Friday, October 19, 2018

നാടുനീളെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടക്കുന്ന ഒരു കാലഘട്ടമാണിത്. ആദ്ധ്യാത്മികപ്രഭാഷണം, സാംസ്‌കാരികപ്രഭാഷണം, രാഷ്ട്രീയപ്രസംഗം,  മതപ്രസംഗം, മതത്തിനെതിരെയുള്ള പ്രസംഗം എന്നുവേണ്ട, ഓരോരുത്തര്‍ക്കും ഓരോ വിഷയത്തെക്കുറിച്ച് പ്രസംഗിക്കാനുണ്ട്. 
വാക്കുകള്‍, വാക്കുകള്‍ മാത്രമായാല്‍പ്പോരാ, പറയുന്നയാളുടെ ജീവിതത്തില്‍ അതു പ്രതിഫലിച്ചാല്‍ മാത്രമേ അവയ്ക്ക് ശക്തിയുണ്ടാകൂ. ഒരാളുടെ മനസ്സും വാക്കും പ്രവൃത്തിയും ഒരുപോലെയാകണം. അത് യഥാര്‍ഥ മഹത്വത്തിന്റെ ലക്ഷണമാണ്. എത്ര പറഞ്ഞു, എത്രകേട്ടു എന്നതല്ല, പറയുന്നയാള്‍ എത്ര ആര്‍ജവത്തോടെ പറഞ്ഞു, കേള്‍ക്കുന്നയാള്‍ എത്രകണ്ട് അതു ജീവിതത്തിലുള്‍ക്കൊണ്ടു എന്നതാണു മുഖ്യം. ഇതു പറയുമ്പോള്‍ ഒരു കഥ ഓര്‍മവരുന്നു. 
ഒരു ക്ഷേത്രത്തിലെ കമ്മിറ്റിക്കാര്‍ ഉത്സവത്തോടനുബന്ധിച്ച് ഒരു പണ്ഡിതനെ പ്രഭാഷണത്തിനായി ക്ഷണിച്ചു. അവര്‍ പണ്ഡിതനോടു പറഞ്ഞു, 'അങ്ങയുടെ പ്രഭാഷണം എല്ലാവര്‍ക്കും ഇഷ്ടമാണ്. ഞങ്ങളുടെ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ഉത്സവത്തിന് അങ്ങയുടെ ഒരു പ്രഭാഷണപരമ്പര വെയ്ക്കണമെന്നുണ്ട്.'
ആദ്യദിവസത്തെ പ്രഭാഷണത്തിന് രണ്ടായിരത്തോളം ആളുകളുണ്ടായിരുന്നു. പ്രഭാഷണം എല്ലാവര്‍ക്കും ഇഷ്ടമായി. ആദ്യദിവസം വന്ന എല്ലാവരും രണ്ടാം ദിവസവും പ്രഭാഷണം കേള്‍ക്കാനെത്തി. പക്ഷെ പണ്ഡിതന്‍ ആദ്യദിവസം സംസാരിച്ച കാര്യങ്ങള്‍ തന്നെ അന്നും ആവര്‍ത്തിച്ചു. അതുകാരണം മൂന്നാം ദിവസം ശ്രോതാക്കളുടെ എണ്ണം കുറവായിരുന്നു. മൂന്നാം ദിവസവും പണ്ഡിതന്‍ അതേ പ്രഭാഷണം തന്നെ ആവര്‍ത്തിച്ചു. ഇങ്ങനെ ഒരേ പ്രഭാഷണം തന്നെ സ്ഥിരമായി ആവര്‍ത്തിക്കുന്നതു  കാരണം കേള്‍വിക്കാരുടെ എണ്ണം ദിവസംതോറും കുറഞ്ഞുകൊണ്ടിരുന്നു. 
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പ്രഭാഷണം കേള്‍ക്കുവാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായി. എട്ടാമത്തെ ദിവസം പ്രഭാഷണം കേള്‍ക്കുവാന്‍ ഒരു ഭക്തന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ദിവസം പണ്ഡിതന്‍ ഒരു പുതിയ വിഷയത്തെക്കുറിച്ചു സംസാരിച്ചു. പ്രഭാഷണം അവസാനിച്ചപ്പോള്‍ ഭക്തന്‍ പണ്ഡിതനോടു ചോദിച്ചു, ''ഇത്രയും ദിവസം അങ്ങ് ഒരേ വിഷയത്തെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്. രണ്ടാമത്തെ ദിവസം തന്നെ പുതിയ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെങ്കില്‍ എല്ലാവരും ദിവസവും പ്രഭാഷണത്തിനു വരുമായിരുന്നു. അങ്ങ് എന്താണ് അങ്ങനെ ചെയ്യാതിരുന്നത്?'' പണ്ഡിതന്‍ പറഞ്ഞു, ''പ്രഭാഷണം കേള്‍ക്കാനെത്തിയവര്‍ അതു കേള്‍ക്കാന്‍ മാത്രമാണ് താല്‍പര്യം കാണിച്ചത്. എന്റെ പ്രഭാഷണത്തില്‍ പറഞ്ഞിരുന്ന തത്ത്വങ്ങള്‍ പ്രവൃത്തിയില്‍ വരുത്തുവാന്‍ ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പി
ന്നീടുള്ള ദിവസങ്ങളിലും അതേ പ്രഭാഷണം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഭക്തന്‍ വീണ്ടും ചോദിച്ചു, ''എന്നാല്‍ ഇന്ന് ഞാന്‍ ഒരാള്‍ മാത്രമുണ്ടായിട്ടും പുതിയ വിഷയം സംസാരിച്ചല്ലോ. അതിനെന്താണു കാരണം?'' പണ്ഡിതന്‍ മറുപടി നല്‍കി, ''എന്റെ പ്രഭാഷണത്തില്‍ പറഞ്ഞിരുന്ന രണ്ടു മൂല്യങ്ങള്‍ നീ ജീവിതത്തില്‍ പകര്‍ത്തി. കഴിഞ്ഞ ദിവസം നിന്റെ വീട്ടില്‍ ഒരു യാചകന്‍ വന്ന് വസ്ത്രം യാചിച്ചപ്പോള്‍, അതിനുതക്ക സമ്പത്ത് നിനക്ക് ഇല്ലാതിരുന്നിട്ടും യാതൊരു മടിയും കൂടാതെ നിന്റെ ഒരു ജോടി ഉടുപ്പ്  അവന് നല്‍കി. രണ്ടാമത്, ഇന്നു ക്ഷേത്രത്തിലേക്കു വരുമ്പോള്‍ ചെരിപ്പ് തെറ്റായ സ്ഥലത്തു വെച്ചതിന് കാവല്‍ക്കാരന്‍ നിന്നോട് ദേഷ്യപ്പെട്ടപ്പോള്‍ നിന്റെ മനഃസംയമനം നഷ്ടമായില്ല. നീ വളരെ ശാന്തനായി അയാളോട് ക്ഷമ ചോദിച്ചശേഷം ചെരിപ്പ് ശരിയായ സ്ഥലത്തു വെച്ചു. അങ്ങനെ എന്റെ സത്സംഗത്തില്‍ ഊന്നിപ്പറഞ്ഞ രണ്ടു മൂല്യങ്ങള്‍ നീ ജീവിതത്തില്‍ ഉള്‍ക്കൊണ്ടു. കേട്ട കാര്യങ്ങള്‍ നീ പ്രവൃത്തിയില്‍ വരുത്തുന്നു എന്ന് എനിക്കു ബോധ്യമായതുകൊണ്ടാണ് ഇന്ന് ഞാന്‍ പുതിയ വിഷയത്തെക്കുറിച്ചു സംസാരിച്ചത്.'' 
നമ്മള്‍ വാക്കുകള്‍ ചെവികളിലൂടെ കേട്ട് വായിലൂടെ പുറത്തു കളഞ്ഞതുകൊണ്ട് കാര്യമില്ല. കേള്‍ക്കുന്ന വാക്കുകള്‍ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങണം. ഹൃദയം കൊണ്ട് നമ്മള്‍ അവയെ ഉള്‍ക്കൊള്ളണം. അപ്പോള്‍ അവ നമ്മളില്‍ പരിവര്‍ത്തനം ഉണ്ടാക്കും, നമ്മുടെ ജീവിതത്തിലൂടെ അവ പ്രകാശിക്കും. മറ്റുള്ളവര്‍ക്കും അതു മാതൃകയാകും. ഇങ്ങനെ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക്, അയാളില്‍നിന്ന് വീണ്ടും മറ്റൊരാളിലേക്ക് മൂല്യങ്ങള്‍ സംക്രമിക്കുമ്പോള്‍ അത് സമൂഹത്തില്‍ ആകമാനം ശുഭകരമായ മാറ്റമുണ്ടാക്കും.
amma

No comments: