''ഓരോ കേന്ദ്രങ്ങളിലും സ്ത്രീക്കും പുരുഷനും പ്രത്യേകം പ്രത്യേകം വിദ്യാലയങ്ങളും ആശ്രമങ്ങളും സംഘടനകളും രൂപപ്പെടുത്തേണ്ടതാണ്.'' (ശ്രീനാരായണഗുരു -ആശ്രമധര്‍മ്മം)
ശ്രീനാരായണഗുരു ഇങ്ങനെ സ്ത്രീക്കും പുരുഷനും പ്രത്യേകം ആശ്രമം വേണമെന്നു പറഞ്ഞു. എന്നതിനാല്‍ സ്വാമികളോ സ്വാമികളുടെ ധര്‍മ്മമോ സ്ത്രീവിരോധിയും അനാചാരവുമാകുമോ? എന്തു ധര്‍മ്മത്തിനു വേണ്ടി എന്ത് ആദര്‍ശത്തിനു വേണ്ടി ആരോട് പറഞ്ഞു എന്നതാണ് പ്രസക്തി.
ശ്രീരാമകൃഷ്ണ പരമഹംസര്‍ കാമിനീകാഞ്ചനം ഉപേക്ഷിക്കുവാന്‍ ത്യാഗസന്നദ്ധരായ സന്ന്യാസശിഷ്യന്മാരോട് പറയുന്നു. കുട്ടികളായിക്കഴിഞ്ഞാല്‍ ഭാര്യാഭര്ത്താക്കന്മാര് സഹോദരങ്ങളെപോലം കഴിയണം എന്ന് സന്ന്യാസത്തില്‍ ശ്രദ്ധയുള്ള ഗൃഹസ്ഥശിഷ്യരോട് പറയുന്നു. ഇവിടെയും ആചാര്യന് ഉപദേശിക്കുന്നത് സന്ന്യാസിയുടെ ആചരണവിധിയാണ്. അതില്‍ താല്പര്യം ഇല്ലാത്തവര്‍ക്ക് അതിലിടപെടേണ്ട കാര്യമില്ല, അവര്‍ക്ക് വേറെ സ്ഥലങ്ങളുണ്ട്.
സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകം ആശ്രമം സ്ഥാപിക്കാന്‍ തീരുമാനിച്ച വിവേകാനന്ദസ്വാമികള്‍ അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നത് നോക്കൂ- ''അവിടെ അവിവാഹിതകളായ കുമാരിമാരും ബ്രഹ്മചാരിണികളായ വിധവകളും താമസിക്കും. ഇടയ്ക്ക് ഇടയ്ക്ക് ഭക്തിമതികളായ കുടുംബിനികള്‍ക്കും വന്നു താമസിക്കാം. പുരുഷന്മാര്ക്ക് ഈ ആശ്രമവുമായി ഒരു ബന്ധവും ഉണ്ടായിരിക്കില്ല. പുരുഷന്മാരുടെ ആശ്രമത്തിലെ വയോവൃദ്ധരായ സന്ന്യാസിമാര്‍ ദൂരെനിന്നുകൊണ്ട് സ്ത്രീമഠത്തിലെ കാര്യഭാരങ്ങള് നടത്തും.''
നോക്കൂ ഇതെല്ലാം സന്ന്യാസികള്‍ക്കും സന്ന്യാസിനികള്ക്കുമുള്ള ആചരണവിധികളാണ്. അവിടെ ഒരു ലൗകികന്റെ ആശയങ്ങള്‍ക്കോ യുക്തിയ്ക്കോ താല്പര്യങ്ങള്ക്കോ എന്തു സ്ഥാനം. ഓരോരുത്തരും അവരവരുടെ ധര്‍മ്മത്തിനു അനുസരിച്ചുള്ള ഇടങ്ങളിലല്ലേ പോകേണ്ടതുള്ളൂ. മറ്റൊരാള്‍ക്ക് വിധിച്ചിട്ടുള്ള ധാര്മ്മികചര്യയെ ബലാല്ക്കാരേണ തടസ്സപ്പെടുത്തുന്നത് പൈശാചികമാണ്!!!
ഇനി ഇതിനേക്കാളൊക്കെ പ്രധാനമായി ശ്രദ്ധിക്കേണ്ടതായ മറ്റൊരു കാര്യമുണ്ട്. നമ്മുടെ ആചാര്യന്മാര് സ്ത്രീയനുഭവിച്ചുകൊണ്ടിരുന്ന അസമത്വത്തെ ഇല്ലാതാക്കുവാന്‍ ശ്രമിച്ചവരാണ്. അതായത് ആദ്ധ്യാത്മിക പുരോഗതിക്കും ഈശ്വരസാക്ഷാല്ക്കാരത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശം പുരുഷനു മാത്രമല്ല സ്ത്രീക്കും ഉണ്ട് എന്നതായിരുന്നു അവരുടെ നിലപാട്. ഗാര്‍ഗ്ഗി, മൈത്രേയി തുടങ്ങിയ ഉപനിഷത് കാലഘട്ടത്തിലെ ജ്ഞാനപദവിയിലെത്തിയ സന്ന്യാസിനികളെ ഈ പശ്ചാത്തലത്തില്‍ വിവേകാനന്ദസ്വാമികള്‍ സൂചിപ്പിക്കുന്നുണ്ട്.
അതായത് ഹൈന്ദവ ആദ്ധ്യാത്മിക രംഗത്ത് സ്ത്രീകള്‍ അനുഭവിച്ചിരുന്ന പ്രശ്നങ്ങള്‍ ആചാര്യന്മാര് തന്നെ പരിഹരിച്ചു കഴിഞ്ഞു. സ്ത്രീക്കും പുരുഷനും പ്രത്യേകം തപോഭൂമിയും മഠങ്ങളും വളര്‍ന്നു. സ്ത്രീയെ ത്രൈലോക്യനായികയായ ദേവിയായി സ്ഥാപിക്കുന്ന 'പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം' എന്ന ഒരു വലിയ ലേഖനംതന്നെ ചട്ടമ്പിസ്വാമികള്‍ രചിച്ചിട്ടുണ്ട്. സ്ത്രീകളെ പൂജിക്കാത്ത നാട് നശിക്കും എന്നാണ് മനുസ്മൃതിയിലും പറയുന്നത്. അങ്ങനെ ഹൈന്ദവ ധര്‍മ്മത്തില്‍ ശ്രുതിയും സ്മൃതിയും മാത്രമല്ല പില്ക്കാല ആദ്ധ്യാത്മിക ആചാര്യന്മാരും സ്ത്രീയെ ആദരിക്കുന്നതായി കാണാം.
അതിനാല്‍ ഹിന്ദുമതത്തിലെ സ്ത്രീ വിവേചനം, ശബരിമലയിലെ അനാചാരം എന്നൊക്കെ ഇല്ലാത്ത പ്രശ്നങ്ങള്‍ വച്ചുകെട്ടുന്നത് മൂഢബുദ്ധികളാണ്. വ്രതശുദ്ധിയോടെ വരുന്ന പുരുഷന്മാരുടെ തപോഭൂമിയായ ശബരിമലയിലെ യുവതീ പ്രവേശനം എന്നത് ഒരിക്കലും ന്യായീകരിക്കത്തക്കതല്ലെന്നു വ്യക്തമാകുന്നു .
ആശ്രമവിധികളെ ശ്രീനാരായണഗുരുസ്വാമികളും പരമഹംസരും വിവേകാനന്ദസ്വാമികളും തുടങ്ങിയുള്ള ആചാര്യന്മാര് തീരുമാനിച്ചു നിര്‍ദ്ദേശിക്കുന്നതു നോക്കൂ. ഈ വിഷയത്തില്‍ കോടതിയോ യുക്തിവാദിയോ ഭരണകൂടമോ അല്ല വിധി തീരുമാനിക്കേണ്ടത്.
ഓം..krishnakumar kp
ഓം..krishnakumar kp
No comments:
Post a Comment