Saturday, October 20, 2018

. വിദർഭരാജ്യത്ത്,  കുണ്ഡിനപുരിയടെ അധിപതിയും ധർമ്മിഷ്ഠനും പ്രതാപവാനും ആയ ഭീഷ്മകൻ  എന്നൊരു രാജാവുണ്ടായിരുന്നു. അതിസുന്ദരിയും സൽഗുണസമ്പന്നയുമായ രുഗ്മിണി അദ്ദേഹത്തിന്റെ മകളാണ്. നാരദ മഹർഷിയിൽ നിന്നും  ശ്രീകൃഷ്ണന്റെ ഗുണഗണങ്ങൾ വർണ്ണിച്ചുകേട്ട രുഗ്മിണി പരിപൂർണ്ണതമനായ ഭഗവാനേ ഭർത്താവായി മനസ്സാവരിച്ചു. നാരദ മഹർഷിയിൽ നിന്നും തന്നെ രുഗ്മിണിയുടെ രൂപസൌശീല്യാദികൾ വർണ്ണിച്ചു കേട്ട  കൃഷ്ണന്  രുഗ്മിണിയെ വിവാഹം കഴിക്കാൻ ആഗ്രഹമായി. ശ്രീകൃഷ്ണന്റെ ഗുണങ്ങളറിഞ്ഞ ധർമ്മിഷ്ഠനായ ഭീഷ്മകരാജാവ് മകളെ കൃഷ്ണന് കൊടുക്കാൻ നിശ്ചയിച്ചു.  യുവരാജാവ് രുഗ്മി തന്റെ സുഹൃത്തായ ശിശുപാലന് തന്റെ സഹോദരിയെ നല്കാനായി ശ്രമം ആരംഭിച്ചു.  അതറിഞ്ഞ രുഗ്മിണി ദുഃഖിതയായി ഒരു ബ്രാഹ്മണനെ ദൂതുമായി കൃഷ്ണനരികിലേയ്ക്ക് അയച്ചു. 

       ദ്വാരകയിലെത്തിയ ബ്രാഹ്മണനെ ശ്രീകൃഷ്ണൻ പൂജിച്ചു ബഹുമാനിച്ചു. കുശലവിചാരത്തിനു ശേഷം ആഗമോദ്യേശം ചോദിച്ചു.  അപ്പോൾ അദ്ദേഹം രുഗ്മിണി നല്കിയ സന്ദേശം ശ്രീകൃഷ്ണന് നല്കി.  കുലദൈവത്തെ വണങ്ങാൻ പോകുമ്പോൾ അങ്ങ് അവിടെ  വന്ന് തന്നെ സ്വീകരിക്കണം എന്ന് ആ സന്ദേശം അവസാനിക്കുന്നു.  ബ്രാഹ്മണൻ  അറിയിച്ച രുഗ്മിണീ സന്ദേശം കേട്ട ഭഗവാൻ രഥമൊരുക്കൻ  ദാരുകനോട് പറഞ്ഞു.  ശൈബ്യൻ, സുഗ്രീവൻ, മേഘപുഷ്പൻ ബലാഹകൻ എന്നീ കുതിരകളെ പൂട്ടിയ ദിവ്യമായ രഥത്തിൽ ദാരുകൻ സാരഥിയായി ഭഗവാൻ യാത്രയ്ക്ക് തയ്യാറായി. 

            കന്യകാപഹരണത്തിന് വേണ്ടി കൃഷ്ണനൻ ഒറ്റയ്ക്ക് പോയത് അറിഞ്ഞ ബലരാമൻ യദുസേനയുമായി.   കുണ്ഡിനത്തിലേയ്ക്ക് തിരിച്ചു.  ഭഗവാൻ കുണ്ഡിനത്തിലെത്തി. ശിശുപാലന് തന്റെ കന്യകയെ കൊടുക്കാനുള്ള എല്ലാ വിവാഹ ഒരുക്കങ്ങളും ഭീഷ്മകൻ ശരിയാക്കിയിട്ടുണ്ടായിരുന്നു. മംഗളസ്നാനമാചരിച്ച് ബ്രാഹ്മണ സ്ത്രീകളാൽ വിവാഹരക്ഷയും രത്നഖചിതമായ വസ്ത്രങ്ങളും രുഗ്മിണിയെ  അണിയിച്ചു . ഭീഷ്മകൻ മകൾക്ക് വേണ്ടി ധാരാളം ദാനം ചെയ്തു. ശിശുപാലനു വേണ്ടി ദമഘോഷനും ധാരാളം ദാനം ചെയ്തു.  ശിശുപാലനെ മംഗളസ്നാനം കഴിച്ചു  ആനപ്പുറത്ത് കൊണ്ട് വന്നു. ശിശുപാല സഹായിമാരായ ജരാസന്ധൻ,  ശല്യൻ,  ദന്തവക്ത്രൻ , വിദൂരഥൻ, പൗണ്ഡ്രൻ എന്നീ ശിശുപാല സഹായികളോടും അവരുടെ സൈന്യങ്ങളോടും കൂടി ദമഘോഷൻ ശിശുപാലനെയും കൊണ്ട് കുണ്ഡിന പുരത്തിൽ പ്രവേശിച്ചു. ഭീഷ്മകൻ ചെന്ന് വാദ്യഘോഷങ്ങളോടെ സ്വീകരിച്ച് കൊണ്ട് വന്നു.

No comments: