യുദ്ധക്കളത്തിലെ പാഠശാല ''കഥ നന്നായിരിക്കുന്നു മുത്തച്ഛാ. പക്ഷേ, എങ്ങനെ അതു ഗീതയുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നു കൂടി വ്യക്തമാക്കിത്തരണം.'' ഉമ ആവശ്യം ഉന്നയിച്ചു. ''അതിനുമുന്‍പ് ഉണ്ണി പറയട്ടേ, കഥയില്‍നിന്ന് എന്തു മനസ്സിലായി എന്ന്. '' മുത്തച്ഛന്‍ പകുതി ജോലി അങ്ങോട്ടു തിരിച്ചു വിട്ടു. ''മൃഗങ്ങളെ അപേക്ഷിച്ചു മനുഷ്യന്‍ ഉത്തമസൃഷ്ടിയാണ്. ദുഃഖിച്ചിരിന്നിട്ടു കാര്യമില്ല. ഉറച്ചമനസ്സും ബുദ്ധിയും നേടി പ്രതിസന്ധികളെ മറികടക്കണം. നിരന്തരം സല്‍ക്കര്‍മ്മങ്ങളിലൂടെ ജീവിക്കണം. ആത്മഹത്യചെയ്യരുത് എന്നൊക്കെത്തന്നെ.'' ''ഭഗവദ്ഗീത പറയുന്നതും മറ്റൊന്നല്ല. എന്നു സശ്രദ്ധം ഗീത വായിച്ചാല്‍ നിങ്ങള്‍ക്കുബോദ്ധ്യമാകും. സംശയിക്കരുത്, ഭയക്കരുത്,ദുഃഖിക്കരുത്. സമഭാവനവേണം. മനസ്സിനേയും മറ്റ് ഇന്ദ്രിയങ്ങളേയും നിയന്ത്രിച്ചുനിര്‍ത്തണം. ബുദ്ധിയെ ഉണര്‍ത്തണം. പരമാത്മാവില്‍ വിശ്വാസമര്‍പ്പിച്ചു സല്‍ക്കര്‍മ്മങ്ങളിലൂടെ ജീവിതമെന്ന യുദ്ധക്കളത്തില്‍ വിജയം വരിക്കണം. എന്നിങ്ങനെ കുറെ പറയാനുണ്ട്. വായിക്കുന്തോറും, പഠിക്കുന്തോറുമാണ് ഗീതയിലെ അറിവുകള്‍ ഓരോന്നായി തെളിയുക. അതിനുനിങ്ങള്‍ പരമാവധി ശ്രമിക്കണം. അതിരിക്കട്ടേ ഗീതയുടെ ഉത്ഭവ പശ്ചാത്തലം നിങ്ങള്‍ക്കറിയാമോ?'' 'അറിയാം കൗരവസേനയും പാണ്ഡവസേനയും യുദ്ധത്തിനു തയ്യാറായി നില്‍ക്കേ അര്‍ജുനന് ഒരുമോഹം- എതിര്‍ചേരിയിലുള്ളവരെ വിശദമായി ഒന്നു കാണണം. തേരാളിയായ ശ്രീകൃഷ്ണനോടു അതിനുപാകത്തില്‍ രണ്ടു സേനകളുടേയും മദ്ധ്യത്തില്‍ രഥം നിര്‍ത്താനും പറയന്നു. അപ്പോള്‍ത്തന്നെ താന്‍ കൊല്ലേണ്ടത് സ്വന്തം ഗുരുക്കന്മാരേയും ബന്ധുക്കളേയുമാണല്ലോ? എന്നോര്‍ത്തു അര്‍ജുനനു തലചുറ്റലും വിറയലും വരുന്നു. വില്ലും ശരവും താഴത്തിട്ടു വിഷാദിക്കുന്ന അര്‍ജുനനു അപ്പോള്‍ ഭഗവാന്‍ നല്‍കുന്ന ഉപദേശമാണ് ഗീത.''നന്നായിട്ടുണ്ടുണ്ണീ നിന്റെ വിവരണം.'' മുത്തച്ഛന്‍ ശ്ലാഘിച്ചു. ''പക്ഷേ മുത്തച്ഛാ! എനിക്കു അതില്‍ വലിയ ഔചിത്യക്കുറവും വിശ്വാസക്കുറവും തോന്നുന്നുണ്ട്. യുദ്ധവെറിയോടെ അക്ഷമരായി നില്‍ക്കുന്നു. രണ്ടു സൈന്യങ്ങളുടെ നടുവില്‍ വച്ചു ഇത്രമേല്‍ ശാന്തമായി ക്ലാസെടുക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? '' ''എന്തുകൊണ്ട് അതുവിശ്വസിച്ചുകൂടാ? വളരെ വേഗത്തില്‍ കാര്യം ഗ്രഹിക്കാനുള്ള ശക്തി അര്‍ജുനനും കാര്യം ധരിപ്പിക്കാനുള്ള കഴിവു ശ്രീകൃഷ്ണനും ഉണ്ടായിരുന്നു. എന്നു കരുതിയാല്‍ പോരേ? നല്ല ഭാഷാ പരിജ്ഞാനമുള്ള ഒരാള്‍ക്കു ഭഗവദ് ഗീത മുഴുവന്‍ വായിക്കുന്നതിനു മൂന്നു മണിക്കൂര്‍ വേണ്ട. കൃഷ്ണാര്‍ജുനന്‍ന്മാര്‍ക്കു ഏതാനും നിമിഷങ്ങളേ ആവശ്യമായിവന്നിട്ടുണ്ടാവുള്ളൂ. അവിശ്വസനീയമായ പലകാര്യങ്ങളും പുരാണത്തിലുണ്ട്. ആയിരം ഫണമുള്ള അനന്തനും, നിരവധി തലയും കൈകളുമുള്ള വീരന്മാരും, മലയടര്‍ത്തി പറന്നെത്തുന്ന ഹനുമാനും അങ്ങനെ എന്തെല്ലാം. കഥയുടെ പൊരുളാവണം നാം ശ്രദ്ധിക്കേണ്ടത്. ''ലോലമാം ക്ഷണമേ വേണ്ടൂ. ബോധമുള്ളില്‍ ജ്വലിപ്പാനും മാലണയ്ക്കും തമസ്സാകെ മാഞ്ഞു പോവാനും'' മഹാകവി കുമാരനാശാന്റെ വരികള്‍ ഓര്‍ത്തു പോകുന്നു. '' എഴുന്നൂറു ശ്ലോകങ്ങളുണ്ട് ഭഗവദ്ഗീതയില്‍ എന്നല്ലേ മുത്തച്ഛന്‍ പറഞ്ഞത്.? എല്ലാം ഭഗവാന്റെ ഉപദേശങ്ങളാണോ?'' ഉമചോദിച്ചു. ''അല്ല. ഭഗവാന്‍ 574 ശ്ലോകങ്ങളേ ചൊല്ലുന്നുള്ളൂ. ചോദ്യങ്ങളും വിവരണങ്ങളുമായി അര്‍ജുനന്റെ 84 ശ്ലോകങ്ങളുമുണ്ട്.'' ''പോരല്ലോ മുത്തച്ഛാ! രണ്ടും ചേര്‍ത്താല്‍ 658 എണ്ണമല്ലേ ആവുള്ളൂ. ബാക്കിയോ?'' ബാക്കി 42ല്‍ 41 ഉം ഇടനിലക്കാരനായി ധൃതരാഷ്ട്രരെ അറിയിക്കുന്ന സഞ്ജയന്റേതാണ്. തുടക്കത്തില്‍ ഒരോ ഒരുശ്ലോകം ഒരോ ഒരു ചോദ്യം ധൃതരാഷ്ട്രരുടേതായും ഉണ്ട്. അങ്ങനെ മൊത്തം എഴുനൂറുശ്ലോകങ്ങള്‍.'' ''ഗീതയില്‍ പലപലയോഗങ്ങളേ പറ്റി പറയുന്നുണ്ടല്ലോ മുത്തച്ഛാ!'' എന്താണത് ഉമ ചോദിച്ചു. ''ഭഗവദ്ഗീതയില്‍ പതിനെട്ട് അദ്ധ്യായങ്ങള്‍ ഉണ്ട്. അദ്ധ്യായങ്ങള്‍ക്കുള്ള പലപേരുകളില്‍ ഒന്നാണ്‌യോഗം എന്നത്. ഓരോ അദ്ധ്യായത്തിലേയും വിഷയത്തെ മുന്‍ നിര്‍ത്തി യോഗമെന്നും ചേര്‍ത്തുവെന്നേയുള്ളൂ. അര്‍ജുനന്‍ വിഷാദിക്കുമ്പോള്‍ അര്‍ജുന വിഷാദയോഗം, കര്‍മ്മയോഗം, വിശ്വരൂപദര്‍ശനയോഗം.. എന്നിങ്ങനെ. ''മഹാഭാരതത്തിലെ അദ്ധ്യായങ്ങള്‍ക്കു പര്‍വ്വം എന്നാണ് പേര്. വനപര്‍വ്വം, ഭീഷ്മ പര്‍വ്വം, സ്ത്രീ പര്‍വ്വം... എന്നിങ്ങനെ. രാമായണത്തില്‍ കാണ്ഡമെന്നും ഭാഗവതത്തില്‍ സ്‌കന്ധമെന്നുമാണ് പറയുന്നത്. ഭഗവദ്ഗീതയില്‍ യോഗമായി!'' ''പക്ഷേ, മുത്തച്ഛാ ആവാക്കുകള്‍ ഇപ്പോള്‍ സംഘടനകളുടേയും രാഷ്ട്രീയ കക്ഷികളുടേയും കുത്തകയല്ലേ? വിശദീകരണയോഗവും ,ചര്‍ച്ചായോഗവും, പ്രതിഷേധയോഗവും നാടുവാഴുകയാണല്ലോ! ഉണ്ണി പരിഹാസത്തോടെ പറഞ്ഞു. '' അവര്‍ പറയട്ടേ. ഒരുവാക്കു പല സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കേണ്ടി വരാം. വിപരീതാര്‍ത്ഥവുമായി ചിലപ്പോള്‍ വരാം. യോഗം എന്ന വാക്കിനു ഇവിടെ ചര്‍ച്ച എന്നാണ് പൊതുവായ അര്‍ത്ഥം. ജ്യോതിഷത്തില്‍ വിവാഹയോഗം, സന്താനയോഗം, കേസരിയോഗം എന്നൊക്കെ പറയുമ്പോള്‍ ഗ്രഹനിലയ്ക്കാണ്് പ്രധാനം. ''ചികിത്സക്കാണെങ്കില്‍ ആയുര്‍വേദത്തില്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നത് യോഗമനുസരിച്ചാണ്. പലവസ്തുക്കളുടെ കൃത്യമായ ചേരുവയാണവിടെ യോഗമാകുന്നത്.'' '' അടുക്കളയില്‍ മുത്തശ്ശി ഇപ്പോള്‍ പലവിധത്തിലുള്ള കറികള്‍ ഉണ്ടാക്കുകയാകും. അതും ഒരു'യോഗ'മാണെന്നു പറയാം. - പാചകയോഗം.'' ''നല്ലമണം വരുന്നുണ്ട്...'' ഉമ ഇടയില്‍ പറഞ്ഞു ''ഗീതയിലാകുമ്പോള്‍ കര്‍മ്മത്തിനേയും ജ്ഞാനത്തിനേയും ധ്യാനത്തിനേയും കുറിച്ചുള്ള ആശയങ്ങളുടെ പാകത്തിനുള്ള ചേര്‍ച്ചയാകുന്നുയോഗം. അതിനു നിങ്ങള്‍ തയ്യാറാകുമ്പോള്‍ ഉമ പറഞ്ഞപോലെ 'നല്ല ഗുണം വരുന്നുണ്ട് ' എന്നാവും തോന്നുക. എന്നാല്‍ ഭഗവദ് ഗീതയുടെ അന്തസത്തയായി, പരോക്ഷമായ ഒരു രാഷ്ട്രീയ യോഗവും ഞാന്‍ കാണുന്നുണ്ട് കേട്ടോ! എന്നു പറഞ്ഞ് മുത്തച്ഛന്‍ ചിരിച്ചു. ''എന്താ മുത്തച്ഛാ പറയുന്നത്.? ഭഗവദ്ഗീതയില്‍ രാഷ്ട്രീയമോ? ഉണ്ണി അത്ഭുതത്തോടെചോദിച്ചൂ. )
No comments:
Post a Comment