കര്‍മം അനുഷ്ഠിച്ച് അശുഭം (പാപം) നേടുന്ന അവസ്ഥയില്‍നിന്ന് നിനക്ക് മോചനം നേടാം (നമുക്കും മോചനം നേടാം) എന്ന് ഭഗവാന്‍ പറയുന്നു. പ്രപഞ്ച സ്രഷ്ടാവായ ഭഗവാന് മാത്രമേ ധര്‍മശാസ്ത്രം നിര്‍മിക്കാന്‍ കഴിയൂ. ''ധര്‍മ്മം തു സാക്ഷാദ് ഭഗവത് പ്രണീതം'' എന്നു ഭാഗവതം പറയുന്നു. ഭഗവാന്‍ യുഗാരംഭത്തില്‍ വിവസ്വാന്‍ കര്‍മയോഗം ഉപദേശിച്ചു എന്ന് പറഞ്ഞുവല്ലോ. പിന്നീട് വിവസ്വാന്‍ തന്റെ പുത്രനായ വൈവസ്വത മനുവിനും മനു ഇക്ഷ്വാകുവിനും കര്‍മം എങ്ങനെ ഭഗവാദാരാധനയായി ചെയ്ത് ഭഗവതത്വ വിജ്ഞാനവും ഭക്തിയും നേടാം എന്ന് ഉപദേശിച്ചു. കര്‍മങ്ങള്‍ എങ്ങനെ ഭഗവാനുമായി യോഗം ചെയ്യാന്‍ കഴിയും എന്നതാണ് കര്‍മയോഗം. ഇത് അറിഞ്ഞാല്‍, തെറ്റായ ജ്ഞാനത്തില്‍ നിന്നും പ്രവര്‍ത്തനത്തില്‍നിന്നും നമുക്ക് മോചനം നേടാം. സംസാരത്തില്‍ നിന്ന് മുക്തരാവാം. ഭഗവദ്‌പ്രേമാനന്ദവും ആസ്വദിക്കാം.കര്‍മം, വികര്‍മം, അകര്‍മം (4-17) ശരീരങ്ങളുടെയും ഇന്ദ്രിയങ്ങളുടെയും വ്യാപാരമാണ് കര്‍മമെന്നും ശരീരേന്ദ്രിയങ്ങള്‍കൊണ്ട് ഒന്നും ചെയ്യാതിരിക്കുകയാണ് അകര്‍മ്മമെന്നും ലോകപ്രസിദ്ധമാണ്. അപ്പോള്‍ പണ്ഡിതന്മാരും ബുദ്ധിമാന്മാരും മോഹിച്ചുപോകുന്നത് എന്തുകൊണ്ടാണ്? ശാസ്ത്ര വിഹിത കര്‍മങ്ങളുടെയും ശരീരേന്ദ്രിയ വ്യാപാരങ്ങളുടെയും തത്വം അറിയേണ്ടതുണ്ട്. ശാസ്ത്രങ്ങളില്‍ നിഷേധിച്ചിട്ടുള്ള കര്‍മങ്ങളുടെ തത്വവും അറിഞ്ഞിരിക്കണം. ഒരു കര്‍മവും ചെയ്യാതെ ഇരിക്കുന്നതിന്റെയും സ്വഭാവം അറിഞ്ഞേ പറ്റൂ. കാരണം കര്‍മങ്ങളുടെയും വികര്‍മങ്ങളുടെയും അകര്‍മത്തിന്റെയും സ്വഭാവം മനസ്സിലാക്കുക എന്നത് പ്രയാസമേറിയതാണ്. മുമുക്ഷുവിന്റെ-മോക്ഷം കിട്ടാന്‍വേണ്ടി പ്രവര്‍ത്തിക്കുന്നവന്റെ-സാധനാനുഷ്ഠാനമാണ് കര്‍മ്മം. സന്ധ്യാവന്ദനാദി നിത്യകര്‍മങ്ങളും, ശ്രാദ്ധം തുടങ്ങിയ നൈമിത്തിക കര്‍മങ്ങളും യാഗം തുടങ്ങിയ കാമ്യകര്‍മങ്ങളുമാണ് വികര്‍മം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതിനുവേണ്ടി ധനം സമ്പാദിക്കുക ഉപകരണങ്ങള്‍ തയ്യാറാക്കുക. ഈ രീതിയില്‍ വികര്‍മം, വിപുലമാക്കുകയും വിവിധരീതിയില്‍ രൂപമെടുക്കുകയും ചെയ്യും. അകര്‍മം എന്നത് മേല്‍പ്പറഞ്ഞ കര്‍മവും വികര്‍മവും ചെയ്യാതെ ജ്ഞാനം നേടുക എന്നതാണ്. മോക്ഷത്തിനുവേണ്ടി സാധാനാനുഷ്ഠാനങ്ങള്‍ ചെയ്യുക എന്നതാണ് സര്‍വശാസ്ത്രങ്ങളുടെയും താല്‍പ്പര്യം എന്ന് ഓര്‍മിക്കുക. ശാസ്ത്രങ്ങള്‍ അനേകമാണ്. ശാസ്ത്ര പ്രവര്‍ത്തകരും ബഹുവിധമാണ്. ദേശം, കാലം, യുഗങ്ങള്‍, അധികാരികള്‍, വര്‍ണം, ആശ്രമം, വയസ്സ്, അവസ്ഥ എന്നീ ഭേദങ്ങള്‍ അനുസരിച്ച്, വിസ്തരിച്ചും ചുരുക്കിയും പലേ വിധത്തിലും കര്‍മങ്ങളുടെ കര്‍ത്തവ്യത നന്നായി മനസ്സിലാക്കണം. വിപരീതമായും വിവിധതയോടെയും ചെയ്യുന്ന കര്‍മങ്ങള്‍ വികര്‍മങ്ങള്‍ എന്നറിയുക. അകര്‍മം എന്നത്, കാമ്യകര്‍മങ്ങളെയും നിഷിദ്ധ കര്‍മങ്ങളെയും ഒഴിവാക്കുക. കര്‍മങ്ങളുടെ ഫലം ഉപേക്ഷിക്കുക, സര്‍വകര്‍മങ്ങളും ത്യജിക്കുക, ഇങ്ങനെ ബഹുവിധമാണ്. കര്‍മാകര്‍മ വികര്‍മങ്ങളുടെ തത്വരഹസ്യം ദുര്‍വിജ്ഞേയമാണ്, മനസ്സിലാക്കാന്‍ വളരെ വിഷമമാണ്.
No comments:
Post a Comment