Wednesday, October 03, 2018

നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി

നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി.
തറ്റുടുത്ത് ഭസ്മക്കുറിയണിഞ്ഞ് അവില്‍പ്പൊതിയും ഭക്തിയുടെ അഭൗമ തേജസ്സുമായി 'ദാനവാരി മുകുന്ദനെ സാനന്ദം' കാണാന്‍ പോകുന്ന ആ വിപ്രവര്യന്‍-നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയുടെ കുചേലബ്രാഹ്മണന്‍-കഥകളി ആസ്വാദകരുടെ മനസ്സില്‍ എന്നും തിളങ്ങി നില്‍ക്കും. കലയോടുള്ള ആത്മാര്‍ത്ഥതയില്‍ നിന്ന് ഉരുവംകൊണ്ട താദാത്മ്യം പ്രാപിക്കലാണത്. 
ജനനവും വിദ്യാഭ്യാസവും കുടുംബവും
എറണാകുളം ജില്ലയിലെ ചേരാനല്ലൂരില്‍ നെല്ലിയോട് മനയില്‍ വിഷ്ണുനമ്പൂതിരിയുടേയും പാര്‍വതി അന്തര്‍ജ്ജനത്തിന്റെയും പുത്രനായി 1940-ഫെബ്രുവരിയില്‍ ജനനം. ഒരു ജ്യേഷ്ഠനും മൂന്നു സഹോദരിമാരുമാണുണ്ടായിരുന്നത്. നെല്ലിയോടിനെക്കൂടാതെ ഒരു അനുജത്തി മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. 
കല്യാണസൗഗന്ധികത്തിലെ കൃഷ്ണന്റെ പതിഞ്ഞ പദത്തോടെയായിരുന്നു നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ആദ്യമായി അരങ്ങിലെത്തിയത്. വാഴേങ്കട കുഞ്ചുനായരാശാനു പകരമായിട്ടാണ് ഒരിക്കല്‍ ആദ്യമായി സുഗ്രീവന്‍ (ചുവന്ന താടി) കെട്ടിയത്. പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അരങ്ങുകളില്‍ നിന്നരങ്ങുകളിലേക്കുള്ള നിരന്തര പ്രയാണമായിരുന്നു.
ചുവന്നതാടി (സുഗ്രീവന്‍, ദുശ്ശാസനന്‍, കലി, ത്രിഗര്‍ത്തന്‍), കരി (നക്രതുണ്ഡി, സിംഹിക, ലങ്കാലക്ഷ്മി), സുദാമാവ് (കുചേലന്‍) ബകവധത്തിലെ ആശാരി എന്നിവ നെല്ലിയോടിന്റെ മികച്ച വേഷങ്ങളാണ്. പുരാണജ്ഞാനവും സംസ്‌കൃതത്തിലുള്ള അവഗാഹവും കഥാപാത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവ് നല്‍കാന്‍ അദ്ദേഹത്തെ സഹായിക്കുന്നു.
ചില അരങ്ങനുഭവങ്ങള്‍
ഒരിക്കല്‍ മൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനു കഥകളിക്ക് കലാമണ്ഡലം ഗോപിയാശാന്റെ നളനും നെല്ലിയോടാശാന്റെ ഹംസവുമായിരുന്നു. നളന്‍ ഹംസത്തോട്, ഞാന്‍ ദമയന്തിയെത്തന്നെ ചിന്തിച്ചിരിക്കുകയായിരുന്നുവെന്ന് എങ്ങനെ മനസ്സിലായെന്നു ചോദിച്ചുവത്രെ! താന്‍ സാധാരണ ഒരു ഹംസമല്ലെന്നും ദേവസ്ത്രീകളെ 'നട'പഠിപ്പിക്കുന്ന ദിവ്യഹംസമാണെന്നുമായിരുന്നു മറുപടി. കൂടാതെ എനിക്ക് പാലില്‍നിന്ന്് വെള്ളത്തെ വേര്‍തിരിച്ചെടുക്കാനറിയാമെന്നും പറഞ്ഞു. അണിയറയിലെത്തിയപ്പോള്‍ ''ഈ തീരുമേനീടടുത്ത് ഒരു രക്ഷയുമില്ല'' എന്നു ഗോപിയാശാന്‍ പറഞ്ഞു. മനോധര്‍മ്മമാടുമ്പോള്‍ കൂടെ വേഷം ചെയ്യുന്ന ആളോട് ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം പറയിപ്പിക്കുന്നത് കഥകളിയിലെ വിനോദം കൂടിയാണ്.
വിദേശരാജ്യങ്ങളില്‍ നിരവധി അരങ്ങുകള്‍ ലഭിച്ചിട്ടുണ്ടെന്നു നേരത്തേ സൂചിപ്പിച്ചുവല്ലോ. ഒരിക്കലൊരു യൂറോപ്യന്‍ പര്യടനത്തിനിടയില്‍ യുകെയില്‍ അടുപ്പിച്ചു രണ്ടുദിവസത്തെ കളിയുണ്ടായി. ആദ്യ ദിവസം ദുര്യോധനവധത്തിലെ ദുശ്ശാസനനായിരുന്നു. ചുവന്നതാടിയായി മാറിയ നെല്ലിയോടാശാന്റെ അലര്‍ച്ചയും വേഷപ്പകര്‍ച്ചയും കണ്ട് പ്രേക്ഷകര്‍ ഭയപ്പെട്ടു പോയി. അടുത്ത ദിവസം കുചേലവൃത്തത്തിലെ കുചേലനായിരുന്നു. തികഞ്ഞ ഭക്തനും സാത്വികനുമായ ആ ബ്രാഹ്മണനെ കണ്ട പ്രേക്ഷകര്‍, തലേദിവസം ദുശ്ശാസനന്‍ കെട്ടിയ ആള്‍ തന്നെയാണതെന്നു വിശ്വസിക്കാന്‍ വിസമ്മതിച്ചുവത്രേ!
ചെയ്യുന്ന വേഷം എത്ര കുട്ടിത്തരമാണെങ്കിലും അതിനോട് ഏറ്റവും നീതി പുലര്‍ത്തുക എന്നതു നെല്ലിയോടിന്റെ വ്രതമാണ്. ഓരോ വേഷവും പരമാവധി ഭംഗിയാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം നിഷ്‌കര്‍ഷയോടെ ചിന്തിക്കാറുണ്ട്. ഒരിക്കല്‍ ബകവധത്തിലെ ആശാരിയായി അരങ്ങിലെത്തി ശ്രദ്ധയോടെ പ്രവൃത്തികള്‍ ചെയ്തു. കളി കഴിഞ്ഞ് അണിയറയിലെത്തിയ നെല്ലിയോടാശാനോട് 'ശരിക്കും ആശാരിപ്പണി പഠിച്ചിട്ടുണ്ടോ' എന്ന് ആശാരിയായ ഒരാള്‍ ചോദിച്ചുവെന്ന് മകള്‍ മായ നെല്ലിയോട് ഓര്‍മിക്കുന്നു.
ഒരു കവിയും വിവര്‍ത്തകനും കൂടിയായ നെല്ലിയോടിന്റെ ആട്ടക്കഥയായ 'രാസക്രീഡ'യ്ക്ക് ആശംസ എഴുതിയിട്ടുള്ള പ്രസിദ്ധ കവയിത്രി സുഗതകുമാരി നെല്ലിയോടാശാന്റെ വേഷത്തെപ്പറ്റിയും ആട്ടത്തെപ്പറ്റിയും ഇങ്ങനെ എഴുതിയിരിക്കുന്നു.
''കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നെല്ലിയോടിന്റെ കുചേലന്‍, കക്ഷത്ത് അവില്‍പ്പൊതിയും കയ്യില്‍ ഊന്നുവടിയും തോളത്തു ചായുന്ന ഓലക്കുടയുമായി ഭഗവാനെ കാണാന്‍ പോകുന്ന കാഴ്ച ഞാന്‍ വീണ്ടും കാണുകയുണ്ടായി. അദ്ഭുതകരമായിരുന്നു ആ ദൃശ്യം. പ്രാകൃതനായ ആ ഭക്തബ്രാഹ്മണന്‍ വിദൂരപുരിയായ ദ്വാരകയിലേക്കു നടന്നുപോകുകയാണ്. വടിയൂന്നി, തല ചായ്ച്ചു പിടിച്ച്, മുഖത്ത് ദിവ്യമായൊരു സ്മിതവുമായി നടക്കുകയാണ്. ദീര്‍ഘമായ നടപ്പ്. തളരുമ്പോള്‍ നില്‍ക്കുന്നു, ആശ്വസിക്കുന്നു, വീണ്ടും തിടുക്കപ്പെടുന്നു. എത്രയോ കാതങ്ങള്‍ ആ ഭക്തനോടൊപ്പം നമ്മളും നടക്കുന്നു. അവിരാമമായ നടപ്പ്, പക്ഷേ ആ നടപ്പെല്ലാം ഒരേ നിലയില്‍നിന്നുകൊണ്ടാണ്. നടക്കുന്നുവെന്ന തോന്നല്‍ മാത്രം. ശരീരവും മുഖവും കൈകാലുകളും ഗമനഭാവത്തില്‍ ചലിക്കുന്നു, വടിയൂന്നുന്നു, നിന്ന് വിയര്‍പ്പകറ്റുന്നു, ഉത്തരീയമെടുത്തു വീശുന്നു. വീണ്ടും ആയാസപ്പെട്ട് നട തുടങ്ങുന്നു. ഒരേ നിലയില്‍ നിന്നുകൊണ്ടാണീ ദീര്‍ഘയാത്ര മുഴുവന്‍, അംഗചലനങ്ങളിലൂടെ മാത്രം ആവിഷ്‌കരിക്കുന്നത്. ഈ വിശ്വത്തില്‍ ഇതിനപ്പുറമൊരു കലയില്ല എന്ന് അഭിമാനംകൊണ്ട് ഉള്ളുനിറയുന്നൊരു ദൃശ്യം.''
ആസ്വാദകന്റെ പക്കല്‍നിന്ന് ഇത്ര ആത്മാര്‍ത്ഥമായൊരു അനുഭവകഥ എഴുതിക്കാന്‍ കഴിഞ്ഞത് ആ അഭിനയത്തികവുകൊണ്ടു മാത്രമാണെന്നത് ഇതില്‍നിന്നും വ്യക്തമാണല്ലോ. ഇത്തരം കഥകള്‍ എത്ര വേണമെങ്കിലും അദ്ദേഹത്തിന്റെ അരങ്ങില്‍നിന്നും നമുക്ക് കണ്ടെത്താന്‍ സാധിക്കും.
വായനയും മനോധര്‍മ്മവും
''നളചരിതത്തില്‍ ഇനിയും നിരവധി മനോധര്‍മ്മങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. അതിന് പൊതുവേ ആരും ശ്രമിക്കാറില്ല'' നെല്ലിയോട് പറയുന്നു. ഇന്നു പലരും മറ്റുള്ളവര്‍ ചെയ്തു വച്ചത്  അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ കാട്ടുന്നതു പോലെ കാട്ടുകയല്ല, തനിക്കു സ്വന്തമായി എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നു ചിന്തിക്കുകയും അതിനു പരിശ്രമിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. ആ പ്രവൃത്തികള്‍ സഹൃദയരുടെ ശ്രദ്ധയിലെത്തിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ അഭിനേതാവ് സ്വീകാര്യനാകുകയുള്ളൂ.
കവിത്വസിദ്ധി കൂടിയുള്ള നെല്ലിയോടാശാന്‍ മനോധര്‍മ്മമാടാന്‍ പാകത്തിന് അവനവനു വേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും ശ്ലോകങ്ങള്‍ രചിച്ചു. നളചരിതം കഥ മുഴുവന്‍ ഒറ്റ ശ്ലോകത്തിലൊതുക്കി അദ്ദേഹമെഴുതിയ ഒരു ശ്ലോകം.
''ആരന്നാ ദൈവദൂത്യം നിജമനസിയെഴും 
പ്രേമഭാരം മറന്നും നേരായ്‌ച്ചെയ്‌കെ 
പ്രസാദിച്ചവരൊടു വരവും 
കന്യയും കൈക്കലാക്കി
ആരാല്‍ബ്ബാധിച്ച കാന്താവിരഹമൊടു പരന്‍ 
സൂദനായ്സ്സൂതനായും
പാരം നാള്‍ പാര്‍ത്തു പാരിക്കലിമലമകലെ
ച്ചെയ്തവന്‍ വെല്‍വുതാക!''
മനോധര്‍മ്മമാണ് കഥകളിയുടെ ജീവന്‍. ഒരു കഥ പലരും പലതരത്തില്‍ എഴുതിയിട്ടുണ്ടാകും. എന്നാല്‍ ആട്ടക്കഥയില്‍ എങ്ങനെയാണെന്നത് ഓരോ വേഷക്കാരനും ശ്രദ്ധിക്കണം. മനോധര്‍മ്മം ആടണമെങ്കില്‍ കയ്യില്‍ ആവശ്യത്തിനു വിഷയം (മാറ്റര്‍) വേണം. ഇത് പരന്ന വായനയിലൂടെയും കഥകളി കാണുന്നതിലൂടെയും നേടിയെടുക്കണമെന്നും നെല്ലിയോടാശാന്‍ പറയുന്നു. ആരുടേതുമാകട്ടെ, നിരവധി വേഷങ്ങള്‍ കാണുന്നതിലൂടെ മാത്രമേ സ്വയം ചെയ്യുന്ന പ്രവൃത്തിയില്‍ മികവ് വരുത്തുന്നതിന് എന്തെല്ലാം വ്യത്യാസം വരുത്തണമെന്നു തിരിച്ചറിയാന്‍ സാധിക്കൂ. മനോധര്‍മ്മം രണ്ടുതരത്തിലുണ്ടെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അത് വിശദീകരിക്കുന്നു. ആട്ടത്തില്‍ ചിട്ടയുടെ ഭാഗമായി മനോധര്‍മ്മം ആടാറുണ്ട്. അതു നിര്‍ബന്ധമാണ്. അതിനു നിത്യ മനോധര്‍മ്മമെന്നു പറയാം. എന്നാല്‍ സാന്ദര്‍ഭികമായി ചില ആട്ടങ്ങള്‍ വേണ്ടിവരാറുണ്ട്. സഹനടന്റെ ചോദ്യത്തില്‍നിന്നാണ് ഇത്തരം ആട്ടങ്ങള്‍ക്ക് അവസരം ഉണ്ടാകുന്നത്. ഇതിനു നൈമിത്തിക മനോധര്‍മമെന്നും പറയാം. ചോദിക്കുന്നവനും പറയുന്നവനും  കയ്യില്‍ അതിനുള്ള വിഷയം ഉണ്ടാകണം. അതിനുദാഹരണമായി ഒരു സംഭവ കഥയും അദ്ദേഹം പറയുകയുണ്ടായി.
ചെയ്യുന്ന ഏതു വേഷവും വൃത്തിയായി ചെയ്യുന്ന  നെല്ലിയോടാശാന്റെ കുചേലന്‍ കണ്ടാല്‍, തെറ്റാതെ  സന്ധ്യാവന്ദനം പഠിക്കാം എന്നു പലരും പറയാറുണ്ട്. ഇന്നു പലരും എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ് ചെയ്യുന്നതെന്നദ്ദേഹം ദുഃഖിക്കുന്നു. മകളോടൊപ്പം കുചേലന്‍ കെട്ടുമ്പോള്‍, പൂജ വിസ്തരിച്ചു തന്നെ ചെയ്യണമെന്ന് അച്ഛന്‍ പറയാറുണ്ടെന്ന് മകള്‍ ഓര്‍മിക്കുന്നു.
നെല്ലിയോടാശാന്റെ മറ്റൊരു 'മാസ്റ്റര്‍ പീസ്' വേഷമാണ് കരി. എല്ലാ കരിവേഷങ്ങളും (നക്രതുണ്ഡി, സിംഹിക, ലങ്കാലക്ഷ്മി), ഒരുപോലെയാണ് പലരും ചെയ്തുവരുന്നത്. എന്നാല്‍ നെല്ലിയോടിന്റെ ഓരോ കരിയും വ്യത്യസ്തമാണ്. കരിയില്‍ തന്നെ രാജ്ഞിയും രാക്ഷസിയും രാജകുമാരിയുമൊക്കെ തനതായ വ്യക്തിത്വം പുലര്‍ത്തുന്നവരാണ്. അവരെയെല്ലാം അതത് നിലകളില്‍ത്തന്നെ അവതരിപ്പിക്കാന്‍ നെല്ലിയോട് ശ്രദ്ധിക്കാറുണ്ട്. അച്ഛന്റെ കരിവേഷമാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്നും മകള്‍ മായ നെല്ലിയോട് പറയുന്നു.
അരങ്ങനുഭവങ്ങളുടെ അറുപതാം വര്‍ഷത്തിലും കഥകളിയരങ്ങുകളില്‍ നിറസാന്നിദ്ധ്യമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയോട് കലാകേരളം കടപ്പെട്ടിരിക്കുന്നു. ഓരോ അരങ്ങിലും പുതുമ കൊണ്ടുവരാന്‍ നിരന്തരം പരിശ്രമിക്കുന്ന നെല്ലിയോടാശാന്‍ പുതുതലമുറയ്ക്ക് ഒരു പ്രചോദനമാകട്ടെ. സ്വന്തം ഇടങ്ങള്‍ ഉണ്ടാക്കി ആസ്വാദകരെ അടുപ്പിക്കാന്‍ നെല്ലിയോടാശാന്‍ കാണിച്ച ധൈര്യം ശ്ലാഘനീയമാണ്. അരങ്ങുകളിലെ തിളങ്ങുന്ന കഥാപാത്രങ്ങളായി ആസ്വാദകന്റെ മനസ്സു നിറയ്ക്കാന്‍ ഈ കര്‍മ്മ കുശലതയ്ക്ക് കഴിയട്ടെ.
കവി, വിവര്‍ത്തകന്‍
നിരവധി ശ്ലോകങ്ങള്‍ മനോധര്‍മ്മം ആടുന്നതിനുവേണ്ടി എഴുതിയിട്ടുണ്ടെന്നു മുന്‍പേ പറഞ്ഞിരുന്നുവല്ലോ. അതുകൂടാതെ 'രാസക്രീഡ' ആട്ടക്കഥ നെല്ലിയോടാശാന്റേതായിട്ടുണ്ട്. ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, നാരായണീയം എന്നീ കാവ്യങ്ങള്‍ വൃത്താനുവൃത്തം തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഗായത്രീ രാമായണം രചിച്ചിട്ടുണ്ട്. മറ്റു പല കീര്‍ത്തനങ്ങളും സുപ്രഭാതങ്ങളും നെല്ലിയോടാശാന്‍ രചിച്ചു. സൗന്ദര്യലഹരി നൂറു ശ്ലോകം, ഓരോന്നില്‍ ഓരോ കീര്‍ത്തനവും എഴുതിയിട്ടുണ്ട്. ചുവന്നതാടിക്ക് പുറപ്പാടും ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപന ജീവിതത്തില്‍നിന്നു വിരമിച്ചതിനുശേഷമാണ് മിക്കവാറും എല്ലാ രചനകളും നടത്തിയിട്ടുള്ളത്.
പുരസ്‌കാരങ്ങള്‍
കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം, ബോംബെ കേളി, കേരള ഗവണ്‍മെന്റ് കഥകളി പുരസ്‌കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. റിഗാറ്റയുടെ നാട്യരത്‌ന ഗോള്‍ഡ് മെഡല്‍, തുളസീവനം അവാര്‍ഡ്, നാട്യവിശാരദ്, നാട്യകേസരി എന്നീ ബിരുദങ്ങളും തുഞ്ചന്‍ സ്മാരക അവാര്‍ഡ്, കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഫെല്ലോഷിപ്പ് എന്നിവയും നെല്ലിയോടാശാനെ തേടി എത്തിയിട്ടുണ്ട്.
 janmabhumi

No comments: