Friday, October 19, 2018

ബൃഹദാരണ്യകത്തിലെ   അഞ്ചാം അദ്ധ്യായത്തിന്റെ  നാലാം ബ്രാഹ്മണത്തില്‍ തനിക്കും തന്റെ പിതൃക്കള്‍ക്കും സദ്ഗതി നല്‍കുവാന്‍ കഴിവുള്ള സത്പുത്രന്മാരുണ്ടാകുവാനുള്ള പുത്രമന്ഥം എന്ന വൈദിക കര്‍മ്മത്തെ വിവരിക്കുന്നു. ഭൂതങ്ങളുടെ രസമാണ് പൃഥ്വി. പൃഥ്വിവിയുടെ രസമാണ് ജലം, ജലത്തിന്റെ രസമാണ് ഓഷധികള്‍, ഓഷധികളുടെ രസമാണ് പൂക്കള്‍, പുഷ്പരസമാണ് ഫലങ്ങള്‍, ഫലങ്ങളുടെ രസമാണ് പുരുഷന്‍, പുരുഷന്റെ രസമാണ് രേതസ്സ്. മേല്‍പ്പറഞ്ഞ എല്ലാറ്റിന്റേയും സാരതമമായ ഈ രേതസ്സിന് ഒരു ആശ്രയം എന്ന നിലയ്ക്ക് സൃഷ്ടികര്‍ത്താവായ പ്രജാപതി സ്ത്രീയെ സൃഷ്ടിച്ചു. പുത്രോത്പ്പാദനക്രിയ വാജപേയയാഗം പോലെ കാണേണ്ടതാണ് എന്ന് പറയുന്നു. എങ്കിലേ സത്പുത്രജനനം സാധ്യമാകൂ.                    
 വെളുപ്പ്, പിംഗലം (കപിലം), കറുപ്പ് എന്നിങ്ങനെ ഇഷ്ടനിറത്തിലുള്ളവനും, ഒരു വേദം പഠിച്ചവന്‍, രണ്ടുവേദം പഠിച്ചവന്‍, മൂന്നു വേദം പഠിച്ചവന്‍,  എല്ലാവേദങ്ങളും പഠിച്ച് പണ്ഡിതസഭയില്‍ വാദിക്കാന്‍ കെല്‍പ്പുള്ളവന്‍, വിദുഷിയായ പുത്രി, നൂറു വര്‍ഷം ആയുസ്സുള്ള സന്താനം എന്നിങ്ങനെ ദമ്പതികളുടെ മനോരഥം അനുസരിച്ചുള്ള സത്സന്താനങ്ങളുണ്ടാകാന്‍ ദമ്പതിമാര്‍ അനുഷ്ഠിക്കേണ്ട ചര്യകളും ഭക്ഷണക്രമങ്ങളും കര്‍മ്മങ്ങളും, സന്തതി ഉണ്ടായിക്കഴിഞ്ഞാല്‍ ചെയ്യേണ്ട ജാതകര്‍മ്മങ്ങള്‍ എന്നിവയും ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഇഷ്ടനിറത്തിലുള്ള സന്തതി ഉണ്ടാകാന്‍ കഴിക്കേണ്ട ഔഷധങ്ങള്‍ സുശ്രുതസംഹിതയില്‍ വിവരിക്കുന്നുണ്ട്. അവിടെ ചില വൈദികമന്ത്രങ്ങളും പറയുന്നുണ്ട്.
vamanan

No comments: