Wednesday, January 23, 2019

ചിത്തശുദ്ധി എന്താണ് ? ഇതെങ്ങനെ നേടിയെടുക്കാം? ഇത് നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം?
ചിത്തശുദ്ധി എന്താണ് ? ഇതെങ്ങനെ നേടിയെടുക്കാം? ഇത് നമുക്ക് ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെ അറിയാം ? ഉത്തരം :- ചിത്തശുദ്ധി എന്നാൽ ചിത്തത്തിന്റെ അശുദ്ധി ഇല്ലാത്ത സ്ഥിതിയാണ്. അശുദ്ധി നീക്കം ചെയ്താലുള്ള , ചിത്തത്തിന്റെ സ്വാഭാവിക സ്ഥിതിയെന്തോ അതുതന്നെയാണ് ചിത്ത ശുദ്ധി. അതെങ്ങനെ മനസ്സിലാക്കാൻ കഴിയും? ഇവിടെ ചിത്തത്തെ സംബന്ധിച്ച് എന്താണ് ശുദ്ധാശുദ്ധങ്ങൾ എന്നാദ്യം ചിന്തിക്കണം.
മനോ ഹി ദ്വിവിധം പ്രോക്തം ശുദ്ധം ചാശുദ്ധമേവച, അശുദ്ധം കാമസംയുക്കം ശുദ്ധം കാമവിവർജ്ജിതം. മനസ്സ് ശുദ്ധമെന്നും അശുദ്ധമെന്നും രണ്ടു പ്രകാരത്തിലുണ്ട്. കാമസംയുക്തമായ മനസ്സ് അശുദ്ധമായതാകുന്നു. കാമനാരഹിതമായ മനസ്സാകട്ടെ ശുദ്ധവും എന്ന് ഉപനിഷത്തിലരുളുന്നു. അതായത് പല പല വിഷയകാമനകളോടെ പലതിലലയുന്ന സ്ഥിതിയോടൊത്ത മനസ്സ് അശുദ്ധമാകുന്നു. പലതിന്റെ പിന്നാലെ ഓടിപ്പോകുന്ന ഭാവം നമ്മുടെ അന്തഃകരണത്തിനുണ്ടോ ? ഇത് സ്വയം വിക്ഷിച്ചാൽ അറിയാം. അപ്പോൾ മനസ്സിലാക്കുക, അതിൽ കുറേ അശുദ്ധി ഇനിയും ശേഷിച്ചിട്ടുണ്ട്. അതല്ല നമ്മൾ പറയുമ്പോൾ പറയുന്നിടത്തിരുന്ന് പറയുന്നതു പോലെ വർത്തിക്കാൻ മനസ്സ് തയ്യാറുണ്ടോ, ഉണ്ടെങ്കിലത് ശുദ്ധഭാവത്തെ പ്രാപിച്ചിരിക്കുന്നു. ഇതാണ് പരീക്ഷ. ഈ പരീക്ഷ ചെയ്യുക. ഇതു ചെയ്യുന്ന സമയത്ത്, അശുദ്ധി ഉണ്ട് എന്നു ബോധിച്ചു എന്നു വിചാരിക്കുക, വേറെ ഒരാളുടെ മുൻപിൽ ചിലപ്പോൾ നാം സമ്മതിച്ചില്ല എന്നു വരാം. പക്ഷേ തന്റെ മുൻപിൽ സ്വയം സമ്മതിക്കുമല്ലോ, എന്റെ ഉള്ളിൽ ഇനിയും അശുദ്ധി ശേഷിക്കുന്നുണ്ട്. കരാണം ഞാൻ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ മനസ്സ് പല വിഷയങ്ങളിലേക്ക് ഓടിപ്പോകുന്നു. അതു വേണം, ഇതുവേണം എന്ന് അറിയാതെയെങ്കിലും തോന്നിപ്പോകുന്നുണ്ട്. എന്റെ ചിത്തത്തിൽ ഇന്നിയും കുറേക്കൂടി ശുദ്ധഭാവം നേടിയെടുക്കേണ്ടതുണ്ട്. ഇനി അതിനെന്തു ചെയ്യണം. ചിത്ത ശുദ്ധികരങ്ങളായ യജ്ഞ സാധനകളെയാണ് മുഖ്യമായി നാം മനസ്സിലിക്കേണ്ടത്. ഈശ്വരാർപ്പണ ഭാവേത്തോടെ യജ്ഞങ്ങളെ ചെയ്യുക. സാത്വികദാനം ചെയ്യുക, ഇന്ദ്രിയമനോനിയന്ത്രണത്തിനുള്ള സാധനകളെ അനുഷ്ഠിക്കുക. ജപം ഏറ്റവും പ്രധാനമാണ്. ഈശ്വരാർപ്പണ ഭാവത്തിലുള്ള കർമ്മം പ്രധാനമാണ്. നന്മൾ ചെയ്യുന്ന കർമങ്ങളെ താത്ക്കാലിമായ ലാഭം മാത്രം ഉദ്ദേശിക്കാതെ ഈശ്വരാർപ്പണമായി ചെയ്യുക. ഇത് കർമ്മയോഗമാണ്. ഈ കർമ്മയോഗത്തിലൂടെ ചിത്തശുദ്ധി കൈവരും, സംശയമില്ല. അതാണ് 'സ്വകർമ്മണാ തമഭ്യർച്യ സിദ്ധിം വിന്ദതി മാനവ:’, (സ്വകർമ്മത്താൽ ഈശ്വരോപാസന ചെയ്ത് മനുഷ്യൻ സിദ്ധിയെ പ്രാപിക്കുന്നു) എന്ന് ഭാഗവാൻ അരുളുന്നത്. ജപത്തിലൂടെ ചിത്തശുദ്ധി കൈവരും. ഒപ്പത്തിനൊപ്പം ശാസ്ത്ര വിചാരംകൂടി വേണം. ഇതെപ്രകാരമെന്നാൽ ചിറകും വാലും കാലും ഓക്കെ ഒന്നിച്ചു പ്രവർത്തിച്ച് പക്ഷി പറക്കുന്നു. ഇതുപോലെ ഒന്ന് മറ്റൊനിൽ നിന്നന്യമോ വിരുദ്ധമോ അല്ല. സാധനാ മാർഗ്ഗത്തിൽ സമ്യക്കായൊരു ദൃഷ്ടി നാം നേടിയെടുക്കണം. ഉറച്ച ലക്ഷ്യം മുൻപിലുണ്ട്, ആ ലക്ഷ്യം മുൻനിർത്തി ഈ സാധനകളുടെ സഹായത്തോടു കൂടി ആചരിക്കുമ്പോൾ ചിത്തം സ്വാഭാവികമായും ശുദ്ധതയെ പ്രാപിക്കും, ഒരു സംശയവുമില്ല. അപ്പോൾ എങ്ങനെ അറിയും ? അതറിഞ്ഞുകൊള്ളും അത് ഇപ്പോൾ പറയേണ്ടതില്ല. അതിന് പരീക്ഷ എന്താന്നെന്നുള്ളതു പറഞ്ഞു. ആ പരീക്ഷ എപ്പോഴും അതുതന്നെയാണ്. വിവിധ ദിശകളിൽ ഭ്രമിച്ചോടുന്ന സ്വഭാവമുണ്ടോ ചിത്തത്തിന് ? എങ്കിൽ അശുദ്ധിശേഷിച്ചു, ഇല്ലെങ്കിൽ അശുദ്ധിയില്ല.

No comments: