Thursday, October 04, 2018

ഉപനിഷത്തിലൂടെ -277/ബൃഹദാരണ്യകോപനിഷത്ത്- 76/ സ്വാമി അഭയാനന്ദ
Friday 5 October 2018 1:01 am IST
മൂന്നാം ബ്രാഹ്മണം 
ശരീരത്തില്‍ നിന്നും വേറിട്ടതും ശുദ്ധവും സ്വയം ജ്യോതിസ്സും അനശ്വരവും നിരതിശയമായ ആനന്ദ സ്വരൂപവും അദ്വയവുമായ ബ്രഹ്മത്തെ വിവരിക്കാനായി മൂന്നാം ബ്രാഹ്മണം തുടങ്ങുന്നു.
ജനകം ഹ വൈദേഹം യാജ്ഞവല്‌കേ്യാ ജഗാമ; 
സമേനേ ന വദിഷ്യ ഇതി...
യാജ്ഞവല്‍ക്യന്‍ വിദേഹ രാജാവായ ജനകന്റെ അടുത്തു ചെന്നു. താന്‍ ഒന്നും പറയില്ല എന്ന് അദ്ദേഹം വിചാരിച്ചു. എന്നാല്‍, രാജാവ് ചോദ്യം ചോദിച്ചു.
 മുമ്പ് ജനകനും യാജ്ഞവല്‍ക്യനും അഗ്നിഹോത്രത്തെപ്പറ്റി സംവദിച്ചപ്പോള്‍ ഇഷ്ടംപോലെ ചോദ്യം ചോദിക്കുവാനുള്ള വരം രാജാവ് ആവശ്യപ്പെട്ടു. ആ വരം രാജാവിന് നല്‍കുകയും ചെയ്തിരുന്നു. അതിനാലാണ് ജനകന്‍ യാജ്ഞവല്‍ക്യനോട് ചോദ്യം ചോദിച്ചത്. നേരത്തെ അഭയത്തെ നേടാനുള്ള മാര്‍ഗത്തെ പറഞ്ഞതിനെ യുക്തി കൊണ്ട് ഉറപ്പിക്കുകയാണ് ഇനി. വിദ്യാഗ്രഹണ വിധിയെ കാണിക്കുകയും വിദ്യയെ സ്തുതിക്കുകയും ചെയ്യുന്നു.
യാജ്ഞവല്‍ക്യ കിം ജ്യോതിരയം 
പുരുഷ ഇതി, ആദിത്യ ജ്യോതിഃ...
ഈ പുരുഷന്‍ എന്ത് ജ്യോതിസ്സിനോട് കൂടിയവനാണ് എന്ന് രാജാവ് ചോദിച്ചു. ആദിത്യനാകുന്ന ജ്യോതിസ്സിനോട് കൂടിയവനാണെന്ന് ഉത്തരം. ആദിത്യനാകുന്ന പ്രകാശം കൊണ്ട് തന്നെയാണ് പുരുഷന്‍ ഇരിക്കുകയും എല്ലായിടത്തും പോകുകയും പ്രവൃത്തികള്‍ ചെയ്യുകയും മടങ്ങി വരികയും ചെയ്യുന്നത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ജനകന്‍ ശരിവച്ചു.
മനുഷ്യന്റെ പ്രകാശം തന്നില്‍ നിന്നോ അതോ പുറത്തു നിന്നോ എന്നറിയാനാണ് ജനകന്‍ ചോദിച്ചത്. സാധാരണ മനുഷ്യരുടെ വിശ്വാസമനുസരിച്ചാണ് യാജ്ഞവല്‍ക്യന്‍ ആദ്യം ആദിത്യനെ ജ്യോതിസ്സായി പറയുന്നത്. സ്വയം ജ്യോതിസ്സായ ആത്മാവിലേക്ക് ക്രമത്തില്‍ നയിക്കുകയാണ് ഇവിടെ. മനുഷ്യന്‍ വിവിധ കര്‍മങ്ങള്‍ ചെയ്യുന്നുവെങ്കിലും അതിന് ആധാരമായ ജ്യോതിസ്സിന് മാറ്റമില്ല.
 അസ്തമിത ആദിത്യേ യാജ്ഞവല്‍ക്യ, കിം ജ്യോതിരേവായം പുരുഷ ഇതി...
സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഈ പുരുഷന്‍ ഏത് ജ്യോതിസ്സോട് കൂടിയവനാണ്?
ചന്ദ്രന്‍ തന്നെയാണ് ഇവന് ജ്യോതിസ്സായിത്തീരുന്നത്. ചന്ദ്രനാകുന്ന പ്രകാശം കൊണ്ടാണ് ഇവന്‍ ഇരിക്കുകയും എല്ലായിടത്തും പോകുകയും പ്രവൃത്തികള്‍ ചെയ്യുകയും മടങ്ങിവരികയും ചെയ്യുന്നത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഇത് ഇങ്ങനെ തന്നെയെന്ന്  ജനകന്‍ ശരിവച്ചു.
അസ്മിത ആദിത്യേ യാജ്ഞവല്‍ക്യ, ചന്ദ്രമസ്യസ്തമിതേ...
സൂര്യനും ചന്ദ്രനും അസ്തമിക്കുമ്പോള്‍ ഈ പുരുഷന്‍ ഏത് ജ്യോതിസ്സിനോട് കൂടിയവനാണ്? അപ്പോള്‍ അഗ്നിയാണ് ഈ പുരുഷന്റെ ജ്യോതിസ്സ്. അഗ്നിരൂപമായ പ്രകാശം കൊണ്ടാണ് പുരുഷന്‍ ഇരിക്കുകയും എല്ലായിടത്തും പോകുകയും പ്രവൃത്തികള്‍ ചെയ്യുകയും മടങ്ങി വരികയും ചെയ്യുന്നത് എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു. അത് അങ്ങനെ തന്നെയെന്ന് ജനകന്‍ സമ്മതിച്ചു.

No comments: