Sunday, September 16, 2018

ശ്രീരമാദേവിമാതാവിന്റെ വചനങ്ങള്‍
Monday 17 September 2018 2:47 am IST
ഭാഗവതം ഇരുപത്തിയൊന്നു പ്രാവശ്യം പാരായണം ചെയ്യുകയും അസംഖ്യം പ്രാവശ്യം വ്യാഖ്യാനിക്കുന്നത് കേള്‍ക്കുകയും ചെയ്തിട്ടുള്ള നിരവധി ആളുകളുണ്ട്. ഇതൊക്കെ ആയിട്ടും അവരുടെ സ്വഭാവത്തില്‍ പരിവര്‍ത്തനം വന്നതായി അവരില്‍ പലരും തെളിയിച്ചിട്ടില്ല. പഴയ തിന്മകളും ദുഃസ്വഭാവങ്ങളും അവരെ വിട്ടുപി
രിയാന്‍ കൂട്ടാക്കുന്നില്ല. പക്ഷേ, പരീക്ഷിത്താകട്ടെ ഏഴു ദിവസം ഭാഗവത പാരായണം ശ്രവിച്ച് ജീവിതത്തിന്റെ പരമലക്ഷ്യം പ്രാപിച്ചു. അദ്ദേഹം ശ്രീഹരിയില്‍ വിലയം പൂണ്ടു. നൂറു വര്‍ഷത്തെ കൊടും തപസ്സുകൊണ്ട് താപസന്മാര്‍ക്ക് നേടാന്‍ കഴിയാത്തത് വെറും ഒരു വാരംകൊണ്ട് പരീക്ഷിത്ത് സമ്പാദിച്ചു. അതൊരത്ഭുതമല്ലേ? അതേ, പരീക്ഷിത്തിന് ഈശ്വരകാരുണ്യത്തില്‍ അത്രമാത്രം അളവറ്റ വിശ്വാസമുണ്ടായിരുന്നു. തന്റെ സകല മാനസികശക്തിയും ശ്രദ്ധയും ഭക്തിയും ഏകാഗ്രതയും പ്രാര്‍ഥനയും അഭിവാഞ്ഛയും ശ്രവണത്തിലര്‍പ്പിച്ചു. അങ്ങിനെ ശ്രവണംതന്നെ ഭക്തിയുടെ സമുല്‍ക്കൃഷ്ടഭാവമാവുകയും അതിലൂടെ ഈശ്വരസാക്ഷാത്ക്കാരം നേടുകയും ചെയ്തു. തക്ഷകന്‍ വരുന്നതിനുമുമ്പുതന്നെ പരീക്ഷിത്ത് ശരീരബോധത്തേയും അവിദ്യയുടെ മേഖലയേയും തരണം ചെയ്തു കഴിഞ്ഞിരുന്നു. 
നിങ്ങള്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍മം എന്തായാലും-അത് ലൗകികമാകട്ടെ മതപരമായ യജ്ഞമാകട്ടെ ആദ്ധ്യത്മിക സാധനയാകട്ടെ പുണ്യഗ്രന്ഥങ്ങളുടെ പഠനമാകട്ടെ-നിങ്ങളുടെ സമ്പൂര്‍ണ മനസ്സ് അതില്‍ ഏകാഗ്രമാക്കണം. ആ വിധത്തിലുള്ള ശ്രദ്ധയില്‍നിന്ന് വിജയം സിദ്ധിക്കും. ഈശ്വരാന്വേഷണത്തിന്റെ വിജയരഹസ്യം ഈശ്വരനിലോ അല്ലെങ്കില്‍ സ്വന്തം ആത്മാവിലോ ഉള്ള ഏകാഗ്രതയെ ആശ്രയിച്ചിരിക്കുന്നു.
സമ്പാ:കെ.എന്‍.കെ.നമ്പൂതിരി

No comments: