Tuesday, January 29, 2019

*ശ്രീമദ് ഭാഗവതം 46*

അപി മേ ഭഗവാൻ പ്രീത: കൃഷ്ണ:   പാണ്ഡുസുതപ്രിയ:
പൈതൃഷ്വസേയ പ്രീത്യർത്ഥം തദ് ഗ്രോത്രസ്യാത്തബന്ധവ:
അന്യഥാ തേ അവ്യക്തഗതേ: ദർശനം ന: കഥം നൃണാം.

കൃഷ്ണ ദർശനം ഉണ്ടായിട്ടില്ലെങ്കിൽ  അങ്ങയുടെ ദർശനം എനിക്ക്  എങ്ങനെ കിട്ടും. അതുകൊണ്ട് പറയൂ.

യത് ശ്രോതവ്യം അഥോ ജപ്യം യത് കർത്തവ്യം നൃഭി: പ്രഭോ
സ്മർത്തവ്യം ഭജനീയം വാ ബ്രൂഹി യദ്വാ വിപര്യയം.

പാരമാർത്ഥികമായി ഞാൻ എന്താണ് ചെയ്യേണ്ടത് എന്താണ് ജപിക്കേണ്ടത്  എന്താണ് ധ്യാനിക്കേണ്ടത് ഇന്നേക്ക് ഏഴാം ദിവസം മരണം. എന്ത് ചെയ്തിട്ട് എന്തു പ്രയോജനം. എനിക്ക് മാർഗ്ഗം കാണിച്ചു തരിക. അവിടുന്ന് കുറച്ച് നേരം പോലും ഗൃഹസ്ഥന്മാരുടെ വീട്ടിൽ ഇരിക്കില്ല്യ. അങ്ങനെയുള്ള അവിടുന്ന് എന്റെ വീട്ടിലേക്ക് എഴുന്നള്ളിയിരിക്കുന്നു.

ആചാര്യസ്വാമികൾ വിവേകചൂഡാമണിയിൽ പറയുന്നു. മനുഷ്യത്വം, മനുഷ്യത്വം ണ്ടാവുക, മുമുക്ഷത്വം മോക്ഷത്തിനായുള്ള ഇച്ഛ,  മഹാ പുരുഷസംശ്രയം. സ്വയം ജീവന്മുക്തനായ ഒരു മഹാപുരുഷന്റെ സംശ്രയം. പരീക്ഷിത്തിന് ഈ മൂന്നും സാധിച്ചിരിക്കുണു. അതുകൊണ്ട് ഭഗവൻ, അവിടുന്ന് എനിക്ക് വഴി കാണിച്ചു തരണം എന്ന് പറഞ്ഞു.

വരീയാൻ ഏഷതേ തേ പ്രശ്ന: കൃതോ ലോകഹിതം നൃപ
ആത്മവിത്സമ്മത: പുംസാം ശ്രോതവ്യാദിഷു യ: പര:

ഹേ രാജൻ, ആദ്യമായി അങ്ങയുടെ ചോദ്യത്തിന് എന്റെ ആശീർവാദം. ലോകത്തിൽ ഇങ്ങനെ ചോദിക്കുന്നത് എത്ര പേരുണ്ട്. ബ്രഹ്മവിദ്യയെ ചോദിക്കുന്നവർ ആരുണ്ട്. ഭഗവദ്സാക്ഷാത്കാരം ചോദിക്കുന്നവർ ആരുണ്ട്.

രാമകൃഷ്ണപരമഹംസർ കരയുമായിരുന്നു. ഈ ലൗകികന്മാരുടെ ചോദ്യം ഒക്കെ കേട്ട് എനിക്ക് മടുത്തു. ഭഗവദ്സാക്ഷാത്കാരത്തിന് വേണ്ടി ആഗ്രഹിക്കുന്നവരില്ലേ ഇവിടെ.

വരീയാനേഷ തേ പ്രശ്ന: കൃതോ ലോക ഹിതം നൃപ.

നമ്മൾ ഇവിടെ വന്നിരിക്കണത് തന്നെ ഭഗവാനെ അറിയാനാണ്. പക്ഷേ വന്നപ്പോ മറന്നു പോയി. എല്ലാവരും നിസ്വാർത്ഥന്മാരാണേ. അവരവരുടെ കാര്യം വിട്ടിട്ടാ നടക്കണത്. ഭാഗവതം കേൾക്കാ എന്നൊക്കെ വെച്ചാൽ ചിലരുടെ ധാരണ ഈ പറയണ ആൾക്ക്  അവര്  എന്തോ ഉപകാരം ചെയ്തൂന്നാണ്. ചിലരൊക്കെ വന്നു പറയും.ക്ഷമിക്കണട്ടോ വരാൻ പറ്റിയില്ല. ഓഫീസിൽ ഒരേ ജോലി.

ശുകാചാര്യർ തന്നെ പറയണു
സഹസ്രശ: ശ്രോതവ്യാ: സന്തി
ആയിരക്കണക്കിന് കാര്യങ്ങൾ കേൾക്കാനുണ്ടത്രേ അവർക്ക്.

എന്തൊക്കെ ചെയ്യാനുണ്ട് എന്തൊക്കെ അറിയാനുണ്ട് ലോകത്തില്. അതിനിടയിൽ ഇതിനൊക്കെ ഇപ്പൊ എവിടെയാ സമയം എന്ന്.

അപശ്യതാം ആത്മതത്വം ഗൃഹേഷു ഗൃഹമേധിനാം.
ഗൃഹസ്ഥാശ്രമത്തിൽ പിടിച്ചിട്ട് ആത്മതത്വസാക്ഷാത്ക്കാരം എന്നുള്ളത് അങ്ങട് മറന്നും കളഞ്ഞു.

എന്നിട്ടോ പല കാര്യങ്ങളും കേൾക്കണം. അവരുടെ മകൾക്ക് കല്യാണം ആയോ. കുട്ടി പിറന്നോ പല തിരക്കുകൾ. അതിന്റെ നടുവിൽ ഗീത എവിടെ വായിക്കും ഭാഗവതം എവിടെ വായിക്കും ആത്മവിചാരം എവിടെ ചെയ്യും. ജപം എവിടെ ചെയ്യും. അവനവന് ഹിതം ചെയ്യാൻ എവിടെ സമയം.
രമണഭഗവാന്റെ കൂടെ രാമചന്ദ്രയ്യ എന്നൊരു ഭക്തുൻ സഹായി ആയി അദ്ദേഹത്തിന്റെ നിഴല് പോലെ കൂടെ നടക്കും.ഒരിക്കൽ  രമണഭഗവാന്റെ മുമ്പില് ധ്യാനിച്ചു കൊണ്ടിരുന്ന ഒരാൾ ദിവസവും വന്നിരുന്ന് ഉറങ്ങും. പിന്നെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കഴിഞ്ഞും ഉറങ്ങും. ഊണ് കഴിഞ്ഞാൽ പിന്നേയും ഉറങ്ങും. അപ്പോ ആരോ രാമചന്ദ്രയ്യയോട് ഇക്കാര്യം പറഞ്ഞിട്ട് മഹർഷിയോട് ചെന്ന് ഇക്കാര്യം പറയാൻ പറഞ്ഞു. ഭഗവാനേ, ഒരു ഭക്തൻ ധ്യാനിക്കുന്ന സമയം ഒക്കെ ഉറങ്ങി വീഴുന്നു എന്ന് പറഞ്ഞു. അപ്പോ രമണഭഗവാൻ രാമചന്ദയ്യയോട്
താൻ ഇവിടെ എന്തിന്  വന്നു എന്ന കാര്യം മറന്നുപോയിട്ട്  വേറെ പലതും ശ്രദ്ധിക്കുന്നു എന്നാണ് പറഞ്ഞത്.  ഇതാണ് ശുകബ്രഹ്മമഹർഷിയും സൂചിപ്പിച്ചത്.

അപശ്യതാം ആത്മതത്വം ശ്രോതവ്യാദി സഹസ്രശ:

എന്നാലോ ജീവിക്കാൻ സമയണ്ടോ.

നിദ്രയാ ഹ്രിയതേ നക്തം.

ഒരു നൂറുവർഷം എടുത്താൽ പോലും അതിൽ ഒരു അമ്പതു വർഷം ഉറങ്ങി പോകും. ചെറിയ കുട്ടി ആയിരിക്കുമ്പോ ഒരു ഏട്ട് വയസ്സ് വരെ ഏകദേശം ഇരുപത് മണിക്കുറ് ഉറങ്ങും. വലുതാകുന്തോറും കുറച്ച് കുറഞ്ഞു വരും. എന്നാലും ധാരാളം ഉറങ്ങും. യൗവ്വനത്തിൽ പകൽസമയം വയറ്റുപ്പിഴപ്പിനുള്ള ഓട്ടം. അതിനുമേലെ കുടുംബം പ്രശ്നങ്ങൾ വിഷമങ്ങൾ അതൊക്കെ ണ്ട്. ഇതിന്റെ ഒക്കെ നടുവില് ആല്പം സമയം കിട്ടിയാൽ അത് ഭഗവാന് കൊടുക്കാൻ എവിടെയാ മനസ്സ്. അതുകൊണ്ട് ഹേ രാജൻ,

തസ്മാദ് ഭാരത! സർവ്വാത്മാ ഭഗവാൻ ഈശ്വരോ ഹരി:
ശ്രോതവ്യ: കീർത്തീതവ്യശ്ച സ്മർത്തവ്യശ്ചേച്ഛതാ അഭയം.

ഭയം ഇല്ലാത്ത ആ നിർവ്വാണപദത്തിനെ പ്രാപിക്കണമെന്ന് ആഗ്രഹം ഉള്ളവർ ഭഗവാനെ കേൾക്കണം ഭഗവാനെ സ്മരിക്കണം ഭഗവാനെ ധ്യാനിക്കണം നാമസങ്കീർത്തനം ചെയ്യണം. എന്തു സാധന വേണമെങ്കിലും ചെയ്തു കൊള്ളൂ. പക്ഷേ ഒരു ക്ഷണം കൊണ്ട് ഭഗവാനെ കിട്ടും ഖട്വാംഗന് കിട്ടിയ പോലെ. അതുകൊണ്ട് ഏഴു ദിവസേ ഉള്ളൂ എന്ന് പേടിക്കണ്ടാ.ഏഴ് ദിവസം ധാരാളം ആണ്. ശുകമഹർഷി പരീക്ഷിത്തിന് യോഗസാധനകളെ ഒക്കെ പറഞ്ഞു കൊടുത്തു. അത് നമുക്ക് വേണ്ടി ആണ്.
ഭഗവാന്റെ സ്ഥൂലമായ വിരാട്  രൂപത്തിനെ ധ്യാനിക്കാനും ഒക്കെ പറഞ്ഞു. ഇതൊക്കെ കഴിഞ്ഞിട്ട് ചതുശ്ലോകീ ഭാഗവതം എന്ന ബ്രഹ്മവിദ്യയെയും ഉപദേശിച്ചു.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi Prasad 

No comments: