Tuesday, September 04, 2018

(18-ാം അധ്യായം 65-ാം ശ്ലോകം)
മന്മനാ ഭവ
ഭഗവാനും പുരുഷോത്തമനുമായ എന്നില്‍, ഈ കൃഷ്ണനില്‍- മനസ്സിനെ എപ്പോഴും ഉറപ്പിച്ച്- മറ്റെവിടെയും ഓടിപ്പോകാതെ- നിര്‍ത്തുന്നവനായി തീരുക. പരാഭക്തി ലക്ഷണമായ മദ്ധ്യാനം ചെയ്യുക എന്നര്‍ത്ഥം. എന്നെ അറിയുക, ധ്യാനിക്കുക, ഉപാസിക്കുക എന്നും ഈ അവസ്ഥയെ പറയാം. എന്ന് ശ്രീരാമാനുജാചാര്യര്‍ പറയുന്നു. എന്നാല്‍ ധ്യാനയോഗിയായി മാറേണ്ട കാര്യമില്ല. ഭഗവാനെക്കുറിച്ച് നിരന്തരം ചിന്തിക്കാന്‍ കഴിയും വിധത്തില്‍ ജീവിതത്തെ ചിട്ടപ്പെടുത്തിയാല്‍ മതി.
മദ്ഭക്തോഭവ
എന്നെ സ്‌നേഹപൂര്‍വവും സേവിക്കുന്നവനായിത്തീരണം. അതായത് ഭഗവാന് സന്തോഷമാകും വിധത്തില്‍ എല്ലാ പ്രവൃത്തികളും ചെയ്യുക. ഭഗവാന്റെ അവതാര ലക്ഷ്യങ്ങളില്‍ ഒന്ന്- വിനാശായ ച ദുഷ്‌കൃതാ എന്നാണല്ലോ. ആ കൃത്യത്തില്‍ അസുരരാജാക്കന്മാരെ കൊല്ലുന്നതില്‍ പങ്കെടുത്ത് ഭഗവാനെ സേവിക്കണം എന്ന് താല്‍പ്പര്യം.
മദ്യാജീഭവ
ഭഗവാനെ യജിക്കുന്ന- യാഗം ചെയ്തു സേവിക്കുന്ന- പൂജിക്കുന്ന- സ്വഭാവം ഉള്ളവനായിത്തീരുക. വേദത്തില്‍ വിധിച്ചിട്ടുള്ള അഗ്നിഷ്‌ടോമം മുതല്‍ അശ്വമേധംവരെയുള്ള ഏതുതരം യജ്ഞം ചെയ്യുമ്പോഴും സര്‍വയജ്ഞങ്ങളുടെയും ഭോക്താവായ ഭഗവാനെ തന്നെ യജിക്കുന്നു എന്ന് കണക്കാക്കണം. അതുപോലെ ദുര്‍ഗ, ശിവന്‍ മുതലായ ദേവഗണങ്ങളെ പൂജിക്കുമ്പോഴും ഭഗവാനെത്തന്നെയാണ് പൂജിക്കുന്നത് എന്ന ഭാവത്തില്‍ പൂജിക്കുക എന്ന് താല്‍പര്യം. അപ്പോള്‍ ശ്രീകൃഷ്ണനെ പൂജിച്ചാല്‍ മതി, മറ്റു ദേവന്മാരും സന്തോഷിക്കും. ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ വെള്ളമൊഴിച്ചാല്‍ മതി, ആ വെള്ളശീതവീര്യം കവരങ്ങള്‍ക്കും കൊമ്പുകള്‍ക്കും ഇലകള്‍ക്കും; ലഭിക്കും അതുപോലെയാണ് എന്ന് മനസ്സിലാക്കുക.
തപോയജ്ഞം- ഉപവാസം മുതലായ യജ്ഞങ്ങള്‍, ദ്രവ്യയജ്ഞം- താന്ത്രികവിധിപ്രകാരമുള്ള പൂജാദികള്‍, യോഗയജ്ഞം- അഷ്ടാംഗയോഗ പ്രകാരമുള്ള പ്രാണായാമാദി യജ്ഞങ്ങള്‍, സ്വാധ്യായ യജ്ഞം- വേദം, ഉപനിഷത്ത്, ഗീത, സഹസ്രനാമം, ശ്രീമദ്ഭാഗവതം മുതലായവയുടെ ജപപാരായണാദികള്‍. ജ്ഞാന യജ്ഞം- ഉപനിഷദ,് ഗീത, ഭാഗവതം മുതലായ ഭഗവദീയ ഗ്രന്ഥങ്ങളുടെ അര്‍ത്ഥം ചിന്തിക്കുക, പ്രഭാഷണം ചെയ്യുക മുതലായവ- ഇവയെല്ലാം ഭഗവാന് ആരാധനയായി തന്നെ ചെയ്ത് ശീലിക്കുന്നവനായിത്തീരണം.
മാം നമസ്‌കുരു- നമസ്‌കാരം എന്നത് ദേഹം, വാക്കുകള്‍, മനസ്സ് എന്നിവ ഭഗവദ്പാദത്തില്‍ സ്പര്‍ശിക്കുംവിധം ദര്‍ശിക്കുക.
മാം ഏവ ഏഷ്യസി
മേല്‍പറഞ്ഞവിധം ഭക്തി ശീലിച്ച് ഭഗവാനെ സന്തോഷിപ്പിച്ചാല്‍, ബ്രഹ്മരുദ്രാദി ദേവഗണങ്ങള്‍ക്കു പോലും സച്ചിദാനന്ദ സ്വരൂപനായ എന്നെ കണ്‍മുമ്പില്‍ കാണാന്‍ കഴിയും, എന്റെ ഗോലോകധാമത്തില്‍ തന്നെ എത്തിച്ചേരാന്‍ കഴിയും.
സത്യം തേ പ്രതിജാനേ
ഞാന്‍ ഇതാ നിന്നോടു സത്യം ചെയ്യുന്നു! ''പ്രിയഃ അസിമേ- നീ എനിക്ക് പ്രിയപ്പെട്ടവനാണ്; ഞാന്‍ നിന്നോട് വെറുതെ പറയുകയല്ല- നീ എന്റെ സത്യപ്രതിജ്ഞത്വം മനസ്സിലാക്കി, എന്റെ ഭക്തിയുടെ ഫലം മത്പദപ്രാപ്തിയാണെന്ന് ഉള്‍ക്കൊണ്ട് എന്റെ ഭക്തനായിത്തീരൂ.
 kanapram

No comments: