Friday, January 25, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-93

യഥാ ചരതി കല്ല്യാണി
ശുഭം വായതി വാ ശുഭം
തഥൈവ ലഭതേ ഭദ്രേ കർതാ
കർമ്മജം ആത്മനഹ
ദുഃഖം വരുമ്പോൾ നമ്മൾ കാരണങ്ങൾ തേടുകയും വിശദീകരിക്കുകയും ചെയ്യുന്നു.അങ്ങനെ ചെയ്യുന്നതു കൊണ്ട് ശാന്തിയൊന്നും ഉണ്ടാകുന്നില്ല .പക്ഷേ പ്രതികരണങ്ങളെ കുറച്ചു നേരത്തേക്ക് തടഞ്ഞു നിർത്തുന്നു. ആ ദു:ഖത്തെ  കർമ്മമെന്ന് വിളിച്ച് അംഗീകരിക്കാൻ സഹായിക്കുന്നു.

ഭാഗവതത്തിൽ പറയുന്നു കർമ്മമെന്ന് കരുതിയാലും സമാധാനം ലഭിക്കുന്നില്ല .എന്നാൽ ജ്ഞാനത്താൽ മനസ്സ് അടക്കിയാൽ പിന്നെ ശാന്തിയടയാം സ്വരൂപത്തിലടയാം.

ദശരഥൻ പറയുന്നു ഞാൻ ഒരു കർമ്മം ചെയ്തിരുന്നു നിന്നെ വരിക്കുന്നതിനും മുൻമ്പ്. ഒരിക്കൽ കാട്ടിൽ വേട്ടയാടാൻ പോയി. അവിടെ 'ശബ്ദവേദി' എന്ന അപൂർവ്വമായ ഒരു അസ്ത്രം എന്റെ കൈവശം ഉണ്ടായിരുന്നു. ഒരു ശബ്ദത്തെ ലക്ഷ്യം വച്ച് അമ്പെയ്താൽ അത് കൃത്യമായി അതിന്റെ പ്രഭവസ്ഥാനത്ത് പോയി തറയ്ക്കും. എന്നാൽ അത് എവിടെ പ്രയോഗിക്കണം എന്ന് മാത്രം നിശ്ചയമില്ലായിരുന്നു ദശരഥന്. കാട്ടിൽ വേട്ടയാടുന്നതിനിടയിൽ ഒരു ആന നദിയിൽ നിന്ന് വെള്ളം കുടിക്കുന്നതു പോലെ ശബ്ദം കേട്ടു .അസ്ത്രത്തെ അവിടേയ്ക്കയച്ചു. അസ്ത്രം ആരുടേയോ മേൽ ചെന്ന് തറച്ചു ഒരു മനുഷ്യ രോദനം കേട്ടു. അവിടെ പോയി നോക്കിയപ്പോൾ ഒരു ഋഷി കുമാരൻ അമ്പേറ്റു കിടക്കുന്നു.

കുമാരൻ പറഞ്ഞു ഞാനാർക്കും ദ്രോഹം ചെയ്തിട്ടില്ല എന്റെ മേൽ ആരാണ് അമ്പ് വിട്ടത്. ദശരഥൻ ഞെട്ടലോടെ നിന്നു. കുമാരൻ ദശരഥനെ നോക്കി പറഞ്ഞു രാജൻ ഞാൻ ആർക്കും ദ്രോഹം ചെയ്യാതെ ഏകാന്തമായി ഈ വനത്തിൽ കഴിയുകയാണ്. എന്റെ മാതാപിതാക്കൾക്ക് കണ്ണ് കാണാത്തവരാണ്. അവർക്ക് ഞാനൊരു പുത്രനെ ആശ്രയമായുള്ളു. അവർ ദാഹിച്ചിരിക്കയാണ്. അവർക്ക് ദാഹജലം എടുക്കാൻ വന്ന എന്നെ അമ്പെയ്തല്ലോ രാജൻ. ഇങ്ങനെ കുറേ നേരം കരഞ്ഞു കുമാരൻ .ദശരഥൻ എന്തു ചെയ്യണമെന്ന്  അറിയാതെ ഭ്രമിച്ചു നിന്നു.

കുമാരൻ പറഞ്ഞു രാജൻ ഒരു സഹായം ചെയ്യാമോ നിങ്ങൾ അറിയാതെ ചെയ്ത താണെന്ന് മനസ്സിലായി .ഈ ബാണത്തെ എന്റെ ശരീരത്തിൽ നിന്ന് എടുത്ത് തരാമോ. ബാണം എടുത്താൽ മരണം നിശ്ചയമാണ് . ഈ ജല കുംഭത്തെ എന്റെ മാതാപിതാക്കൾക്ക് നല്കിയാലും .നടന്നതെല്ലാം പറഞ്ഞ് ക്ഷമായാചനം ചെയ്താലും. ഇല്ലെങ്കിൽ അവരുടെ ശാപം നിങ്ങളെ എരിച്ചു കളയും.

ദശരഥൻ, കുമാരൻ നിർദ്ദേശിച്ച പോലെ ജല കുംഭവുമായി ഋഷി കുമാരന്റെ മാതാപിതാക്കളുടെ അടുക്കലേയ്ക്ക് യാത്രയായി. കുമാരൻ ബാണം എടുത്തതും പ്രാണൻ വെടിഞ്ഞിരുന്നു. താങ്ങാനാകാത്ത ദു:ഖത്താൽ പതുക്കെ നടന്നു പോകുന്നു ദശരഥൻ. കണ്ണു കാണാത്ത മാതാപിതാക്കൾ കാൽ പെരുമാറ്റം കേട്ടതും ചോദിച്ചു. എത്ര നേരമായി മകനെ ജലമെടുക്കാൻ പോയിട്ട്. ഞങ്ങൾ എന്തെങ്കിലും തെറ്റു ചെയ്താൽ അതു തെറ്റായിട്ട് എടുക്കരുത് . നീ അല്ലാതെ വേറെ ആശ്രയം ഇല്ല ഞങ്ങൾക്ക്. ഞങ്ങൾ എന്തെങ്കിലും കടുപ്പിച്ച് പറഞ്ഞിട്ടുണ്ടെങ്കിൽ നീ കോപിക്കരുത്. നീ നോക്കിയില്ലെങ്കിൽ വേറെ ആരു നോക്കാനാണ് ഞങ്ങളെ. ഇത് കേട്ട് ദശരഥൻ ദു:ഖത്താൽ നടുങ്ങി.

അദ്ദേഹം പറഞ്ഞു ഞാൻ നിങ്ങളുടെ മകനല്ല ഞാൻ ക്ഷത്രിയ രാജാവ് ദശരഥനാണ്. നടന്നതെല്ലാം ദശരഥൻ അവരോട് പറഞ്ഞു. ഞാൻ അറിയാതെ ഒരു ഹത്യ ചെയ്തിരിക്കുന്നു. വൃദ്ധൻ ഒരുപാട് നേരം കരഞ്ഞു. എന്നിട്ട് പറഞ്ഞു രാജൻ ഞാൻ നിങ്ങളെ ശപിക്കുകയില്ല. പക്ഷേ ഇതിന്റെ ഭവിഷ്യത്ത് നിങ്ങൾ അനുഭവിക്ക തന്നെ വേണം. എന്റെ ശാപമല്ല ഇത് നിങ്ങളുടെ വിധിയാണ്. ഇത് നിങ്ങളായിട്ട് വന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഇതിനകം നിങ്ങൾ മരണപ്പെട്ടേനെ. എന്നാൽ അങ്ങ് തന്നെ ഇത് ഞങ്ങളെ അറിയിച്ചതിനാൽ അതുണ്ടായില്ല. എന്നാൽ നിങ്ങൾക്കും ഇതുപോലെ പുത്ര ശോകത്താൽ മരണം സംഭവിക്കും. അത് നിശ്ചയം.

ജീവിതത്തിൽ ഈ ക്രിയയുടെയും പ്രതിക്രിയയുടെയും തലത്തിന് മായ എന്നാണ് പേര്. ഇതിൽ നല്ല ജാഗ്രത പുലർത്തണം. ജപം ചെയ്ത് യോഗ ചെയ്ത് ഇതിൽ നിന്നൊക്കെ രക്ഷപ്പെടാം എന്ന് കരുതണ്ട. ഉത്തിഷ്ഠത ജാഗ്രത അത്ര തന്നെ.

സ്വരൂപത്തിൽ ഉണരുക. ശരീരത്തിന് ഈ ഭൂമിയിൽ അവശേഷിക്കുന്ന ചില കർമ്മങ്ങളുണ്ട് അത് എരിഞ്ഞ് പോകാൻ അനുവദിക്കുക . പുതിയ കർമ്മങ്ങൾ വന്നു ചേരാതെ ജാഗ്രത പുലർത്തുക. അതല്ലാതെ എന്ത് സാധന ചെയ്താലും കർമ്മത്തിൽ നിന്നും സംസാര ചക്രത്തിൽ നിന്നും മുക്തമാകില്ല. സ്വരൂപ നിഷ്ഠനായി അവശേഷിക്കുന്ന കർമ്മങ്ങൾ അടർന്നു പോകാനനുവദിക്കുകയും പുതിയ കർമ്മങ്ങൾ വന്നു ചേരാതെ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതാണ്. ആ ജാഗ്രത തന്നെയാണ് സാധന.

Nochurji 🙏 🙏

No comments: