Thursday, January 31, 2019

*ശ്രീമദ് ഭാഗവതം 48*

 സത്യം നമ്മൾക്കൊക്കെ സിദ്ധമാണ്. നമ്മളുടെ ഒക്കെ അന്തര്യാമി ആയി 'ഞാൻ' ഉണ്ട് എന്നുള്ള അനുഭവരൂപത്തിൽ സിദ്ധമാണ്. ആ അനുഭവത്തിന് തടസ്സം ആയിട്ട് നില്ക്കണതെന്താ, അഹങ്കാരം. ഏത് മാർഗ്ഗത്തിലാണെങ്കിലും
 ജ്ഞാനവിചാരമാർഗ്ഗത്തിലാണെങ്കിലും ഭക്തി മാർഗ്ഗത്തിലാണെങ്കിലും ഈ അഹങ്കാരക്ഷയം ണ്ടായാൽ ആ 'സത്യം' പ്രകാശിക്കും.

അഹങ്കാരഗ്രഹാൻമുക്ത: സ്വരൂപമുപപദ്യതേ. ചന്ദ്രവത് വിമല പൂർണ്ണ: സദാനന്ദ സ്വയം പ്രഭ.

അഹങ്കാരമാകുന്ന രാഹുവിന്റെ പിടിയിൽ നിന്ന് വിമുക്തമായ ചന്ദ്രനെപ്പോലെ, അഹങ്കാരഗ്രഹത്തിൽ നിന്ന് പിടി വിട്ടാൽ ശാന്തി തെളിയും.  ഏകാന്തത്തിൽ ഇരുന്നു ഈ സത്യത്തിനെ  മനനം ചെയ്യണം.  സ്ത്രീകളായിട്ടും പുരുഷന്മാരായിട്ടും നമുക്ക് ഇഷ്ടപ്പെട്ടവരായിട്ടും ഇഷ്ടപ്പെടാത്തവരായിട്ടും നമ്മുടെ ദുഖത്തിന് മുഴുവൻ കാരണം  രാഗദ്വേഷമാണ്. ഈ രാഗദ്വേഷം ഒക്കെ വെച്ച് കൊണ്ട് കാലൊക്കെ മടക്കി പിടിച്ച് പ്രാണായാമം ചെയ്ത് യോഗാഭ്യാസം ചെയ്തിട്ടൊന്നും കാര്യല്ല്യ. ഈ രാഗദ്വേഷം ബുദ്ധി കൊണ്ട് അറിഞ്ഞു കൊണ്ട് പതുക്കെ പതുക്കെ മാറ്റാമെങ്കിൽ യോഗാഭ്യാസമോ ധ്യാനമോ ഒന്നും ആവശ്യല്ല. ഇരിക്കുമ്പഴും നടക്കുമ്പഴും മനസ്സൊന്നും ചലിക്കില്ല്യ. മനസ്സ് എന്തിന് ചലിക്കണം.

നമ്മള് ജപിക്കാനിരിക്കുമ്പോ ശ്രദ്ധിക്കാ. എന്തിനെ കുറിച്ച് ചിന്തിക്കണു. എന്തോ തനിക്ക് ഇഷ്ടമുള്ള വസ്തു അല്ലെങ്കിൽ വെറുപ്പുള്ള വസ്തു അതിനെ കുറിച്ച് ഇങ്ങനെ ചിന്തിക്കും. സകലതും ഭഗവദ് സ്വരൂപം എന്നുള്ളതിന്റെ പ്രായോഗിക വശം മനസ്സ് ചലിക്കുന്നില്ല്യ എന്നുള്ളതാണ്.

കാണുന്നതൊക്കെ അഖിലം താനിതെന്ന വഴി തോന്നേണമേ വരദ നാരായണായ നമ:

ഞാൻ എന്ന ഭാവം അകമേക്ക് ഉദിക്കാതിരിക്കണം.  ഏകമേവഅദ്വിതീയം. നമുക്ക് ഒന്നായിട്ട് നില്ക്കണമെന്നുണ്ട്. പക്ഷെ അത് ശരീരത്തിലായി പോകുന്നു എന്ന് മാത്രം. സകല ബന്ധങ്ങളിലും സകലവിധ വ്യക്തികളുമായിട്ടുള്ള ബന്ധങ്ങളിലും,

അഥ മാം സർവ്വഭൂതേഷു ഭൂതാത്മാനം കൃതാലയം
അർഹയേദ്ദാനമാനാഭ്യാം മൈത്ര്യാ അഭിന്നേന ചക്ഷുഷാ.

കപിലഭഗവാൻ പറയണു. അമ്മേ സകലജീവികളോടും ബന്ധപ്പെടുമ്പോ അവരിലൊക്കെ ഞാനാണ് എന്ന് കണ്ടോളുക. അതിന് ആദ്യം എന്തു വേണം. തന്റെ ഉള്ളില് കാണണം. അതിനാണ് എപ്പഴും പ്രാമുഖ്യം. അത് കാണാതെ പറ്റ്യേ ഇല്ല്യ. അല്ലാതെ ബുദ്ധിയുടെ മണ്ഡലത്തില് ഇത് ബ്രഹ്മമാണ് ആത്മാവാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യല്ല്യ.

ആദ്യം തന്റെ ഉള്ളിലുള്ള ആള് ആരാണ്. ഈ ഞാൻ ആരാണ്. ആരാണ് ഇപ്പൊ ഇരുന്നു കൊണ്ട് കണ്ണിലൂടെ കാണുന്നത്. ആരാണ് ഇരുന്നു കൊണ്ട് ചെവിയിലൂടെ കേൾക്കണത്. ഇതന്നെ ഒരു മരിച്ച ശരീരത്തിനെ കൊണ്ടിരുത്തിയാൽ സത്സംഗകുതുകിയായ ഒരു മരിച്ച ശരീരത്തിനെ ഭാഗവതസപ്താഹത്തിന്  കൊണ്ടിരുത്തിയാൽ  അദ്ദേഹത്തിന് കേൾക്കാൻ പറ്റോ? ശാപ്പാടിനോട് വളരെ പ്രിയം ഉള്ള ആളാണ്. മരിച്ചു കഴിഞ്ഞ് അയാളുടെ വായിൽ പായസം ഒഴിച്ച് കൊടുത്താൽ കഴിക്കാൻ പറ്റ്വോ? നമ്മള് ഇപ്പൊ വായ്ക്കരി ഇടാ ന്നുള്ള സമ്പ്രദായം പോലും വിരോചനന്റെ വംശത്തിൽ നിന്ന് വന്നതാണെന്നാ ഉപനിഷദ് പറയണേ. വിരോചനൻ ദേഹാത്മവാദം പഠിക്കാൻ പോയപ്പോ ണ്ടാക്കിയ സമ്പ്രദായം ആണത്രേ ഈ വായിലേക്ക് അരി ഇടുക എന്നുള്ള സമ്പ്രദായം പോലും. ഈ മരിച്ച ശരീരം പിന്നെ എന്തു ചെയ്യും?

ഇപ്പൊ ഈ തമിഴ്നാട് ഒക്കെ ഇത് ഒരുപാട് ആണ്. മരിച്ചു കഴിഞ്ഞിട്ടേ അമ്മയേയും അച്ഛനേയും ഒക്കെ ശ്രദ്ധിക്കൽ ഉള്ളൂ. മരിച്ചു കഴിഞ്ഞിട്ട് ലോറിയില് സിംഹാസനത്തിൽ ഇരുന്നു പോകും. മാല ഒക്കെ ഇട്ടിട്ട് വാദ്യഘോഷത്തോടെ കൊണ്ട് പോകും. ജീവനോടെ ഇരിക്കുമ്പോ ശ്രദ്ധിക്കാൻ ആരും ഇല്ല്യാ ത്രേ. മരിച്ചു കഴിഞ്ഞാൽ അതിന് സ്പ്രേ അടിക്കാ ഒരുക്കാ അതിനാ ഇപ്പൊ ആഘോഷം മുഴുവൻ. പെട്ടിയിലിട്ട് അടക്കി ഇപ്പൊ നടക്കാൻ സ്ഥലം ഇല്ലാണ്ടായിരിക്കണു. സെമിറ്റിക് റിലീജ്യൺ ന്നു പറയും. ഈ ഈജിപ്റ്റിലൊക്കെ പിരമിഡ്സിന്റെ ഉള്ളില് ഈ ശവത്തിനെ കൊണ്ട് വെച്ചിട്ട് മമ്മീസ് എന്ന് പറയും അതിന് കഴിക്കാനായിട്ട് ഭക്ഷണം സ്വർണ്ണം രത്നം ഒക്കെ അതിനകത്ത് കൊണ്ട് വെയ്ക്കും അത്രേ. അത്രയധികം ദേഹാത്മവാദം പ്രചാരത്തിൽ വന്നിരിക്കുണു.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi Prasad 

No comments: