സ്വര്‍ഗാദി ദിവ്യലോകങ്ങള്‍ ലഭിക്കാന്‍ വേണ്ടി വേദപ്രോക്തങ്ങളായ യാഗാദികര്‍മങ്ങള്‍ ഉപേക്ഷിച്ചു; യോഗചര്യ അനുഷ്ഠിച്ച് സമാധിസ്ഥനാവാന്‍ കഴിഞ്ഞില്ല. ജ്ഞാനമോ, ഭക്തിയോ ആരംഭിച്ചതുപോലുമില്ല. നീ സംശയിച്ചതുപോലെ ഈ യോഗഭ്രഷ്ടന്‍ ഈ ലോകത്തിലെ സുഖങ്ങളെയോ, പരലോകത്തിലെ സുഖങ്ങളെയോ അനുഭവിക്കാന്‍ കഴിയാതെ, ഉണ്ടായിരുന്ന ആശ്രം കൈവിടുകയും ലക്ഷ്യം പ്രാപിക്കാന്‍ കഴിയാതാവുകയും ചെയ്ത് നശിച്ചുപോകുകയില്ല. ഈ ലോകത്തിലെ നാശം എന്നത് വേദവിഹിതങ്ങളായ നിത്യവും നൈമിത്തികവുമായ കര്‍മങ്ങള്‍ ത്യജിച്ചതുകൊണ്ട് ഉണ്ടാവുന്ന 'പാതിത്യം' എന്ന ദോഷവും കൂടിയാണ്. പരലോകത്തിലെ നാശം എന്നത് നരകപ്രാപ്തിയും, മൃഗ, പക്ഷി, വൃക്ഷാദികളായി ജന്മമെടുക്കേണ്ടിവരിക കൂടിയാണ്. ഈ രണ്ടുതരം നഷ്ടവും ആ യോഗഭ്രഷ്ടന്ന് സംഭവിക്കുകയേ ഇല്ല എന്ന് ഭഗവാന്‍ ഉറപ്പുതരുന്നു. കാരണമായി ഭഗവാന്‍ പറയുന്നത്, ആ യോഗഭ്രഷ്ടന്‍, ''കല്യാണകൃത്ത്-'' ആണ് എന്നത്രേ. അയാള്‍ മംഗളകാര്യങ്ങള്‍ ചെയ്തവനാണ്. കള്ളം പറഞ്ഞില്ല; മോഷ്ടിച്ചില്ല; ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിച്ചു; നിരാഹാരം മുതലായ തപസ്സുകള്‍ അനുഷ്ഠിച്ചു. ബ്രഹ്മചര്യം, അഹിംസ നിഷ്ഠയോടെ വര്‍ത്തിച്ചു; സര്‍വോപരി ഭഗവാന്റെ ദിവ്യമംഗളവും സച്ചിദാനന്ദമയവുമായ സ്വരൂപം ധ്യാനിച്ചു കുറച്ചു കാലം യോഗം ശീലിക്കുകയും ചെയ്തു. മുന്‍ ജന്മത്തിലെ കര്‍മങ്ങളുടെ ഫലമായി യോഗം തുടരാന്‍ കഴിഞ്ഞില്ല എന്നു മാത്രം. അതുകൊണ്ട് ചെയ്ത ശുഭകാര്യങ്ങള്‍ നഷ്ടപ്പെടുന്നില്ല. അതിനാല്‍ ഞാന്‍ പറയുന്നു-ദുര്‍ഗ്ഗതി പ്രാപിക്കുകയില്ല, ആ കല്യാണകാരി.
No comments:
Post a Comment