Friday, October 05, 2018

കേള്‍ക്കുമ്പോള്‍ അത് ശ്രുതിയാണ്. ചിന്തിച്ചു മനനം ചെയ്യുമ്പോള്‍ അത് യുക്തിയും ആകുന്നു. ആചരണത്തില്‍ നിരന്തരധ്യാനത്തിലൂടെ സ്വാനുഭവം വരുമ്പോള്‍ മാത്രമേ അത് ഒരാള്‍ക്ക് സത്യമാകുന്നുള്ളൂ.
അതിനാല്‍ സ്വാനുഭവത്തില്‍ വരുന്നതുവരെ മറ്റുള്ളവരുടെ വാക്കുകളും സ്വന്തം യുക്തികളും എല്ലാം അസത്യമോ ഊഹാപോഹങ്ങളോ മാത്രമാകുന്നു എന്നതാണ് ഭാരതീയാദര്‍ശം. അതിപ്പോള്‍ ഈശ്വരവാദമായാലും ശരി നിരീശ്വരവാദമായാലും ശരി. കേള്‍ക്കുന്നതെന്തും വായിക്കുന്നതെന്തും അപ്പോള്‍ തന്നെ സ്വീകരിക്കുന്നയാള്‍ അവിവേകിയാണ്. കേള്‍ക്കുന്നതെല്ലാം യുക്തിയോടെ വിവേകവിചാരം ചെയ്തുനോക്കണം. പിന്നെ ആചരിച്ചനുഭവവും നോക്കണം.
ചിലര്‍ സ്വന്തം യുക്തിയും സ്വാനുഭവവും ഇല്ലാതെ കേള്‍ക്കുന്നതെല്ലാം വിശ്വസിക്കും. അവര്‍ക്ക് ഒരിക്കലും അറിഞ്ഞകാര്യങ്ങളില്‍ ആത്മവിശ്വാസം ഉണ്ടായിരിക്കില്ല. ഇനി ചിലര്‍ മറ്റുള്ളവരുടെ വാക്കുകളെയും സ്വന്തം യുക്തിയെയും മാത്രം പരിഗണിച്ച് എന്തിനെയും വിശ്വസിക്കുന്നു. അവരാകട്ടെ ആചരണംകോണ്ട് സ്വാനുഭവം നോക്കാറില്ല എന്നതിനാല്‍ അവരുടെ വാക്കുകളിലും ആത്മവിശ്വാസം ഉണ്ടായിരിക്കില്ല. മറ്റൊരുകൂട്ടരാകട്ടെ അപരന്‍റെയുക്തിയും സ്വന്തം യുക്തിയും മാത്രമല്ല ആചരിച്ചുകൊണ്ട് സ്വാനുഭവം കൂടി നോക്കുന്നു. ഒരാളുടെ അനുഭവമാണല്ലോ ശരിയായ അറിവ്. സ്വാനുഭവം ഇല്ലെങ്കില്‍ വരുന്ന കുഴപ്പം എന്താണെന്നോ? മറ്റൊരാളുടെ വാക്കുകളിലെ അയാളുടെ യുക്തിയും, സ്വന്തം ചിന്തയിലെ സ്വന്തം യുക്തിയും ഒരുപോലെ ആകുന്നതു മാത്രം ആകാമല്ലോ! അനുഭവത്തില്‍ അത് അങ്ങനെതന്നെ ആകണമെന്നില്ല !!!
ഉദാഹരണത്തിന് ഒരുകൂട്ടര്‍ പറയുകയാണ് മനുഷ്യനാണ് ദൈവത്തെ സൃഷ്ടിച്ചത്. ഇതുകേട്ട് ഒരാള്‍ ചിന്തിക്കുകയാണ്, ശരിയാണല്ലോ എല്ലാത്തിനെയും സൃഷ്ടിക്കുവാന്‍ കഴിവുള്ള ഈശ്വരന്‍ എന്തുകൊണ്ടാണ് എല്ലാ മനുഷ്യരെയും പൂര്‍ണ്ണതയോടെ സൃഷ്ടിക്കാത്തത്, മാത്രമല്ല പ്രശ്നങ്ങളില്‍ അകപ്പെടുന്ന ഭക്തരെയൊന്നും രക്ഷിക്കുന്നില്ല, ലോകത്തില്‍ പട്ടിണിയും ദുരിതങ്ങളുംകൊണ്ട് വലയുന്ന ജനങ്ങളെ ഈശ്വരന്‍ കാണുന്നില്ലേ? എന്നിങ്ങനെ സമാന യുക്തിചിന്തകള്‍കൊണ്ട് നാം ഈശ്വരന്‍ ഇല്ല എന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. എന്നാല്‍ മറ്റൊരുകൂട്ടര്‍ സ്വന്തം യുക്തികൊണ്ടുതന്നെ മേല്പറഞ്ഞ പൂര്‍വ്വപക്ഷവാദങ്ങളെ ഖണ്ഡിക്കുന്നു. പ്രപഞ്ചത്തില്‍ എല്ലാത്തിനും ഒരു വ്യവസ്ഥയും കണക്കും ഉണ്ടല്ലോ! ആ വ്യവസ്ഥയും കണക്കും കണ്ടെത്തി വിവരിക്കുന്നതാണല്ലോ ശാസ്ത്രങ്ങള്‍. അതുപോലെ തന്നെ നമ്മുടെ ജീവിതാനുഭവങ്ങള്‍ക്കും ഒരു വ്യവസ്ഥയും കണക്കും കാണാതിരിക്കില്ലല്ലോ! കണ്ണില്‍ കാണുന്ന സ്ഥൂലമായ മാറ്റങ്ങള്‍ക്ക് വ്യക്തമായ കാരണം ഉണ്ടായിരിക്കുകയും, കണ്ണില്‍ കാണപ്പെടാത്ത ജീവിതാനുഭവങ്ങള്‍ക്ക് ശാസ്ത്രീയമായ ഒരു പൂര്‍വ്വകാരണം ഇല്ലാതിരിക്കുകയും ചെയ്യുമോ? അങ്ങനെ രണ്ടിടത്ത് രണ്ട് യുക്തിയെങ്ങനെ ശരിയാകും! ബാഹ്യലോകത്തെ മാറ്റങ്ങള്‍ക്ക് അതിന്‍റെതായ നിയമം ഉണ്ടെങ്കില്‍ ആന്തരികമായ സുഖദുഃഖങ്ങള്‍ക്കും അതിന്‍റെതായ നിയമം ഉണ്ട്. എന്നതിനാല്‍ അതിന്‍റെ വ്യവസ്ഥയും കണക്കും പറയുന്ന ശ്രുതികള്‍ക്കും കൂടി നമുക്ക് കാതുകൊടുക്കാം എന്നു തോന്നുന്നു. കര്‍മ്മമാണ് അനുഭവത്തെ സൃഷ്ടിക്കുന്നത്. എന്നതിനാല്‍ ഒരു വ്യവസ്ഥയും കൂടാതെ ജീവിക്കുന്നത് നന്നല്ല. ഇങ്ങനെയാണ് കേട്ട കാര്യത്തെ ഒരാള്‍ സ്വന്തം യുക്തികൊണ്ട് പരിശോധിക്കുന്നത്. ഒരേ രീതിയില്‍ ചിന്തിക്കുന്നവര്‍ക്കിടയില്‍ ഇതിന് സാദ്ധ്യതയും ഇല്ലല്ലോ എന്ന അപാകതയാണ് നേരത്തെ സൂചിപ്പിച്ചത്. ആരുടെ യുക്തിയാണ് സത്യം എന്നറിയണമല്ലോ! അവിടെ സ്വാനുഭവം പ്രമാണമാകുന്നു.
ജന്മാവസ്ഥമുതലിന്നേവരെയുള്ള നമ്മുടെ ഇന്നത്തെ അനുഭവങ്ങള്‍ക്ക് സ്വന്തം കര്‍മ്മങ്ങളാണ് കാരണം. സുഖാവസ്ഥയെ പ്രാപിക്കണമെങ്കില്‍ സുഖത്തെ സൃഷ്ടിക്കുന്ന സാത്വിക കര്‍മ്മങ്ങള്‍ പ്രകാരം ജീവിക്കണം. അങ്ങനെ ഒരാള്‍ സദാചാരങ്ങള്‍ സ്വീകരിക്കുന്നു. എന്നും ആന്തരികവും ബാഹ്യവുമായ വൃത്തിക്കായ് കുളിയും ജപവും ചെയ്ത്, കള്ളം പറയാതെ, മോഷ്ടിക്കാതെ, കോപിക്കാതെ, അമിതമായ ആസക്തികളില്‍ വീണുപോകാതെ, ഭക്തിയോടെ അറിവില്‍ ശ്രദ്ധയോടെ ജീവിക്കണം. അത്തരം സദാചാരശീലങ്ങള്‍ നമുക്ക് സുഖം തരുന്നു. നിലവിലുള്ള ദുശ്ശീലങ്ങളെ എല്ലാം ഒഴിവാക്കുകയും ആ സ്ഥാനത്ത് ഗുരുക്കന്മാര്‍ ആചരിച്ചുകാട്ടിതന്ന സദാചാരങ്ങള്‍ ശീലിക്കുകയും ചെയ്യണം. അപ്പോള്‍ ഒരാള്‍ക്ക് കേട്ട കാര്യവും യുക്തിയില്‍ ബോധിച്ച കാര്യവും സ്വാനുഭവത്തില്‍ വരുന്ന മാറ്റംകൊണ്ട് തീര്‍ച്ചപ്പെടുത്താനാകുന്നു. ദുരാചാരംകൊണ്ട് ഉണ്ടായ കുത്തഴിഞ്ഞ ജീവിതം സമ്മാനിച്ച രോഗങ്ങളും ദുരിതങ്ങളും സദാചാരങ്ങള്‍ കൊണ്ട് ശമിക്കുന്നതു കാണാം. മനുഷ്യന്‍റെ സുഖദുഃഖങ്ങളെ സൃഷ്ടിക്കുന്നത് അവന്‍റെതന്നെ കര്‍മ്മളാണ്. ഇവിടെയാണ് ജീവിതാനുഭവങ്ങളെ സൃഷ്ടിക്കുന്നതിനും വ്യക്തമായ കണക്കും വ്യവസ്ഥയും ഉണ്ടെന്ന കാരണം വ്യക്തമാകുന്നത്. ആ കര്‍മ്മതത്ത്വം വ്യക്തമാകുമ്പോള്‍ നാം സദാചാരങ്ങള്‍ പാലിച്ചു ജീവിക്കാന്‍ തുടങ്ങും. എന്നാല്‍ നമുക്ക് അതില്‍ എത്രതവണ വീഴ്ചപറ്റിയാലും വിഷമിക്കരുത്, വീണ്ടും വീണ്ടും അതിനായി ശ്രമിക്കുക ഒടുവില്‍ നാം വിജയിക്കും എന്ന് വിവേകാനന്ദസ്വാമികള്‍ പറയുന്നു.
ഈശ്വരന്‍ ആരെന്ന അനുഭവമാണ് ആടുത്ത് ഉണ്ടാകേണ്ടത്. നമ്മുടെ കര്‍മ്മങ്ങള്‍ നമ്മുടെ ഉള്ളിലെ സങ്കല്പവിചാരങ്ങളില്‍നിന്നു വരുന്നു. അതാകട്ടെ പൂര്‍വ്വവാസനകളുടെ പ്രേരണയാലും സംഭവിക്കുകയാണല്ലോ! അപ്പോള്‍ പിന്നെ ഈ വാസനകള്‍ ക്ഷയിച്ചാലല്ലാതെ അതിനുമപ്പുറത്ത് എന്തു ശക്തിയാണ് നമ്മില്‍ ഉള്ളതെന്ന് ഒരാള്‍ക്ക് അനുഭവിക്കാന്‍ കഴിയുകയുമില്ല. അതിനാല്‍ വാസനാക്ഷയത്തെ മനഃശുദ്ധി എന്നു പറയുന്നു. വാസനകള്‍ അശുദ്ധിയായ് ഈശ്വരനെ മറയ്ക്കുന്നു.
'നാദത്തിലുണ്ടാം നമഃശിവായപ്പൊരുള്‍
ആദിയായുള്ളതെന്നാടുപാമ്പേ.'-
എന്ന് ശ്രീനാരായണഗുരു കുണ്ഡലിനീപാട്ടില്‍ പറയുന്നുണ്ട്. ആ ശ്രുതി ശ്രവിച്ച് നമുക്ക് നമ്മുടെ വികാരങ്ങളെയും വിചാരങ്ങളെയും അടക്കി നാദശക്തിയുടെ ആദിമമായ മഹത്വം എന്തെന്ന് അന്വേഷിച്ചു നോക്കാവുന്നതാണ്. 'നാദരൂപിണീ അഹോ നാടകം നിഖിലവും' എന്നാണ് ജനനീനവരത്നമഞ്ജരിയില്‍ പ്രപഞ്ചകാരിണിയെ കുറിച്ച് ഗുരു പറയുന്നത്.
ചരിത്രം പഠിപ്പിച്ചതും ശാസ്ത്രങ്ങള്‍ പഠിപ്പിച്ചതും സ്വന്തം യുക്തിയും കൊണ്ടുമാത്രം അറിയാവതല്ല ജന്മരഹസ്യം. അതിന് ആചരണവും തതനുഗതമായ സ്വാനുഭവവും വേണ്ടതാണ്. ഏതൊരറിവും ഭൗതികമാകട്ടെ ആദ്ധ്യാത്മികമാകട്ടെ ശ്രദ്ധയോടെ കേള്‍ക്കുക, പിന്നെ വിവേകത്തോടെ യുക്തിവിചാരംചെയ്യുക, ശേഷം ആചരണത്തിലൂടെ അനുഭവിച്ചറിയുക. ശ്രുതി, യുക്തി, അനുഭവം ഇതാണ് അറിവിന്‍റെ കാര്യത്തില്‍ ഭാരതത്തിലെ നിയമവിധി. .
krishnakumar.kp

No comments: