്കാനറിയാത്ത സ്വഭാവമുള്ളവനുമാണ്. ഈ വികൃതസ്വഭാവത്തെ സംസ്‌കരിച്ച് ധര്‍മ്മബോധമുള്ള നല്ല മനുഷ്യനാക്കാനാണ് അഹിംസ, സത്യം, അസ്‌തേയം, ബ്രഹ്മചര്യം, അപരിഗ്രഹം, ശൗചം, സന്തോഷം, തപസ്, സ്വാധ്യായം, ഈശ്വരപ്രണിധാനം തുടങ്ങിയ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. ഭാരതത്തിലുദയം ചെയ്ത എല്ലാ ഗുരുപരമ്പരയും ചെയ്തത് ഇതാണ്. ആചാര്യസ്വാമികളാകട്ടെ ഇതിനൊക്കെ മാര്‍ഗദര്‍ശിയുമാണ്.
ബ്രഹ്മം തന്നെയാണ് ജഗത്തിലെ സകലമാന ജീവികളും വസ്തുക്കളും. അല്ലാതെ തോന്നുന്നത് അജ്ഞാനം നിമിത്തമാണ്. 'ബ്രഹ്മൈവ ജീവഃ സകലം ജഗച്ച' എന്ന ജഗദ്ഗുരുവിന്റെ ആശയം ശ്രീനാരായണഗുരുദേവന്‍ ഇങ്ങനെ വ്യക്തമാക്കുന്നു.
കരണവുമിന്ദ്രിയവും കളേബരം തൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്നു ഭാനുമാന്‍ തന്‍
തിരുവുരുവാണു തിരഞ്ഞു തേറിടേണം
പ്രപഞ്ചനിഷേധമാണ് ശങ്കരദര്‍ശനമെന്നത് ശരിയല്ലെന്നുസാരം.
'ജാതി നീതി കുലഗോത്രദൂരഗം
നാമരൂപഗുണദോഷവര്‍ജിതം'
എന്ന ഉപദേശത്തിന്റെ കാതല്‍ ജാതി, വര്‍ണം, വര്‍ഗം തുടങ്ങിയ വിഭാഗീയ ചിന്താഗതികള്‍ ഉപേക്ഷിച്ചാലേ ഭേദമറ്റ പരംപൊരുളിനെ അനുഭവിക്കാനാവൂ എന്നാണ്. പരിഷ്‌കൃതരെന്നഭിമാനിക്കുന്ന മനുഷ്യര്‍ എല്ലാ കാര്യത്തിലും വിഭാഗീയത വെച്ചുപുലര്‍ത്തുകയും വലിയ ആശയങ്ങള്‍ പറയുകയും ചെയ്യുന്നവരാണ്.
ഇങ്ങനെ നോക്കിയാല്‍ മനുഷ്യസമൂഹത്തിന്റെ പുരോഗമനത്തിനും ശാശ്വതമായ ശാന്തിക്കും സഹായിക്കുന്ന ഒട്ടേറെ ആശയങ്ങള്‍ കണ്ടെത്താനാവും. അറിവും അധികാരവും സമ്പത്തും നീതിപൂര്‍വ്വമായി സകലമാനവ സമൂഹത്തിനും വിതരണം ചെയ്യുമ്പോഴേ മാനവികത പുലരുകയുള്ളൂ എന്ന ചിന്ത എത്രയോ നൂറ്റാണ്ടുകള്‍ക്കുമുന്നേയാണ് ആചാര്യസ്വാമികള്‍ ഉപദേശിച്ചിട്ടുള്ളത്.
ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും ജനങ്ങളിലെത്തിക്കാനുമുള്ള ശ്രമങ്ങളാണ് 'ശങ്കരോത്സവ'ത്തിന്റെ ഭാഗമായി നടത്തേണ്ടത്.
janmabhumi
No comments:
Post a Comment