ഭക്തി എല്ലാ മനഃശല്യവും നീക്കും
സ്വാമി ഭൂമാനന്ദതീര്‍ഥര്‍
Thursday 18 October 2018 2:14 am IST
തദ്ബുദ്ധയസ്തദാത്മാന-
സ്തന്നിഷ്ഠാസ്തത്പരായണാഃ
(ഭഗവദ്ഗീത 5.17)
ഞാന്‍ പലപ്പോഴും അതിശയിക്കാറുണ്ട്, നിങ്ങള്‍ കുട്ടികള്‍ ശരിയായ രീതിയില്‍ മനഃപരിശോധന ചെയ്യുന്നുണ്ടോ? മനസ്സില്‍ എന്തെങ്കിലും സംഘര്‍ഷമോ പീഡയോ അനുഭവപ്പെടുമ്പോള്‍, അതില്‍നിന്നു മനസ്സിനെ പിന്‍വലിക്കാന്‍ ശ്രമിക്കാറുണ്ടോ, അതോ ആ വിഷമത്തില്‍ത്തന്നെ തുടരാന്‍ അനുവദിക്കയാണോ എന്ന്. വിചിന്തനം ചെയ്യേണ്ട കാര്യമാണിത്.
ബുദ്ധയഃ, ആത്മാനഃ, നിഷ്ഠാഃ, പരായണാഃ എന്നീ പദങ്ങളോടു ചേര്‍ത്ത,് തത് (സത്യം) എന്ന പദം നാലുപ്രാവശ്യം ഈ ശ്ലോകത്തില്‍ ഉപയോഗിച്ചിരിക്കുന്നു. ബുദ്ധി, മനസ്സ്, നിഷ്ഠ, ആശ്രയസ്ഥാനം, ഇതിലെല്ലാം തന്നെ 'തത്' എന്ന സത്യവസ്തു മാത്രമേ പ്രതിഫലിക്കാവൂ, അതില്‍നിന്നുള്ള പ്രചോദനവും പ്രശോഭനവും ഇവ നാലിലും തുടര്‍ച്ചയായി പ്രകടമാകണം.
അങ്ങനെ സംഭവിക്കുന്നുണ്ടോ? ശരിയായ രീതിയില്‍ ആത്മപരിശോധനയോ പരിചിന്തനമോ ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയാത്തതെന്തുകൊണ്ട്? മുഴുവനും സമയം മനഃക്ലേശങ്ങളില്‍ത്തന്നെ മുഴുകിക്കഴിയുകയാണോ, അതോ തത് എന്നതിനെക്കുറിച്ചു വിഭാവനം ചെയ്യുന്നുവോ?
മനസ്സിന് ഒരു ചിന്തയില്‍നിന്നു മറ്റൊന്നിലേക്കു സ്വയം ചരിക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് പല ചിന്തകളും പുറപ്പെടുന്നത്. ഒരു പ്രത്യേക ചിന്ത നിങ്ങളെ അലട്ടുമ്പോള്‍, അതില്‍നിന്നു മനസ്സിനെ പിന്തിരിപ്പിച്ച് ഇനിയൊന്നില്‍ വ്യാപരിപ്പിക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്. അതിനാല്‍ അനാവശ്യമായി അലട്ടലുകള്‍ക്കു വശംവദരാകരുത്. സ്വന്തം ബുദ്ധിമുട്ടുകള്‍ക്ക് എന്തുകൊണ്ട് പരിഹാരംകാണുന്നില്ല? പരമസത്യത്തെ വിഭാവനം ചെയ്തുതുടങ്ങുമ്പോള്‍ മനഃപീഡകള്‍ താനേ വഴിമാറും.
നിങ്ങള്‍ എന്തിനു വിഷമിക്കണം? വല്ല തെറ്റുകളും സംഭവിച്ചതിനാലാണോ? ആണെങ്കില്‍ 'ഉണ്ട്, എനിക്കു തെറ്റു പറ്റിയിട്ടുണ്ട്' എന്നു സമ്മതിച്ചുകൂടേ? അതേ തെറ്റ് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടാകാം. എത്രതവണ അങ്ങനെയുണ്ടാകുമെന്നൊന്നും പറയാനാവില്ല. നിങ്ങള്‍ ഒരു തെറ്റും ചെയ്യില്ലെന്നും ധിക്കാരപൂര്‍വം അവകാശപ്പെടേണ്ട. പിഴകള്‍ സംഭവിക്കുന്നതിനും തുടരുന്നതിനും സാധ്യതയുണ്ടെന്ന് അംഗീകരിക്കയാണ് നല്ലത്.
ഈ പശ്ചാത്തലത്തില്‍ ഒരന്വേഷണം ഉയരുന്നു. ഇതിനു പ്രതിവിധിയും ഇതില്‍നിന്നുള്ള സുരക്ഷിതത്വവും എന്താണ്? അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന അപരാധങ്ങളെക്കുറിച്ച് എന്തു ചെയ്യണമെന്നതിനെപ്പറ്റി ഭക്തിശാസ്ത്രം പറയുന്നതു കേള്‍ക്കു:
സ്വപാദമൂലം ഭജതഃ പ്രിയസ്യ
ത്യക്താന്യഭാവസ്യ ഹരിഃ പരേശഃ
വികര്‍മ യച്ചോത്പതിതം കഥഞ്ചി-
ദ്ധുനോതി സര്‍വം ഹൃദി സന്നിവിഷ്ടഃ
(ശ്രീമദ്ഭാഗവതം 11.5.42)
എല്ലാ പ്രേരണകളും വെടിഞ്ഞു ജഗദീശ്വരന്റെ തൃപ്പാദങ്ങളെ സര്‍വദാ ആരാധിക്കുന്ന ഭക്തന് എന്തെങ്കിലും വീഴ്ചകളോ തെറ്റുകളോ സംഭവിക്കുന്നപക്ഷം, പരേശനായ ഹരി ഭക്തന്റെ ഹൃദയത്തില്‍ത്തന്നെ ഇരുന്നു കൊണ്ട് അതൊക്കെ കഴുകിക്കളയുന്നു.
ഭക്തഹൃദയത്തില്‍ ഇരുന്നുകൊണ്ട് ശ്രീഹരി ഭക്തന്റെ അപരാധങ്ങളുടെ ഫലങ്ങളെല്ലാം തുടച്ചുമാറ്റുന്നുവെന്ന് ഇവിടെ വ്യക്തമായിപ്പറയുന്നു. ശ്രീഹരിയില്‍നിന്ന്, അല്ലെങ്കില്‍ സത്യസാക്ഷാത്കാരം ലഭിച്ച മഹാവ്യക്തിയില്‍നിന്ന്, നിര്‍ഗളിക്കുന്ന പ്രതിജ്ഞയാണിത്.ഏതെങ്കിലും പിഴകള്‍ ചെയ്തിട്ടുണ്ടോ, ചെയ്യുമോ എന്നു നിങ്ങള്‍ വിഷമിക്കേണ്ടതില്ല.
ഇങ്ങനെ ചിന്തിക്കുന്നതു ജനങ്ങളില്‍ തെറ്റുകുറ്റങ്ങളെക്കുറിച്ച് ഒരുതരം അലംഭാവം വരാനുള്ള സമ്മതമല്ല. തെറ്റുകള്‍ ആവര്‍ത്തിക്കുന്നതിനുള്ള പ്രേരണയോ അനുമതിയോ അല്ല ഇത്. അറിയാന്‍ കഴിയാത്തതും ഒഴിവാക്കാനാവാത്തതുമായ ചില പിഴകള്‍ക്ക് ആശ്വാസം നല്‍കലാണ് ഇതിന്റെ ഉദ്ദേശ്യം. കുറ്റബോധം മനസ്സിനു വലിയ ക്ഷതമേല്‍പ്പിക്കുന്നതാണ്. അതില്‍നിന്നു മുക്തിലഭിക്കാന്‍ മാത്രമാണ് ഇത്തരം ഉറപ്പ് ഉപകരിക്കേണ്ടത്. തുടര്‍ന്നു തെറ്റു ചെയ്യുന്നവരോടു പറയാനുള്ളതു വേറെയാണ്. അവരെ തെറ്റായ പ്രേരണകളില്‍നിന്നു പിന്തിരിപ്പിക്കാനുള്ള പല വീക്ഷണങ്ങളും ചിന്താഗതികളും നമുക്കു കൊണ്ടുവരാന്‍ കഴിയും.
ശരിയായ രീതിയില്‍ത്തന്നെയാണോ നിങ്ങള്‍ ആത്മപരിശോധന ചെയ്യുന്നതെന്നു ഞാന്‍ സംശയിക്കുന്നു. മനസ്സിലെ ഭയങ്ങള്‍ക്കും ആശങ്കകള്‍ക്കും ശമനമുണ്ടാക്കി, ആത്മവിശ്വാസവും സമാധാനവും പ്രദാനംചെയ്യുന്ന രീതിയിലാകണം നിങ്ങളുടെ ആത്മപരിശോധന.
സ്വധര്‍മം, വ്യക്തി, കുടുംബാംഗം, സമാജാംഗം എന്നിങ്ങനെ പലതരം പരിഗണനകളുണ്ടല്ലോ, ഇതൊക്കെ വിട്ടു ഭക്തിയില്‍ത്തന്നെ ശരണമടയുക.ഗൃഹസ്ഥര്‍ക്കു വിധിച്ചിട്ടുള്ളതാണ് പഞ്ചമഹായജ്ഞങ്ങള്‍. ദേവന്മാര്‍ (ദൈവങ്ങള്‍) പിതൃക്കള്‍ (പൂര്‍വികന്മാര്‍) ഭൂതങ്ങള്‍ (സഹജീവികള്‍) ഋഷിമാര്‍ (ജ്ഞാനികള്‍) ഇവര്‍ക്കുവേണ്ടിയുള്ള സമര്‍പ്പണങ്ങളാണവ.
'ത്യാഗിയോ ഭക്തനോ ആകുന്നതുവഴി താന്‍ വല്ല അപരാധവും ചെയ്യുന്നുണ്ടോ, മൃതിയടഞ്ഞ പൂര്‍വികര്‍ക്കും ദേവന്മാര്‍ക്കും സമാജത്തിനും ഞാന്‍ ചെയ്യാനുള്ളതു നിഷേധിക്കയാകില്ലേ അത,് ഈശ്വരനെ മാത്രം ശരണംപ്രാപിച്ചു കഴിയുന്നതില്‍ ഞാന്‍ അനുഷ്ഠിക്കേണ്ട സ്വധര്‍മത്തിനു വല്ല വീഴ്ചയും വരുമോ? ഭര്‍ത്താവോ ഭാര്യയോ രക്ഷകര്‍ത്താവോ സമൂഹത്തിലെ ഒരുവനോ എന്ന നിലയ്ക്കുള്ള എന്റെ ധര്‍മത്തില്‍ വല്ല വിലോപവും ഇതുവഴി സംഭവിക്കുമോ? സമാജത്തില്‍നിന്നു ഞാന്‍ പലതും കൈപ്പറ്റുന്നുണ്ട്. അതിനു പ്രതിദാനം ചെയ്യേണ്ടേ? നികുതി നല്‍കുന്നില്ല. കാലക്ഷേപത്തിനായി മറ്റുള്ളവരെയാണ് ആശ്രയിക്കുന്നതും, ഇങ്ങനെയൊക്കെ ഒരു തത്ത്വാന്വേഷി സംശയിച്ചേക്കും.
സര്‍വേശ്വരനോട്, തത്ത്വാന്വേഷണത്തോട്, നിങ്ങളുടെ ഭക്തി അര്‍ഥപൂര്‍ണമാകണമെങ്കില്‍, ഇത്തരം ചിന്തകള്‍ തീരെ വിട്ടുകളയേണ്ടതാണ്. ഒരാള്‍ എല്ലാം ത്യജിച്ചു പരമഭക്തനാകുന്നുവെന്നു കരുതുക. എങ്കിലും തെറ്റുകള്‍ സംഭവിക്കായ്കയില്ല. അങ്ങനെ വരുമ്പോഴോ?
തെറ്റായ തീരുമാനത്തെപ്പോലും ജഗദീശ്വരന്‍ ശരിയാക്കിത്തരുമത്രെ. ഭക്തന്റെ ഹൃദയത്തില്‍ അധിവസിച്ചു ജഗത്പ്രഭു ഭക്തനെ പിഴകളില്‍ നിന്നും പരിരക്ഷിച്ചു മനസ്സിനെ കഴുകിവെടുപ്പാക്കും! ഇതില്‍ക്കൂടുതല്‍ എന്താണ് ആവശ്യം?
ഈ വസ്തുത ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കു കഴിയാത്തതെന്തുകൊണ്ട്? നിങ്ങള്‍ക്ക് ഈശ്വരനോടുള്ള ആഭിമുഖ്യത്തിന്റെ അഭാവമായി ഞാനിതിനെ കാണുന്നു.
നിഗമാചാര്യവാക്യേഷു
ഭക്തിഃ ശ്രദ്ധേതി വിശ്രുതാ
(അപരോക്ഷാനുഭൂതി 8)
ധര്‍മശാസ്ത്രങ്ങളിലും ഗുരുവാക്യങ്ങളിലുമുള്ള ഭക്തി വിശ്വാസമാണ് ശ്രദ്ധ.
No comments:
Post a Comment