ഐതീഹ്യമാലയിലൂടെ
Tuesday 4 September 2018 2:45 am IST
പാക്കനാരുടെ കഥ കൂടി ചേരുമ്പോഴേ പന്തിരുകുലം പൂര്‍ത്തിയാകൂ. കുലത്തൊഴിലായ മുറം വിറ്റായിരുന്നു പറയനായ പാക്കനാരുടെ ഉപജീവനം. അഗ്നിഹോത്രിയുടെ ഇല്ലത്ത് ചാത്തമൂട്ടാനെത്തുമ്പോള്‍ പത്തുപേരും ഓരോ വിശിഷ്ട പദാര്‍ഥങ്ങള്‍ കൊണ്ടുചെല്ലുന്ന പതിവുണ്ട്. മാംസമാണ് പാക്കനാര്‍ കൊണ്ടു പോകാറുള്ളത്. അഗ്നിഹോത്രിയുടെ അന്തര്‍ജനത്തിനും ചാത്തക്കാര്‍ക്കും അത് അരോചകമാണ്. പക്ഷേ ദിവ്യനായ പാക്കനാരോട് ആരും ഒന്നും പറയാറില്ല. കൊണ്ടു ചെല്ലുന്നതെല്ലാം അന്തര്‍ജനം പാകം ചെയ്യും. ചാത്തക്കാര്‍ അത് ഭക്ഷിക്കും. ഒരിക്കല്‍ പശുവിന്റെ മുല ചെത്തിയരിഞ്ഞതാണ് പൊതിഞ്ഞു കെട്ടി പാക്കനാര്‍ കൊണ്ടു ചെന്നത്. സാധനങ്ങളോരോന്നായി പാകം ചെയ്തു തുടങ്ങിയ അന്തര്‍ജനം പാക്കനാരുടെ പൊതിയഴിച്ചു നോക്കി. പശുവിന്റെ മുലയാണെന്നറിഞ്ഞതോടെ ഇതേതായാലും പാകം ചെയ്യാനാവില്ലെന്ന് ഉറപ്പിച്ച് അന്തര്‍ജനം അത് നടുമുറ്റത്ത് കുഴിച്ചു മൂടി.
ചാത്തക്കാരനെ ഇരുത്തി ബലി തുടങ്ങിയപ്പോള്‍ പാക്കനാര്‍ കൊണ്ടു വന്ന സാധനം കൊണ്ടുള്ള കറികളൊന്നും അതില്‍ കണ്ടില്ല. 'ഞാന്‍ കൊണ്ടുവന്നതെവിടെ?' എന്ന് പാക്കനാര്‍ ചോദിച്ചപ്പോള്‍ ഉത്തരം പറയാനാവാതെ അന്തര്‍ജനം നിന്നു. അഗ്നിഹോത്രിയും ഇക്കാര്യം അന്വേഷിച്ചതോടെ അന്തര്‍ജനത്തിന് സത്യം പറയേണ്ടി വന്നു. 'എന്നാല്‍ അത് കിളിര്‍ത്തോ എന്ന് നോക്കൂ' എന്ന് പാക്കനാര്‍ അന്തര്‍ജനത്തോട് പറഞ്ഞു. അന്തര്‍ജനം പോയി നോക്കിയപ്പോള്‍ കുഴിച്ചിട്ടതെല്ലാം കിളിര്‍ത്ത് പടര്‍ന്നു പന്തലിച്ച് കായ്‌നിറഞ്ഞ് നില്‍ക്കുന്നതാണ് കണ്ടത്. അതിന്റെ കായ്‌കൊണ്ട് ഉപ്പേരിയുണ്ടാക്കി കൊണ്ടുവരാന്‍ പാക്കനാര്‍ പറഞ്ഞു. അന്തര്‍ജനം അതിന്റെ ഉപ്പേരിയുണ്ടാക്കി വിളമ്പി. ആ കായ്കളാണ് പിന്നീട് കോവല്‍ എന്നറിയപ്പെട്ടത്. 'കോവലും കോഴിയുമുള്ള ദിക്കില്‍ ബലിയിടണമെന്നില്ല.' എന്നൊരു ചൊല്ലും പ്രസിദ്ധമാണ്. ബലിയിട്ടില്ലെങ്കിലും കോവലുള്ള ദിക്കില്‍ പി
തൃക്കള്‍ പ്രസാദിച്ചുകൊള്ളുമെന്നും കോഴിയുള്ള ദിക്കില്‍ അശുദ്ധിയുണ്ടെന്നും ബലിയിട്ടിട്ട് കാര്യമില്ലെന്നുമാണ് ഇതിന്റെ അര്‍ഥം. പാക്കനാരുടെ മാഹാത്മ്യം വ്യക്തമാക്കാന്‍ ഈയൊരു കഥ തന്നെ ധാരാളം. ഒരിക്കല്‍ പാക്കനാരും ഭാര്യയും കാട്ടില്‍ വിറകൊടിച്ചു നില്‍ക്കുകയായിരുന്നു. അപ്പോഴതുവഴി വന്നൊരു നമ്പൂതിരി വഴിമാറി നില്‍ക്കാന്‍ പാക്കനാരോടും ഭാര്യയോടും പറഞ്ഞു. ഇതുകേട്ട പാക്കനാരുടെ ഭാര്യ, 'മകളെ ഭാര്യയാക്കി വെച്ചിരിക്കുന്ന ഇയാള്‍ക്കെന്തിന് വഴിമാറിക്കൊടുക്കണം?' എന്നു പറഞ്ഞു. അതു കേട്ട പാക്കനാര്‍, അയ്യോ അങ്ങനെ പറയരുത്, ഒരു അട്ട അവശേഷിച്ചിരുന്നു അതു നിനക്കുമായി എന്ന് ഭാര്യയോടായി പറഞ്ഞു. അതെന്തേ അങ്ങനെ പറഞ്ഞതെന്നു ചോദിച്ച ഭാര്യയോട് അക്കാര്യം പാക്കനാര്‍ വിശദീകരിച്ചു.
ഈ നമ്പൂതിരിയുടെ അന്തര്‍ജനം ഒരിക്കല്‍ അത്താഴമുണ്ടാക്കുമ്പോള്‍ അരിയില്‍ ഒരു അട്ട വീണു. അന്തര്‍ജനം ആ വിവരം നമ്പൂതിരിയോട് പറഞ്ഞു. നമ്പൂതിരിയാകട്ടെ ആ ചോറ് ഭൃത്യന്മാര്‍ക്ക് കൊടുക്കാന്‍ ഉപദേശിച്ചു. അന്തര്‍ജനം അപ്രകാരം ചെയ്തു. ഇതിന്റെ പാപം തീര്‍ക്കാന്‍ നമ്പൂതിരിക്കായി പരലോകത്ത് അട്ടകളെ കുന്നുകൂട്ടി തുടങ്ങിയിരുന്നു. നമ്പൂതിരി പരലോകത്തെത്തുമ്പോള്‍ അട്ടയെ തീറ്റിക്കണമെന്നായിരുന്നു യമദേവന്‍ തീരുമാനിച്ചിരുന്നത്. ചിത്രഗുപ്തന് ഇക്കാര്യം ബോധ്യമായി. നമ്പൂതിരിയാകട്ടെ ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം 'ചിത്രഗുപ്തായ നമഃ' എന്നായിരുന്നു പ്രാര്‍ഥിച്ചിരുന്നത്. തന്നെ നിത്യവും പ്രാര്‍ഥിക്കുന്നയാള്‍ മരിച്ചെത്തുമ്പോള്‍ അട്ടയെ തിന്നേണ്ടി വരുമല്ലോ എന്നതോര്‍ത്തപ്പോള്‍ ചിത്രഗുപ്തന് സങ്കടമായി. അദ്ദേഹത്തെ രക്ഷിക്കണമെന്നുറച്ചു. ഒരുനാള്‍ നമ്പൂതിരിക്കു മുമ്പില്‍ പ്രത്യക്ഷപ്പെട്ട്, മരിച്ച് പരലോകത്തെത്തുമ്പോള്‍ അട്ടകളെ തിന്നേണ്ടി വരുമെന്ന് അറിയിച്ചു. അതിനുള്ള പ്രതിവിധിയും ഉപദേശിച്ചു.
നമ്പൂതിരി, അദ്ദേഹത്തിന്റെ യൗവനയുക്തയായ മകളെക്കൊണ്ട് ശുശ്രൂഷകളെല്ലാം ചെയ്യിക്കണമെന്നും അവളെ വൈകിയേ വിവാഹം കഴിപ്പിച്ചയയ്ക്കാവൂ എന്നും ഇക്കാര്യങ്ങളൊന്നും ആരോടും പറയരുതെന്നും ചിത്രഗുപ്തന്‍ പറഞ്ഞു. ഇതായിരുന്നു പാപമുക്തിക്കുള്ള ഉപദേശം. പിറ്റേന്നു മുതല്‍ പല്ലുതേയ്ക്കാനുള്ള സാമഗ്രികള്‍ ഒരുക്കുക, മുറുക്കാനെടുത്തു കൊടുക്കുക, ചോറു വിളമ്പിക്കൊടുക്കുക, കിടക്കവിരിച്ചു കൊടുക്കുക തുടങ്ങിയ ജോലികളെല്ലാം മകളെക്കൊണ്ടാണ് നമ്പൂതിരി ചെയ്യിച്ചു പോന്നത്. പതിവിലേറെ സ്‌നേഹവും മകളോട് ഭാവിച്ചു തുടങ്ങി. ഇത് ജനങ്ങളില്‍ ദുഃശങ്ക വളര്‍ത്തി.
'ആളുകള്‍ നീ പറഞ്ഞതു പോലെ ആ ബന്ധത്തെ ചിത്രീകരിച്ചു തുടങ്ങി' , എന്ന് പാക്കനാര്‍ ഭാര്യയോട് പറഞ്ഞു. ആ ശുദ്ധബ്രാഹ്മണന് ദുഷ്ടലാക്കൊന്നും ഇല്ലായെന്നും പരലോകത്ത് അദ്ദേഹത്തിനു കരുതി വെച്ച അട്ടകളെ അദ്ദേഹത്തിനെതിരെ ദുരാരോപണം നടത്തുന്നവര്‍ക്കായി വീതിക്കുകയാണെന്നും അതില്‍ ഒരു അട്ട മാത്രം ബാക്കിയുണ്ടെന്നും അതിപ്പോള്‍ നിനക്കുമായെന്നും പാക്കനാര്‍ ഭാര്യയോടു പറഞ്ഞു. യാഥാര്‍ഥ്യമറിഞ്ഞ പാക്കനാരുടെ ഭാര്യ, നമ്പൂതിരിയെക്കുറിച്ച് ദുഷിച്ചതിന് ഏറെ വ്യസനിക്കുകയും ചെയ്തു. പാക്കനാര്‍ക്ക് പരലോകത്തെക്കുറിച്ചും നല്ല ഗ്രാഹ്യമുണ്ടായിരുന്നുവെന്ന് ഈ കഥ വ്യക്തമാക്കുന്നു.
No comments:
Post a Comment