Sunday, October 14, 2018

ലോകത്തെ വിജയിക്കാന്‍ ഒരു സൂത്രമുണ്ട്. ആ സൂത്രം സ്‌നേഹമാണ്. സ്‌നേഹം ഭക്തിയുടെ സഹോദരിയാണ്. ഭക്തി മനനരസത്തെ പോഷിപ്പിക്കും. ആധ്യാത്മികമെന്ന് ഇന്നു പേരിട്ട് വിളിക്കുന്ന എല്ലാ കാഴ്ചപ്പാടുകള്‍ക്കും അപ്പുറം സ്‌നേഹത്തിനും ഭക്തിയ്ക്കും അനിതരസാധാരണമായ ഒരു സ്വാധീനം ലോകത്തിലുണ്ട്. ആര്‍ക്കെല്ലാം മുന്‍വിധികളില്ലാത്ത സ്‌നേഹമുണ്ടോ അവര്‍ക്കു മാത്രമേ യഥാര്‍ത്ഥ ഭക്തി അനുഭവിക്കാന്‍ കഴിയൂ. പരമമായ ഭക്തി ഈശ്വരനോടാണ്. അത്രയും ഭക്തി നമ്മുടെ ഹൃദയത്തില്‍ നിറയുമ്പോള്‍ നമ്മുടെ ശ്വാസോച്ഛ്വാസങ്ങള്‍ക്ക് സ്‌നേഹത്തിന്റെ അപരിമേയമായ ചന്ദനസുഗന്ധമുണ്ടാകും. ആ ഭക്തി നമ്മുടെ ഹൃദയശ്രീകോവിലില്‍ നിന്ന് തീര്‍ത്ഥമായി ശരീരത്തിലെ ഓരോ കോശകണങ്ങളിലും ആനന്ദനിര്‍വൃതിയായി, സോമരസമായി ഒഴുകിയെത്തും. സ്‌നേഹനിഷ്യന്ദി നമ്മുടെ നാഡീഞരമ്പുകള്‍ നിറയ്ക്കും. അസുലഭവും അനന്തവും അനിര്‍വ്വചനീയവുമായ സ്‌നേഹം നമ്മുടെ സ്പര്‍ശത്തിലും നോട്ടത്തിലും വരെ ഉണ്ടാകും. നമ്മുടെ സ്പര്‍ശത്താല്‍ ഏതു ദുഃഖിതനും ആനന്ദത്തിലേക്ക് കാലെടുത്തുവെയ്ക്കും. അതാണ് സ്‌നേഹത്തിന്റേയും ഭക്തിയുടേയും സാന്ദ്രത. ഇന്ന് നാമെന്താണ് ഈ ലോകത്ത് തേടുന്നത്? എല്ലാം നാം നേടുന്നു. അലഭ്യലഭ്യമായ അറിവുകള്‍ പോലും ഇന്ന് വാരിവിതറപ്പെടുന്നുണ്ട്. വിവരസാങ്കേതികത ലോകത്തെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു. എന്നാല്‍ മദമാത്സര്യങ്ങള്‍ക്ക് എന്തെങ്കിലും കുറവ് ഇവിടെ വന്നിട്ടുണ്ടോ? ആര്‍ക്ക് ആരെയാണ് സ്‌നേഹിക്കാന്‍ കഴിയുന്നത്? ഓരോ നേട്ടത്തിലും എണ്ണമറ്റ അഹങ്കാരങ്ങള്‍ കൊണ്ട് നാം നമ്മെത്തന്നെ മറക്കുന്ന ദൃശ്യമല്ലേ കാണാനാകുന്നത്? സ്വന്തം മാതാപിതാക്കള്‍ മക്കളെ പണത്തിനുവേണ്ടി കൊല്ലുന്നു, ലൈംഗിക തൃഷ്ണ ശമിപ്പിക്കാന്‍ വേണ്ടി കാമത്തോടെ ആവേശിക്കുന്നു; ഗുരുക്കന്‍മാര്‍ ശിഷ്യരേയും ശിഷ്യര്‍ ഗുരുക്കന്മാരേയും കാര്യസാധ്യത്തിനായി ഉപയോഗിക്കുന്നു. ആരോടും ഒന്നും സംസാരിക്കാന്‍ വയ്യാത്തവിധം ആക്രാമികമായ ഒരു സമൂഹം ഉണ്ടായിവരുന്നു. സ്‌നേഹത്തിന്റെ വിദൂരചിത്രം പോലും നമ്മില്‍ നിന്ന് അകന്നുപോകുന്നു. നമ്മളെല്ലാം നമ്മുടേതായ വലിയ ലോകങ്ങള്‍ കെട്ടിപ്പടുക്കുകയാണ്. ആ ലോകത്തില്‍ ഞാന്‍’അല്ലാതെ മറ്റൊന്നുമില്ല. അനേകശതം നിലകളും മുറികളുമുള്ള കെട്ടിടം പോലെ കൂറ്റന്‍ മാളികകളായി നാം മാറുന്നു. ഓരോ മുറിയിലും ഞാന്‍’അങ്ങനെ അഹങ്കാരത്തോടെ വിരാജിക്കുകയാണ്. ഓര്‍മ്മയുടെ നേരിയ പ്രകാശങ്ങളില്‍പ്പോലും നമുക്ക് കര്‍ത്തവ്യങ്ങള്‍ അന്യമാകുന്നു. അടുത്തുനില്‌പോരനുജനെ നോക്കാനക്ഷികളില്ലാത്തോര്‍- ക്കരൂപനീശ്വരനദൃശ്യനായാല്‍ അതിലെന്താശ്ചര്യം എന്ന് വിഖ്യാതനായ ഉള്ളൂര്‍ പാടിയ കവിത ഓര്‍ത്തുപോകുന്നു. വലിയ ലോകങ്ങള്‍ കീഴടക്കാനുള്ള വ്യഗ്രതയില്‍ നാം നമ്മെത്തന്നെ മറക്കുന്ന ഒരു ഭാഗം. മറുഭാഗത്ത് സ്വന്തമെന്ന് നാം കരുതുന്നവര്‍ പോലും നമുക്ക് മറയായി, മുറയായി മാറുന്ന ബീഭത്സചിത്രം. തനിക്ക് പ്രിയമായതു മാത്രം ചെയ്യുന്നവനെ വളര്‍ത്താന്‍ ശ്രമിക്കുന്ന, അടിമകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു വലിയ ലോകം രൂപപ്പെട്ടുവരുന്നു. ഈ ഭാവം കുടുംബങ്ങളില്‍ തുടങ്ങി കോര്‍പ്പറേറ്റു കമ്പനികളിലും, സ്ഥാപനങ്ങളിലും എന്തിന് ആധ്യാത്മിക നഭോമണ്ഡലങ്ങളില്‍പ്പോലും കടന്നുവരുന്നു. ഒരു കാലത്ത് പ്രാചീന ഭാരതത്തില്‍ ത്യാഗം കൊണ്ട് അമൃതത്വം നേടാനാണ് ഋഷിമാര്‍ ആവശ്യപ്പെട്ടത്. ത്യാഗം എന്നാല്‍ അമൃതാണ്. ഇന്ന് ആരാനും അമൃതുണ്ണുന്നുണ്ടോ? ആധുനികലോകത്തോട് വേദങ്ങള്‍ക്ക് ചിലതു പറയാനുണ്ട്. അസാധാരണമെന്ന് നമുക്ക് തോന്നാവുന്ന അത്തരത്തിലുള്ള ഒരു ഉപദേശം ഏറെ പ്രസക്തമാണെന്നു തോന്നുന്നു. നമുക്ക് നമ്മോടുതന്നെ ഒന്നു സംവദിക്കാന്‍ ഈ മന്ത്രം ഏറെ പ്രയോജനം ചെയ്യും. ഓം ഉലൂകയാതും ശുശുലൂകയാതും ജഹി ശ്വയാതുമുത കോകയാതും സുപര്‍ണയാതുമുത ഗൃധ്രയാതും ദൃഷ ദേവ പ്രമൃണ രക്ഷ ഇന്ദ്ര ഋഗ്വേദത്തിലും (7.104.22) അഥര്‍വ്വവേദത്തിലും (8.4.22) ഒരുപോലെ കടന്നു വരുന്ന അസാധാരണ മന്ത്രം. വസിഷ്ഠനാണ് ഈ മന്ത്രത്തിന്റെ ദ്രഷ്ടാവ്. എന്താണ് ഈ മന്ത്രത്തിന്റെ അര്‍ത്ഥമൊന്ന് നമുക്ക് നോക്കാം. 1. ഉലൂകയാതും = മൂങ്ങയെപ്പോലെ ബുദ്ധിശൂന്യമായി പ്രവര്‍ത്തിക്കുക 2. ശുശൂലൂകയാതും = ചെന്നായയെപ്പോലെ ക്രൂരമായി പ്രവര്‍ത്തിക്കുക 3. ശ്വയാതും = പട്ടിയെപ്പോലെ അന്യോന്യം മത്സരിക്കുകയും മനുഷ്യന്റെ മുമ്പില്‍ വാലാട്ടുകയും ചെയ്യുക. 4. കോകയാതും = ചക്രവാകപ്പക്ഷിയെപ്പോലെ കാമത്തോടെ പെരുമാറുക 5. സുപര്‍ണയാതും = ഗരുഡനെപ്പോലെ ഗര്‍വ്വോടും അഹങ്കാരത്തോടും ജീവിക്കുക. 6. ഉത ഗൃധ്രയാതും = കൂടാതെ കഴുകനെപ്പോലെഅന്യന്റെ ശവം കൊണ്ട് ജീവിക്കുക. എന്നിങ്ങനെ ആറു രാക്ഷസരെ ജഹി = നശിപ്പിക്കണം. ഇന്ദ്ര = അല്ലയോ ഐശ്വര്യം ആഗ്രഹിക്കുന്ന ജീവാത്മാവേ രക്ഷഃ = രാക്ഷസരെ ദൃഷദഷ ഇവ, പ്രമൃണ = കല്ലുപോലെ കഠോരമായ തപസ്സിനാല്‍ തവിടുപൊടിയാക്കുക. അതെ, ഈ ആറു രാക്ഷസരാണ് ആധുനിക ലോകത്തിന്റേയും ഏറ്റവും വലിയ ശത്രുക്കള്‍. ഇവ നമ്മെ കീഴടക്കുന്നുണ്ടോയെന്ന് നാം വാരം വാരം ചിന്തിച്ചുകൊണ്ടേ ഇരിക്കണം. പ്രാണനാണ് വസിഷ്ഠന്‍ എന്ന് ഏവര്‍ക്കും അറിയാമല്ലൊ. പ്രാണോ വൈ വസിഷ്ഠ എന്നു പറയാറുണ്ട്. നമ്മുടെ പ്രാണന് സുഖവും സന്തോഷവും ഉണ്ടാകുമ്പോഴെ മനസ്സും ആത്മാവും ശാന്തമാവുകയുള്ളു. നാം പറഞ്ഞു, ഇന്നിന്റെ ലോകം ഭയാനകമായ സങ്കുചിതവികാരങ്ങളാല്‍ മൂടപ്പെട്ടിട്ടുള്ളതാണെന്ന്. എന്നാല്‍ എങ്ങനെ, ഏതു വിധത്തിലാണ് ആ ഭയങ്കരത നടമാടുന്നതെന്നാണ് ഈ മന്ത്രം നമ്മെ പഠിപ്പിക്കുന്നത്. സാര്‍വ്വജനീനമാണ് വേദത്തിലെ ഉക്തികള്‍. മൂങ്ങയും, ചെന്നായയും, പട്ടിയും, ചക്രവാകപ്പക്ഷിയും, ഗരുഡനും, കഴുകനും നമ്മുടെ മനസ്സില്‍ കയറിക്കൂടാതെ അനുനിമിഷം കാത്തുസൂക്ഷിക്കുക! എന്തൊരു ഉജ്ജ്വലമായ ഉപദേശമാണത് ! പക്ഷേ, ഈ ആറു രാക്ഷസന്മാര്‍ സദാ നമ്മെ വേട്ടയാടുമെന്ന് തീര്‍ച്ച. സമൂഹത്തില്‍ ഭക്തിയുടെ പരമമായ ഭാവം വാരിവിതറുന്നതിലൂടെ മാത്രമേ നമുക്ക് ഈ രാക്ഷസരെ തോല്പിക്കാനാകൂ. അതിന് ഏറെ ദേവതകളുടെ പ്രസാദം വേണം. ആ പ്രസാദം വന്നണഞ്ഞാല്‍, പ്രകൃതി നമുക്ക് അനുകൂലമായ ഭക്തിവസന്തം തളിര്‍കാറ്റു വീശിത്തരികയായി. ആ തളിര്‍കാറ്റ് ആസ്വദിക്കാന്‍ കഠിനമായ തപശ്ചര്യ നാം കൊണ്ടാടേണ്ടതുണ്ട്. ഏതു നിമിഷവും ഒരു ഭക്തനെ മൂങ്ങ ആക്രമിക്കാം. ഏതു നിമിഷവും ചെന്നായ മനസ്സിനെ കീഴ്‌പ്പെടുത്താം. ഏതു സാഹചര്യത്തിലും ഒരു നായ ഹൃദയശ്രീകോവിലിലേക്ക് ഓടിക്കയറാം. ഏതു സമയത്തും ചക്രവാകപ്പക്ഷി നമ്മുടെ ഹൃദയത്തിലെ പ്രതിഷ്ഠയാകാം. എപ്പോള്‍ വേണമെങ്കിലും ഹൃദയത്തില്‍ ഗരുഡന്‍ വന്നുകയറാം. ഏതു സാഹചര്യത്തിലും അന്യന്റെ വീഴ്ചയില്‍ സ്വയം നേട്ടമുണ്ടാക്കാമെന്നു കരുതുന്ന ശവംതീനിയായ കഴുകന്‍ നമ്മുടെ മനസ്സിനെ കീഴടക്കാം. സദാ ശ്രദ്ധയോടെ കഠിനസാധനയോടെ ഈ രാക്ഷസരെയെല്ലാം നമുക്ക് വകവരുത്താം. അതിന് ഹൃദയം ഭക്തിയില്‍ നിറയണം. സാമവേദത്തില്‍ ആ ഭക്തി ഹൃദയത്തില്‍ വന്നണയാനുള്ള പ്രാര്‍ത്ഥന കാണുക. യസ്‌തേ മദോ വരേണ്യ (സാമവേദം പൂര്‍വ്വാര്‍ച്ചികം 5.2) നിന്റെ ആ വരണീയമായ ഭക്തിരസം നിറഞ്ഞ മദത്തിനെ ഞങ്ങള്‍ക്ക് തന്നാലുമെന്നര്‍ത്ഥം. ആ ഭക്തി വന്നു നിറഞ്ഞിട്ടുവേണം നമുക്ക് മത്തനെപ്പോലെ നൃത്തം കുതിയ്ക്കുവാന്‍. കാരണം അതീവ പവിത്രമായ ആ സോമരസം നമ്മെ ആര്‍ദ്രമനസ്‌കരാക്കുന്നൂവെന്ന് യജുര്‍വേദം പറഞ്ഞുതരുന്നുണ്ട്. അത് ഭംഗിയായി നനച്ച് ആനന്ദനടനമായി പരിണമിച്ച് ഭഗവാന്റെ ദിവ്യഗുണങ്ങളെ പ്രേമോപാസകനെപ്പോലെ വാരംവാരം സങ്കീര്‍ത്തനമായി ആലപിക്കുകയാണ് ഭക്തന്‍ ചെയ്യേണ്ടത്. യജുര്‍വേദത്തിലെ ഭക്തിയുടെ ആ തേര്‍തള്ളിച്ച വര്‍ണിക്കുന്ന മന്ത്രം കാണുക. സിഞ്ചന്തി പരിഷിഞ്ചന്തി ഉത്‌സിഞ്ചന്തി പുനന്തി ച (യജുര്‍വേദം 20.28) വേദത്തിലെ ഭക്തിയുടെ ഈ ആനന്ദനടനം, ആനന്ദതേര്‍ത്തള്ളിച്ച, സങ്കീര്‍ത്തന വര്‍ഷം ഭക്തനു മാത്രമേ ഉള്‍ക്കൊള്ളാനാകൂ. ഹൃദയം ഒരു ശ്രീകോവിലാണ്. അവിടെ പ്രതിദിനം നിര്‍മാല്യശുദ്ധി വരുത്തണം. ഭഗാവനെ ശുദ്ധവികാരമാകുന്ന ജലം കൊണ്ട് അഭിഷേകം നടത്തണം. ഭക്തിയാകുന്ന തീര്‍ത്ഥമെടുത്ത് മനസ്സാകുന്ന നിവേദ്യത്തെ സമര്‍പ്പണ ഭാവത്തോടെ സമര്‍പ്പിക്കണം. സമര്‍പ്പണമാണ് ഭക്തി. ഭക്തിയുടെ പരിണാമമാണ് സോമരസം. അതു പാനം ചെയ്യാന്‍ രാക്ഷസരെ വധിക്കണം. സാധകരെ, നമുക്ക് ഹൃദയസോപാനത്തില്‍ ഭഗവാന്റെ ഭക്തിയാകുന്ന മധു നുകര്‍ന്ന് ആനന്ദനൃത്തമാടാം.  
janmabhumi

No comments: