Sunday, January 27, 2019

ഉദ്ധവ ഗീത.
ശ്രീകൃഷ്ണഭഗവാൻ തന്റെ അവതാരോദ്ദേശ്യമെല്ലാം തീർത്ത് സ്വർഗ്ഗാരോഹണാസന്നനായതറിഞ്ഞ് ശ്രേഷ്ഠങ്ങളിൽ ശ്രേഷ്ഠമായ അറിവിന്റെ അക്ഷയ ഖനി തന്റെ ശിഷ്യനായ ഉദ്ധവന്റെ മുന്നിൽ തുറന്നു കൊടുത്തത് ഉദ്ധവനുമാത്രമായിരുന്നില്ല, മറിച്ച് കലികാല ദുരിതത്തിൽ നിന്നും കരകയറുവാൻ ആഗ്രഹിക്കുന്ന മാനവരാശിക്കു മുഴുവനായിട്ടു കൊടുത്ത വരദാനമായിരുന്നു. ഭാഗവതം ഏകാദശസ്കന്ധം 7  മുതൽ 29 വരെ അധ്യായങ്ങളലിൽ പറയുന്നു .
 നാം ആരാണെന്നു തിരിച്ചറിയുന്ന നിമിഷം തന്നെ നാം യഥാർത്ഥമനുഷ്യനായി മാറുകയാണ്. ഭൗതികങ്ങളും നശ്വരങ്ങളുമായ സുഖമല്ല മറിച്ച് അനശ്വരവും അതുല്യവുമായ ആത്മസുഖമാണ് നേടേന്റത്. അങ്ങനെയുള്ള അതിശ്രേഷ്ഠ ഗ്രന്ഥങ്ങളെടുത്തു വെച്ച് ഭൗതിക ആഗ്രഹ നിവാരണത്തിനായി ദൈവത്തിനു വേണ്ടി വായിക്കുന്നതിൽ എന്തർത്ഥമാണുള്ളത്?. 
എന്താണ് യഥാർത്ഥ ജ്ഞാനം എന്നും അതെവിടെ നിന്നു കിട്ടും എന്നും ഏതു ഗുരുവാണ് അതിനു ശ്രേഷ്ഠൻ എന്നുമൊക്കെയുള്ള സംശയ നിവാരണമാണ് ജഗത് ഗുരു ശ്രീകൃഷ്ണഭഗവാൻ ഉദ്ദവനു പറഞ്ഞു കൊടുക്കുന്നത്. നാരദ മഹർഷിയുടെ സംശയങ്ങളും അതിനുള്ള മറുപടിയും നിമിയും നവയോഗികളുമായുള്ള സംവാദത്തെ ഉദ്ധരിച്ചാണ് പഠിപ്പിക്കുന്നത്.
ഭഗവാൻ ശ്രീകൃഷ്ണൻ തന്റെ അവതാര ഉദ്ദെശ്യമെല്ലാം തീർത്ത് ഭൂഭാരവും തീർത്ത് വൈകുണ്ഠത്തിലേയ്ക്ക് തിരിച്ചു പോകാൻ സമയമായെന്നു നാരദർ പറയുകയും ഭഗവാൻ അതു സമ്മതിക്കുകയും ചെയ്യുന്നു. ഇതു കേട്ട ഉദ്ദവൻ തന്നെക്കൂടി കൊണ്ടു പോകുമോ എന്നാണ് ചോദിക്കുന്നത്. അതിനു ശ്രീകൃഷ്ണൻ പറയുന്ന മറുപടിയോടു കൂടിയാണ് സംവാദം തുടങ്ങുന്നത്. ഈ സകല പ്രപഞ്ചവും ദേഹവും എല്ലാം ഒന്നാണെന്നും അതെല്ലാം ഭഗവാന്റെ മായയാലുള്ള തോന്നൽ മാത്രമാണെന്നും അതു കൊണ്ട് സുഖവും ദു:ഖവും, ചൂടും തണുപ്പും, കയ്പ്പും മധുരവും .... അങ്ങനെയുള്ള ദ്വന്ദങ്ങളെയെല്ലാം അതിജീവിച്ച് പ്രപഞ്ചത്തിലെ സകല ചരാചരങ്ങളേയും സമബുദ്ധിയിൽ ഒന്നു പോലെ കാണ്ട് മായയെ അതിജ്ജീവിച്ച ബുദ്ധിയോടെ സഞ്ചരിക്കുവാനാണ് പറഞ്ഞു കൊടുക്കുന്നത്.
എന്നാൽ മായ എന്തെന്നും അതിനെ അതിജീവിക്കേണ്ടതെങ്ങനെ എന്നും ... അനേകം സംശങ്ങളുടെ ഭാണ്ഡമാണ് ഉദ്ധവൻ ഭഗവാന്റെ മുന്നിൽ തുറന്നു വെയ്ക്കുന്നത്. അതിനെല്ലാം വളരെ ലളിതമായ ഉദാഹരണ സഹിതം ഉത്തരങ്ങൾ പറയുമ്പോൾ മാനവരാശിയുടെ മുഴുവൻ സംശയ നിവാരണമാണ് ശരിയ്ക്കും നടന്നതെന്നുള്ള സത്യം ഇന്നും നിത്യ ഹരിതമായി നാം ഇന്ന് അതിനെപ്പറ്റി പറയുന്ന ഈ അവസരത്തിൽപ്പോലും അംഗീകരിക്കാതെ വയ്യ....

No comments: