ശബരിമല യുവതീപ്രവേശനത്തെ സംബന്ധിച്ച് ഇതുവരെ കേട്ട അഭിപ്രായങ്ങളിൽ ഏറ്റവും യുക്തിഭദ്രവും ആദരണീയവുമായി എനിയ്ക്കു തോന്നിയത് ചിദാനന്ദപുരി സ്വാമികളുടെ അഭിപ്രായമാണ്. സ്മൃതിവിഷയങ്ങളായ ആചാരാനുഷ്ഠാനങ്ങൾ ശ്രുതിവിഷയത്തെപ്പോലെ സനാതനമല്ലെന്നും കാലാനുസാരിയായ മാറ്റങ്ങൾ അവയിൽ വരുത്തേണ്ടതുണ്ടെങ്കിൽ അതു നടപ്പിൽ വരുത്തുന്നതിൽ യാതൊരു തെറ്റുമില്ലെന്നും, പക്ഷെ, മതപരമായ വിഷയങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടത് മതത്തെയും അതിന്റെ ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് ആധികാരികമായി പറയുവാൻ ജ്ഞാനവും ബോധവും വിശ്വാസവുമുള്ള പണ്ഡിതസമൂഹമാകണമെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്. ഇതാണ് ശരിയായ നിലപാട്. ഒരു കോളേജിൽ അദ്ധ്യാപകർ പഠിപ്പിക്കുന്ന രീതി ശരിയല്ലെങ്കിൽ അതു ശരിയാക്കാൻ അവിടുത്തെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന അക്കാദമികസമൂഹമല്ലേ മുന്നിട്ടിറങ്ങേണ്ടത്, അല്ലാതെ വഴിയേ പോകുന്നവരാകരുതല്ലോ?
പൊതുസ്ഥലമാണ് ക്ഷേത്രം എന്നു നിർവചിക്കുമ്പോഴാണ്, അവിടെ പ്രവേശിക്കുന്നതിലുള്ള ഏതുവിധ നിയന്ത്രണത്തെയും പൗരന്റെ മൗലികാവകാശലംഘനമായി കണക്കാക്കാൻ കഴിയുന്നത്. പക്ഷേ സിനിമ തീയറ്റർ പോലെയുള്ള പൊതുസ്ഥലങ്ങളാണോ ക്ഷേത്രങ്ങളും പള്ളികളും മറ്റു മതസ്ഥാപനങ്ങളും? അല്ലെന്നാണ് 'മീഡിയ വൺ' ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ടു ഒരു അഭിഭാഷകൻ അഭിപ്രായപ്പെട്ടത്. പള്ളികൾ, സെമിറ്റിക് മതത്തിലെ ഈശ്വരനെ ആരാധിക്കുന്ന ഇടമാണെങ്കിൽ, ക്ഷേത്രങ്ങൾ ദേവന്റെ വീടുതന്നെയായിട്ടാണ് (house of deity) അംഗീകരിക്കപ്പെട്ടിട്ടുള്ളതെന്നും ആയതിനാൽ തന്നെ ക്ഷേത്രങ്ങൾ പൊതു ഇടങ്ങളല്ല, മറിച്ചു സ്വകാര്യ ഇടങ്ങളാണെന്നും അദ്ദേഹം പറയുന്നതു കേട്ടു. ഇപ്പറഞ്ഞതിന്റെ നിയമവശങ്ങളൊന്നും എനിയ്ക്കറിയില്ല. പക്ഷെ, പറഞ്ഞതു ശരിയാണെങ്കിൽ, പിന്നിനി കൂടുതൽ സംസാരിക്കാനെന്തിരിക്കുന്നു? സ്വകാര്യ ഇടമായ എന്റെ വീട്ടിൽ എനിക്കിഷ്ടമുള്ളവർ വന്നാൽ മതിയെന്നു പറയാനുള്ള അധികാരം എനിയ്ക്കുള്ളതുപോലെ, ദേവന്റെ ആലയത്തിൽ, ദേവന് ഇഷ്ടമുള്ളവർ വന്നാൽ മതിയെന്ന് ദേവനും (തന്ത്രിയിലൂടെ) പറയാമല്ലോ? മനുഷ്യനെപ്പോലെ ചിന്തിച്ചു പറയാൻ കഴിയുന്ന ആളല്ല അദൃശ്യനായ ദേവനെന്നും, ആയതിനാൽ ദേവഹിതമായിപ്പറയുന്നത് ദേവന്റെ ഹിതമൊന്നുമല്ല, യാഥാസ്ഥിതികനായ തന്ത്രിയുടെ ബ്രാഹ്മണഹിതമാണെന്നും അതു സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനു ഗുണകരമാകില്ല എന്നും പറയുന്നതിൽ ഒരൽപ്പം യുക്തിയുണ്ട്. ഇവിടെയാണ് ചിദാനന്ദപുരിസ്വാമികളുടെ അഭിപ്രായം പ്രസക്തമാകുന്നത്. ഇങ്ങനെയുള്ള കാര്യങ്ങൾ വിഷയജ്ഞാനവും ലോകജ്ഞാനവുമുള്ള പണ്ഡിതസമൂഹം ചർച്ച ചെയ്തു,കാലാനുസാരിയായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതു നടപ്പിൽ വരുത്തണം. ഇതിനു ശാസ്ത്രസമ്മതിയുമുണ്ടത്രേ.
യുക്തിയുടെ മാത്രം അടിസ്ഥാനത്തിൽ നോക്കിയാൽ മതങ്ങളും മതവിശ്വാസങ്ങളുമൊന്നും മനുഷ്യന് ആവശ്യമില്ലാത്തതാണെന്നു സമർത്ഥിക്കാൻ കഴിഞ്ഞേക്കും. പക്ഷേ, നൂറ്റാണ്ടുകളായി നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള മതത്തെയും മതവിശ്വാസങ്ങളെയും നിരാകരിച്ചുകൊണ്ട്, ബഹുസ്വരത മുഖമുദ്രയായിരിയ്ക്കുന്ന ഭാരതത്തെപ്പോലൊരു രാജ്യത്തിനു മുന്നോട്ടു പോകാൻ കഴിയില്ല. എല്ലാവരുടെയും മതവിശ്വാസങ്ങളെ ബഹുമാനിച്ചു കൊണ്ടും, അതേസമയം തന്നെ സമൂഹത്തിനു ദോഷം വരുത്തുന്ന മതാചാരങ്ങളെയും വിശ്വാസങ്ങളെയും കാലാനുസാരിയായി പരിഷ്‌ക്കരിച്ചുകൊണ്ടും, മുന്നോട്ടു പോകാനേ നമുക്ക് കഴിയൂ. അതാതു മതങ്ങളിലെ പണ്ഡിതസമൂഹമാണ്, ഉത്തരവാദിത്തപൂർണ്ണമായ ഇടപെടലുകളിലൂടെ, ഈ മദ്ധ്യമാർഗ്ഗത്തിൽ ചരിക്കാൻ മതവിശ്വാസികളെ പ്രേരിപ്പിക്കേണ്ടത്.
No comments:
Post a Comment