Wednesday, April 04, 2018

അജ്ഞന്‍-ആത്മീയഗ്രന്ഥങ്ങള്‍ പഠിക്കുകയോ കേള്‍ക്കുകയോ ചെയ്യാത്തവര്‍, വാസ്തവത്തില്‍ മൃഗപ്രായ ജീവിതം നയിക്കുന്നു എന്നുമാത്രം. ഗീതയോ ഭാഗവതമോ അവര്‍ കേട്ടിട്ടില്ല. ഇത്തരം ആളുകള്‍ കൃപ അര്‍ഹിക്കുന്നവരാണ്. എപ്പോഴെങ്കിലും എങ്ങനെയെങ്കിലും ഏതെങ്കിലും പുണ്യലേശം കാരണം ജ്ഞാനത്തിനുവേണ്ടി ആഗ്രഹിച്ചേക്കാം. ആദ്യം തസ്‌കരനായി ജീവിതം നയിച്ചിരുന്ന വാല്മീകിക്ക് ദര്‍ശനം നിമിത്തം ഉണ്ടായ പുണ്യം കാരണം ആദികവിയും ഭക്തനുമായി മാറാന്‍ കഴിഞ്ഞ വസ്തുത നമുക്ക് ഓര്‍ക്കാം. അശ്രദ്ധധാനന്‍- ഗുരുനാഥന്‍ ഉപദേശിച്ചുതന്ന ജ്ഞാനത്തില്‍ ശ്രദ്ധ എന്ന ദൃഢതയില്ലാത്തവന്‍. അവര്‍ക്ക് കാര്യങ്ങള്‍ ഒരുപാട് അറിയാം. ഒന്നിലും ഉറപ്പുണ്ടാവുകയില്ല. വേദവും വേദാന്തവും ഉപനിഷത്തുകളും ഗീതയും ഭാഗവതവും പഠിക്കുകയും പ്രഭാഷണവും ചെയ്യുകയും ചെയ്യും. ഒന്നും അനുഷ്ഠിക്കുകയോ ലക്ഷ്യത്തില്‍ എത്താന്‍ ശ്രമിക്കുകയോ ചെയ്യില്ല. അവര്‍ ബ്രഹ്മസൂത്രവും ഭാഗവതവും ഗീതയും ഒരേ നിലവാരം പുലര്‍ത്തുന്നു എന്നു കരുതും. ശ്രീകൃഷ്ണ ഭഗവാന്‍ ഗീതാചാര്യന്മാരില്‍ ഒരുവന്‍ മാത്രം. ''ഏകം ശാസ്ത്രം ദേവകീ പുത്രഗീതം'' എന്നു തുടങ്ങുന്ന ഗീതാമാഹാത്മ്യ ശ്ലോകമോ ''സര്‍വ ശാസ്ത്രമയീ ഗീതാ സര്‍വ ദേവ മായോ ഹരിഃ'' എന്ന ഭാരതശ്ലോകമോ, അവര്‍ കണ്ടു എന്നു നടിക്കുകപോലുമില്ല. ഇത്തരം ആള്‍ക്കാര്‍ മാര്‍ഗത്തില്‍നിന്ന് വീണുപോകാനാണ് എളുപ്പം. പാപിഷ്ഠ ജീവിതം നയിച്ചിരുന്ന അജാമിളന്, അന്ത്യകാലത്ത് പുത്രനാമത്തില്‍ ഒളിച്ചുനിന്ന നാരായണ നാമംപോലെ, ഒരു പിടിവള്ളി അക്കൂട്ടര്‍ക്കും കിട്ടിയേക്കാം. സംശയാത്മാക്കള്‍ക്ക് ഇഹലോകവും ഇല്ല; പരലോകവുമില്ല മുന്‍പ് പറഞ്ഞ അജ്ഞനും ശ്രദ്ധയില്ലാത്തവനും ആത്മീയ മാര്‍ഗത്തില്‍നിന്ന് വഴിതെറ്റി നാശഗര്‍ത്തത്തില്‍ വീഴും. അടുത്ത ജന്മത്തില്‍ മൃഗപക്ഷി ജലജീവികളായിത്തീരും എന്നാണ് പറഞ്ഞത്. എങ്കിലും അതിദുര്‍ലഭമായി രക്ഷാമാര്‍ഗം ലഭിച്ചേക്കാം. എന്നാല്‍ സംശയാത്മാവ് നശിക്കുക തന്നെ ചെയ്യും. സദ്ഗുരുവിന്റെ ഉപദേശങ്ങളിലും ആത്മീയഗ്രന്ഥങ്ങളിലെ നിര്‍ദ്ദേശങ്ങളിലും ധാരാളം സംശയങ്ങള്‍ ഉണ്ടായേക്കാം. ശ്രുതി-സ്മൃതി, വേദാന്തങ്ങള്‍, ധര്‍മശാസ്ത്രാദികളില്‍ ഏത് സ്വീകരിക്കണം? ഏത് ഗുരുവിനെയാണ് സമീപിക്കേണ്ടത്? ഏത് ദേവനെയാണ് ഉപാസിക്കേണ്ടത്? മോക്ഷകാരണം കര്‍മമാണോ ജ്ഞാനമാണോ? പരമശ്രേയസ്സ് മോക്ഷം തന്നെയാണോ? ഉപാസ്യദേവത വിഷ്ണുവാണോ? ശിവനാണോ, ദേവിയാണോ? വൈഷ്ണവനാണോ ശ്രേഷ്ഠന്‍? ശൈവനാണോ? എന്നിങ്ങനെ സംശയങ്ങള്‍ മനസ്സില്‍ പൊങ്ങിവരികയാണെങ്കില്‍ ആ മനുഷ്യന്‍ ശ്രേയോ മാര്‍ഗത്തില്‍നിന്ന് ഭ്രംശിച്ചു പോകും, തീര്‍ച്ച എന്ന് ഭഗവാന്‍ പറയുന്നു. ആ മനുഷ്യന് ഈ മനുഷ്യലോകം കിട്ടുകയില്ല. കാരണം ധര്‍മാനുഷ്ഠാനം ചെയ്യാന്‍ ആ മനുഷ്യന്‍ തുടങ്ങുകയില്ല. പരലോകവും കിട്ടുകയില്ല. കാരണം, അശ്വമേധം, സോമയാഗം മുതലായ യാഗങ്ങള്‍ ഒന്നും ചെയ്യുന്നില്ലല്ലോ. ഭൗതികലോകത്തിലെ ഒരു സുഖവും കിട്ടുകയില്ല.

No comments: