രമണ മഹര്‍ഷി പറഞ്ഞു...
Tuesday 4 September 2018 2:49 am IST
അഹംവൃത്തിയാണ് അഹങ്കാരം. അഹംസ്ഫൂര്‍ത്തി ആത്മസ്വരൂപപ്രകാശവും. വിജ്ഞാനകോശത്തില്‍ അതെപ്പോഴും 'ഞാന്‍, ഞാന്‍' എന്നു പ്രകാശിക്കും. അത് ശുദ്ധ അറിവിന്റെ സ്വരൂപം. വ്യാവഹാരികജ്ഞാനം വൃത്തിസ്വരൂപമാണ്. അനന്ദമയമായ കോശത്തില്‍ തോന്നുന്ന ആനന്ദവും വൃത്തിസ്വരൂപമാണ്. 'ഞാന്‍ സുഖമായുറങ്ങി' എന്നത് വൃത്തിയുടെ അനുഭവമാകുന്നു. ജീവന്‍ ബുദ്ധിയില്‍ കൂടി ആനന്ദമയ കോശത്തിന്റെ അനുഭവത്തെ ഉണര്‍ത്തുകയാണ്. അതിനാല്‍ നിദ്രാസുഖം ബുദ്ധിവൃത്തിയില്‍പ്പെടും. അതിസൂക്ഷ്മവൃത്തിയാണത്. ആനന്ദത്തിന്റെ അറിവിനെക്കൂടാതെ ആനന്ദാനുഭവമെന്ന സംസാരമേത്? ആനന്ദം ആത്മാവിന്റെ സ്വഭാവമത്രെ. പരമാനന്ദാനുഭവവും ഏതോ അറിവിനെ സ്പര്‍ശിച്ചേ ഇരിക്കൂ. എന്നാല്‍ അത് അതിസൂക്ഷ്മത്തെക്കാള്‍ സൂക്ഷ്മമായിരിക്കും.
വിജ്ഞാനം, ആത്മജ്ഞാനത്തെയും വിഷയജ്ഞാനത്തെയും കുറിക്കും. ആത്മാവ് ശുദ്ധജ്ഞാനസ്വരൂപം. അഹന്തയുടെ സമ്പര്‍ക്കത്താല്‍ അത് വിഷയജ്ഞാനമാകുന്നു. അഹന്തയുടെ ബന്ധം നീങ്ങിയാല്‍ പരമാത്മസ്വരൂപം വെളിപ്പെടും. അതിനെയും വിജ്ഞാനമെന്നു പറയും. വിജ്ഞാനമെന്ന വാക്ക് വൃത്തി സംബന്ധത്തെ സൂചിപ്പിക്കുന്നു. അതിനാലാണ് ജ്ഞാനി അതിസൂക്ഷ്മബുദ്ധിയാല്‍ സ്വസ്വരൂപത്തെ ബോധിക്കുന്നു എന്നും അത് ശുദ്ധ സാത്വികമാണെന്നും പറയുന്നത്. വൃത്തികളായി ചിതറുന്ന മനസ്സ് അശുദ്ധമനസ്സാണെന്നും ഏകാകാരമായി തന്നില്‍ത്തന്നെ നില്‍ക്കുന്ന മനസ്സ് ശുദ്ധമനസ്സാണെന്നും പറയപ്പെടുന്നു. ശുദ്ധമനസ്സാണ് ബ്രഹ്മം. ജ്ഞാനിയുടെ മനസ്സാണ് ബ്രഹ്മം.
ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെയായിത്തീരുന്നു. എന്ന് മുണ്ഡകോപനിഷത്ത്. ഇപ്പറയുന്നതൊരു വിരോധാഭാസമായിത്തോന്നുന്നില്ലേ? ഇതിന്റെ അര്‍ത്ഥം ജ്ഞാനി ബ്രഹ്മസ്വരൂപിയാണെന്നതാണ്. ഈ അനുഭവത്തെ മനോവൃത്തിയില്‍ കൂടിയല്ലാതെ വെളിപ്പെടുത്താനൊക്കുമോ? അവന്‍ എപ്പോഴും അഖണ്ഡ ചിദാകാശത്തെത്തന്നെ ധ്യാനിച്ചുകൊണ്ടിരിക്കും. അതുകൊണ്ടാണ്' ബ്രഹ്മാവ് തുടങ്ങിയ ദേവന്മാരും സനകാദിമുനിവരന്മാരും ശുകന്‍ തുടങ്ങിയ പരിപൂര്‍ണന്മാരും ജ്ഞാനികളും ഒരു നിമിഷം പോലും ബ്രഹ്മാകാരവൃത്തിയില്‍ അല്ലാതെ ഇരിക്കുന്നില്ല എന്നു മഹത്തുക്കള്‍ പറയുന്നത്.
ഈ ബ്രഹ്മാകാരവൃത്തിയെയും ഒരു വാക്കില്‍ കൂടിയേ പറയാനാവൂ. ഇവിടെയും ധ്യാനിക്കുന്നവന്‍, ധ്യാനിക്കപ്പെട്ടത് എന്നു വസ്തു രണ്ടായി പിരിയുന്നു. അഖണ്ഡിതമായിരുന്നാല്‍ ധ്യാനമേത്? കടലില്‍ പതിച്ച നദി നദീസമുദ്രമായി നില്‍ക്കുമോ? അതുകൊണ്ട് തന്നെ 'ബ്രഹ്മാകാരവൃത്തി'യില്‍ മനസ്സിനു വൃത്തിയില്ലെന്നും അത് ബ്രഹ്മം തന്നെയാണെന്നും ഉള്ളതിന്റെ ഇംഗിതാര്‍ത്ഥത്തെ വേണം മനസ്സിലാക്കാന്‍.
No comments:
Post a Comment