Wednesday, October 10, 2018


ബ്രഹ്മവാദിനിയായ മൈത്രേയി (6)

ഉപനിഷദ്ക്കഥാപാത്രങ്ങളുടെ ഇടയിലെ അസാമാന്യ പ്രതിഭയാണ് യാജ്ഞവാല്ക്യഋഷി. അറിവിന്റെ കടലായിട്ടാണ് ഈ മുനിശ്രേഷ്ഠന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഉപനിഷത്തുക്കളില്‍വെച്ച് ഏറ്റവും വലിപ്പമേറിയത് ബൃഹദാരണ്യകോപനിഷത്താണ്. യാജ്ഞവല്ക്യഋഷിയുടെ പ്രസിദ്ധങ്ങളായ ചില ആഖ്യായികകള്‍ ഈ ഉപനിഷത്തിലുണ്ട്.
യാജ്ഞവല്ക്യന്‍ മഹാപണ്ഡിതനും വിവാഹിതനുമായിരുന്നു. രണ്ടു ഭാര്യമാരുണ്ട്. മൈത്രേയിയും കാര്‍ത്ത്യായനിയും. അവരില്‍ മൈത്രേയി താത്ത്വികവീക്ഷണമേറിയവളും ബ്രഹ്മത്തെപ്പറ്റി സംസാരിക്കുന്നവളുമാണ്. കാര്‍ത്ത്യായനിയാകട്ടെ സാധാരണ സ്ത്രീകളുടെ ബുദ്ധിയോടും പ്രവൃത്തികളോടും കൂടിയവളായിരുന്നു.
ഭൗതിക ജീവിതത്തിന്റെ നശ്വരതയും ക്ലേശങ്ങളും വ്യര്‍ത്ഥതയും അറിവുള്ളവനായ യാജ്ഞവല്ക്യന്‍ സന്ന്യാസ ജീവിതം സ്വീകരിക്കുവാന്‍ ആഗ്രഹിച്ചു. സര്‍വ്വകര്‍മ്മസന്ന്യാസ ലക്ഷണമായ പരിവ്രാജ്യമാണ് പരമപുരുഷാര്‍ത്ഥമായ മോക്ഷത്തിന് സാധനമെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു.
ഇപ്പോള്‍ താനൊരു ഗൃഹസ്ഥനാണ്, രണ്ടുഭാര്യമാരുമുണ്ട്. അവര്‍ തമ്മിലുള്ള ബന്ധം താന്‍ നിമിത്തമാണ് സന്ന്യസിക്കുമ്പോള്‍ ഭൗതികമായതെല്ലാം ത‌ൃജിക്കണം. ഭാര്യാഭര്‍ത്തൃബന്ധം സന്ന്യാസത്തിനുശേഷമില്ല. ഇവരേയും സന്ന്യാസത്തിനുമുമ്പുതന്നെ ഉപേക്ഷിക്കുന്നതാണ് നല്ലത്. പക്ഷേ തന്റെ അഭാവത്തിലും അവര്‍ക്കു ജീവിക്കണമല്ലോ. അതിന് തന്റെ സമ്പത്ത് തുല്യമായി ഭാഗിച്ച് ഇരുവര്‍ക്കും നല്‍കാം.
ഭാര്യമാരിലോ സമ്പത്തിലോ യാജ്ഞവല്ക്യന് താല്പര്യമില്ലാതായി. തികച്ചും വിരക്തന്‍ ആത്മവിദ്യയില്‍ അധികാരമുള്ളവനായിത്തീരുന്നവന്‍ ബ്രഹ്മജ്ഞാനത്തിന്റെ അടയാളമായി സന്ന്യാസം സ്വീകരിക്കണം.
യാജ്ഞവല്ക്യന്‍ അറിവുള്ളവളായ മൈത്രേയിയോടു പറ‍ഞ്ഞു:
“അല്ലയോ മൈത്രേയി, ഞാന്‍ ഈ ഗൃഹസ്ഥാശ്രമത്തില്‍ നിന്ന് സന്ന്യാസാശ്രമത്തിലേക്കു പോകുവാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് സമ്പത്തുക്കള്‍ ഭാഗിച്ചുതന്ന് നിങ്ങള്‍ തമ്മിലുള്ള ബന്ധത്തെ അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.”
അതു കേട്ടിട്ട് മൈത്രയി നടുങ്ങിവിറച്ചില്ല. അവള്‍ ശാന്തമായി ചോദിച്ചു:
“അല്ലയോ ഭഗവാനേ, അങ്ങ് സമ്പത്തിന്റെ പകുതിതന്ന് എന്നെ ഉപേക്ഷിച്ച് സന്ന്യാസിക്കുവാന്‍ ആഗ്രഹിക്കുന്നു. എങ്കില്‍ ഒന്നു ചോദിക്കട്ടെ. സമ്പത്തുകൊണ്ടുനിറഞ്ഞ ഈ ഭൂമി മുഴുവന്‍ എന്റേതായിത്തീര്‍ന്നാലും ഞാന്‍ അമൃതയായി (മരണമില്ലാത്തവളായി)ത്തീരുമോ?”
യാജ്ഞവല്ക്യന്‍ പറഞ്ഞു:
“ഒരിക്കലുമില്ല. സമ്പത്തുകൊണ്ട് ലഭിക്കുന്നത് ഭൗതികജീവിതമാണ്. സുഖകരമായ ഒരു ഭൗതിക ജീവിതം മറ്റുള്ളവരെപ്പോലെ നിനക്കുമുണ്ടാകും. അത്രമാത്രം. സമ്പത്തു കൊണ്ട് അമൃതത്വം നേടാമെന്ന് ആരും ആശിക്കയേ വേണ്ട.”
“ഭഗവാനേ, എങ്കില്‍ അവിടുത്തേക്കു വേണ്ടാത്ത സമ്പത്തുകൊണ്ട് എനിക്കെന്തു കാര്യം? പ്രയോജനമില്ലാത്ത ഒന്നില്‍ എനിക്കാഗ്രഹമില്ല, ഞാനാഗ്രഹിക്കുന്നത് അമ‌ൃതത്വമാണ്. അങ്ങും അതാഗ്രഹിക്കുന്നു. അമൃതയായിത്തീരുവാന്‍ ഉപകരിക്കുന്ന വിദ്യ എനിക്ക് ഉപദേശിച്ചു തന്നാലും. ധനം എനിക്കാവശ്യമില്ല.”
മൈത്രേയിയുടെ വാക്കുകള്‍ കേട്ട് യാജ്ഞവല്ക്യന്‍ സന്തോഷിച്ചു. ഭൗതികസമ്പത്തില്‍ അവള്‍ക്ക് ആഗ്രഹമില്ലെന്നറിഞ്ഞ് യാ‍ജ്ഞവല്ക്യന്‍ പറഞ്ഞു:
“മൈത്രേയീ, നിന്റെ ഈ വാക്കുകള്‍ എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു. എനിക്ക് നീ എന്നും പ്രിയയായിരുന്നു. ധനധാന്യാദികളില്‍ ആഗ്രഹമില്ലാത്ത നീ ഇപ്പോഴും പ്രിയമായതിനെ പറയുന്നു. വരൂ. ഇവിടെ ഇരിക്കൂ.”
യാജ്ഞവല്ക്യന്‍ അവളെ വിളിച്ച് മുമ്പിലിരുത്തി. “നീ ഇന്നെനിക്ക് ശിഷ്യയാണ്. ഞാന്‍ നിനക്ക് ഉപദേശം തരാം. ഞാന്‍ വിവരിച്ചു തരുമ്പോള്‍ നീ അത് നല്ലവണ്ണം ശ്രദ്ധിച്ച് മനസ്സിലാക്കണം.
“അങ്ങയുടെ അനുഗ്രഹം പോലെ.”
“ശരി പറയാം ബ്രഹ്മവിദ്യ അഭ്യസിക്കണമെങ്കില്‍ ശ്രദ്ധ പ്രധാനകാര്യമാണ്. നിനക്ക് ശ്രദ്ധയുണ്ട്. അതുകൊണ്ട് സത്യം എന്താണെന്ന് പറയാം. എല്ലാവരും ‘പ്രിയം’ മാത്രം ആഗ്രഹിക്കുന്നവരാണ്. പ്രിയമായതിനെ മാത്രം കാക്ഷിക്കുന്നതാണ് ലോകസ്വഭാവം. മറ്റുള്ളവരുടെ പ്രിയത്തിനുവേണ്ടി യഥാര്‍ത്ഥത്തില്‍ ആരുമൊന്നും ചെയ്യുന്നില്ല. എല്ലാം സ്വന്തം പ്രിയത്തിനുവേണ്ടിയാണ് സകലരും ചെയ്യുന്നത്. ഓരോ ജീവനിലും കുടികൊള്ളുന്ന സത്ത ആത്മാവിന്റെയാണ്. അതിനാല്‍ അത്മാവിന് വേണ്ടിയാണ് സകലരും പ്രിയത്തെ ചെയ്യുന്നത്.നീ എനിക്ക് പ്രിയപ്പെട്ടവളായിരിക്കുന്നത് എനിക്കു വേണ്ടിയല്ല, ആത്മാവിനുവേണ്ടിയാണ്.
ഭാര്യ, ഭര്‍ത്താവ് പുത്രന്മാര്‍, ധനം, പശു, ബ്രാഹ്മണന്‍, ക്ഷത്രിയന്‍, ലോകങ്ങള്‍, ദേവന്മാര്‍, വേദങ്ങള്‍, ഭൂതങ്ങള്‍ ഇവയെല്ലാം പ്രിയങ്ങളായിരിക്കുന്നത് ഇവകള്‍ക്കൊന്നും വേണ്ടിയല്ല. എല്ലാം ആത്മാവിനു വേണ്ടിയാണ് പ്രിയങ്ങളായിരിക്കുന്നത്.
“ന വാ അരേ സര്‍വ്വസ്യകാമായ സര്‍വ്വം പ്രിയം ഭവതി, ആത്മനസ്തു കാമായ സര്‍വ്വം പ്രിയം ഭവതി” (ബൃഹദാരണ്യകം 4, 5, 6)
എല്ലാം പ്രിയമായിരിക്കുന്നത് അവയ്ക്കൊന്നും വേണ്ടിയല്ല. ആത്മാവിനു വേണ്ടിത്തന്നെയാണ് എല്ലാം പ്രിയമായിരിക്കുന്നത്. അതുകൊണ്ട് അല്ലയോ മൈത്രേയി, ആ ആത്മാവിനെപ്പിറ്റിയാണ് കേള്‍ക്കേണ്ടതും വിചാരം ചെയ്യേണ്ടതും. ആത്മാവിനെ ദര്‍ശിക്കുകയും ശ്രവിക്കുകയും മനനം ചെയ്യുകയും അറിയുകയും ചെയ്താല്‍ സകലതിനെയും പ്രിയപ്പെട്ടതായും തീരുന്നു.”
പരമപുരുഷാര്‍ത്ഥം മോക്ഷം തന്നെയാണ്. ആത്മാവില്‍ നിന്ന് അന്യമായി മറ്റൊരു സത്തയുണ്ടെന്നു വിചാരിക്കുന്നവന്‍ പരമപുരുഷാര്‍ത്ഥത്തെ അറിയുന്നില്ല. ബ്രാഹ്മണനേയും ക്ഷത്രിയനേയും ലോകങ്ങളേയും ദേവന്മാരേയും വേദങ്ങളേയും ഭൂതങ്ങളയുമൊക്കെ ആത്മാവില്‍നിന്ന് അന്യമായി കരുതുന്നവനെത്തന്നെ പരമപുരുഷാര്‍ത്ഥത്തില്‍ നിന്ന് അകറ്റുന്നു.
ഈ ബ്രാഹ്മണനും, ഈ ക്ഷത്രിയനും, ഈ ലോകങ്ങളും, ഈ ദേവന്മാരും, ഈ വേദങ്ങളും, ഈ ഭൂതങ്ങളും ഇവയെല്ലാം തന്നെ ഈ ആത്മാവു മാത്രമാകുന്നു.
നനഞ്ഞ വിറക് കത്തിക്കാന്‍ വച്ചാല്‍ അതില്‍ നിന്ന് പുകയുയരുന്നത് കണ്ടിട്ടില്ലേ? തീനാമ്പും, തീപ്പൊരികളുമുണ്ടാകും. ഇതിലെല്ലാം ബ്രഹ്മത്തിന്റെ നിശ്വസിതമാകുന്നു. ഋഗ്വേദം, സാമവേദം, യജുര്‍വേദം, അഥര്‍വ്വവേദം, ഇതിഹാസം, പുരാണം, വിദ്യകള്‍, ഉപനിഷത്തുക്കള്‍‍, മന്ത്രങ്ങള്‍, സൂത്രങ്ങള്‍, മന്ത്രവിവരണങ്ങള്‍, വ്യാഖ്യാനങ്ങള്‍ എന്നിവയെല്ലാം പരബ്രഹ്മത്തിന്റെ നിശ്വസിതങ്ങള്‍ മാത്രമാണെന്നറിയുക.
അല്ലയോ മൈത്രേയി, നീ ഉപ്പുകട്ടയെ ശ്രദ്ധിച്ചിട്ടില്ലേ? അതിന്റെ അകവും പുറവുമല്ലാം ഉപ്പുരസംതന്നെ. യാഥാര്‍ത്ഥത്തില്‍ ഉപ്പുകട്ടയ്ക്ക് ഉള്ളോ പുറമോ ഇല്ല. സര്‍വ്വം ഉപ്പുരസക്കട്ട അതുപോലെ ആത്മാവ് ഉള്ളും പുറവുമില്ലാതെ സമഗ്രമായ പ്രജ്ഞാനഘനം തന്നെയാകുന്നു. ഓരോ ഭൂതങ്ങളും ആവിര്‍ഭവിക്കുമ്പോള്‍ ഓരോ പേരുകളുണ്ടാകുന്നു. ഭൂതങ്ങള്‍ നശിക്കുമ്പോള്‍ ആ പേരുകളും നശിക്കുന്നു. ആത്മാവിന് വാസ്തവത്തില്‍ ഈ പേരുകളൊന്നുമില്ല.
ഇത്രയും കാര്യങ്ങളെ യാജ്ഞവല്ക്യന്‍ വിസ്തരിച്ചു പറഞ്ഞപ്പോള്‍ മൈത്രേയിക്കു സംശയമായി. അവള്‍ വല്ലാതെ പരിഭ്രമിച്ചു.
“അങ്ങ് എന്നെ വല്ലാതെ മോഹത്തില്‍ വീഴ്ത്തിയിരിക്കുന്നു. സത്യത്തില്‍ എനിക്കിതൊന്നും അത്രയങ്ങു മനസ്സിലാകുന്നില്ല.”
“മൈത്രേയി, നിന്നെ പരിഭ്രമിപ്പിക്കത്തതായി ഞാന്‍ ഒന്നും പറയുന്നില്ല. ആത്മാവ് ഒന്നുമാത്രമാണ് നിത്യസത്യം. അത് മാറ്റമില്ലാത്തതും ഒരിക്കലും നശിക്കാത്തതുമാണ്. അത് സര്‍വ്വവ്യാപിയും ഏകവും അദ്വിതീയവുമാണ്.
എപ്പോള്‍ ആര് ഇതിനെ ദ്വൈതമെന്നപോലെ വിചാരിക്കുന്നുവോ അപ്പോള്‍ തന്നില്‍ നിന്ന് അന്യമായവകളെ കാണാനും കേള്‍ക്കാനും ദര്‍ശിക്കാനും തുടങ്ങുന്നു. അജ്ഞാനമാകുന്ന അവിദ്യകൊണ്ടാണ് ഈ വിധം സംഭവിക്കുന്നത്. ഒരുവന്‍ തന്നില്‍നിന്ന് അന്യമായി മറ്റൊന്നിനെ അറിയുന്നതും, കേള്‍ക്കുന്നതും, മണക്കുന്നതും, രുചിക്കുന്നതും, സംസാരിക്കുന്നതും, കാണുന്നതുമെല്ലാം സ്വന്തം ആത്മാവു തന്നെയെന്നറിയാത്തതുകൊണ്ടാണ്. എപ്പോള്‍ ഒരുവന് എല്ലാം സ്വന്തം ആത്മാവുതന്നെയായിത്തീരുന്നുവോ പിന്നെ അവന് ദ്വൈതഭാവനയില്ല. മറ്റൊന്നിനെയും അറിയുന്നില്ല. വിഷയങ്ങളില്‍ ആസക്തിയില്ല. ദുഃഖമില്ല. മരണമില്ല. അല്ലയോ മൈത്രേയി, എല്ലാം അറിയുന്നവനെ എന്തുകൊണ്ട് അറിയാന്‍ കഴിയും?
ദ്വൈതഭാവം തോന്നുമ്പോഴാണ് കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്ന ഭേദങ്ങള്‍ ഉണ്ടാകുന്നത്. ദ്വൈതഭാവം നശിക്കും. പിന്നെ തന്നില്‍ നിന്നന്യമായി മറ്റൊന്നില്ല. എല്ലാം താനാകുന്ന ആത്മാവു മാത്രമാണെന്ന് ബോധം വന്നു കഴിഞ്ഞാല്‍ പിന്നെ കര്‍ത്താവ്, കര്‍മ്മം, ക്രിയാദികളൊന്നും ഇല്ല. എല്ലാം ഒന്നില്‍ ലയിച്ച് ഒന്നായിത്തീര്‍ന്നിരിക്കുന്നു.
ഇങ്ങനെ സാമാന്യമായി ഞാന്‍ എല്ലാം നിനക്കു പറഞ്ഞുതരുന്നു. ഇങ്ങനെയെല്ലാമുള്ള ആത്മാവിനെ അറിയുകയാണ് അമൃതത്വത്തിനുള്ള ഉപായം. നീ അതു ചെയ്താലും.”
മൈത്രേയിക്ക് ഈവിധം ഉപദേശം നല്കിയിട്ട് യാജ്ഞവല്ക്യന്‍ വീടുവിട്ടു പോയി യഥാശാസ്ത്രം സന്ന്യസിച്ച് മഹാഋഷിയായിത്തീര്‍ന്നു. യാജ്ഞവല്ക്യനില്‍ നിന്ന് ആത്മീയോപദേശം ലഭിച്ച മൈത്രേയി തപസ്സനുഷ്ടിച്ച് പരമപദത്തെ പ്രാപിച്ചു. യാജ്ഞവല്ക്യനോട് തത്ത്വവിചാരം നടത്തിയ മൈത്രേയി എക്കാലവും ആദരണീയ വ്യക്തിയായിത്തീര്‍ന്നു.
ഓം തത് സത്
അവലംബം – ബൃഹദാരണ്യകോപനിഷത്ത്.
sreyas.in

No comments: