ഭഗവാന്‍ ഉപദേശിച്ച ഈ ഗീതാശാസ്ത്രം എല്ലാതരം ശാസ്ത്രങ്ങളെക്കാളും ഗുഹ്യതമമാണ് എന്ന് പറഞ്ഞു. സര്‍വാത്മനാ ഭഗവാനെ മാത്രം ആശ്രയിച്ച് ഭജിക്കുകയാണ് വേണ്ടത് എന്നും വിവരിച്ചു. എന്നാല്‍ മനു മുതലായവരും മഹര്‍ഷിമാരും യജ്ഞം, ദാനം, തപസ്സ്, സ്വാധ്യായം, അഗ്‌നിഹോത്രം മുതലായ വൈദികകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയാണ് വേണ്ടത് എന്ന് നിര്‍ദ്ദേശിക്കുന്നുണ്ടല്ലോ. അങ്ങനെ അനുഷ്ഠിക്കുമ്പോള്‍, ഭഗവദ് ഭജനം എന്ന പരമമായ ധര്‍മ്മം എങ്ങനെ ചെയ്യാന്‍ കഴിയും? ആ കര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ചാല്‍ വേദവിഹിതമായ കര്‍മ്മങ്ങള്‍ ഉപേക്ഷിച്ചതില്‍നിന്ന് ഉണ്ടാവുന്ന പാപം ഉണ്ടാവുകയും ചെയ്യും. ആ പാപത്തിന്റെ ഫലമായി, ഭഗവദ്ഭജനത്തിന് ഭംഗം വരികയും ചെയ്യും.
അപ്പോള്‍ ഏതാണ് സ്വീകരിക്കേണ്ടത്?
''യജ്‌ഞോ ദാനം തപശ്‌ചൈവ
പാവനാനി മനീഷാണാം
(18 ല്‍ 5-ാം ശ്ലോകം)
ഏതന്യപിതു കര്‍മ്മാണി
സംഗംതൃക്ത്വാഫലാനി ച
കര്‍ത്തവ്യാനീതി മേ സാര്‍ഥ
നിശ്ചിതം മതമുത്തമം
(18 ല്‍ 6-ാം ശ്ലോകം)
(= യജ്ഞം, ദാനം, തപസ്സ് എന്നിവ ഭഗവാനെ മനനം- ധ്യാനം ചെയ്ത് ഉപാസിക്കുന്നവരുടെ ഉപാസനക്ക് വിഘ്‌നം സൃഷ്ടിക്കുന്ന പ്രാചീനകര്‍മത്തിനെ നശിപ്പിക്കുന്നതാണ്. അതുകൊണ്ട് ഈ കര്‍മ്മങ്ങള്‍ കര്‍ത്തൃത്വ ഭാവവും ഫലത്തിലുള്ള ആസക്തികള്‍ ഇല്ലാതെ അനുഷ്ഠിക്കേണ്ടതാണ്) എന്നിങ്ങനെ ഭഗവാന്‍തന്നെ ആ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടതാണ് എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് എങ്ങനെ അവ ഉപേക്ഷിക്കാന്‍ കഴിയും? ആ കര്‍മ്മങ്ങളെ ഉപേക്ഷിക്കാതിരുന്നാല്‍, ഭഗവാനില്‍ മനസ്സിനെ നിശ്ചലമായി നിര്‍ത്തി, ഏകനിഷ്ഠയോടെ സേവിക്കാന്‍ കഴിയില്ല. അന്യര്‍മങ്ങള്‍ ചെയ്യുമ്പോള്‍- ദാനം, തപസ്സ്, യജ്ഞം മുതലായവ അനുഷ്ഠിക്കുമ്പോള്‍, ഭജനം മുടങ്ങിപ്പോവുകയും ചെയ്യും. ഇങ്ങനെയിരിക്കെ, ഏതാണ് ഉേപക്ഷിേക്കണ്ടത്? ഏതാണ് സ്വീകരിക്കേണ്ടത്? എന്ന് നിശ്ചയിക്കാന്‍ കഴിയാതെ അര്‍ജുനന്‍ കുഴങ്ങുകയാണ്.
വാസുദേവപുത്രനായ ശ്രീകൃഷ്ണ ഭഗവാന്‍ ആ സന്ദേഹം നശിപ്പിക്കാനും, തന്റെ സര്‍വേശ്വരഭാവം പ്രഖ്യാപിക്കാനും വേണ്ടി, തന്നെ ശരണം പ്രാപിച്ചവന്റെ സര്‍വ്വപാപങ്ങളും നശിപ്പിക്കുന്നവനാണ് ഈ കൃഷ്ണനെന്ന് പറഞ്ഞ്, തന്നെ ശരണ പ്രാപിക്കുകതന്നെയാണ് ചെയ്യേണ്ടത് എന്ന് ദൃഢീകരിക്കുന്നു.
സര്‍വ്വ ധര്‍മ്മാന്‍ പരിത്യജ
(18-ല്‍ 66)
യജ്ഞം, ദാനം, തപസ്സ് തുടങ്ങിയ നിത്യവും നൈമിത്തികവും- നിത്യം അനുഷ്ഠിക്കേണ്ടവയും കാരണവശാല്‍ അനുഷ്ഠിക്കേണ്ടവയും ആയ കര്‍മ്മങ്ങള്‍- ഉപേക്ഷിക്കണം.
''ഈ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചാല്‍ മാത്രമേ എനിക്കു ശ്രേയസ്സ് ഉണ്ടാവുകയുള്ളൂ'' എന്നിങ്ങനെ ആ കര്‍മ്മങ്ങളോടുള്ള ആദരഭാവവും ഉപേക്ഷിക്കണം.
മോക്ഷം ലഭിക്കാന്‍ വേണ്ടിയുള്ള സാധനകളായ കര്‍മ്മയോഗം ജ്ഞാനയോഗം മുതലായ ആധ്യാത്മികകര്‍മ്മങ്ങളെയും കര്‍മ്മങ്ങളുടെ ഫലം, കര്‍ത്തൃത്വഭാവം മുതലായവയെയും പരിത്യജിക്കണം. വര്‍ണധര്‍മ്മങ്ങളെയും ആശ്രമധര്‍മ്മങ്ങളെയും ഉപേക്ഷിക്കണം എന്ന് പറയേണ്ടതില്ലല്ലോ. വേദാദിശാസ്ത്രങ്ങളുടെ വിധികള്‍ക്ക്- നിയമങ്ങള്‍ക്ക്- ഞാന്‍ കിങ്കരനല്ല, ഞാന്‍ ഭഗവാന്റെ കിങ്കരനാണ്- എന്ന ഭാവത്തോടെയാണ് സര്‍വ്വകര്‍മ്മങ്ങളെയും ത്യജിക്കേണ്ടത്.
സര്‍വ്വധാര്‍മിക കര്‍മ്മങ്ങളും ഗീതയില്‍ മുമ്പ് പറഞ്ഞ പ്രകാരം ഭഗവാന് ആരാധനയായി, ഭഗവാന്‍ സന്തോഷിക്കുവാന്‍ വേണ്ടിയാണ് അനുഷ്ഠിക്കുന്നതെങ്കില്‍ ഒരു കര്‍മവും ത്യജിക്കേണ്ടതില്ല. കാരണം ഭഗവാനെ പ്രാപിക്കുക എന്ന പരമധര്‍മ്മത്തിന്റെ ആരംഭമാണ് അങ്ങിനെയുള്ള കര്‍മ്മം.
''മാമനുസ്മര യുദ്ധ്യച്''
(എന്നെ സ്മരിക്കൂ! യുദ്ധം ചെയ്യൂ)
യുധ്യസ്വ വിഗതജ്വരാഃ
(യുദ്ധം ചെയ്യൂ! ദുഃഖിക്കേണ്ടതില്ല)
എന്നിങ്ങനെ മുമ്പുതന്നെ ഭഗവാന്‍ പറഞ്ഞിട്ടുണ്ടല്ലോ.)
അങ്ങനെ ഭഗവാന് ആരാധനയായി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ സാധിക്കാതെ വരികയാണെങ്കില്‍ അവയും ഉപേക്ഷിക്കണമെന്ന് ഭഗവാന്‍ പറയുന്നു.
കാനപ്രം കേശവൻ നമ്പൂതിരി
No comments:
Post a Comment