Thursday, September 06, 2018

ഉപനിഷത്തിലൂടെ -254/ബൃഹദാരണ്യകോപനിഷത്ത്- 53/സ്വാമി അഭയാനന്ദ
Friday 7 September 2018 1:02 am IST
നാലാം ബ്രാഹ്മണം ആരംഭിക്കുന്നു.
അഥ ഹൈനമുഷസ്തശ്ചാക്രായണഃ പപ്രച്ഛ...
യത് സാക്ഷാത് അപരോക്ഷാത് ബ്രഹ്മ, യ ആത്മാ സര്‍വ്വാന്തര:...
പിന്നെ ചക്രന്റെ മകനായ ഉഷസ്തന്റെ ഊഴമായിരുന്നു. മറ്റൊന്നിനാലും മറയ്ക്കപ്പെടാത്തതും അപ്രധാനമല്ലാത്തതുമായ ബ്രഹ്മം ഏതൊന്നാണോ, എല്ലാത്തിനേക്കാളും ഉള്ളിലിരിക്കുന്ന ആത്മാവ് ഏതാണോ അതിനെ എനിക്ക് നന്നായി പറഞ്ഞു തരൂ എന്ന് ഉഷസ്തന്‍ ആവശ്യപ്പെട്ടു.
 നിന്റെ ഈ ആത്മാവ് തന്നെയാണ് എല്ലാത്തിനുമുള്ളിലുള്ളതെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഏതാണ് ഏറ്റവും ഉള്ളിലുള്ളത്?
ഏതൊന്നാണോ പ്രാണനെ കൊണ്ട് പ്രാണനക്രിയ ചെയ്യുന്നത്, നിന്റെ ആ ആത്മാവാണ് എല്ലാത്തിലുമേറ്റവുമുള്ളിലുള്ളത്.
 ഏതൊന്നാണോ അപാനനെക്കൊണ്ട്  അപാനക്രിയ ചെയ്യുന്നത് നിന്റെ ആ ആത്മാവാണ് എല്ലാത്തിനേക്കാളും ഉള്ളിലുള്ളത്. വ്യാനനെ കൊണ്ട് വ്യാനക്രിയ ചെയ്യിക്കുന്നതും ഉദാനനെ കൊണ്ട് ഉദാന ക്രിയ ചെയ്യിക്കുന്നതുമായ ആ ആത്മാവാണ് എല്ലാത്തിലും ഉള്ളിലുള്ളത്.
 സംസാരിയായുള്ളവന്റെ ലക്ഷണങ്ങളെ വ്യക്തമാക്കാനാണ് ഈ ബ്രാഹ്മണം ആരംഭിക്കുന്നത്. ദ്രഷ്ടാവില്‍ നിന്ന് മറ്റൊന്നു കൊണ്ടും മറയ്ക്കപ്പെടാത്തതും സര്‍വ അന്തരവുമായ ആത്മാവെന്ന ബ്രഹ്മത്തെക്കുറിച്ചറിയണം എന്നതായിരുന്നു ഉഷസ്തന്‍ ആവശ്യപ്പെട്ടത്.
നിന്റെ ആത്മാവ് തന്നെ എല്ലാത്തിനേക്കാളും ഉള്ളില്‍ എന്ന മറുപടി കേട്ടപ്പോള്‍ ആത്മാവിനെക്കുറിച്ച് പലതരത്തില്‍ പറയുന്നതിനാല്‍ അത് വ്യക്തമാക്കണമെന്ന് വീണ്ടും പറഞ്ഞു. യാജ്ഞവല്‍ക്യന്‍ അതിനും മറുപടി നല്‍കി. ശരീരത്തില്‍ പ്രാണന്‍ തുടങ്ങിയ വായുക്കളാല്‍ പ്രാണനം മുതലായവയെ ചെയത് ശരീരത്തെ നിലനിര്‍ത്തുന്ന വിജ്ഞാനുയനായ ആത്മാവാണ് എല്ലാത്തിന്റേയും ഉള്ളിലുള്ളത്. ഇങ്ങനെയല്ലാതെ ആത്മാവിന് നേരിട്ട് ലക്ഷണം പറയാനാകില്ല. ബ്രഹ്മവും ആത്മാവും ഒന്ന് തന്നെയെന്ന് ഉഷസ്തന്റെ ചോദ്യത്തില്‍ നിന്നും യാജ്ഞവല്‍ക്യന്റെ ഉത്തരത്തില്‍ നിന്നും മനസ്സിലാക്കാം.
ഹോവാ ചോഷസ്തശ്ചാക്രായണഃ യഥാ വിബ്രൂയാത് അസൗ ഗൗ അസാവശ്വ ഇതി...
അതാണ് കാള, അതാണ് കുതിര എന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ ബ്രഹ്മത്തെപ്പറ്റി പറഞ്ഞത്. മറ്റൊന്നിനാല്‍ മറയ്ക്കപ്പെടാത്തതും അപ്രധാനമല്ലാത്തതുമായ ബ്രഹ്മം ഏതാണോ എല്ലാത്തിന്റെയും ഉള്ളിലുള്ള ആത്മാവ് ഏതാണോ അതിനെ വ്യക്തമായി പറഞ്ഞ് തരണമെന്ന് ഉഷസ്തന്‍ വീണ്ടും ആവശ്യപ്പെട്ടു.
നിന്റെ ആത്മാവ് തന്നെയാണ് എല്ലാത്തിന്റെയും ഉള്ളിലുള്ളതെന്ന് യാജ്ഞവല്‍ക്യന്‍ മറുപടി നല്‍കി.
 ഏതാണ് എല്ലാത്തിനും ഉള്ളിലുള്ളത് എന്ന് ഉഷസ്തന്‍ വീണ്ടും ചോദിച്ചു.
ദര്‍ശനത്തിന്റെ ദൃഷ്ടാവിനെ കാണുവാന്‍ കഴിയില്ല. ശ്രവണത്തിന്റെ ശ്രോതാവിനെ കേള്‍ക്കാനാവില്ല. മനനത്തിന്റെ മന്താവിനെ മനനം ചെയ്യാനാവില്ല. വിജ്ഞാനത്തിന്റെ വിജ്ഞാതാവിനെ അറിയാനുമാകില്ല. നിന്റെ ഈ ആത്മാവ് തന്നെയാണ് എല്ലാത്തിനുമുള്ളിലുള്ളത് ഇതല്ലാതെ മറ്റുള്ളതെല്ലാം നശ്വരമാണ്. നടക്കുന്നതാണ് കാള, ഓടുന്നതാണ് കുതിര തുടങ്ങിയ വ്യക്തമല്ലാത്ത ലക്ഷണങ്ങളാണ് ബ്രഹ്മത്തിന് പറഞ്ഞതെന്നാണ് ഉഷസ്തന്‍ ആരോപിച്ചത്. കാളയേയോ കുതിരയേയോ തൊട്ടു കാണിച്ചാല്‍ അതെന്താണെന്നറിയാം. എന്നാല്‍ ആത്മാവിനെ ഇത്‌പോലെ കാണിച്ചു തരാനാകില്ലെന്നാണ് യാജ്ഞവല്‍ക്യന്‍ വിശദീകരിച്ചത്. കാണല്‍, കേള്‍ക്കല്‍, മനനം, വിജ്ഞാനം തുടങ്ങിയവയുടെ പിന്നിലെ ശക്തിയാണ് ആത്മാവ്. കര്‍ത്താവ് ഒരിക്കലും കര്‍മമാവില്ല. ദൃഷ്ടിയുടെ ദൃഷ്ടാവായ പ്രത്യഗാത്മാവിനെ കാണാന്‍ കഴിയില്ല. അതുപോലെ മറ്റ് ഇന്ദ്രിയങ്ങളെ കൊണ്ടും പ്രത്യഗാത്മാവിനെ അറിയാനാകില്ല. ആത്മാവില്‍ നിന്ന് അന്യമായ ശരീരം ഉള്‍പ്പടെയുള്ളതെല്ലാം നശിക്കുന്നതാണെന്നും അറിയണം. തന്റെ ചോദ്യത്തിന് തൃപ്തികരമായ മറുപടി കിട്ടിയപ്പോള്‍ ഉഷസ്തനും പിന്‍വാങ്ങി.

No comments: