മനസ്സാകുന്ന കടിഞ്ഞാണ്‍
പരസ്പര വിരുദ്ധങ്ങളായ വിദ്യ, അവിദ്യ എന്നിവയുടെ സാധനം, ഫലം തുടങ്ങിയവയെ വേണ്ടപോലെ നിര്‍ണയിക്കുന്നതിന് ഒരു രഥകല്‍പ്പനാ രൂപകത്തെ വരച്ചുകാട്ടുന്നു.
ആത്മാനാം രഥിനം വിദ്ധിശരീരം രഥമേവചബുദ്ധിംതു സാരഥിം വിദ്ധിമനഃ പ്രഗ്രഹമേവ ചഇന്ദ്രിയാണി ഹയാനാഹുര്‍വിഷയംതേഷു ഗോചരാന്‍ആത്മേന്ദ്രിയ മനോയുക്തംഭോക്തേത്യാഹുര്‍മ്മനീഷിണഃശരീരം ഒരു തേര് ആണ്, ആത്മാവ് അതിന്റെ ഉടമയും. ബുദ്ധിയാണ് തേരാളി. മനസ്സ് കടിഞ്ഞാണ്‍. ഇന്ദ്രിയങ്ങളാണ് കുതിരകള്‍. ശബ്ദ, സ്പര്‍ശ, രൂപ, രസ, ഗന്ധങ്ങളായ വിഷയങ്ങളാണ് കുതിരകള്‍ക്ക് പോകാനുള്ള വഴി.
ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നിവയോടുകൂടിയ ആത്മാവിനെ അറിവുള്ളവര്‍ സംസാരിയായ ജീവന്‍ എന്നു പറയുന്നു.ജീവന് പരമാത്മാവിനെ പ്രാപിക്കാനുള്ള ഉപാസനാ സമ്പ്രദായത്തെ വിവരിക്കാനാണ് അതിമനോഹരമായ ഈ രഥകല്‍പ്പന. ആ വിദ്യകൊണ്ട് അപൂര്‍ണ്ണനായ ജീവാത്മാവിന്റെ പൂര്‍ണ്ണതയിലേക്കുള്ള യാത്രയാണ് ജീവിതം. അതിനുള്ള വണ്ടിയാണ് ശരീരം. കുതിരകള്‍ വണ്ടിയെ ഓരോ വഴിക്ക് വലിച്ചുകൊണ്ടുപോകുന്നതുപോലെ ഇന്ദ്രിയങ്ങള്‍ ശരീരത്തെ പല വഴിക്ക് നടത്തുന്നു. കുതിരകളെ നിയന്ത്രിക്കുന്ന കടിഞ്ഞാണ്‍പോലെയാണ് ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്ന മനസ്സ്. തേരാളിയായ ബുദ്ധി മനസ്സാകുന്ന കടിഞ്ഞാണിന്റെ സഹായത്തോടെ ഇന്ദ്രിയങ്ങളായ കുതിരകളെ നിയന്ത്രിക്കുന്നു. ഇവയ്‌ക്കൊക്കെ അധിപനായ ജീവാത്മാവാണ് തേരിന്റെ ഉടമ.
വാസ്തവത്തില്‍ ആത്മാവിന് ഇങ്ങനെയൊരു യാത്ര ആവശ്യമില്ല. എന്നാല്‍ ശരീരം, ഇന്ദ്രിയങ്ങള്‍, മനസ്സ് എന്നീ ഉപാധികളോടുകൂടിയ ആത്മാവിന്- അതായത് ജീവാത്മാവിന്- ഈ യാത്ര വേണം. ജീവന് സംസാരയാത്രക്കും മോക്ഷപ്രാപ്തിക്കും സാധനമായതാണ് ഈ രഥം. ജീവാത്മാവിനെ ‘രഥിനം’ എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. രഥത്തിന്റെ ഉടമ, തേരില്‍ യാത്രചെയ്യുന്നയാള്‍ എന്നൊക്കെ ഇതിന് അര്‍ത്ഥമുണ്ട്.ഈ രഥത്തിലെ യാത്ര എപ്രകാരമാകരുത്യസ്ത്വവിജ്ഞാനവാന്‍ ഭവത്യയുക്തേന മനസാ സദാതസ്യേന്ദ്രിയാണ്യവശ്യാനിദുഷ്ടാശ്വാ ഇവ സാരഥേഃയാതൊരാളാണോ എല്ലായ്‌പ്പോഴും നിയന്ത്രിക്കുന്ന മനസ്സോടുകൂടി വിവേകമില്ലാത്തവനായിരിക്കുന്നത് അയാളുടെ ഇന്ദ്രിയങ്ങള്‍ തേരാളിക്ക് മെരുങ്ങാത്ത കുതിരകളെന്നപോലെ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും.
കുതിരകള്‍ മെരുങ്ങാത്തതോ തേരില്‍ കെട്ടി പഴകാത്തതോ ആയാല്‍ തേരാളി കഷ്ടപ്പെടും. വിറളിപിടിച്ച കുതിരകള്‍ അനുസരണക്കേട് കാണിക്കും. തേരാളി വിവേകമില്ലാതിരിക്കുകയും കടിഞ്ഞാണ്‍ വേണ്ടപോലെ നിയന്ത്രിക്കാതിരിക്കുകയും ചെയ്താല്‍ പിന്നെ പറയേണ്ടതില്ല. ബുദ്ധിയാകുന്ന സാരഥി ഇങ്ങനെയെങ്കില്‍ മനസ്സാകുന്ന കടിഞ്ഞാണ്‍ അഴയും ഇന്ദ്രിയാശ്വങ്ങള്‍ തോന്നുംപടി തെക്ക് വടക്ക് പോകും. ഓരോ ഇന്ദ്രിയങ്ങളും തങ്ങളുടെ വിഷയ വഴിയിലൂടെ എങ്ങോട്ടെന്നില്ലാതെ പായും.പിന്നെ എങ്ങനെ വേണം യാത്ര-യസ്തു വിജ്ഞാനവാന്‍ ഭവതിയുക്തേന മനസാ സദാതസ്യേന്ദ്രിയാണി വശ്യാനിസദൃശ്യാ ഇവ സാരഥേഃആരാണോ എപ്പോഴും നിയന്ത്രിതമായ മനസ്സോടെ വിവേകത്തോടുകൂടിയിരിക്കുന്നത് അയാള്‍ക്ക് ഇന്ദ്രിയങ്ങളെ തേരാൡക്ക് നല്ല കുതിരകളെ എന്നപോലെ നന്നായി കൊണ്ടുനടക്കാനാകും.
മെരുക്കം വന്ന തേരില്‍ കെട്ടി പരിചയം വന്ന കുതിരകളെപ്പോലെയാകണം നമ്മുടെ ഇന്ദ്രിയങ്ങള്‍. അതിനെന്തുചെയ്യും. എല്ലാം തേരാളിയുടെ കയ്യിലാണ്. തേരാളി കടിഞ്ഞാണ്‍ വേണ്ടവിധം നിയന്ത്രിച്ച് വിവേകത്തോടെ നടത്തുകയാണെങ്കില്‍ കുതിരകള്‍ക്ക് തന്നെ അടക്കം വരും. ശരീരമാകുന്ന രഥത്തിലെ ബുദ്ധിയാകുന്ന തേരാളി മനസ്സാകുന്ന കടിഞ്ഞാണ്‍ കൊണ്ട് ഇന്ദ്രിയങ്ങളെ സ്വാധീനമാക്കണം. ഇന്ദ്രിയങ്ങള്‍ സ്വതവേ ബഹിര്‍മുഖങ്ങളും വിഷയങ്ങളിലേക്ക് കുതിക്കുന്നവയുമാണ്. മനസ്സിന്റെ സഹായം ഉണ്ടെങ്കിലേ അവയ്ക്ക് വിഷയങ്ങളെ ശരിക്ക് അറിയാനാകൂ.
മനോനിയന്ത്രണമുണ്ടെങ്കില്‍ പിന്നെ ഇന്ദ്രിയങ്ങള്‍ തോന്നിയപോലെ പലതിലും പോകില്ല. വിവേകബുദ്ധികൊണ്ട് മനസ്സാകുന്ന കടിഞ്ഞാണ്‍ ആവശ്യത്തിന് അയച്ചും മുറുക്കിയും പിടിക്കണം.തേരിന്റെ ഉടമയെ അല്ലെങ്കില്‍ യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കേണ്ട ചുമതല തേരാൡക്കാണ്. ജീവാത്മാവിന്റെ യാത്ര വേണ്ടപോലെയാകണമെങ്കില്‍ ബുദ്ധി വിവേകപൂര്‍വ്വം ഉപയോഗിക്കണം.
No comments:
Post a Comment