Thursday, October 25, 2018

  1. ശ്രീ അയ്യപ്പ ചരിതം [14]
    ---------------------------
    മണികണ്ഠനും വാവരും
    --------------------------
    വാവരു സ്വാമിയുടെ ആഗമനത്തെക്കുറിച്ച് പലകഥകളും പ്രചരിയ്ക്കുന്നുണ്ടെങ്കിലും ചരിത്രവുമായി ചേർത്ത് വെച്ച് വായിച്ചാൽ തിരുവിതാംകൂറിലേയ്ക്ക് കുരുമുളക് വ്യാപാരത്തിനായി വന്ന ഒരു വിദേശക്കച്ചവടക്കാരനായിരുന്നു ബാബർ എന്ന വാവരുസ്വാമി എന്ന് മനസ്സിലാക്കാം . അതുകൊണ്ടാണ് വാവർ നടയിലെ നേർച്ച കുരുമുളകായി മാറിയത്. പോർച്ചുഗീസ് ,ഡെച്ച് തുടങ്ങിയ ഭാഗത്ത്നിന്നും നിരവധി ക്രിസ്തീയ വിശ്വാസികളും തുർക്കി ,അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മുസ്ലീം വിശ്വാസികളും അന്നു ധാരാളമായി മലബാറ്, തിരുവിതാം കൂറ് ഭാഗങ്ങളിലേയ്ക്ക് വ്യാപാരത്തിനായി വന്നിരുന്നു എന്നതിന് എത്ര വേണമെങ്കിലും ചരിത്ര രേഖകളുണ്ട്. ഇക്കൂട്ടർ വാണിജ്യത്തിനായി വന്നിറങ്ങിയ സ്ഥലങ്ങളിലൊക്കെ വ്യാപകമായി മതപരിവർത്തനവും നടത്തിയിരുന്നു. അതുകൊണ്ടാണ് ഈ വിഭാഗക്കാർ വന്നിറങ്ങിയ ദേശങ്ങളൊക്കെ ഇന്നും അതാത് മതങ്ങളുടെ ശക്തികേന്ദ്രങ്ങളായി നിൽക്കുന്നത് . ശബരിമലയും ഹൈന്ദവ വിശ്വാസികളും വലയം ചെയ്തു നിൽക്കുന്ന പ്രദേശമായിട്ടു പോലും വിദേശ മുസ്ലീമായ ബാബറടക്കമുള്ളവർ വന്നിറങ്ങി നൂറ്റാണ്ടുകൾ താമസിച്ച് കച്ചവടത്തോടൊപ്പം മതവും പ്രചരിപ്പിച്ച സ്ഥലമായതുകൊണ്ടാണ് എരുമേലി ഇന്നും ഒരു മുസ്ലീം ബാഹുല്യമുള്ള പ്രദേശമായി മാറിയത്. മലയോര ദേശമായ കിഴക്കൻ നാടുകൾ അന്ന് ലോകോത്തരമായ ഔഷധ സസ്യങ്ങളൂടേയും അറബികൾക്ക് ഏറ്റവും പ്രീയംകരമായ സുഗന്ധദ്രവ്യങ്ങളുടേയും അക്ഷയഖനിയായിരുന്നു. നമ്മുടെ അപൂർവ്വമായ ഔഷധ സസ്യങ്ങളെക്കുറിച്ച് ആദ്യമായി ഒരാധികാരിക ഗ്രന്ഥം പ്രസിദ്ധീകരിച്ചത് ഡെച്ചുകാരായിരുന്നു. രംഗഭട്ട്, അപ്പുഭട്ട്, വിനായകഭട്ട്, എന്നീ ഗൌഢ സാരസ്വതബ്രഹ്മണരുടേയും ഇട്ടി അച്ചുതൻ എന്ന് ഈഴവ വൈദ്യരുടേയും സഹായത്തോടെ ഡെച്ച് കാരുടെ ഇവിടുത്തെ പ്രതിപുരുഷനായിരുന്ന അഡ്മിറൽ വാൻ റീഡിന്റെ മേൽനോട്ടത്തിൽ രചിച്ച “ഹോർതൂസ് മലബാറിക്കൂസ്” ആണ് ആ വിഖ്യാത ഗ്രന്ഥം.

    അന്നത്തെ മലബാറിന്റെ പ്രകൃതിവിഭവങ്ങളുടെ മേൽ വിദേശികൾക്ക് എത്രമാത്രം താൽ‌പ്പര്യമുണ്ടായിരുന്നു എന്ന് ഇതിൽനിന്നൂഹിയ്ക്കാവുന്നതാണ്. എരുമേലി അന്നു തന്നെ വലിയ വാണിജ്യ പ്രാധാന്യമുള്ള സ്ഥലവും ഒരു മലഞ്ചരക്ക് സംഭരണ കേന്ദ്രവുമായിരുന്നു. സ്വാഭാവികമായും അവിടേയ്ക്ക് വന്ന വിദേശികളുടെ കൂട്ടത്തിൽ തുർക്കിയിൽ നിന്നു വന്ന ഒരു കച്ചവടക്കാരനായിരുന്നു ബാബർ എന്നാണ് മനസ്സിലാക്കാൻ സാധിയ്ക്കുന്നത്. ബാബരുടെ കഥകളെക്കുറിച്ച് “കെവാക്കിവിദ്ദൂറ്റിയ” എന്ന അറബി ഗ്രന്ഥത്തിൽ പ്രസ്താവിച്ചിട്ടുണ്ട് എന്ന് വിദ്വാൻ കുറുമുള്ളൂർ നാരായണപിള്ളയുടെ ‘ ശ്രീ ഭൂതനാഥ സർവ്വസ്വം ‘ എന്ന് പുസ്തകത്തിൽ പറഞ്ഞിരിയ്ക്കുന്നു. പരശുരാമ കല്പം, ബാവരു മാഹാത്മ്യം എന്നീ ഗ്രന്ഥങ്ങളിലും പരാമർശങ്ങളുണ്ട്.
    “ബർഹമിയാ ജാതിയിൽ ഇസ്മായേൽ ഗോത്രത്തിൽ
    ഹലബെന്നരാജ്യത്തിന്നധിപതി രാജ്യമായ്
    ഹീറാഖ്യത്തോട്ടത്തിൽ മക്കമ്പൂർ സ്ഥാനത്തിൽ
    പാത്തുമ്മ പെറ്റ മകനല്ലോ വാവര് ..” [ബാവര് മാഹാത്മ്യം]
    മറ്റൊരു പാട്ടിലാവട്ടെ “ തകൃതിത്താൻ തോട്ടത്തിൽ പന്തലകത്ത് കാതിയെന്നൊരു പാത്തുമ്മക്കുട്ടിയ്ക്ക് ..” ഉണ്ടായ മകനാണ് വാവര് എന്നു പറഞ്ഞിരിയ്ക്കുന്നു. ഇവിടെ തകൃതിത്താൻ തോട്ടമെന്ന പ്രയോഗം തുർക്കിസ്ഥാൻ എന്ന സ്ഥലനാമവുമായി സാമ്യപ്പെട്ടു നിൽക്കുന്നു എന്നതുകൊണ്ടും അന്ന് തുർക്കിയടക്കമുള്ള അറേബ്യൻ രാജ്യങ്ങളുമായി മലബാറിന് വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു എന്നതുകൊണ്ടും വാവര് നടയിലെ നേർച്ചയായ കുരുമുളകായിരുന്നു അന്നത്തെ പ്രധാന കയറ്റുമതിച്ചരക്ക് എന്നതും ചേർത്തു വായിക്കുമ്പോൾ വാവരുടെ ചരിത്രം യുക്തിസഹമായി നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളു.[തുടരും]

2013, നവംബർ 3, ഞായറാഴ്‌ച

ശ്രീ അയ്യപ്പചരിതം [13]
--------------------------
മണികണ്ഠൻ പടയ്ക്കൊരുങ്ങുന്നു
-------------------------------------
കൊട്ടാരത്തിലുണ്ടായ ദു:ഖകരങ്ങളായ സംഭവവികാസങ്ങൾ മണികണ്ഠകുമാരനേയും രാജാവിനേയും ഏറെ വിഷമിപ്പിച്ചുവെങ്കിലും സ്വന്തം രാജ്യത്തേയും പ്രജകളേയും ശത്രുവിൽ നിന്ന് രക്ഷിയ്ക്കുക എന്ന ദൌത്യത്തിൽ നിന്ന് മണികണ്ഠകുമാരൻ പിന്നോ‍ട്ട് പോയില്ല .തനിക്കേറ്റവും പ്രീയംകരനായ പന്തളം രാജാവിന്റെ ഏതാഗ്രഹവും സധിച്ചുകൊടുക്കുക എന്നതായിരുന്നു മണികണ്ഠകുമാരന്റെ ഏറ്റവും വലിയ സന്തോഷം. താൻ മുൻപ് പോയി സഹായമഭ്യർത്ഥിച്ച രാജ്യങ്ങളിൽ നിന്നുള്ള പടയാളികളെയെല്ലാം സംഘടിപ്പിച്ചുകൊണ്ട് കരിമലക്കോട്ടയിലേക്ക് കുമാരൻ പടനയിച്ചു.സർവ്വായുധധാരിയായി കുതിരപ്പുറത്ത് മുന്നിൽ മണികണ്ഠനും പിന്നിൽ ആയിരക്കണക്കായ പടയാളികളുമായി കരിമല അടിവാരത്തുള്ള എരുമേലിയിലെത്തി.എരുമേലി അന്നു സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്ത് പുറം നാടുകളിലേയ്ക്ക് കയറ്റിഅയയ്ക്കുന്ന ഒരു വലിയ കാർഷികപ്രദേശമായിരുന്നു. എരുമേലിച്ചന്ത അന്നും ലോകപ്രശസ്തമായിരുന്നു. ക്രിസ്തുവിനു മുൻപ് തന്നെ ലോകവാണിജ്യഭൂപടത്തിൽ സ്ഥാനം നേടിയ രാജ്യമായിരുന്നു കേരളം.കേരളത്തിൽ നിന്നുള്ള നെയ്ത്ത് വസ്ത്രങ്ങൾ നിറച്ച കപ്പലുകൾ വരുന്നതും കാത്ത് ഈജിപ്തിലെ രാജ്ഞിമാർ പോലും ആകാംക്ഷയോടെ ഇരിയ്ക്കുമായിരുന്നുവത്രെ. കുരുമുളകും ഏലവും ഇഞ്ചിയും കറുവപ്പട്ടയും അടക്കമുള്ള കേരളത്തിലെ സുഗന്ധദ്രവ്യങ്ങൾ ലോക വിപണി കീഴടക്കിയിരുന്നു. അറേബ്യയിൽ നിന്ന് കപ്പൽ നിറയെ സ്വർണ്ണവുമായി വന്ന് അതിവിടെ നൽകിയിട്ട് പകരം കുരുമുളക് കയറ്റിക്കൊണ്ട്പോയിരുന്നു. അങ്ങിനെയാണ് കുരുമുളകിന് കറുത്തപൊന്ന് എന്നപേര് വന്നത്. ഈ കാർഷിക സമൃദ്ധികണ്ട് കണ്ണ് തള്ളിപ്പോയ വിദേശരാജാക്കന്മാർ ലക്ഷക്കണക്കായ രൂപ ചിലവഴിച്ച് അവരുടെ ഏറ്റവും നല്ല നാവികരെ വലിയകപ്പലുകളിൽ കേരളത്തിലേക്ക് അയച്ചിരുന്നു. പലകപ്പലുകളും നൂറു കണക്കിന് ആളുകളും കപ്പൽച്ചേതങ്ങളിൽ പെട്ട് നഷ്ടമായിട്ടും ഇങ്ങോട്ടുള്ള കച്ചവടക്കാരുടെ കപ്പൽ പ്രവാഹത്തിന് കുറവുണ്ടായിരുന്നില്ല. ആദ്യമായി ഇവിടെയെത്തിയത് പോർട്ടുഗീസ് രാജാവ് ഡോം മാനുവലിന്റെ കപ്പിത്താനായ വാസ്കൊഡഗാമയായിരുന്നു[1498] . കോഴിക്കോട് കാപ്പാട് കടപ്പുറത്ത് ഗാമ കപ്പലിറങ്ങിയത് മാസങ്ങൾ നീണ്ട് അലച്ചിലിനും കൂടെയുണ്ടായിരുന്ന് നിരവധി കപ്പലുകളുടേയും ആളുകളുടേയും നാശത്തിനും ശേഷമായിരുന്നു. കൊണ്ടുവന്ന ചരക്കുകളുടെ അറുപതു മടങ്ങ് ലാഭമുള്ള ചരക്കുകളുമായാണത്രേ ഗാമ മടങ്ങിപ്പോയത്.പിന്നീട് ഡച്ചുകാരും ഇങ്ഗ്ലീഷുകാരുമൊക്കെ കേരളത്തിലേക്ക് ഒഴുകിയെത്തി.[ഒഴുകിയെത്തി എന്നപ്രയോഗം പോലും ഒരു പക്ഷേ ഇങ്ങിനെയുണ്ടായതാവാം] ഒരു വിദേശരാജ്യവുമായി കച്ചവടക്കരാറുണ്ടാക്കിയ ഇന്ത്യയിലെ ആദ്യത്തെരാജ്യം തിരുവിതാംകൂറായിരുന്നു. ഇത്രയും വിവരിച്ചത് ആയിരത്താണ്ടുകൾക്ക് മുൻപ് തന്നെ കേരളത്തിലേക്ക് വിദേശികൾ വന്നിരുന്നു എന്നും അങ്ങിനെ വന്ന ഒരു വിദേശിയായിരുന്നു വാവര് സ്വാമി എന്ന് ഇന്നറിയപ്പെടുന്ന ബാബർ എന്നും ഇന്നും മുസ്ലിം ബാഹുല്യമുള്ള എരുമേലിയായിരുന്നു ബാബരുടെ കേന്ദ്രമെന്നുമുള്ള ചരിത്രത്തിലേയ്ക്ക് പ്രവേശിയ്ക്കുന്നതിന് മുന്നോടിയായിട്ടാണ്.[തുടരും].

2013, നവംബർ 1, വെള്ളിയാഴ്‌ച

ശ്രീ അയ്യപ്പ ചരിതം [12]
---------------------------
മണികൺഠനെതിരെ മന്ത്രിയുടെ ഗൂഢാലോചന.
-----------------------------------------------------
മണികണ്ഠകുമാരനെ യുവരാജാവാക്കുവാനുള്ള പന്തളം രാജാവിന്റെ തീരുമാനത്തെ തകിടം മറിയ്ക്കുവാൻ രാജ്ഞിയുമായിച്ചേർന്ന് മന്ത്രി നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി രാജ്ഞി വിട്ടുമാറാത്ത തലവേദന അഭിനയിച്ച് രോഗിയായി കിടക്കുവാനാരംഭിച്ചു . ഗൂഢലോചനാ സംഘത്തിലെ പങ്കാളിയായ കൊട്ടാരം വൈദ്യനാവട്ടെ പലജാതിമരുന്നുകൾ കൊടുത്തിട്ടും ഭേദമാകാത്ത ഈ അപൂർവ്വ തലവേദന ശമിയ്ക്കണമെങ്കിൽ പെറ്റുകിടക്കുന്ന പെൺപുലിയുടെ പാലിൽ പച്ചമരുന്നരച്ചുകൊടുക്കണമെന്നും ഇല്ലെങ്കിൽ രാജ്ഞി മരിച്ചുപോകുമെന്നും രാജാവിനെ അറിയിച്ചു. ആകെ വിഷണ്ണനായ രാജാവ് ഇതിനുള്ള പ്രതിവിധി കാണാതെ വിഷമിച്ചപ്പോൾ അഭ്യാസിയായ മണികണ്ഠൻ വിചാരിച്ചാൽ ഇതു സാധിയ്ക്കാവുന്നതേയുള്ളു എന്നും രാജാവ് കൽ‌പ്പിച്ചാൽ മണികണ്ഠൻ അതനുസരിയ്ക്കുമെന്നും കുതന്ത്രക്കാരാനായ മന്ത്രി രാജാവിനോട് പറഞ്ഞു. ഏത് അഭ്യാസിയാണെങ്കിലും പെറ്റുകിടക്കുന്ന പുലിയുടെ അടുത്തുചെന്നാൽ ജീവനോടെ മടങ്ങിവരില്ലെന്ന് നന്നായി അറിയാവുന്നതു കൊണ്ടാണ് അവരിത്രയും ശക്തമായ ഒരു കെണി മണികണ്ഠനു വേണ്ടി ഒരുക്കിയത് .ഒരു കാരണവശാലും മണികണ്ഠൻ മടങ്ങി വരരുതെന്നാഗ്രഹിച്ച് മന്ത്രിയും രാജ്ഞിയും തയ്യാറാക്കിയ ഈ പദ്ധതി പാവം രാജാവിനറിയില്ലായിരുന്നു. എങ്കിലും ഈ കാര്യം മണികണ്ഠനോട് പറയാൻ അദ്ദേഹം തയ്യാറായില്ല. ദേശസഞ്ചാരം കഴിഞ്ഞ് മടങ്ങിവന്ന മണികണ്ഠനാവട്ടെ ഈ കഥയൊന്നും അറിഞ്ഞിരുന്നുമില്ല. വല്ലതെ വിഷാദവദനനായി കാണപ്പെട്ട രാജാവിന്റെ ദു:ഖ കാരണത്തെക്കുറിച്ചും രാജ്ഞിയിൽ കണ്ട ഭാവഭേദത്തേക്കുറിച്ചും രഹസ്യമായി അന്വേഷിച്ചപ്പോഴാണ് മണികണ്ഠകുമാരന് ആ നടുക്കുന്ന സത്യം മനസ്സിലായത് . ഇന്നലെ വരെ താൻ മാതാവേ എന്നു വിളിച്ച രാജ്ഞി തന്റെ പോറ്റമ്മ മാത്രമാണെന്നും താൻ എടുത്തു വളർത്തപ്പെട്ട കുട്ടിയാണെന്നും സ്വന്തം മകൻ രാജ്യാവകാശിയാകുന്നതിന് താൻ ഇല്ലാതാവണമെന്നാണ് രാജ്ഞി ആഗ്രഹിയ്ക്കുന്നതെന്നും മനസ്സിലാക്കിയ മണികണ്ഠൻ മാനസികമായി തളർന്നു വെങ്കിലും തന്റെ ആത്മീയ യോഗസാധനാ ബലം കൊണ്ട് അതിനെ ഒരുവിധം അതിജീവിച്ചു. എങ്കിലും ഇന്നലെ വരെ താൻ മലർവാടി പോലെ പാറിക്കളിച്ച് നടന്ന പന്തളം കൊട്ടാരം ഒരു മരുപ്പറമ്പായി മാറിയതുപോലെ മണികണ്ഠന് അനുഭവപ്പെട്ടു. നിഷ്കളങ്കനായ രാജാവിന്റെ സങ്കടം പരിഹരിയ്ക്കണമെന്നാഗ്രഹിച്ച മണികണ്ഠൻ താൻ കാട്ടിൽ പോയി പുലിപ്പാലുമായി വരാമെന്നും അതിനു തന്നെ അനുഗ്രഹിക്കണമെന്നും രാജാവിനോട് അഭ്യർത്ഥിച്ചു. പുത്രവാത്സല്യത്തിന്റെ നിറകുടമായ രാജാവ് അതിന് സമ്മതം മൂളിയില്ലെങ്കിലും ഒരു വിധത്തിൽ പിതാവിനെ പറഞ്ഞ് സമ്മതിപ്പിച്ച മണികണ്ഠൻ തന്റെ അനുചരന്മാരുമായി കാട്ടിലേയ്ക്ക് പോയി.

ഇതൊക്കെ കെട്ടുകഥയാണെന്ന് പറയുന്നവർ ശബരിമലയടങ്ങുന്ന കാനന മേഖല ഇന്നും കേന്ദ്ര വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കടുവാ സംരക്ഷിത വനമാണ് [TYGER RESERV FOREST] എന്നത് മറന്ന് പോകരുത്. ഇന്നു പോലും കടുവകൾ സ്വൈര്യവിഹാരം നടത്തുന്ന ആ വനം അക്കാലത്ത് എത്രമാത്രം അപകടം നിറഞ്ഞതായിരിക്കണം എന്നൂഹിയ്ക്കാവുന്നതേയുള്ളു. അതുകൊണ്ടു തന്നെയാവണം മണികണ്ഠനേപ്പോലെയുള്ള ഒരു മഹാപരാക്രമിയേ അവസാനിപ്പിയ്ക്കാൻ പഴുതുകളില്ലാത്ത ഇത്തരമൊരു മാർഗ്ഗം ബുദ്ധിമാനായ മന്ത്രി തെരഞ്ഞെടുത്തത് . [ബുദ്ധിശാലികളെയായിരുന്നു പണ്ട് മന്ത്രിമാരായി തെരഞ്ഞെടുത്തിരുന്നത്.] ചരിത്ര സത്യങ്ങളുമായി വളരെയധികം ഇഴചേർന്ന് നിൽക്കുന്നതാണ് അയ്യപ്പസ്വാമിയുടെ കഥ എന്ന് വീണ്ടുമോർമ്മിപ്പിയ്ക്കട്ടെ. എന്നാൽ അയ്യപ്പസ്വാമി കാട്ടിൽ നിന്ന് പെറ്റുകിടക്കുന്ന പുലിയുടെ പാല് കറന്നുകൊണ്ടു വന്നു എന്ന കഥയിൽ അവിശ്വസനീയത തോന്നാവുന്നതാണ്. എന്നാൽ ഇവിടെ അയ്യപ്പസ്വാമിയെന്ന അതീന്ദ്രിയയോഗമാർഗ്ഗങ്ങളിൽ സിദ്ധിനേടിയ ഹഠയോഗിയേക്കുറിച്ചറിയുമ്പോൾ ഇതിന്റെ രഹസ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. ഇത്തരം അതീന്ദ്രിയയോഗികൾക്ക് മാഹേന്ദ്രജാലം പോലെയുള്ള മാസ്മരവിദ്യകൾ നിസ്സാരമായി കാട്ടാവുന്നതെയുള്ളു. സ്വന്തം മന:ശ്ശക്തികൊണ്ട് മറ്റുള്ളവരെ വിഭ്രമിപ്പിച്ച് ഉള്ളതിനെ ഇല്ലാതാക്കാനും ഇല്ലാത്തതിനെ ഉണ്ടാക്കുവാനും മാന്ത്രികർക്ക് സാധിയ്ക്കും എന്നത് ഇന്നൊരു പുതിയ അറിവല്ല. ഇക്കാര്യത്തിലും കേരളത്തിന് ലോകോത്തരമായ ഒരു പാരമ്പര്യമുണ്ട് . മഹാമാന്ത്രികനായിരുന്ന വാഴക്കുന്നം നമ്പൂതിരിയുടെ ചരിത്രം സംശയാലുക്കൾ പഠിയ്ക്കേണ്ടതാണ്. ലോകപ്രശസ്തമായ അമേരിയ്ക്കയിലെ‘ സ്റ്റാച്യൂ ഓഫ് ലിബെർടി‘ പ്രശസ്തമാന്ത്രികനായ കോപ്പെർഫീൽഡ് ജനലക്ഷങ്ങളെ സാക്ഷിനിർത്തി അപ്രത്യക്ഷമാക്കിയത് ചരിത്രത്തിന്റെ ഭാഗമാണ്. ഇതേമാതിരിയുള്ള ഒരു മാഹേന്ദ്രജാലവിദ്യയിലൂടെ മണികണ്ഠകുമാരൻ ഒരു പുലിപ്പറ്റത്തെത്തന്നെ കൊട്ടാരത്തിൽ എത്തിയ്ക്കുകയും താൻ തന്നെ ഒരുപുലിപ്പുറത്തിരുന്നുകൊണ്ട് ഇഷ്ടം പോലെ പാല് കറന്നെടുത്തോളാൻ മന്ത്രിയോടും വൈദ്യനോടും കൽ‌പ്പിക്കുകയും ചെയ്തു എന്നതാവണം ഇവിടുത്തെ സത്യം.
മന്ത്രിയും വൈദ്യനും മാപ്പുചോദിച്ചതായി പഴമ്പാട്ടുകളിൽ പറയുന്നുണ്ട്. മണികണ്ഠകുമാരന്റെ ഈ തന്ത്രത്തിന്റെ മുന്നിൽ പരാജയപ്പെട്ടതു കൊണ്ടാവണം അവർ മാപ്പുപറഞ്ഞ് രക്ഷപ്പെട്ടത് എന്ന് കരുതുന്നതാണ് യുക്തി.[തുടരും]

No comments: