Wednesday, September 05, 2018

ശ്രീകൃഷ്ണകഥാരസം /ഹരീഷ്. ആര്‍. നമ്പൂതിരിപ്പാട്
Thursday 6 September 2018 1:15 am IST
'ഭഗവാന്‍ കൃഷ്ണന്റെ'ഭരണത്തിന്‍ കീഴില്‍ ദ്വാരകാവാസികള്‍ യാതൊരു അല്ലലുമില്ലാതെ  വസിച്ചുപോന്നു.
ഒരു ദിവസം ദ്വാരകാവാസിയായ  ഒരു  ബ്രാഹ്മണന്‍  തന്റെ  കുഞ്ഞിന്റെ   മൃതശരീരവുമായി ദ്വാരകാപുരിയിലെത്തി ഉറക്കെ വിലപിച്ചു. ആരും അദ്ദേഹത്തെ സമാധാനിപ്പിച്ചില്ല. ഒന്നിനുപുറകേ ഒന്നായി അദ്ദേഹത്തിന്റെ എട്ടുകുഞ്ഞുങ്ങളും,  ജനിച്ചയുടന്‍ മരിച്ചു. പാവം  ബ്രാഹ്മണന്‍, എല്ലാ പ്രാവശ്യവും രാജധാനിയിലെത്തി  വിലപിച്ചു യാതൊരു ഫലവുമില്ലാതെ  മടങ്ങി.
ഒന്‍പതാമത്തെ  ശിശുവിന്റെ  മൃതദേഹവുമായ് രാജസഭയിലെത്തിയ  അദ്ദേഹം ഉറക്കെ വിലപിച്ചു. 'കഷ്ടം! കഷ്ടം!  നീചനായ രാജാവിന്റെ  ഭരണംമൂലമാണ്  ഇവിടെ ബാലമരണങ്ങള്‍ ഉണ്ടാവുന്നത്. ഏതോ രക്ഷസ്സിന്റെ ബാധ ഈ രാജ്യത്തുണ്ട്. സുഖലോലുപനായ  രാജാവിനുണ്ടോ  ഇതിനു പരിഹാരമുണ്ടാക്കാന്‍ സമയം.' ഈ സമയത്ത് രാജസഭയില്‍ കൃഷ്ണസഖാവായ അര്‍ജുനനുമുണ്ടായിരുന്നു.  രാജനിന്ദ  കേട്ട് കോപംപൂണ്ട പാര്‍ത്ഥന്‍  ബ്രാഹ്മണനോട്  പറഞ്ഞു. 'ഹേ, ബ്രാഹ്മണശ്രേഷ്ഠാ  അങ്ങയുടെ കര്‍മദോഷം എന്തിന് രാജാവില്‍ കെട്ടിവയ്ക്കുന്നു? ഏത് വലിയ  ആപത്തില്‍  നിന്നും നിങ്ങളെ  രക്ഷിക്കാന്‍  വില്ലാളിവീരനായ  എനിക്കു  കഴിയും. അടുത്ത  ശിശുവിനെ  ഞാന്‍ രക്ഷിച്ചുകൊള്ളാം  എനിക്കതിനു കഴിഞ്ഞില്ലെങ്കില്‍  അടുത്ത  സൂര്യോദയം  കാണാന്‍ ഈ പാര്‍ത്ഥനുണ്ടാവില്ല'.
അഹങ്കാരം കലര്‍ന്ന ഈ വാക്കുകള്‍ കേട്ട്  ഭഗവാന്‍ പുഞ്ചിരിച്ചതേയുളളൂ. താമസിയാതെ വിപ്രപത്‌നി പത്താമതും ഗര്‍ഭിണിയായി. പ്രസവ സമയമടുത്തപ്പോള്‍ അര്‍ജുനന്‍  അസ്ത്രങ്ങളാല്‍ ബ്രാഹ്മണഗൃഹത്തിനു ചുറ്റും ഒരു കോട്ടകെട്ടി ശരകൂടത്തിനു പുറത്ത് ഗാണ്ഡീവധാരിയായി കാവല്‍ നിന്നു.
ഉച്ചത്തിലുളള കരച്ചില്‍  സൂതികാഗൃഹത്തില്‍ നിന്നുമുയര്‍ന്നു കേട്ടു. ഇത്തവണ പ്രസവം നടന്ന് നിമിഷങ്ങള്‍ക്കുളളില്‍ ശിശു അപ്രത്യക്ഷനായി. ഈറ്റില്ലത്തിനു പുറത്ത് കാവല്‍ നിന്ന അര്‍ജുനനെ നോക്കി ബ്രാഹ്മണന്‍ അലറി. 'ഒരു വില്ലാളി വീരന്‍ വന്നിരിക്കുന്നു. നീയാണോ എന്റെ രക്ഷകന്‍. ശ്രീകൃഷ്ണനുണ്ടായിരുന്നെങ്കില്‍, എനിക്കീ ഗതി വരില്ലായിരുന്നു.  ആണും പെണ്ണും കെട്ട നിന്റെ അഹങ്കാരം മൂലമാണ് എന്റെ പൊന്നോമനയ്ക്ക് ഈ ഗതി വന്നത്.'
ബ്രാഹ്മണന്റെ ശാപവചസുകള്‍ കേട്ട് ലജ്ജിതനായ അര്‍ജുനന്‍ ശിശുവിനെത്തേടി മൂന്നു ലോകങ്ങളിലും അലഞ്ഞു. എവിടേയും കുഞ്ഞിന്റെ പൊടിപോലുമില്ല. നാണക്കേടും ദുഃഖവും സഹിക്കാതെ അര്‍ജുനന്‍ ദേഹത്യാഗം ചെയ്യാനുറച്ച് വലിയൊരു അഗ്നികുണ്ഡം ചമച്ചു. തീയില്‍ ചാടാനൊരുങ്ങിയ വിജയനെ ബലിഷ്ഠമായ രണ്ടു കൈകള്‍ പിടിച്ചുമാറ്റി. അരുത്, പാര്‍ത്ഥാ, സാഹസം കാട്ടരുത്, ഞാന്‍ കൂടെയുളളപ്പോള്‍ എന്തിന് നീ ഭയപ്പെടണം. വരൂ നമുക്ക് പുറപ്പെടാം. കൃഷ്ണന്‍ സുഹൃത്തിനെ ആശ്വസിപ്പിച്ചു.
'ഭഗവാന്‍ തന്റെ ദിവ്യരഥത്തില്‍ പാര്‍ത്ഥസാരഥിയായി പുറപ്പെട്ടു. ഏഴ് സമുദ്രവും, ഏഴ് ദ്വീപുകളും കടന്ന് നീങ്ങിയ രഥത്തിന് സമുദ്രം വഴി മാറിക്കൊടുത്തു, പര്‍വ്വതങ്ങള്‍ തലകുനിച്ച് വീഥിയൊരുക്കി. ഏഴ് ലോകങ്ങള്‍ക്കുമപ്പുറം തമോലോകത്തിലെത്തിയപ്പോള്‍ സര്‍വത്ര ഇരുട്ട് മാത്രം. കൂരിരുട്ടില്‍ കുതിരകള്‍ ഭയന്ന് നിലവിളിച്ചു.'ഭഗവാന്‍ സുദര്‍ശനത്തെ സ്മരിച്ചു. കോടിസൂര്യസമപ്രഭയില്‍ മറ്റൊരാദിത്യനെപ്പോലെ, സുദര്‍ശനം ചൊരിഞ്ഞ പ്രകാശത്തിലൂടെ'ഭയലേശമില്ലാതെ വൈകുണ്ഠത്തിലെത്തിച്ചേര്‍ന്നു. വൈകുണ്ഠവാസിയായ ശ്രീഹരിക്കുചുറ്റുമായി അതാ പലപ്രായത്തിലുളള പത്ത് കുട്ടികള്‍. നരനാരായണന്‍മാരെ ഒന്നിച്ചു കണ്ട ശ്രീമന്നാരായണന്‍ സന്തോഷത്തോടെ കുട്ടികളെ അവര്‍ക്കു നല്‍കി.
അഹങ്കാരം വെടിഞ്ഞ് തെളിഞ്ഞ മനസില്‍ നിറയെ ഭക്തിയുമായി അര്‍ജുനന്‍ കൃഷ്ണനോടൊപ്പം ബാലകരുമായി മടങ്ങി.ആനന്ദാശ്രുക്കളോടെ ബ്രാഹ്മണന്‍ തന്റെ പൈതങ്ങളെ വാരിയെടുത്ത് ഉമ്മവച്ചു. പുതിയ പ്രകാശം നിറഞ്ഞ നിര്‍മലചിത്തത്തോടെ ഗാണ്ഡീവധാരി ഭഗവാനോട് വിടചൊല്ലി.

No comments: