Sunday, October 21, 2018

കാമനകളെ ഇല്ലാതാക്കിയാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തി നേടാം

ഉപനിഷത്തിലൂടെ 289/ബൃഹദാരണ്യകോപനിഷത്ത്- 88/ സ്വാമി അഭയാനന്ദ
Saturday 20 October 2018 1:01 am IST
കാമങ്ങളോടെ വീണ്ടും വീണ്ടുമുള്ള സംസരണത്തേയും കാമനകളില്ലാതെ ബ്രഹ്മത്തെ പ്രാപിക്കുന്നതിനേയും വിവരിക്കുന്ന ശ്ലോകത്തെ ഇനി പറയുന്നു.
തദേഷ ശ്ലോകോ ഭവതി 
തദേവ സക്തഃ സഹ കര്‍മണൈതി...
ഇതിനെ സംബന്ധിച്ച് ഒരു മന്ത്രമുണ്ട്.
ആസക്തിയോട് കൂടിയ ഒരാള്‍ തന്റെ ലിംഗശരീരമാകുന്ന മനസ്സ് ഏതിലാണോ ആസക്തമാക്കിയിരിക്കുന്നത് ആ കര്‍മത്തോടു കൂടി അതിനെ പ്രാപിക്കുന്നു.
ഈ ലോകത്തില്‍ ചെയ്യുന്ന കര്‍മങ്ങളുടെ ഫലം മറ്റൊരു ലോകത്തില്‍ അനുഭവിച്ചു തീര്‍ന്നതിന് ശേഷം അവിടെ നിന്ന് വീണ്ടും കര്‍മത്തിനായി ഈ ലോകത്തേക്ക് തിരിച്ചു വരുന്നു. ഇങ്ങനെ കാമങ്ങളോടു കൂടി പോക്കും വരവുമായുള്ള സംസരണം നടക്കുന്നു. എന്നാല്‍, ആഗ്രഹങ്ങളില്ലാത്തയാള്‍ ഏത് ആത്മാവിനെ നേടിയോ, ആഗ്രഹങ്ങളില്ലാത്ത ആത്മാവില്‍ മാത്രം കാമത്തെയുള്ളയാളുടെ പ്രാണങ്ങള്‍ ഉത്ക്രമിക്കുന്നില്ല. അയാള്‍ ബ്രഹ്മം തന്നെയായി തീര്‍ന്ന് ബ്രഹ്മത്തെ പ്രാപിക്കുന്നു.
മനസ്സ് എന്നത് ലിംഗശരീരത്തിന്റെ പ്രധാന ഭാഗമായതിനാലാണ് രണ്ടും ഒന്നായി ഇവിടെ പറഞ്ഞത്.
ലിംഗം എന്നാല്‍ അടയാളമെന്നും അര്‍ഥമുണ്ട്. മനസ്സുകൊണ്ടാണല്ലോ ആത്മാവിനെ സാക്ഷാത്കരിക്കുന്നത്. അതിനാല്‍ മനസ്സിനെ ആത്മാവിന്റെ ലിംഗമായി പറഞ്ഞിരിക്കുന്നു.
ആസക്തി കാമകര്‍മത്തിനും അതനുസരിച്ചുള്ള ലോകത്തിനും
കാരണമായിത്തീരും. ഈ ലോകം മാത്രമാണ് കര്‍മം ചെയ്യാനുള്ള സ്ഥലം. മറ്റ് ലോകങ്ങളെല്ലാം സുഖഭോഗങ്ങള്‍ അനുഭവിക്കാനുള്ള ഭോഗഭൂമിയാണ്. ഈ ലോകങ്ങളിലേതിലെങ്കിലും പോയാല്‍ കര്‍മഫലം അനുഭവിച്ച ശേഷം വീണ്ടും കര്‍മങ്ങള്‍ ചെയ്യാന്‍ ഇവിടേക്ക് തിരിച്ച് വരേണ്ടി വരും. അറിവില്ലാത്തവര്‍ എല്ലാം ഈ സംസാരചക്രത്തില്‍ പെട്ട് വലയും. 
നാല് വിശേഷണങ്ങളാണ് കാമനകളില്ലാത്തവരെ പറ്റി പറയുന്നത്. അകാമന്‍, നിഷ്‌കാമന്‍ ആപ്തകാമന്‍, ആത്മകാമന്‍ എന്നിങ്ങനെയാണ് അവ. ആത്മകാമന്‍ ആപ്ത കാമനും ആപ്തകാമന്‍ നിഷ്‌കാമനും നിഷ്‌കാമന്‍ അകാമനുമായിത്തീരുന്നു. അയാള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ ബ്രഹ്മപദത്തില്‍ എത്തിച്ചേരുന്നു.
 ഇയാളുടെ മരണം സാധാരണ ഒരു മരണം പോലെ മറ്റുള്ളവര്‍ക്ക് തോന്നിയേക്കാമെങ്കിലും അതിനെ മരണമെന്ന് പറയാനാകില്ല. ഞാന്‍ ഈ ദേഹമാണ് എന്ന ദേഹാത്മബുദ്ധി ഇല്ലാത്തതിനാല്‍ യഥാര്‍ഥത്തില്‍ അയാള്‍ക്ക് മരണമില്ല. അതിനാല്‍ തന്നെ വീണ്ടും ജനിക്കുക എന്ന പുനര്‍ജന്മവും ഉണ്ടാകില്ല.
ഇതിനെപ്പറ്റി ഒരു മന്ത്രമുണ്ട്
യദാ സര്‍വേ പ്രമുച്യന്തേ കാമാ യേളസ്യ ഹൃദി ശ്രിതാഃ...
എപ്പോഴാണോ ഒരാളുടെ ഹൃദയത്തിലെ എല്ലാ കാമങ്ങളും പൂര്‍ണമായും വിട്ടുപോകുന്നത് അപ്പോള്‍ മരണസ്വഭാവത്തോടു കൂടിയ ആ മനുഷ്യന്‍ മരണമില്ലാത്തവനായിത്തീരുന്നു. ഈ ദേഹത്തില്‍ തന്നെ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നു. പാമ്പിന്റെ ഉറ(പുറം തോല്) പുറ്റിനകത്ത് ജീവനില്ലാതെ കിടക്കുന്നത് പോലെ അയാളുടെ ശരീരം കിടക്കും. അപ്പോള്‍ ശരീരമില്ലാത്തവനും മരണമില്ലാത്തവനുമായ ഈ ജീവന്‍ ബ്രഹ്മം തന്നെയാകുന്നു, പ്രകാശം തന്നെയാകുന്നു എന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.
അറിവില്ലായ്മയില്‍ നിന്ന് ഉണ്ടാകുന്ന കാമങ്ങള്‍ തന്നെയാണ് മരണമായിരിക്കുന്നത്. ആ കാമനകളെ ഇല്ലാതാക്കിയാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തിയെ നേടാം. അത് വേറെ ഏതെങ്കിലും ലോകത്ത് പോയി നേടേണ്ടതല്ല. മരണത്തിന് ശേഷമേ കിട്ടൂവെന്ന തെറ്റിദ്ധാരണയും വേണ്ട അനാത്മാവെന്ന് ബോദ്ധ്യപ്പെട്ട, ഉപേക്ഷിച്ചതായ ശരീരം പാ
മ്പ് പൊഴിച്ചിടുന്ന ഉറപോലെയാണ്. പ്രാണന്‍ ആ ദേഹത്തില്‍ ഉണ്ടായാലും ഇല്ലെങ്കിലും ആത്മജ്ഞാനിക്ക് അതില്‍ ഒരു ബന്ധവും ഉണ്ടാകില്ല. അയാള്‍ പ്രകാശ സ്വരൂപമായ ആ ബ്രഹ്മം തന്നെയായി മാറുന്നു. ഇതു കേട്ട ജനകന്‍ തനിക്ക് ഇങ്ങനെ ഉപദേശിച്ച യാജ്ഞവല്‍ക്യന് ആയിരം പശുക്കളെ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

No comments: