Sunday, September 16, 2018

*രാസലീല10*
ശൈവസിദ്ധാന്തത്തിൽ ശിവനേക്കാളും സുബ്രഹ്മണ്യന് പ്രാധാന്യമുണ്ട്. കാരണമെന്താന്ന് വെച്ചാൽ ശിവൻ ഈ ഉള്ളിലുള്ള ആത്മാവാണ്. സുബ്രഹ്മണ്യന് ആറ് മുഖമാണ്. ആറു മുഖങ്ങൾ ഉള്ള സുബ്രഹ്മണ്യൻ ശിവാനുഭവത്തിന്റെ പൂർത്തി ആണെന്നാണ് പറയുക.എന്താണെന്നുച്ചാൽ സുബ്രഹ്മണ്യന്റെ ആ അനുഭവം ആണ് രാസം എന്ന് പറയുന്നത്. നമ്മൾ വൈഷ്ണവത്തിലേക്ക് കൊണ്ടുവന്നാൽ അതായത് മനഷഷ്ഠാനീന്ദ്രിയാണി
പ്രകൃതിസ്ഥാനി കർഷതി. മനസ്സോടുകൂടി അഞ്ചിന്ദ്രിയങ്ങളും ചേർന്ന് ആറ് മുഖത്തോടുകൂടെ ഉള്ളിലുള്ള ശിവാനുഭവം പുറമേക്ക് വീശി പ്രപഞ്ചം മുഴുവൻ ഭഗവദ് ആനന്ദത്തിൽ കുളിച്ചു നില്കുന്ന ഒരു സ്ഥിതിയാണ് ആറ് മുഖത്തോടൂകൂടിയുള്ള സുബ്രഹ്മണ്യത്തിന്റെ അവതാരം. ശിവനിൽ നിന്നും സുബ്രഹ്മണ്യൻ ജനിച്ചാലേ ശിവന്റെ അനുഭവം പൂർണമാവുള്ളൂ എന്നുള്ളതാണ് ശൈവസിദ്ധാന്തത്തിന്റെ അന്തസത്ത. അതേപോലെ തന്നെ അകമേക്ക് നമ്മള് ജ്ഞാനം അനുഭവിച്ചാലും അകമേക്ക് ധ്യാനം ചെയ്താലും അകമേക്ക് തപസ്സ് ചെയ്താലും വീണ്ടും പുറമേക്ക് വരുമ്പോ വ്യവഹാരപ്രപഞ്ചത്തിൽ ഭഗവദ് ആനന്ദത്തിനെ അനുഭവിച്ച് നമ്മുടെ കുടുംബത്തിലുള്ള അനുഭവങ്ങളും ലോകത്തിലുള്ള അനുഭവങ്ങളും നമ്മള് കാണുന്ന വ്യക്തികളുമായിട്ടുള്ള ഇടപഴകലുകളും എല്ലാത്തിലും ആ രാസാനുഭവം നമുക്കേർപ്പെട്ടാലേ നമ്മളുടെ കൃഷ്ണാനുഭവം പൂർണമാവുള്ളൂ. യൗഗികമായ ഒരു തലത്തിലാണ് രാസക്രീഡയെ മനസ്സിലാക്കേണ്ടത്. സാധിക്കുമെങ്കിൽ മനസ്സിലാക്കുക അല്ലെങ്കിൽ വിട്ടു കളയുക. പക്ഷേ ഒന്ന് മാത്രം അറിഞ്ഞോളണം രാസക്രീഡ വെറുതെ ഭഗവാൻ കുറച്ച് ഗോപസ്ത്രീകളുമായി ഡാൻസ് ചെയ്തത് മാത്രമാണെന്ന് ധരിച്ച് പോവരുത്. സത്യം ജ്ഞാനം അനന്തം യദ് ബ്രഹ്മജ്യോതി സനാതനം യദ്ധി പശ്യന്തി മുനയ: മുനികൾ കാണുന്നു എപ്പോ കാണുന്നു ഗുണാപായേ. സത്വം രജസ്സ് തമസ്സ് എന്നീ ഗുണങ്ങളോടുകൂടിയാണ് നമ്മൾ ജീവിക്കണത്. ആ ഗുണങ്ങൾ വഴി വിട്ടു തന്നാലേ ഉള്ളിലുള്ള ബോധം ശുദ്ധമായിട്ട് തെളിഞ്ഞു പ്രകാശിക്കുകയുള്ളൂ. സത്വരജസ്തമോഗുണങ്ങളുടെ പിടിയിൽ ഇരിക്കുമ്പോൾ നമുക്ക് ആത്മാനുഭവം തെളിഞ്ഞു കിട്ടില്ല്യ. സത്വരജസ്തമോഗുണങ്ങളുടെ പിടിയിൽ നിന്ന് വിമുക്തമായ ചിത്തം ശുദ്ധമായ പ്രജ്ഞയിൽ ഇരിക്കുമ്പോൾ ഏർപ്പെടുന്നതാണ് ഹൃദയത്തിലെ ആത്മാനുഭവം. ഇതിനെ വെച്ച് കൊണ്ട് വൈഷ്ണവശാസ്ത്രജ്ഞൻമാര് പറയുന്നു രാസക്രീഡക്ക് മുമ്പ് ഇത് എന്തിന് പറയുന്നു എന്ന് വെച്ചാൽ അങ്ങനെ പൂർവ്വജന്മത്തിൽ അന്തർഹൃദയത്തിൽ ആത്മാവായി കൃഷ്ണനെ അനുഭവിച്ച മുനികളാണ് ഗോപസ്ത്രീകളായി വന്ന് സ്ത്രീകളായി കൃഷ്ണനുമായി ബന്ധപ്പെട്ട് കൃഷ്ണനോട് രാസാനുഭവം ചെയ്യണത്. കാരണം ഗോപസ്ത്രീകളുടെ സ്തുതിയിൽ ഒക്കെ കാണാം. ഇവർ മുമ്പ് തന്നെ ഉള്ളിലുള്ള വസ്തുവിനെ കണ്ടെത്തിയവരാണ്. നാരദഭഗവാൻ ഭക്തി സൂത്രത്തിലും ഭക്തിക്ക് ഉന്നതോദാഹരണമായി യഥാ വ്രജഗോപികാനാം എന്ന് പറഞ്ഞ് വ്രജത്തിലെ ഗോപസ്ത്രീകളാണ് ഭക്തിക്ക് ഉന്നത ഉദാഹരണം എന്ന് പറഞ്ഞും അടുത്ത സൂത്രത്തില് പറഞ്ഞു അവിടെ അവർക്ക് മാഹാത്മ്യ വിസ്മൃതി ഇല്ല്യ. ഗോപികൾ ഭഗവാനോട് പറയണുണ്ട് അവിടുന്ന് ഞങ്ങൾക്ക് അന്തര്യാമി ആണ്. ഞങ്ങടെ ആത്മാവാണ്. അവർ പൂർവ്വ ജന്മത്തിൽ ഉള്ളില് സത്യം കണ്ടെത്തിയ മുനികളാണ്. സത്യം ഉള്ളില് മാത്രം കണ്ടെത്തിയാൽ പോരാ ശരീരതലത്തിൽ വന്ന് ദേഹത്തിനേം ജഗത്തിനേം ഒക്കെ ആക്രമിച്ച് സകലതും ഭഗവദ് സ്വരൂപമായി കണ്ട് വ്യവഹാരതലത്തിൽ വ്യവഹരിക്കുമ്പോൾ ആനന്ദമുണ്ടാവണം. ആനന്ദമുണ്ടാവാതെ എന്തെങ്കിലുമൊക്കെ അറിഞ്ഞതുകൊണ്ട് കാര്യമില്ലല്ലോ. ഒക്കെ അറിഞ്ഞതുകൊണ്ട് നമ്മൾ തൃപ്തരാവ്വോ. ആനന്ദത്തിന് വേറെ എവിടെങ്കിലും പോവും. വേദാന്തമൊക്കെ ഒരിടത്ത് പഠിക്കാം. ആനന്ദത്തെ പിന്നെ നമ്മള് റ്റീവിയിലേക്കോ സിനിമയിലേക്കോ മറ്റുകാര്യങ്ങളിലേക്കോ ഒക്കെ പോവേണ്ടി വരും. അപ്പോ ആനന്ദത്തിനെ ഈ വസ്തുവിൽ തന്നെ ആനന്ദം കണ്ടെത്തണമെങ്കിൽ ഉപാസന വേണം.
അല്പം പോലും വെള്ളം ചേർക്കാത്ത പാരമാർത്ഥിക വസ്തുവിനെ അവതരിപ്പിച്ച് സത്യം പരം ധീമഹി എന്ന് തുടങ്ങി. രാസം പറയുന്നതിന് മുമ്പ് ഒരു ആമുഖം പറഞ്ഞ് സത്യം ജ്ഞാനം അനന്തം യദ് ബ്രഹ്മജ്യോതി സനാതനം യദ്ധി പശ്യന്തി മുനയ: മുനികള് കാണുന്നു. ഗുണാപായേദ് സമാഹിതാ : അവരെങ്ങനെ കാണുന്നു. സമാധിയിൽ കാണുന്നു. യമം നിയമം ആസനം പ്രാണായാമം പ്രത്യാഹാരം ധാരണ ധ്യാനം എന്നുള്ള ഏഴു പടികളും കടന്ന് എട്ടാമത്തെ പടിയായി സമാധി സുഖം അനുഭവിച്ച് അന്തർഹൃദയത്തിൽ മനസ്സിന് ഒരിക്കലൂം ഊഹിക്കാൻ പോലും കഴിയാത്ത ഒരാനന്ദത്തിന്റെ സീമയില്ലാത്ത ആനന്ദത്തിനെ അവരനുഭവിക്കുന്നു. ആ സമാധിയിൽ യോഗികൾ സത്വരജസ്തമോഗുണങ്ങളെ കടന്നുള്ള ആനന്ദത്തിനെ ഹൃദയത്തിൽ അനുഭവിക്കുന്നൂ. ആ ആനന്ദസ്വരൂപനാണ് കൃഷ്ണൻ.ആനന്ദമേ രൂപം പൂണ്ടു നില്കുന്നതാണ് കൃഷ്ണൻ. പ്രേമമേ രൂപം പൂണ്ടു നില്കുന്നതാണ് കൃഷ്ണൻ. കാരണം പ്രേമം പ്രിയം എവിടെയുണ്ടോ അവിടെയാണ് ആനന്ദമുള്ളത്. പ്രിയമാണ് ആനന്ദത്തിന്റെ ശിരസ്സ്. മോദമാണ് ഒരു പക്ഷം. പ്രമോദമാണ് മറ്റേ പക്ഷം.
തസ്യ പ്രിയം പക്ഷ:
മോദോ ദക്ഷിണ പക്ഷ:
പ്രമോദം ഉത്തര പക്ഷ:
ആനന്ദ ആത്മാ
അപ്പോ ആനന്ദത്തിന് പ്രിയം മോദം പ്രമോദം ഒക്കെ വശങ്ങളാണ്. അപ്പോ കൃഷ്ണൻ ആനന്ദസ്വരൂപനാണ്. ആനന്ദം എവിടെയുണ്ടോ അവിടെ സഹജമായി പ്രിയം ഉണ്ടാവും. പ്രിയത്തിനെ കൊണ്ട് വരേണ്ട. അപ്പോ മനസ്സിനെ കൃഷ്ണനിൽ നിർത്തേണ്ട ആവശ്യം ഒന്നുമില്ല. കൃഷ്ണൻ വലിച്ചുകൊള്ളും. ഭഗവാൻ ഇങ്ങട് വന്ന് ലൗകികത്തിലേക്ക് പോകുന്ന ജീവനെ ആകർഷിച്ച് തൻവശത്തിലേക്ക് കൊണ്ടവര്വാ. അങ്ങനെ ആണെങ്കിലല്ലേ നമുക്ക് രക്ഷയുള്ളൂ. നമ്മളായിട്ട് പോയി എവിടെങ്കിലുമൊക്കെ സാധിക്ക്വോ. ഒന്നാലോചിച്ച് നോക്കുക. അല്പം യുക്തീല് ചിന്തിച്ചു നോക്കിയാ മനസ്സിലാവും. ഈ ഭയങ്കരമായ പുറമേക്കുള്ള ആകർഷണവികർഷണങ്ങളില് നമ്മളുടെ സാധന നമ്മളുടെ ഭക്തി നമ്മളുടെ വിശ്വാസം നമ്മളുടെ ഉപാസനക്കോക്കെ എത്ര കണ്ടണ്ട്.അവിടെയാണ് അലൗകികമായ ആ വസ്തുവിന്റെ ഇങ്ങോട്ടുള്ള പ്രവേശം വേണ്ടി വരണത്. അവിടെയാണ് ബുദ്ധമതം പരാജയപ്പെടുന്നതും. കേവലം കർമ്മം കൊണ്ട് മാത്രം സാധ്യമല്ലാന്നും കർമ്മത്തിനെ ശുദ്ധമാക്കിയാൽ നിർവാണത്തിലേക്ക് പോവാമെന്നും സിദ്ധാന്തിച്ച കർമകാണ്ഡം ബുദ്ധന്റെ ഉപദേശത്തിലും ലിമിറ്റേഷൻ വന്നു പോയി .രണ്ടും പുരുഷ പ്രയത്നത്തിനെ മാത്രം അംഗീകരിച്ചതാണ്. ഭക്തി കൃപയെ ആണ് അംഗീകരിച്ചത്. കൃപാ സാക്ഷാത്കാരം എന്നൊന്ന് പ്രത്യേകം ഉണ്ടെന്നു പറയും ഭക്തി ശാസ്ത്രഗ്രന്ഥത്തില്. ആത്മസാക്ഷാത്കാരം ഈശ്വരസാക്ഷാത്കാരം ഒക്കെ സെക്കന്ററി ആണ്. കൃപാ സാക്ഷാത്കാരം എന്ന്വാച്ചാൽ ഞാനെന്തൊക്കെതന്നെ ആയാലും ഭഗവാന്റെ കൈയ്യിലാണ്. ഞാനെത്ര തന്നെ ഓടിയാലും ട്രെയിൻ ഓടിക്കൊണ്ടിരിക്കണ്ട് അതിന്റെ ഉള്ളിലേ ഓടാൻ പറ്റ്വള്ളൂ. ആ ട്രെയിൻ എന്നെ എവിടെ കൊണ്ടുപോണോ അവിടെ കൊണ്ടുപോയിക്കൊള്ളും. ഭഗവാന്റെ കൃപയാകുന്ന ട്രെയിനില് കയറി ഇരിക്ക്യാണ്. ആ കൃപ ലക്ഷ്യത്തിലേക്ക് എന്നെ കൊണ്ടുപോയിക്കൊണ്ടിരിക്കണു. ഇനി എനിക്ക് എന്തൊക്കെ ദൗർബല്യം ഉണ്ടെങ്കിലും എന്റെ ദൗർബല്യം കൊണ്ട് ഞാൻ എന്തൊക്കെ തെറ്റ് ചെയ്താലും എന്തൊക്കെ അബദ്ധത്തിൽ ചെന്നു ചാടിയാലും അതൊക്കെ തന്നെ ഭഗവാന്റെ ആ കൃപയ്ക്ക് ഉള്ളിലിരുന്ന് കൊണ്ടാണ്. ആ കൃപ എന്റെ ഇന്ദ്രിയങ്ങളെ നിയന്തിച്ച് ആ കൃപ എന്റെ മനസ്സിനെ നിയന്ത്രിച്ച് ആ കൃപ എന്റെ ബുദ്ധിയെ നിശ്ചലം ചെയ്ത് ആ കൃപ എനിക്ക് സ്വയമേവ തന്റെ വസ്തുതയെ പ്രകാശിപ്പിച്ചു തരുമെങ്കിൽ നമുക്കൊക്കെ ആശയ്ക് വകയുണ്ട്. എന്തെങ്കിലുമൊക്കെ ഹോംവർക്ക് നമുക്ക് വീട്ടിലേക്ക് തന്നാൽ നമുക്ക് പേടിയാണ്. പക്ഷേ ആദ്യമൊക്കെ നമുക്ക് ഹോംവർക്കിലും ട്യൂഷനിലും ഒക്കെയാണ് വിശ്വാസം എന്നുള്ളതുകൊണ്ട് ആദ്ധ്യാത്മശാസ്ത്രത്തിലും കുറച്ചു ഹോംവർക്കും ട്യൂഷനും ഒക്കെ തരും. ഇത്ര ജപിക്കൂ ഇത്ര പൂജ ചെയ്യൂ ഇത്ര നമസ്കാരം ചെയ്യൂ ഒക്കെ പറയും. എന്തിനാ വെച്ചാൽ ആദ്യം പറഞ്ഞപോലെ ഈ അഹങ്കാരത്തിന് തന്നെ ബോധിക്കണം അതിനെക്കൊണ്ട് സാധിക്കില്ല്യ ന്ന്. ഈ പ്രോസസ്സ് ഒന്നും കഴിയാതെ കൃപാ സാക്ഷാത്കാരം ഉണ്ടാവില്ല്യ. ഇത് കേട്ടതുകൊണ്ട് കൃപയിൽ വിശ്വാസം വരില്ല്യ. തല്കാലത്തേക്ക് ഒരാനന്ദം തോന്നുമായിരിക്കാം. പക്ഷേ പിന്നെയും നമ്മള് പോയി കുടുംബത്തിലോ ആദ്ധ്യാത്മസാധനകളിലോ ഒക്കെ പരിശ്രമിച്ച് പിടഞ്ഞു തീർത്ത് അവസാനം നമ്മളുടെ വ്യക്തിത്വം സ്വയമേവ കെട്ടടങ്ങിക്കഴിയുമ്പോഴേ എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന ആ ഗംഗയെ നമ്മൾ കാണ്വള്ളൂ. ഒരിക്കലും അശുദ്ധമാവാത്ത ആ ആകാശഗംഗയെ സ്വർഗംഗയെ അപ്പഴേ നമ്മള് നമ്മളുടെ ഉള്ളില് കാണ്വള്ളൂ. അപ്പഴേ നമ്മള് അതിലേക്ക് വീണുകൊടുക്കുള്ളൂ. ആ കൃപയാണ് രാസോത്സവത്തിന് പുറകിലുള്ള സീക്രട്ട്. ഗോപസ്ത്രീകൾക്ക് വേണ്ടാന്ന് വെയ്കാനുള്ള സ്വാതന്ത്രം ഇല്ല്യ. ഭഗവാന്റെ കൃപാവേണുഗാനത്തിൽ അവര് വെറുമൊരു എന്താ പറയാ നദിയില് വീണ പുല്ലുപോലെയാണ്. ഒഴുകുന്ന നദിയില് വീണ ഉണക്കപ്പുല്ലു പോലെ ആ പുല്ലിന് നീന്താൻ പറ്റ്വോ. വേണ്ട വെയ്കാൻ പറ്റ്വോ. ആ നദി കൊണ്ടുപോണ പോക്കില് പോവ്വന്നെ.അതിന് കരയ്ക് കറയാനോ എതിർവശത്തേക്ക് നീന്താനോ ഒന്നും സാധ്യമല്ല. അതുപോലെ ഉള്ള ഒരു പരാഭക്തി പരാഅനുരക്തി ആ പരാ അനുരക്തിയാണ് രാസോത്സവത്തിൽ ഗോപികകളില് കാണുന്നത്. അതുതന്നെയാണ് പരമഹംസൻമാരുടെ സ്ഥിതിയും. പരമഹംസൻമാരായ മഹാത്മാക്കളുടെ സ്ഥിതിയാണ് ഗോപസ്ത്രീകളുടെ ഭക്തി ആയിട്ട് രാസോത്സവമായിട്ട് രാസക്രീഡ ആയിട്ട് ഭാഗവതത്തിൽ വ്യാസഭഗവാൻ പറയണത്. ഇനി നാളെ കൃത്യം ഈ സമയത്ത് രാസത്തിലേക്ക് പ്രവേശിക്കാം. രാസത്തിലേക്ക് മാത്രം പ്രവേശിക്കുമ്പോൾ ഒരുപാട് ആമുഖം വേണം. എന്താന്ന് വെച്ചാൽ ഭക്തിയുടെ ഏറ്റവും ഉയർന്ന തലത്തിലെ ആനന്ദത്തിനെ പ്രത്യേക ഒരു പരിവേഷം കൊടുത്ത് നമ്മളുടെ മുമ്പിൽ ചിത്രീകരിക്കുന്നതുകൊണ്ട് അനേകവിധത്തിലുള്ള തെറ്റിദ്ധാരണകൾക്കും പലവിധത്തിലുള്ള ഭാവനയുടെ അശുദ്ധിക്കും ഇതില് കാരണങ്ങളുണ്ട് എന്നതുകൊണ്ട് തന്നെ അതേ സമയം ഇത് മനസ്സിലാക്കിയിട്ടില്ലെങ്കിൽ നമുക്ക് ഒരുപാട് നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് തന്നെ ഇതില് ഒരുപാട് ആമുഖം വേണ്ടിയിരിക്കുണു.
ശ്രീ നൊച്ചൂർജി
*തുടരും........*

No comments: