Saturday, September 01, 2018

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജാതകം

Sunday 2 September 2018 2:49 am IST
19 ജൂലായ് 3228 ബിസി നക്ഷത്രം- രോഹിണി തിഥി അഷ്ടമി. ലഗ്‌നം 50 ഡിഗ്രി, സൂര്യന്‍ 139 ഡിഗ്രി 48 മി, ചന്ദ്രന്‍ 47 ഡിഗ്രി 42 മി, കുജന്‍ 91 ഡി 6 മി ,ബുധന്‍ 152 ഡി 48 മി, വ്യാഴം 148 ഡി 54 മി, ശുക്രന്‍ 102 ഡി 54 മി, ശനി 224 ഡി 42 മി,രാഹു 106 ഡി 24 മി, അക്ഷാംശം 27 ഡി 25 മി വടക്ക്, രേഖാംശം 77 ഡി 41 മി.                                                          ബി.വി. രാമന്‍ തരുന്നജന്മകുണ്ഡലി (Notable Horoscopes)
ഭാഗവതം ദശമസ്‌കന്ധം അദ്ധ്യായം 3 ല്‍ ചന്ദ്രന്‍ പ്രജാപതിയുടെ നക്ഷത്രസമൂഹത്തിലെന്നും, വിഷ്ണുപുരാണം ഒന്നാം അദ്ധ്യായം അഞ്ചാം അംശം ശ്ലോകം 26ല്‍ കൃഷ്ണപക്ഷ ശ്രാവണഅഷ്ടമി എന്നും ഹരിവംശം ഒന്നാംഭാഗം 52ആം അധ്യായം അഷ്ടമിതിഥി, ശ്രാവണകൃഷ്ണപക്ഷം, രോഹിണിനക്ഷത്രം,അര്‍ദ്ധരാത്രി എന്നും തരുന്നുണ്ട്.
അഷ്ടമ്യാം ശ്രാവണേ മാസേ കൃഷ്ണപക്ഷേ മഹാതിഥൌ 
രോഹിണ്യാമര്‍ദ്ധരാത്രേ ച സുധാംശൌദയോന്മുഖേ 
28ആം മഹായുഗത്തിലെ ദ്വാപരയുഗത്തില്‍ കൃഷ്ണജനനമെന്ന് വിഷ്ണുപുരാണം (അദ്ധ്യായം 4, 20, 23 അംശം 5)പറയുന്നു. അത് ശ്രീമുഖസംവത്സരമായിരുന്നു. ഭാഗവതം ദ്വിതീയസ്‌കന്ധം ആറാം അധ്യായം കൃഷ്ണന്‍ 125 വര്‍ഷം ജീവിച്ചതായി പറയുന്നു. വിഷ്ണുപുരാണം അംശം 5 അധ്യായം 37ലും ഇത് പറയുന്നുണ്ട്. ഭാഗവതം രണ്ടാം സ്‌കന്ധം ഏഴാം അദ്ധ്യായം രണ്ടാം ശ്ലോകം കൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്തപ്പോഴാണ് കലി ഭൂമിയില്‍ പ്രവേശിച്ചതെന്നു പറയുന്നു. 3102 ബിസിയില്‍ നിന്ന് 126 വര്‍ഷം പിന്നിലേക്ക് എടുത്താണ് 3228ലാണ് കൃഷ്ണ ജനനമെന്നു പറയുന്നത്. ആര്യഭടീയപ്രകാരം ബിസി 3102  ഫെബ്രുവരി 17നും 18നും ഇടയില്‍ ഉജ്ജയിനിയിലെ അര്‍ധരാത്രിക്കാണ് കലിയുഗാരംഭം. എന്നാല്‍ കൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത ഉടനെയല്ല, യുധിഷ്ഠിരന്‍ മഹാപ്രസ്ഥാനത്തിനു പോയ ഗുരുദിനം (വ്യാഴം)മുതലാണ് ആര്യഭടീയത്തില്‍ ഉള്ളത്. 
സിറില്‍ ഫാഗന്‍ 3251 ബിസി ജൂലൈ നാലിനാണ് കൃഷ്ണജനനമെന്നു കരുതുന്നു. 3125 ബിസി ഫെബ്രുവരിയിലാണ്. (3102 ന് 22 വര്‍ഷം മുമ്പ്, മഹാ പ്രസ്ഥാനത്തിനും കലിയുഗാരംഭത്തിനും 23 വര്‍ഷം മുമ്പ്)അതുകൊണ്ടാണ് കൃത്യം കലിവര്‍ഷം 3600ല്‍ ആര്യഭടീയമെഴുതിയ ആര്യഭട്ടന്‍ തന്റെ പ്രായം 23 എന്ന് പറയുന്നതും. ആര്യഭടന്റെ ജനനവും കൃഷ്ണന്റെ സ്വര്‍ഗാരോഹണവും തമ്മില്‍ കൃത്യം 3600 വര്‍ഷം വ്യത്യാസം. കലിയുഗാരംഭവും ആര്യഭടീയകാലവും തമ്മിലും 3600 വര്‍ഷം വ്യത്യാസം. 4.7.3251 ബിസിയിലെ ഗ്രഹനില ബുധന്‍ സിംഹരാശിയിലും കുജന്‍ മേടരാശിയിലും മറ്റെല്ലാം ബി. സൂര്യനാരായണറാവു തന്ന ഗ്രഹനിലയുമെന്ന് സിറില്‍ഫാഗന്‍ ചൂണ്ടിക്കാട്ടുന്നു. മത്സ്യപുരാണം അദ്ധ്യായം 27 ശ്ലോകം 5152 ല്‍ കൃഷ്ണന്‍ സ്വര്‍ഗാരോഹണം ചെയ്ത അന്നുതന്നെ കലി പ്രവേശിച്ചു എന്നാണ് പറയുന്നത്. 
യസ്മിന്‍ കൃഷ്ണം ദിവം ജാതസ്തസ്മിന്നേവ ഹി വത്സരേ 
തഥാഹ നിപ്രതിപന്നം കലിയുഗം പ്രമാണം അസ്യ മേ ശ്രുണു (മഹാഭാരതം ആദിപര്‍വം)
കൃഷ്ണന്‍ യുധിഷ്ഠിരനേക്കാള്‍ ഒരുവയസ്സ് മേലെ. ഭീമന്‍ ഒരുവയസ്സ് താഴെ. അര്‍ജുനന്‍ രണ്ടുവയസ്സ് താഴെ. നകുലസഹദേവന്മാര്‍ മൂന്നുവയസ്സു താഴെ. യുധിഷ്ഠിരന്‍ 108 വര്‍ഷമേ ജീവിച്ചിരുന്നുളളു എന്ന പ്രസ്ഥാവം ഇതനുസരിച്ച് ശരിയാകയില്ല. ഇന്ദ്രപ്രസ്ഥത്തില്‍ യുവരാജാവായ ദിവസം തൊട്ട് മഹാപ്രസ്ഥാനം വരെ 108 വര്‍ഷം രാജാവായിരുന്നു എന്നതാണ് ശരി. 108 വര്‍ഷത്തെ ഭരണകാലജീവിതമെന്ന് അര്‍ഥം. അങ്ങനെയെങ്കില്‍ കൃഷ്ണന്‍ 125 വര്‍ഷത്തില്‍ സ്വര്‍ഗാരോഹണം ചെയ്യുമ്പോള്‍ യുധിഷ്ഠിരന് വയസ്സ് 124. അടുത്ത വര്‍ഷം തന്നെ മഹാപ്രസ്ഥാനം. പരീക്ഷിത്തിന്റെ 23-ാം വയസ്സില്‍ കലി ഭാരതത്തെ ആവേശിച്ചു. ഭാഗവതസത്രം ആദ്യമായി തുടങ്ങി. 
ക്രമം
ഇപ്രകാരം രണ്ടഭിപ്രായപ്രകാരവുമുളള കൃത്യമായ കാലഗണന കിട്ടും.
ഇങ്ങനെ വന്നാല്‍ കാലഗണന വളരെ കൃത്യമാണ്. ആര്യഭട്ടന്റെ കണക്കില്‍ കൃഷ്ണന്റെ സ്വര്‍ഗാരോഹണമെന്നോ, പരീക്ഷിത്തിന്റെ 23ആം ഭരണവര്‍ഷമെന്നോ പറയാതെ കലി ആരംഭിച്ചു എന്നുമാത്രമേ പറഞ്ഞിട്ടുളളു.
പ്രകൃതിയാകുന്ന മഹാഗ്രന്ഥം ഗണിത ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്(ഗലീലിയോ). ഫ്രാന്‍സിലെ തത്വജ്ഞാനിയായിരുന്ന യൂജിന്‍ബെടര്‍നോഫാകട്ടെ, നാം ഒരു കാലത്ത് മനസ്സിലാക്കും നമ്മുടെ എല്ലാ പുരാതന ഐതിഹ്യങ്ങളും ഇന്ത്യാചരിത്രത്തില്‍ നിന്ന് കണ്ടുകിട്ടിയവയാണെന്ന് പറഞ്ഞു. ധര്‍മദേവനും വര്‍ഷകനുമായ ഋഷഭദേവന്റെ രാശിയായ ഋഷഭത്തിലാണ് ശ്രീകൃഷ്ണജാതകത്തിലെ ലഗ്‌നം. അവിടെ മനോകാരകനായ ചന്ദ്രന്‍ ഉച്ചസ്ഥനാണ്. ഭാവാര്‍ത്ഥരത്‌നാകര പ്രകാരം ധനധാന്യസമ്പദ്‌സമൃദ്ധമായ ജീവിതസൗകര്യങ്ങളുണ്ടായിട്ടും അവയിലൊന്നും ആസക്തചിത്തനാവാതെ ജീവിക്കാന്‍ അതിനാലാണ് ശ്രീകൃഷ്ണന് കഴിഞ്ഞത്. ചന്ദ്രന്റെ ഇരുവശത്തും ഗ്രഹങ്ങളില്ലാത്തതും ഈ അനാസക്തമനസ്ഥിതിക്ക് തെളിവാണ്.
ഋഷഭലഗ്‌നത്തിന് യോഗകാരകനാണ് 9, 10 ഭാവാധിപത്യമുള്ള ശനി. ഏഴില്‍ ലഗ്‌നത്തിലേക്ക് പൂര്‍ണദൃഷ്ടിയോടെ ശനി. വിദ്യാസ്ഥാനമായ നാലിലേക്കും(അവിടെ ബൃഹസ്പതിയും രവിയും)തപസ്ഥാനമായ ഒമ്പതിലേക്കും ശനിദൃഷ്ടിയുണ്ട്. ഭാവത്തിലേക്ക് ഭാവനാഥന് ദൃഷ്ടിയുണ്ടായാല്‍ ഭാവപുഷ്ടി എന്ന നിയമമനുസരിച്ച് മോക്ഷസ്ഥാനമായ ഒമ്പതിന് പ്രാധാന്യം ഭവിക്കുന്നു. ശുക്രക്ഷേത്രമായ ഇടവത്തില്‍ ചന്ദ്രസ്ഥിതി, അവിടേക്ക് ശനിദൃഷ്ടി എന്നിവ ഭഗവാന്റെ അനന്യസദൃശമായ രൂപലാവണ്യത്തേയും കൃഷ്ണവര്‍ണത്തേയും സാധൂകരിക്കുന്നു. ലഗ്‌നാധിപനായ ശുക്രന്‍ നവാംശത്തില്‍ സ്വക്ഷേത്രത്തിലാകയാല്‍ കൃഷ്ണന്‍ ധനിക ദരിദ്ര, ബ്രാഹ്മണ, ചണ്ഡാല ഭേദമില്ലാതെ എല്ലാവരേയും സമദൃഷ്ടിയോടെ കണ്ടു.
മൂന്നില്‍ നീചഭംഗമുള്ള ചൊവ്വ അദ്ദേഹത്തിന്റെ യുദ്ധനൈപുണ്യം, രാഷ്ട്രതന്ത്രവൈദഗ്ധ്യം ഇവ കാണിക്കുന്നു. ചന്ദ്രന്റെ അവസ്ഥ കളങ്കമറ്റ മാനസികാവസ്ഥ കാണിക്കുന്നു. മൂലത്രികോണത്തില്‍ ഉച്ചസ്ഥനായ ബുധഗ്രഹം വാഗ്വിലാസവും ബുദ്ധിശക്തിയും കൊടുക്കുന്നു. ഗീതാകര്‍ത്താവിന്റെ വാഗ്വിലാസം ഈ പ്രത്യേക ഗ്രഹനില കാണിക്കുന്നു. സൂര്യന്റെ മൂലത്രികോണ, വിദ്യാസ്ഥാനത്തെ ധര്‍മ ഗ്രഹമായ വ്യാഴത്തോടൊപ്പം യോഗകാരകദൃഷ്ടിയിലുള്ള അവസ്ഥ ആത്മവിദ്യ, അദ്ധ്യാത്മിക വിദ്യകളിലും അദ്ദേഹം അദ്വിതീയനെന്ന് സൂചിപ്പിക്കുന്നു. ശനിദൃഷ്ടി പ്രതിയോഗികള്‍ക്ക് ദുഃഖകാരണമായും ഭവിക്കുന്നു. കര്‍മിഭാവത്തിലേക്കുള്ള സൂര്യ, ബൃഹസ്പതിമാരുടെ ദൃഷ്ടി, ധര്‍മസംസ്ഥാപനത്തിന് സഹായകമാണ്. ലഗ്‌നാധിപനായ ശുക്രനും പന്ത്രണ്ടാം ഭാവാധിപനായ ചൊവ്വയും രാഹുവോടൊപ്പം നില്‍ക്കുന്നതുകൊണ്ടാണ് കൃഷ്ണജനനം കാരാഗൃഹത്തിലായതെന്ന് ബി.വി.രാമന്‍ നിരീക്ഷിക്കുന്നു. ഏഴാംഭാവാധിപത്യമുള്ള ചൊവ്വ മൂന്നില്‍ രാഹുവോടൊപ്പമാകയാലാണ് അമ്പുകൊണ്ട് മരിക്കാനിടയായതെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതിന്നു പുറമേ, ശനി വൃശ്ചികത്തില്‍ നിന്നാല്‍ ബന്ധനവധയോഗങ്ങളുണ്ടാകുമെന്ന് ഒരോ വ്യാഖ്യാനത്തിലും കാണുന്നു. ശ്രീകൃഷ്ണന് ഇതു രണ്ടും ഉണ്ടായി. ഗാന്ധിക്കും അബ്രഹാം ലിങ്കണും വൃശ്ചികത്തില്‍ ശനിയുണ്ട്. പ്രവാചകന്റെ രാശിചക്രത്തിലുമുണ്ട്. ചൈതന്യന്റെ ജാതകത്തിലെ ഈ സ്ഥാനം ശനിദശയിലുള്ള അദ്ദേഹത്തിന്റെ വിവാഹബന്ധനത്തെ കാണിക്കുന്നു. കുടുംബ ബന്ധമായിരുന്നു ചൈതന്യന് കാരാഗൃഹം. 
കളത്രകാരകനും ഏഴാം ഭാവാധിപനും രാഹുവോടുകൂടി നില്‍ക്കയാലാണ് എല്ലാ സ്ത്രീകളും ശ്രീകൃഷ്ണനില്‍ അനുരക്തരായത്. വൈകാരിക ജീവിതത്തെ പ്രതിനിധാനം ചെയ്യുന്ന ചൊവ്വ നീചത്തില്‍ ബലം കുറഞ്ഞ് നില്‍ക്കയാല്‍ അദ്ദേഹത്തിന് വൈകാരിക ആസക്തികളുണ്ടായില്ല. നൈഷ്ഠികബ്രഹ്മചാരിയായി കഴിയാന്‍ സാധിച്ചു. പരീക്ഷിത്തിനെ രക്ഷിക്കാനായി ശ്രീകൃഷ്ണന്‍ ഉച്ചരിക്കുന്നത്, ഞാന്‍ നൈഷ്ഠികബ്രഹ്മചാരിയായിരുന്നത് സത്യമാണെങ്കില്‍ ഉത്തരയുടെ ഗര്‍ഭസ്ഥശിശു ജീവിക്കട്ടെ എന്നാണ്. വൃശ്ചികം ഏഴാം ഭാവമായി വന്നാല്‍ സ്ത്രീഹീനത്വമായി ദശാദ്ധ്യായി പറയുന്നുമുണ്ട്. പ്രകൃതിയാല്‍ ചുറ്റപ്പെട്ടും അതിന്റെ ഭാവഹാവാദികളില്‍ ആസക്തനാകാതെ ഇരിക്കുന്ന പുരുഷനായി ശ്രീകൃഷ്ണന്‍ ജീവിച്ചു. 
വിദ്യാസ്ഥാനത്തിന്റെ ബലം കൃഷ്ണന് ശിക്ഷ, കല്പം, വേദവേദാംഗം, യുദ്ധതന്ത്രം, മീമാംസ, തര്‍ക്ക ശാസ്ത്രം, നീതിശാസ്ത്രം, സംഗീതശാസ്ത്രം, നൃത്തകല ഇവയിലെല്ലാം ജ്ഞാനം അനായാസേന കൊടുത്തു. 64 ദിനരാത്രം കൊണ്ട് 64 വിദ്യകളും അദ്ദേഹം വശത്താക്കി. മൂന്നാം ഭാവാധിപത്യമുള്ള ചന്ദ്രദശ കൃഷ്ണന് ബാലാരിഷ്ടകാലമായിരുന്നു. കുജദശയുടെ അന്ത്യത്തിലാണ് കംസവധം. ഒമ്പതില്‍, ശനിക്ഷേത്രത്തില്‍ നില്‍ക്കുന്ന കേതുവിന്റെ ദശയിലാണ് ഗീതോപദേശം നടക്കുന്നത്. നിരന്തരമായ ആത്മസാധനയുടേയും തപസ്സിന്റേയും ഫലമായി ഉരുത്തിരിഞ്ഞ ശാശ്വത സത്യദര്‍ശനം ഗീതാരൂപത്തിലാണ് അദ്ദേഹം അവതരിപ്പിച്ചത്. കേതുവിന് ചൊവ്വയുടെ ദൃഷ്ടിയുള്ളതുകൊണ്ട് ഗീതോപദേശം ഒരു യുദ്ധക്കളത്തില്‍ വെച്ചായി എന്നു മാത്രം. 
മുറ്റുമപാരതയേയും താനിട്ടൊരു 
ചുറ്റിലൊതുങ്ങിത്താന്‍ കണ്ട കണ്ണേ
വേലിവരമ്പാലതിരിട്ട മണ്ണില്‍ത്താന്‍,
വേണ്ടൂ കൃഷിപ്പണി നിന്‍നോട്ടത്തില്‍.
(നാലപ്പാട്ട് നാരായണമേനോന്‍)
ബ്രഹ്മം അനന്തവും അരൂപവും അദിക്‌ദേശകാലവ്യവഛേദനീയവുമാണ്. അതിനെ ശാന്തമായ രാശിചക്രത്തിലേക്ക് പരിമിതപ്പെടുത്താനുള്ള ശ്രമം മനുഷ്യബുദ്ധിയുടെ പരിമിതി കൊണ്ട് സംഭവിക്കുന്നതാണ്. അനന്തമായ പാരാവാരത്തെ ഒരു ഓക്‌സിജനും രണ്ട് ഹൈഡ്രജനും ചേര്‍ന്നതെന്ന് വിശദമാക്കുന്നതുപോലെയാണ് യോഗേശ്വരനായ ശ്രീകൃഷ്ണന്റെ വ്യക്തിത്വത്തെ ചെറിയ ഒരു രാശിചക്രത്തിന്റെ വലയത്തിനുള്ളിലിട്ട് വിശദീകരിക്കാനുള്ള  ശ്രമം. സമുദ്രം തരുന്ന അവാച്യമായ അനുഭൂതി ആ വര്‍ണനകൊണ്ട് ലഭിക്കില്ല. രാശിചക്രത്തിന്റേയോ ചിത്തഭ്രമണകാരണമായ ശബ്ദജാലത്തിന്റേയോ സഹായം കൂടാതെ തന്നെ ആ വ്യക്തിത്വം സ്വഹൃദയത്തില്‍ പ്രകാശിക്കുന്നു. അതിന്റെ ആനന്ദലഹരി നുകരുക മാത്രമാണ് ശ്രീകൃഷ്ണന്റെ വ്യക്തിത്വത്തെ സാക്ഷാത്കരിക്കാനുള്ള മാര്‍ഗം.
സുവർണ്ണ നാലപ്പാട്ട്

No comments: