Thursday, January 31, 2019

പ്രാണായാമസ്ത്രിധാ പ്രോക്തോ
രേച പൂരക  കുംഭകൈഃ
സഹിതഃ കേവലശ്ചേതി
കുംഭകോ ദ്വിവിധോ മതഃ (2-71)
രേചകം, പൂരകം, കുംഭകം എന്നിങ്ങനെ പ്രാണായാമം മൂന്നു തരമുണ്ട്. കുംഭകം കേവലമെന്നും സഹിതമെന്നും രണ്ടു പ്രകാരമുണ്ട്.
ഗോരക്ഷ ശതകത്തില്‍ 'പ്രാണഃ സ്വദേഹജോ വായുഃ ആയാമഃ തന്നിരോധനം' എന്നാണ് പ്രാണായാമ ലക്ഷണം പറയുന്നത്. പ്രാ
ണന്‍ സ്വദേഹത്തിലുള്ള വായുവും ആയാമം അതിന്റെ നിരോധനവും എന്നര്‍ഥം.
'ബഹിര്‍ യദ് രേചനം വായോഃ ഉദരാദ് രേചകഃ സ്മൃതഃ' എന്നാണ് യാജ്ഞവല്‍ക്യന്റെ രേചക ലക്ഷണം. ഉദരത്തില്‍ നിന്ന് പുറത്തേക്ക് വായുവിനെ ഒഴിച്ചുകളയുന്നത് രേചകം.
നിഷ്‌ക്രമ്യ നാസാ വിവരാദശേഷം
പ്രാണം ബഹിഃ ശൂന്യമിവാനിലേന
നിരുച്ച്ഛ്വസംസ്തിഷ്ഠതി രുദ്ധവായുഃ
സ രേചകോ നാമ മഹാനിരോധഃ
മൂക്കിലൂടെ ശ്വാസത്തെ പൂര്‍ണമായും പുറത്തുവിട്ട്, വായു ശൂന്യമായ അവസ്ഥയിലിരിക്കുന്നത് രേചക പ്രാണായാമം. 'ബാഹ്യാദാപൂ
രണം വായോഃ ഉദരേ പൂരകോ ഹി സഃ' പുറത്തുള്ള വായുവിനെ അകത്തു നിറയ്ക്കുന്നത് പൂരകം.
ബാഹ്യേ സ്ഥിതം പ്രാണപുടേന വായും
ആകൃഷ്യ തേനൈവ ശനൈഃ സമന്താത്
നാഡീശ്ച സര്‍വാഃ പരിപൂരയേത് സഃ
സ പൂരകോ നാമ മഹാനിരോധഃ
പുറത്തുള്ള വായുവിനെ മൂക്കിലൂടെ ഉള്ളില്‍ സര്‍വനാഡികളിലും നിറച്ച് നിറുത്തുന്നത് പൂരക പ്രാണായാമം.
'സംപൂര്യ കുംഭവദ്വായോഃ ധാരണം കുംഭകോ ഭവേത്'. വായുവിനെ കുടത്തില്‍ നിറയ്ക്കുന്നതു പോലെ നിറയ്ക്കുന്നത് കുംഭകം.
ന രേചകോ നൈവ ച പൂരകോത്ര
നാസാപുടാന്തസ്ഥിതമേവ വായും
സുനിശ്ചലം ധാരയതേ ക്രമേണ
കുംഭാഖ്യമേതത് പ്രവദന്തിതജ്ഞാഃ
രേചകവും പൂരകവുമില്ലാതെ വായുവിനെ ഉള്ളിടത്തു തന്നെ നിശ്ചലമാക്കി നിറുത്തുന്നതാണ് കുംഭകം.
കുംഭകത്തെ സ്വാത്മാരാമന്‍ രണ്ടായി തിരിച്ചു. സഹിത കുംഭകം, കേവല കുംഭകം.
സഹിതമെന്നാല്‍ ചേര്‍ന്നതെന്നര്‍ഥം. ശ്വാസം ചേര്‍ന്നത്. അങ്ങനെ വരുമ്പോള്‍ സഹിതം രണ്ടുതരമാവാം. രേചകത്തോടു കൂടിയതും പൂ
രകത്തോടു കൂടിയതും - ''ആരേച്യാപൂര്യ വാ കുര്യാത് സ വൈ സഹിത കുംഭകഃ'' ഇവ ആദ്യം പറഞ്ഞ രേചക പ്രാണായാമവും പൂ
രക പ്രാണായാമവും തന്നെ എന്നും കാണാം. കുംഭക പ്രാണായാമം കേവല കുംഭകവും.
സരളമായി പറഞ്ഞാല്‍ ശ്രമത്തോടെ ശ്വാസം നിറയ്ക്കുന്നതും ഒഴിക്കുന്നതും സഹിത കുംഭകങ്ങളാണ്. യാതൊരു ശ്രമവുമില്ലാതെ ശ്വാസം പുറത്തോ അകത്തോ എന്നറിയാതെ നിശ്ചലമാവുന്നത് കേവല കുംഭകം. എല്ലാ പ്രാണായാമത്തിന്റെയും ലക്ഷ്യം ശരീരം നിശ്ചലമാക്കി പ്രാണന്റെ ചലനങ്ങള്‍ നിര്‍ത്തലാണ്. അപ്പോള്‍ വായുവിന്റെ ചലനവും നിന്നു പോവും. നിയന്ത്രിക്കേണ്ടി വരുന്ന അവസ്ഥ ചാഞ്ചല്യത്തെയാണ് കാണിക്കുന്നത്. കേവല കുംഭകം നിശ്ചലമായ പ്രാണന്റെയും മനസ്സിന്റെയും ലക്ഷണമാണ്. ഇത് അപൂര്‍വമായ സിദ്ധിയാണ്. അത്തരം യോഗിക്ക് അസാധ്യമായി ഒന്നുമില്ല.
സഹിത പ്രാണായാമം തന്നെ മന്ത്രസഹിതമായാല്‍ സഗര്‍ഭ പ്രാ
ണായാമമെന്നും മന്ത്രമില്ലാത്തത് നിര്‍ഗര്‍ഭ പ്രാണായാമമെന്നും അറിയപ്പെടും. ഹഠയോഗപ്രദീപികയില്‍ മന്ത്ര പ്രയോഗമില്ല. നിര്‍ഗര്‍ഭമാണെന്നര്‍ഥം.
യാവത് കേവലസിദ്ധിഃ സ്യാത്
സഹിതം താവദഭ്യസേത്
രേചകം പൂരകം മുക്ത്വാ
സുഖം യദ്വായുധാരണം(2-72)
കേവല കുംഭകം സിദ്ധിക്കുന്നതു വരെ സഹിത കുംഭകം അഭ്യസിക്കണം. രേചകവും പൂരകവുമില്ലാതെ വായുവിനെ സുഖമായി നിറുത്തുന്നതാണ് കേവല കുംഭകം.
പ്രാണായാമോയമിത്യുക്തഃ
സ വൈ കേവല കുംഭകഃ
കുംഭകേ കേവലേ സിദ്ധേ
രേചപൂരക വര്‍ജ്ജിതേ (2-73)
ഇതാണ് കേവല കുംഭകം. രേചക പൂരകങ്ങളില്ലാത്ത ഈ കേവല കുംഭകം സിദ്ധിക്കണം.
ന തസ്യ ദുര്‍ലഭം കിഞ്ചിത്
ത്രിഷു ലോകേഷു വിദ്യതേ
ശക്തഃ കേവല കുംഭേന
യഥേഷ്ടം വായുധാരണാത്(2-74)
ഇങ്ങനെ കേവല കുംഭകം കൊണ്ട് ഇഷ്ടം പോലെ വായുവിനെ ധരിക്കുന്നവന് മൂന്നു ലോകത്തും അസാധ്യമായി ഒന്നുമില്ല.
രാജയോഗപദം ചാപി
ലഭതേ നാത്ര സംശയഃ
കുംഭകാത് കുണ്ഡലീ ബോധഃ
കുണ്ഡലീ ബോധതോ ഭവേത്
അനര്‍ഗളാ സുഷുമ്‌നാ ച
ഹഠ സിദ്ധിശ്ചജായതേ(2-75)
(കേവല കുംഭകം കൊണ്ട് ) രാജയോഗ പദവി ലഭിക്കും. സംശയമില്ല. കുംഭകം കൊണ്ട് കുണ്ഡലിനി ഉണരും. അപ്പോള്‍ സുഷുമ്‌ന തെളിയും. സിദ്ധിയുമുണ്ടാകും.
കേവല കുംഭകം സിദ്ധിച്ചാല്‍ മൂലാധാരത്തിലുറങ്ങിക്കിടക്കുന്ന കുണ്ഡലിനീ ശക്തി ഉണരും. അത് സുഷുമ്‌നയില്‍ പ്രവേശിക്കും. സുഷുമ്‌നയില്‍ തടസ്സങ്ങള്‍ നീങ്ങും. അവന്‍ രാജയോഗിയാകും. പ്രത്യാഹാരാദികളായ അഭ്യാസം കൊണ്ട് കൈവല്യ രൂപത്തിലുള്ള സിദ്ധിയാണ് ഹഠസിദ്ധി. 'ഹ' സൂര്യനും (പിംഗള നാഡി), 'ഠ' ചന്ദ്രനു (ഇഡാ നാഡി)മാണ്. അവ സുഷുമ്‌നയോട് ചേരുന്നതാണ് ഹഠയോഗം. ബോധസ്വരൂപമായ പുരുഷനും ഭൗതികശക്തിസ്വരൂപമായ പ്രകൃതിയും ചേര്‍ന്നാല്‍ ഇന്ദ്രിയജ്ഞാനവും അറിവും കര്‍മവും സൃഷ്ടിയും ഒക്കെ ഉണ്ടാകും. പ്രകൃതിയെയും പുരുഷനെയും വേര്‍പി
രിക്കുന്നതാണ് കേവലനാക്കുന്നതാണ് (ഒറ്റക്കാക്കുന്നത്) സമാധി അഥവാ രാജയോഗം. പക്ഷെ, വേര്‍പിരിയല്‍ നടക്കാന്‍ മനസ്സിന്റെ യോഗം, ഏകാഗ്രത വേണം.
ഹഠം വിനാ രാജയോഗോ
രാജയോഗം വിനാ ഹഠഃ
ന സിദ്ധ്യതി തതോ യുഗ്മം
ആനിഷ്പത്തേഃ സമഭ്യസേത്(2-76)
ഹഠയോഗമില്ലാതെ രാജയോഗമോ രാജയോഗമില്ലാതെ ഹഠയോഗമോ സിദ്ധിക്കില്ല. അവ സിദ്ധിക്കുന്നതു വരെ രണ്ടും അഭ്യസിച്ചു കൊണ്ടിരിക്കണം.
കുംഭക പ്രാണരോധാന്തേ
കുര്യാച്ചിത്തം നിരാശ്രയം
ഏവമഭ്യാസ യോഗേന
രാജയോഗ പദം വ്രജേത്(2-77)
കുംഭക പ്രാണായാമത്തിന്റെ ഇടയില്‍ മനസ്സിനെ നിരാശ്രയമാക്കണം. അപ്പോള്‍ രാജയോഗ പദം ലഭിക്കും.
ചിന്തകളും വികാരങ്ങളും ആഗ്രഹങ്ങളും ഒക്കെ മനസ്സില്‍ ഉയര്‍ന്നുവരുന്നത് 'വൃത്തി'കളില്‍ നിന്നാണ്. പ്രമാണം (ശരിയായ ജ്ഞാനം) വിപര്യയം (തെറ്റായ ജ്ഞാനം) വികല്പം ( ഭാവന ) നിദ്ര, സ്മൃതി എന്നിവയാണ് വൃത്തികള്‍ എന്ന് പതഞ്ജലി മുനി പറയുന്നു. ഇവ നിലനില്‍ക്കുമ്പോള്‍ ബാഹ്യജ്ഞാനമേ ഉണ്ടാകൂ. ഇവയെ നിരോധിക്കുമ്പോള്‍ ആണ് യോഗമുണ്ടാവുന്നത്. ഇതാണ് നിരാശ്രയമായ ചിത്തം. 
വപുഃ കൃശത്വം വദനേ പ്രസന്നതാ
നാദസ്ഫുടത്വം നയനേ സുനിര്‍മലേ
അരോഗതാ ബിന്ദുജയോഗ്‌നിദീപനം
നാഡീവിശുദ്ധിര്‍ ഹീസിദ്ധിലക്ഷണം(2-78)
തടി കുറയുക, മുഖം പ്രസന്നമാവുക, ശബ്ദം തെളിയുക, കണ്ണുകള്‍ നിര്‍മലമാവുക, രോഗങ്ങള്‍ പോവുക, ധാതു ജയം, ദഹനാഗ്നി ജ്വലിക്കുക, നാഡീ ശുദ്ധി- ഇവയാണ് ഹഠസിദ്ധിയുടെ ലക്ഷണം.
കുണ്ഡലിനീ ശക്തി ഉണര്‍ന്ന് സുഷുമ്‌നയില്‍ പ്രവേശിച്ച് ആറു ചക്രങ്ങളും കടന്ന് സഹസ്രാരത്തിലെത്തുന്നതാണ് ഹീ സിദ്ധി. ഓരോ ചക്രവും ഭേദിക്കുമ്പോള്‍ ഓരോ സിദ്ധികള്‍ വന്നു ചേരും. മൂലാധാരം കടക്കുമ്പോള്‍ ഘ്രാണശക്തി സൂക്ഷ്മമാവും. സ്വാധിഷ്ഠാനം കടക്കുമ്പോള്‍ നാക്കിന്റെ രസാസ്വാദനശേഷി വര്‍ധിക്കും. മണി പൂ
രകത്തില്‍ ദാഹവും വിശപ്പും സഹിക്കാറാകും. അനാഹതത്തില്‍ ഉള്ളിലെ നാദം കേള്‍ക്കാം. ഹൃദയത്തില്‍ സ്‌നേഹം നിറയും. വിശുദ്ധിയില്‍ മനോഹരമായ ശബ്ദം കിട്ടും. ആജ്ഞയില്‍ ശുദ്ധ ജ്ഞാനം നേടും. സഹസ്രാരത്തില്‍ പൂര്‍ണത നേടും.
ഇതോടെ ഹഠയോഗപ്രദീപികയിലെ രണ്ടാമധ്യായം കഴിഞ്ഞു.

No comments: