Sunday, January 27, 2019

വാക്കിന്റെ ദേവത അഗ്നിയാണ്. അഗ്നിക്ക് രണ്ടു ഗുണങ്ങളാണുള്ളത്, പ്രകാശവും ചൂടും.  നമ്മുടെ വാക്കിനും അതുപോലെ രണ്ടു ഗുണങ്ങള്‍ ഉണ്ടായിരിക്കണം. കേള്‍ക്കുന്നവര്‍ക്ക് അത് അറിവും സന്തോഷവും പകരുന്നതാകണം.  എന്നാല്‍, ഈവിധം നല്ല കാര്യങ്ങള്‍ പറയുന്നവര്‍ ചുരുക്കമാണ്.
നമ്മളില്‍ പലരുടേയും വാക്ക് നനഞ്ഞ വിറകുപോലെയോ വാഴപ്പിണ്ടിപോലെയോ ആണ്. അതില്‍നിന്നു പുക മാത്രമേ ഉണ്ടാകൂ. ചിലര്‍ക്കു സ്വയം പുകഴ്ത്താനാണ്, ആത്മപ്രശംസ ചെയ്യാനാണ് ഇഷ്ടം. മറ്റുചിലര്‍ക്ക് അന്യരെ നിന്ദിക്കാനും പരിഹസിക്കാനുമാണ് താല്‍പര്യം. അത്തരം വാക്കുകള്‍ പരസ്പരം വിദ്വേഷവും വൈരവും വളര്‍ത്തുന്നൂ.
മഹാഭാരത യുദ്ധത്തില്‍ അര്‍ജുനനും കര്‍ണനും തമ്മില്‍ യുദ്ധം നടന്ന ആദ്യദിവസം കര്‍ണനെ കൊല്ലാന്‍ അര്‍ജുനനു സാധിച്ചില്ല. അന്നു വൈകുന്നേരം യുധിഷ്ഠിരന്‍ അര്‍ജുനനോടു പറഞ്ഞു. ''കര്‍ണനെ കൊല്ലുമെന്ന് നീ വീരവാദം മുഴക്കിയിരുന്നല്ലോ. എന്നിട്ടിപ്പോള്‍ എന്തു പറ്റി? കര്‍ണനെ കൊല്ലാന്‍ സാധിക്കാത്ത സ്ഥിതിക്ക് ഇനിയും നിനക്ക് എന്തിനാണീ ഗാണ്ഡീവം? അതു വലിച്ചെറിഞ്ഞേക്കൂ.'' അതുകേട്ട് അര്‍ജുനന്‍ ദേഷ്യം കൊണ്ടു തിളച്ചു മറിഞ്ഞു. അര്‍ജുനന് ഒരു പ്രതിജ്ഞയുണ്ട്, ഗാണ്ഡീവത്തെ ആരെങ്കിലും നിന്ദിച്ചാല്‍  അങ്ങനെ ചെയ്യുന്നവരെ കൊല്ലുമെന്ന്.
ഗാണ്ഡീവത്തെ നിന്ദിച്ചതു കേട്ടയുടനെ അര്‍ജുനന്‍ പെട്ടെന്ന് വാളൂരി  യുധിഷ്ഠിരനെ കൊല്ലാനായി അടുത്തു. അപ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തടുത്തു. ഭഗവാന്‍ പറഞ്ഞു. ''അര്‍ജുനാ, നില്‍ക്കൂ. ഗാണ്ഡീവത്തെ നിന്ദിച്ചവനെ വധിക്കുമെന്നു നീ പ്രതിജ്ഞചെയ്തു എന്നത് സത്യം തന്നെയാണ്. എന്നാല്‍ അതിന് യുധിഷ്ഠിരനെ കൊല്ലണമെന്നില്ല. മറ്റൊരു രീതിയില്‍ ആ പ്രതിജ്ഞ നിറവേറ്റാം.'' അതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആശ്വാസമായി. ഭഗവാന്‍ തുടര്‍ന്നു. ''യുധിഷ്ഠിരന്‍ നിന്റെ ജ്യേഷ്ഠനാണ്. ജ്യേഷ്ഠനെ നിന്ദിക്കുന്നത് വധിക്കുന്നതിനു സമമാണ്. അതുകൊണ്ട്  യുധിഷ്ഠിരനെ നീ നിന്ദിക്കുക. അപ്പോള്‍ നിന്റെ പ്രതിജ്ഞ പാ
ലിച്ചതിനു തുല്യമാകുകയും ചെയ്യും.'' അതുകേട്ട് അര്‍ജുനന്‍ എല്ലാം മറന്ന് യുധിഷ്ഠിരനെ കഠിനമായി നിന്ദിച്ചു. കുറച്ചു കഴിഞ്ഞാണ് അര്‍ജുനന് സ്ഥലകാലബോധം വന്നത്. ''പിതൃതുല്യം ബഹുമാനിച്ചിരുന്ന ജ്യേഷ്ഠനെ ഞാന്‍ കഠിനമായി  നിന്ദിച്ചല്ലോ. ഈ കൊടും പാപത്തിന് ആത്മഹത്യയല്ലാതെ മറ്റെന്തു പ്രായശ്ചിത്തമാണുള്ളത്?'' ഇങ്ങനെ ചിന്തിച്ച് അര്‍ജുനന്‍ ആത്മഹത്യ ചെയ്യാന്‍ ഉറച്ചു. അതിനായി തീ കൂട്ടി അതില്‍ ചാടാന്‍ ഒരുമ്പെട്ടു. അപ്പോഴും ഭഗവാന്‍ അര്‍ജുനനെ തടഞ്ഞു.  ഭഗവാന്‍ പറഞ്ഞു, ''അര്‍ജുനാ, ആത്മഹത്യ ചെയ്യേണ്ട കാര്യമില്ല. മറ്റൊരു മാര്‍ഗമുണ്ട്.
സ്വയം പ്രശംസിക്കുക. ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ്.'' ഇതുകേട്ട് അര്‍ജുനന്‍ തന്നെത്തന്നെ വാനോളം പുകഴ്ത്തി. അങ്ങനെ വലിയൊരു ദുരന്തം ഒഴിവായി. അന്യരെ നിന്ദിക്കുകയും, സ്വയം പ്രശംസിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ എത്രമാത്രം അധഃപതിക്കുന്നുവെന്ന സത്യമാണ് ഈ കഥയില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത്. ആത്മവിശ്വാസം കൊള്ളാം. എന്നാല്‍ ഞാന്‍ എല്ലാം ചെയ്തു. എന്റെ കഴിവുകൊണ്ടാണ് വിജയിച്ചത് എന്നു കരുതുന്നത് അബദ്ധമാണ്. സ്വയം പ്രശംസിക്കുമ്പോള്‍ മറ്റുള്ളവരുടെ കണ്ണില്‍ നമ്മള്‍ പരിഹാസപാത്രമായിത്തീരുന്നു. അതുകൊണ്ടാണ് ആത്മപ്രശംസ ആത്മഹത്യക്കു തുല്യമാണ് എന്നു പറയുന്നത്. 
അടുത്ത ശ്വാസംപോലും നമ്മുടെ കൈയിലല്ല. ''ഞാന്‍ ഇതാ വരുന്നു'' എന്നു പറഞ്ഞ് അടുത്ത ചുവടു വെക്കുമ്പോഴേക്കും പറയുന്ന ആള്‍ മറിഞ്ഞുവീണ് മരിച്ചുപോകാം. എല്ലാം ചെയ്യുന്നതു ഞാന്‍ ആണെന്നു പറയുന്നവര്‍ക്ക് സ്വന്തം ശ്വാസം നിലയ്ക്കുന്നത് തടുക്കാന്‍ കഴിയുമോ? പരമാത്മാവിന്റെ ശക്തികൊണ്ടാണ് എല്ലാം നടക്കുന്നത്. ആ ഒരു വിശ്വാസവും തിരിച്ചറിവും നമുക്കുണ്ടായിരിക്കണം. ''ഞാന്‍ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ലോകം മുഴുവന്‍ നശിക്കും'' എന്ന് അഹങ്കരിക്കുന്നവരുണ്ട്. എന്നാല്‍ ബട്ടണമര്‍ത്താനും നമ്മുടെ കൈ പൊക്കാനും
ശക്തി വേണ്ടേ? ആ ശക്തി എവിടെ നിന്നു വരുന്നു? ആ ശക്തിയുടെ സഹായമില്ലാതെ ഒരു വിരല്‍പോലും ചലിപ്പിക്കാന്‍ ആര്‍ക്കും സാധ്യമല്ല. നാം ചിന്തിക്കുന്നതും, പ്രവര്‍ത്തിക്കുന്നതുമെല്ലാം ഈശ്വരന്റെ ശക്തി കൊണ്ടാണെന്ന സത്യം നമ്മള്‍ സദാ ഓര്‍മിക്കണം. 
നമ്മള്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ എത്രമാത്രം ശ്രദ്ധിക്കണമെന്ന സന്ദേശംകൂടി ഭഗവാന്റെ ഉപദേശത്തിലുണ്ട്. വാക്കുകള്‍കൊണ്ട് ഒരാളെ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യാം. വാക്കുകള്‍കൊണ്ട് ദുഃഖിതനു ആശ്വാസം ഏകാനും തളര്‍ന്നവന് ശക്തിപകരാനുംസാധിക്കും. മന്ഥരയുടെ വാക്കുകളാണ് കൈകേയിയെ ഏറ്റവും അധമമായ മാനസികതലത്തിലേക്കു താഴ്ത്തിയത്. അതേസമയം, ഭഗവാന്റെ വാക്കുകള്‍ അര്‍ജുനന് ശരിയായ ഉള്‍ക്കാഴ്ച്ചയും ഉണര്‍വും പകര്‍ന്നു.
അതുപോലെ ജാംബവാന്റെ വാക്കുകള്‍ക്ക് ഹനുമാനില്‍ ഉറങ്ങിക്കിടന്ന പൗരുഷത്തെയും വീര്യത്തെയും ഉണര്‍ത്താന്‍ കഴിഞ്ഞു. നമ്മുടെ വാക്കുകള്‍ മറ്റുള്ളവര്‍ക്കു ഹിതവും പ്രിയവും ചെയ്യുന്നതാകണം. സന്ദര്‍ഭവും സാഹചര്യവും മനസ്സിലാക്കിയായിരിക്കണം. നമ്മുടെ വാക്കുകള്‍. ആരോടു പറയുന്നു, എപ്പോള്‍ പറയുന്നു, എന്തിനു പറയുന്നു, എങ്ങനെ പറയുന്നു ഇതിലെല്ലാം ശ്രദ്ധവെക്കണം. അങ്ങനെയായാല്‍ നമുക്കും ലോകത്തിനും വാക്കുകള്‍ പ്രയോജനകരമാകും. സ്‌നേഹവും വിവേകവും ഒത്തിണങ്ങിയ വാക്കുകള്‍ അമൃതസമാനം തന്നെയാണ്. 
മാതാ അമൃതാനന്ദമയി

No comments: