Monday, September 17, 2018

ഹരേ കൃഷ്ണ.
ഓം നമോ ഭഗവതേ വാസുദേവായ.
അഖില ഗുരുവേ ഭഗവൻ നമസ്തേ
മൂകം കരോതി വാചാലം പഗും ലംഘയതേ ഗിരിം.
യത്‍ കൃപ തമഹം വന്ദേ പരമാനന്ദ മാധവം"
എന്തുകൊണ്ടാണ്‌ ഇത്തരത്തിലൊരു വന്ദന എന്നാണ്‌ ചിന്തനീയം. ആരാണ്‌ മൂകന്‍. എന്താണ്‌ വാചാലത. ആരാണ്‌ മുടന്തന്‍, എന്താണ്‌ പര്‍വ്വതം ഇത്യാദികളെല്ലാം മനനവിധേയമാക്കണം.
മനുഷ്യന്‍ മിണ്ടാന്‍ തുടങ്ങുന്നത്‍ ഉണരുമ്പോളാണ്‌. ഉറക്കത്തില്‍ ആരും മിണ്ടില്ല. ഉറക്കത്തിനെ വിട്ട്‍ ഉണര്‍ച്ചയിലേയ്ക്ക്‍ എത്തുമ്പോള്‍ മൗനത്യാഗം സംഭവിയ്ക്കുന്നു. വാസ്തവത്തിലുള്ള ജാഗ്രത എന്താണ്‌. പരമേശ്വരസ്മരണയില്‍ ജീവിയ്ക്കുന്നതാണ്‌ ജാഗ്രതയുടെ അടയാളം. യാതൊരുവന്‍ നിത്യനിരന്തരമായി ഈശ്വരമാഹാത്മ്യങ്ങള്‍ ധ്യാനിയ്ക്കുന്നുവോ, യാതൊരുവന്‍ അവനില്‍ത്തന്നെയുള്ള ജഗദീശ്വര തത്ത്വവുമായി സംവാദം നടത്തുന്നുവോ, അവനാണ്‌ ശരിയായ വാക്കുകള്‍ ഉച്ചരിയ്ക്കുന്നവന്‍, അവനാണ്‌ വാഗ്മി, വാചാലത എന്താണെന്ന്‍ അവനാണ്‌ അറിയുന്നത്‍. ഏതൊരു നാവ്‌ ജഗദീശ്വരനാമങ്ങള്‍ ഉരുവിടുന്നുവോ, അവന്‍ ഉണര്‍ന്നവനാണ്‌, അവന്റെ മൂകത നശിച്ചിരിയ്ക്കുന്നു. നാവുകൊണ്ട്‍ സദാ ഈശ്വരനാമങ്ങള്‍ ജപിച്ചുകൊണ്ടേയിരിയ്ക്കുക എന്നതാണ്‌ ജീവാത്മാവിന്‌ പറഞ്ഞിട്ടുള്ളത്‍.
ജിഹ്ന്വേ സദൈവം ഭജ സുന്ദരാണിം നാമാനി കൃഷ്ണസ്യ മനോഹരാണിം -
ഇനി നീ ആ കൃഷ്ണന്റെ മനോഹരവും സുന്ദരവുമായ നാമങ്ങള്‍ ചൊല്ല്‌. അപ്പോള്‍ മാത്രമേ ജീവന്‍ ഉറക്കത്തില്‍ നിന്ന്‍ ഉണര്‍ന്നു എന്ന്‍ പറയാന്‍ പറ്റു, അതുവരെ എല്ലാം ഉറക്കത്തിലാണ്, മൂകരാണ്‌. ഇതാണ്‌ മൂകനെ വാചാലനാക്കുന്നു എന്ന്‍ പറയുന്നത്‍.
ഇപ്പൊ ദു:ഖത്തിലാണ്‌ എല്ലാവരും. ഖം എന്നാല്‍ ആകാശം. മനസ്സാകുന്ന ആകാശം. ദു എന്നാല്‍ ദുഷിയ്ക്കുക. എല്ലാവരുടെയും മനസ്സാകുന്ന ആകാശം ദുഷിച്ചിരിക്കുന്നു. അതില്‍നിന്ന്‍ ദു:ഖങ്ങള്‍ ഉണ്ടകുന്നു.
ചെറിയചെറിയ ദു:ഖങ്ങളില്‍പോലും തളര്‍ന്നുപോകുന്നു, തകര്‍ന്നുപോകുന്നു മനുഷ്യര്‍. അവിടെയെല്ലാം മുടന്തി മുടന്തി കഴിയുന്നു. ഓരോ പര്‍വ്വതംപോലെ ദു:ഖങ്ങളുടെ വര്‍ഷംതന്നെ ഉണ്ടായാല്‍ എന്ത്‍ ചെയ്യും. മുടന്തിക്കൊണ്ട്‍ നടക്കാനും വയ്യാത്ത സ്ഥിതി സംജാതമാകുന്നു. ചെറിയ ചെറിയ ദുഖങ്ങളില്‍പോലും പതറുന്ന ഈ അവസ്ഥയില്‍നിന്ന്‍ എത്രതന്നെ വലിയ പര്‍വ്വതം പോലത്തെ ദു:ഖങ്ങള്‍ വന്ന്‍ ഞാന്‍ മുടന്തിയാലും, ആ ദു:ഖപര്‍വ്വതത്തിന്റെ അപ്പുറത്തേയ്ക്ക്‍ എത്തിയ്ക്കാന്‍ നിന്റെ സ്മരണ എന്നില്‍ ഉണ്ടാകണേ. നിന്റെ കൃപാതിരേകം എന്നില്‍ വര്‍ഷിയ്ക്കണേ,
ജഗദീശ്വരാ.. !! ഇതാണ്‌ പംഗും ലംഘയതേ ഗിരിം..
raman iyer

No comments: