Wednesday, January 23, 2019

മോക്ഷത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന എത്രയോയോഗികളും ജ്ഞാനികളും കഠിന തപശ്ചര്യചെയ്തും ഉപവാസം, ഉറക്കംഒഴിവാക്കുക തുടങ്ങിയ വ്രതങ്ങള്‍ അനുഷ്ഠിച്ചിട്ടുപോലും ഇന്ദ്രിയ നിഗ്രഹം ചെയ്യാന്‍ പരിശ്രമിച്ച് പരാജയപ്പെട്ട ചരിത്രം ഇതിഹാസ പുരാണങ്ങളില്‍ നമുക്കു വായിക്കാന്‍ കഴിയും വിവേക പൂര്‍വ്വ ഭൗതിക വിഷയങ്ങളുടെ ദോഷം ചിന്തിച്ചും പരപദം നോടുമെന്നുറപ്പിച്ചും ഇന്ദ്രിയങ്ങളെ ജയിക്കാന്‍ ശ്രമിച്ച മഹാമുനികളുടെ മനസ്സനെ ഇന്ദ്രിയങ്ങള്‍ ഭൗതികസുഖത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോയി താഴ്ത്തിയിട്ടുണ്ട്. അതിഘോരമായ തപശ്ചര്യയില്‍  ഏര്‍പ്പെട്ടിരുന്ന വിശ്വാമിത്രമഹര്‍ഷിയുടെ  മനസ്സിനെ മേനക എന്ന അപ്‌സരസ്ത്രിയുടെ സാന്നിദ്ധ്യവും സൗരഭ്യവും ഉപയോഗച്ച് ഇന്ദിയങ്ങള്‍ പരാജയപ്പെടുത്തിയ ചരിത്രവും നമുക്കോര്‍ക്കാം. ''ഇന്ദ്രിയാണി പ്രമാഥീനി-ഇന്ദ്രിയങ്ങളുടെ സ്വഭാവം വിവേകത്തെ നശിപ്പിച്ച് മനസ്സിനെ തകിടം മറിക്കുക എന്നതാണ് എന്ന് ഭഗവാന്‍ പറയുന്നത് അതുകൊണ്ടാണ്. സദ്ഗുണ പൂര്‍ണ്ണമായ പ്രവൃത്തികളെപ്പോലും ഇന്ദ്രിയങ്ങള്‍ ആയുധമാക്കിയ കഥ ശ്രീമദ് ഭാഗവതത്തിലുണ്ട്. ഭരത മഹാരാജാവ് കൊട്ടാരത്തോടും രാജ്യത്തോടും ഭാര്യാപുത്രന്മാരോടുള്ള മമതാ ബന്ധവും സ്‌നേഹവും ഉപേക്ഷിച്ച് ഗണ്ഡകീനദിയില്‍ കുളിച്ചും ശ്രീകൃഷ്ണ ഭഗവാനെത്തന്നെ ധ്യാനിച്ചും പൂജിച്ചും ഭഗവദ് ഭജനത്തില്‍നിന്നുണ്ടാവുന്ന ആനന്ദത്തില്‍ മുഴുകി ജീവിതം ധന്യമാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് പുഴയുടെ ഒഴുക്കില്‍ മുങ്ങിയും പൊങ്ങിയും മരണത്തേടു മല്ലടിച്ച് ഒരുകൊച്ചുമാന്‍കുട്ടിയോട് അദ്ദേഹത്തിനുണ്ടാകുന്ന കാരുണ്യം എന്ന സദ്ഗുണം ഉള്ളില്‍ കവിഞ്ഞൊഴുകിയത്. ഭഗവാനെ ധ്യാനിക്കുന്നതില്‍നിന്നും വിരമിച്ച്് ആ മാന്‍കുട്ടിയുടെ ലാളനത്തിലും പോഷണത്തിലും സംരക്ഷണത്തിലും ആമഗ്നനായി ത്തീര്‍ന്നു. ഒടുവില്‍ മരണസമയത്തും മാന്‍കുട്ടിയെ തന്നെ ചിന്തിച്ച് ചിന്തിച്ച് മരണമടഞ്ഞ് അടുത്തജന്മത്തില്‍ മാന്‍കുട്ടിയായിത്തീര്‍ന്നു. അങ്ങനെ നാം പാടി പുകഴ്ത്തുന്ന സര്‍വഭൂതദയ എന്ന സദ്ഗുണത്തെ ഇന്ദ്രിയങ്ങള്‍ രാജാവിന്റെ  വിവേകത്തേയും ഭക്തിയോഗാനുഷ്ഠാനത്തേയും നശിപ്പിക്കാന്‍ ഒരായുധമാക്കി മാറ്റി.

No comments: