മനുഷ്യജീവിതം അതിന്റെ വൈഭവത്തില്‍ അധിഷ്ഠിതമാണ്. പഞ്ചഭൂതങ്ങളൊഴികെ നമ്മുടെ ജീവിതത്തില്‍ എല്ലാം മനുഷ്യനിര്‍മിതംതന്നെ. വീട്, തെരുവ്, കെട്ടിടം, സാങ്കേതിക വിദ്യ, സൗകര്യങ്ങള്‍, എല്ലാംതന്നെ മനുഷ്യനുണ്ടാക്കിയതാണല്ലോ. ഇപ്പോഴത്തെ ശരാശരി ആയുര്‍ദൈര്‍ഘ്യം മുമ്പത്തേക്കാള്‍ വളരെ കൂടുതലാണ്, പകര്‍ച്ചവ്യാധികള്‍ കുറവും. അറിവുപോലെ ആയുസ്സും കൂടിവരുന്നു.
ജീവിതത്തിലെ സകലതും നമ്മുടെ ഇഷ്ടത്തിനൊത്തതോ, നിയന്ത്രണത്തിന് അധീനമോ ആണെന്ന് ഇതിനര്‍ഥമില്ല. ഈശ്വരപ്രഭാവം നിലകൊള്ളുന്നുണ്ട്. അതു മനുഷ്യനൈപു
ണ്യത്തിനു മങ്ങലേല്‍പിക്കുന്നില്ലെന്നു മാത്രമല്ല, അതിനെ ഉത്തേജിപ്പിക്കുകയും സഫലമാക്കുകയുമാണ് ചെയ്യുന്നത്. രണ്ടിന്റേയും സാമഞ്ജസ്യത്താലാണ് ജീവിതം ഭദ്രമായി മുന്നോട്ടു നീങ്ങേണ്ടത്.
നമുക്കു പരിമിതികളുണ്ട,് ഈശ്വരേച്ഛയ്ക്കതില്ല. അതില്‍ പലതും എന്നും പ്രവചനാതീതമായി നിലനില്‍ക്കും. എല്ലാം മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്നുവെന്ന് ഇതിനര്‍ഥമില്ല. നമുക്കു വേണ്ടത് ആലോചിച്ചു നിശ്ചയിച്ച് അതിനായി അധ്വാനിക്കണം. വിവേകോചിതമായ ഇത്തരം പ്രയത്‌നത്തെ സഹായിക്കാനാണ് നമ്മുടെ അധ്യാത്മശാസ്ത്രങ്ങള്‍.
പ്രേയസ്സിനേയും ശ്രേയസ്സിനേയുംകുറിച്ച് ശാസ്ത്രങ്ങള്‍ ശക്തമായി പറയുന്നതങ്ങനെയാണ്. താല്‍കാലിക മെച്ചങ്ങളാണ് പ്രേയസ്സ്. ആത്യന്തികമേന്മയാണ് ശ്രേയസ്സ്. ഇതു രണ്ടും തിരിച്ചറിഞ്ഞേ മതിയാകൂ.
No comments:
Post a Comment