''അങ്ങനെ നമ്മള്‍ ഭഗവദ്ഗീതയുടെ അവസാനത്തെ അദ്ധ്യായത്തില്‍ എത്തിക്കഴിഞ്ഞു-പതിനെട്ടാംപടിയില്‍; അദ്ധ്യായത്തില്‍; ഇതിന്റെ പേര് ശ്രദ്ധിച്ചുവോ നിങ്ങള്‍?'' ''ഉവ്വ്, മുത്തച്ഛാ! സന്ന്യാസയോഗം'' ഉമ പറഞ്ഞു. ''എന്നെപ്പോലുള്ള വയസ്സന്മാര്‍ക്ക് സന്ന്യസിക്കുവാനുള്ള യോഗമാണോ ഭഗവാന്‍ പറയാന്‍ പോകുന്നത്?'' ''അതാവില്ല മുത്തച്ഛാ!'' കുട്ടികള്‍ ചിരിച്ചു: ''ഭഗവദ്ഗീത പഠിപ്പിക്കുന്നവര്‍ കൃഷ്ണനെപ്പോലെ ജ്ഞാനയോഗിയും പഠിക്കുന്നവര്‍ അര്‍ജ്ജുനനെപ്പോലെ കര്‍മയോഗിയും ആകുമെന്നതാവാം ഇതിലെ ഗുണപാഠം'' ഉണ്ണി പറഞ്ഞു. ''കൊള്ളാം. ആഗ്രഹം നല്ലത്. പക്ഷെ, കൃഷ്ണനെപ്പോലെ എന്ന ഭാഗം വിട്ടേക്കൂ. ഈ അദ്ധ്യായത്തിലേയും ആദ്യശ്ലോകം അര്‍ജ്ജുനന്റെ ചോദ്യമാണ്; അവസാനത്തെ ചോദ്യവും!'' 30 - ''അല്ലയോ കേശവാ! സന്ന്യാസമെന്ത്? ത്യാഗമെന്ത്? എന്നു വേര്‍തിരിച്ചറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. ദയവായി പറഞ്ഞുതന്നാലും.'' ''നിങ്ങള്‍ ഗീതയുടെ തുടക്കം ഒന്നു ആലോചിച്ചു നോക്കൂ മക്കളേ! അവിടെ, യുദ്ധത്തെക്കുറിച്ചുള്ള ധൃതരാഷ്ട്രരുടെ ഉല്‍ക്കണ്ഠ നിറഞ്ഞ ചോദ്യമല്ലേ കേട്ടത്? ഇപ്പോള്‍ ഒടുവിലത്തെ അദ്ധ്യായത്തിലെ ശ്ലോകമോ? യുദ്ധവീരനായ അര്‍ജ്ജുനന്റെ വിനയാന്വിതമായ ചോദ്യമാണ്-സന്ന്യാസത്തിന്റെയും ത്യാഗത്തിന്റെയും മഹത്വങ്ങളറിയാന്‍! ഭഗവദ്ഗീത നമ്മളെ യുദ്ധത്തില്‍നിന്ന് സമാധാനത്തിലേക്ക് നയിക്കുന്നു എന്നല്ലേ ഇതിലൂടെ മനസ്സിലാക്കേണ്ടത്?'' 'സന്ന്യാസം എന്നാല്‍ സമാധാനം എന്നാണോ അര്‍ത്ഥം?'' ഉണ്ണി ചോദിച്ചപ്പോള്‍ മുത്തച്ഛന്‍ ഒരു ശ്ലോകം ചൊല്ലി: കാമ്യാനാം കര്‍മണാം ന്യാസം സന്ന്യാസം കവയോ വിദുഃ സര്‍വകര്‍മഫലത്യാഗം പ്രാഹുസ്ത്യാഗം വിചക്ഷണാഃ 18-2 ''ന്യാസം എന്നാല്‍ ഉപേക്ഷിക്കലാണ്. ഉപേക്ഷിക്കേണ്ടതോ? ഒന്നിനുപിറകെ ഒന്നായി വരുന്ന ആഗ്രഹങ്ങളും അവ സാധിക്കാനുള്ള കര്‍മങ്ങളുമാണ്. ഉദാഹരണത്തിന് ഒന്നാമനായി പാസ്സാകണമെന്ന് ഉണ്ണി ആഗ്രഹിക്കുന്നു. അതിനായി പ്രയത്‌നിക്കുന്നു. തടസ്സങ്ങള്‍ വരുമ്പോള്‍ സങ്കടം വരുന്നു; ദേഷ്യം വരുന്നു... ആകെ ടെന്‍ഷനായി. അതായത് മനസ്സു യുദ്ധഭൂമിയായി! ഒന്നാമനാകണമെന്ന ആഗ്രഹം വിട്ടാലോ? സമാധാനമായി! ജയിച്ചാലും തോറ്റാലും വലിയ താല്‍പ്പര്യം കാട്ടാതിരിക്കുന്നതിനെ ത്യാഗമെന്നും പറയാം.'' ''അപ്പോള്‍ ഞങ്ങള്‍ പഠിക്കേണ്ടെന്നാണോ?'' ''അല്ല. നിങ്ങള്‍ പഠിക്കുകതന്നെ വേണം. ജീവിതത്തില്‍ മുന്നോട്ടുപോകേണ്ടവരല്ലേ? എങ്കിലും ഭഗവാന്റെ വാക്കുകള്‍ മനസ്സില്‍ സൂക്ഷിക്കണം. പ്രായം കൂടുന്തോറും അതിന്റെ അര്‍ത്ഥം തെളിഞ്ഞ് തെളിഞ്ഞ് വരും. എന്നെപ്പോലെയാകുമ്പോള്‍ സന്ന്യാസം എളുപ്പമാവുകയും ചെയ്യും.'' ''അതിനു മുത്തച്ഛന്‍ സന്ന്യാസിയല്ലല്ലോ; കാവിയുടുത്തിട്ടില്ലല്ലോ!'' ഉമ ചോദിച്ചു. മുത്തച്ഛന്‍ ചിരിച്ചുകൊണ്ടുതന്നെ ഉടനെ ചോദിച്ചു: ''ആരു പറഞ്ഞു മക്കളേ, സന്ന്യാസിയാകാന്‍ കാവിയുടുക്കണമെന്ന്? ഭഗവാന്‍ പറഞ്ഞോ?'' ''ഇല്ല'' ഉമ സങ്കോചത്തോടെ അറിയിച്ചു. ''ആഗ്രഹങ്ങള്‍ ത്യജിക്കുക. ചെയ്യുന്ന കര്‍മങ്ങളുടെ ഫലത്തില്‍ ആസക്തി ഇല്ലാതിരിക്കുക. നല്ലതായാലും ചീത്തയായാലും തുല്യതയോടെ കാണുക അത്രയേ വേണ്ടൂ സന്ന്യാസത്തിന്!'' മുത്തച്ഛന്‍ വിശദീകരിച്ചു.''അതു പക്ഷെ, അത്ര എളുപ്പമല്ല. അതു എളുപ്പമാക്കാന്‍ ഉദ്ദേശിച്ചതാണ്, സര്‍വജീവജാലങ്ങളുടെയും ഹൃദയത്തില്‍ വസിക്കുന്ന എന്നെ ധ്യാനിക്കൂ എന്നു ഭഗവാന്‍ പറയുന്നത്. സകല ചരാചരസ്‌നേഹം തന്നെയാണത്. അതിനുവേണ്ടി 2 മുതല്‍ 17 വരെ അദ്ധ്യായങ്ങളില്‍ പറഞ്ഞ കാര്യങ്ങള്‍ ഭഗവാന്‍ 18-ാം അദ്ധ്യായത്തില്‍ സംഗ്രഹിച്ചും ആവര്‍ത്തിച്ചും പറഞ്ഞിരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിക്കണം. രാഗദ്വേഷങ്ങള്‍ കളഞ്ഞു, ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു, ശുദ്ധബുദ്ധിയോടുകൂടി, മിതമായ ആഹാരം കഴിച്ചു, ഏകാന്തമായ സ്ഥലത്ത്, അഹങ്കാരം ബലം ദര്‍പ്പം കാമം ക്രോധം പരിഗ്രഹം എന്നിവയെ പുറന്തള്ളി നിര്‍മമനായും ശാന്തനായും ധ്യാനസ്ഥനായിരിക്കുന്ന സാധകന്‍ ബ്രഹ്മസാക്ഷാത്കാരത്തിനു അര്‍ഹനാകുന്നു എന്നത്രെ 51, 52, 53 ശ്ലോകങ്ങളില്‍ പറയുന്നത്. അടുത്ത ശ്ലോകം (54) അതിനു കൂടുതല്‍ പൂര്‍ണത നല്‍കുന്നു: ബ്രഹ്മദൂത: പ്രസന്നാത്മാ ന ശോചതി ന കാംക്ഷതി സമഃ സര്‍വേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം. ബ്രഹ്മഭാവത്തെ പ്രാപിച്ച പ്രസന്നമാനസനായ യോഗി ഒന്നിനെക്കുറിച്ചും വ്യസനിക്കാതെ, ഒന്നും ഗ്രഹിക്കാതെ, സകലപ്രാണികളിലും സമദൃഷ്ടിയുള്ളവനായി പരമഭക്തിയില്‍, എന്നില്‍ ലയിക്കുന്നുവെന്നു സാരം. ഏതാണ്ട് ഇതേ ആശയം ആറാം അദ്ധ്യായമായ ധ്യാനയോഗത്തിലെ 27-ാം ശ്ലോകത്തിലും കാണുന്നുണ്ട്. ഈശ്വരന്‍ എല്ലാവരുടെയും എല്ലാറ്റിന്റെയും ഹൃദയത്തില്‍ വസിക്കുന്നു എന്നതാണ് ഗീത മുന്നോട്ടുവെക്കുന്ന വലിയ ആശയം. ഈശ്വരഃ സര്‍ഭൂതാനാം/ഹൃദ്ദേശളര്‍ജ്ജുന തിഷ്ഠതി ഭ്രാമയന്‍ സര്‍വഭൂതാനി/യന്ത്രാരൂഢാനി മായയാ. ശ്ലോകപ്പകുതികൊണ്ടു തന്നെ ഭഗവാന്‍ ആറ്റികുറുക്കി കാര്യം പറഞ്ഞിരിക്കുന്നു. ''സര്‍വസ്യപാഹം ഹൃദിസന്നിവിഷ്ടഃ'' എന്നു ഒറ്റവരിയിലും- 15-ാം അദ്ധ്യായം 15-ാം ശ്ലോകം അതു നേരത്തെ പറഞ്ഞുവെച്ചിട്ടുണ്ട്. മറ്റു പല അദ്ധ്യായങ്ങളിലും, പല പ്രകാരത്തില്‍ ഈ ആശയം ആവര്‍ത്തിക്കുന്നുവെന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്. ''മുത്തച്ഛാ, ഇതിലെ 65-ാം ശ്ലോകം- ''മന്മനാ ഭവ മദ്ഭക്ത:/ മദ്യാജീ മാം നമസ്‌കുരു'' എന്നതും നാം മുമ്പ് ചര്‍ച്ച ചെയ്തിട്ടുണ്ടല്ലോ'' ഉണ്ണി ചോദിച്ചു. ''ഉണ്ട്. ഒമ്പതാം അദ്ധ്യായം അവസാനിക്കുന്നത് ഈ ശ്ലോകത്തിലാണ്. കാതലായ ആശയങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞ് ശിഷ്യന്റെ-അര്‍ജ്ജുനന്റെ-മനസ്സില്‍ ഉറപ്പിക്കുന്ന രീതിയാണ് ഭഗവാന്റേത്. ഇപ്പോള്‍, നിന്റെ മുന്നില്‍ കാണുന്നതത് സര്‍വവും ഭഗവാന്റേത്. ഇപ്പോള്‍, നിന്റെ മുന്നില്‍ കാണുന്നതതു സര്‍വവും മനുഷ്യരും ജന്തുക്കളും പുല്ലും പുഴുവും വരെ-ഞാനാണ്; ഈശ്വരനാണ് എന്ന ഉറപ്പോടെ എന്നെ ഭജിക്കൂ; എന്നെ നമസ്‌കരിക്കൂ എന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമെടുക്കേണ്ടത്?'' ''എല്ലാറ്റിനേയും സ്‌നേഹിക്കൂ, ഒന്നിനേയും ഉപദ്രവിക്കാതിരിക്കൂ; സേവനതല്‍പരനായിരിക്കൂ എന്നു തന്നെ'' ഉണ്ണി പറഞ്ഞു. ഒരു കാര്യം കൂടി നിങ്ങളെ ഓര്‍മപ്പെടുത്താം. ഈശാവാസ്യം എന്ന പേരില്‍ പ്രസിദ്ധമായ ഒരു ഉപനിഷദ്ഗ്രന്ഥമുണ്ട്. വളരെ ചെറുതാണ്. അതിന്റെ ആദ്യ സൂക്തം ''ഈശാവാസ്യമിദം സര്‍വം'' എന്നുപറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ഭഗവദ്ഗീതയുടെ പരിസമാപ്തിയും ''ഈശ്വരഃ സര്‍വഭൂതാനാം ഹൃദ്ദേശേ'' എന്ന ആശയത്തിലാണല്ലോ. ഇവ തമ്മില്‍ വലിയ സാമ്യവും ഐക്യവും ഇല്ലേ?'' ''ശരിയാണ്. ഭഗവദ്ഗീതയെപ്പോലെ ഗാന്ധിജിക്കു ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ഈശാവാസ്യ ഉപനിഷത്തെന്നും വായിച്ചുണ്ട് മുത്തച്ഛാ'' ഉണ്ണി പറഞ്ഞു. ''അതെ. ഉത്തമമനുഷ്യനെ വളര്‍ത്തിയെടുക്കാന്‍ കഴിവുള്ളവയാണ് നമ്മുടെ ഗ്രന്ഥങ്ങള്‍. അത്തരത്തില്‍ ഒരു വ്യക്തിത്വവികസന ഗ്രന്ഥമായി, ലോകമാനവികതാ ഗ്രന്ഥമായി നിങ്ങള്‍ ഭഗവദ്ഗീത പഠിക്കണം, പ്രചരിപ്പിക്കണം എന്നാണ് മുത്തച്ഛന്റെ ആഗ്രഹം'' മുത്തച്ഛന്‍ നെഞ്ചത്തു കൈചേര്‍ത്തുവെച്ചു മനസാ ധ്യാനിച്ചു
No comments:
Post a Comment