Sunday, January 20, 2019

*ശ്രീമദ് ഭാഗവതം 37*

രാമകൃഷ്ണദേവൻ ഒരു കഥ പറയും. ഇന്ദ്രൻ ഒരിക്കൽ ഒരു പന്നി ആയിട്ട് ജനിച്ചു. പന്നി പന്നിക്കുട്ടികളേ വിട്ട് ചെളിയിൽ നിന്ന് വരണേ ഇല്ല്യ. നാരദമഹർഷി ചെന്ന് ബോധിപ്പിച്ചു. വരാൻ പറഞ്ഞു വിളിച്ചാ പറയും എന്തു ദേവേന്ദ്രൻ എന്തു ദേവലോകം. എന്റെ ഭാര്യയെ നോക്കൂ കുട്ടികളെ നോക്കൂ എന്തു സൗന്ദര്യം ഈ ചളിയിൽ കളിക്കാൻ എന്തു സുഖം എന്ന് പറയണു അത്രേ.
ദേവലോകവും അപ്സരസ്ത്രീകളും ഒക്കെ മറന്നു. ഏത് യോനിയിൽ വന്നു വീണോ അവിടെ വൈരാഗ്യം വരാതെ പൊയ്പോവും. പിന്നെ എങ്ങനെയാ. ആരെങ്കിലുമൊക്ക പുറത്തു നിന്ന് വന്ന് ബോധിപ്പിക്കണം. വന്ന് എഴുന്നേൽപ്പിക്കണം.

അങ്ങനെ എഴുന്നേൽപ്പിക്കാൻ പോലും നമുക്ക് ഒരു പൂർവ്വപുണ്യത്തിന്റെ ബലം ണ്ടാവണം. ആ ബലം ഉണ്ടെങ്കിൽ ഭഗവദ് കൃപ എവിടെ എങ്കിലുമൊക്കെ നമ്മളെ പിടിക്കാണെങ്കിൽ രക്ഷ പെട്ടു.  ധൃതരാഷ്ട്രർക്ക് ഒരുപാട് ഭാഗ്യം കിട്ടി യിട്ടുണ്ട്. വിദുരർ പല മഹാത്മാക്കളെ കൊണ്ട് വന്നു പറഞ്ഞു കേൾപ്പിച്ചു. സനത് സുജാതീയം എന്നൊരു ഭാഗം. വിദുരർ തന്നെ പലവട്ടം ഉപദേശിച്ചു. വിദുരനീതി. ഇങ്ങനെ പലതും കഴിഞ്ഞിട്ടും ധൃതരാഷ്ട്രർക്കൊന്നും തെളിഞ്ഞില്ല്യ. കാരണമെന്താ ഈ മഹാഭാരതയുദ്ധം ഒക്കെ നടക്കണമല്ലോ. അതെല്ലാം കഴിഞ്ഞു. തന്റെ നൂറ് മക്കളും മരിച്ചു  കൂടെ ഉള്ളവരൊക്കെത്തന്നെ മരിച്ചു. എല്ലാം കണ്ടു. അവസാനം ഭീമനെ തന്റെ കൈ കൊണ്ട് തന്നെ കൊല്ലാൻ ശ്രമിച്ചു. ഒക്കെ പരാജയമായി. ഇപ്പൊ ആരെ കൊല്ലാൻ ശ്രമിച്ചുവോ ആ ഭീമനേയും പാണ്ഡവരേയും ആശ്രയിച്ചു ജീവിക്കയാണ്. ഭീമൻ രാവിലെ ആയാൽ ഇഡ്ഡലി ഒക്കെ കൊണ്ട് കൊടുക്കും അത്രേ. അതൊക്കെ ഭക്ഷിച്ച് ധൃതരാഷ്ട്രർ ഇരിക്കാണ്. വൈരാഗ്യം ഒന്നുമില്ല. ഇപ്പോഴും നേരാനേരത്തിന് ശാപ്പാട് ഒക്കെ ആയിട്ട് ഈ വാർദ്ധക്യത്തിലും വൈരാഗ്യം ഇല്ലാതെ ഇരിക്കുന്നത് കണ്ടപ്പോൾ വിദുരർക്ക് ആശ്ചര്യം തോന്നി.

അഹോ ബലീയസി   ജന്തോ: ജീവിതാശാ.

ഈ ജന്തുവിന് ജീവിക്കാനുള്ള ആശ അതി ബലവത്തു തന്നെ. ഇത്ര നഷ്ടംണ്ടായി ആരും ഇല്ലാതായി അപമാനപ്പെട്ടിട്ടും അതിന്റെ നടുവില് ഇങ്ങനെ വൈരാഗ്യം ഏർപ്പെടാതെ ഇരിക്കുന്നത് കണ്ടപ്പോൾ വിദുരർ പറഞ്ഞു.  രാജൻ എഴുന്നേൽക്കാ. ഈ ഭീമൻ കൊണ്ട് വന്ന് തരുന്നത് ടിഫിൻ അല്ലാ. ഇത് പിണ്ഡം. ഈ ഭീമൻ കൊണ്ട് തരുന്ന പിണ്ഡം കഴിച്ചു കൊണ്ടിരിക്കുണുവല്ലോ. കഷ്ടം. അങ്ങേയ്ക്ക് മരണം അടുത്ത് വന്നിരിക്കുണു. വിദുരർ ധൃതരാഷ്ട്രരെ പരിഹസിക്കുന്നത് പ്രിയം കൊണ്ടാണ്.

എല്ലാവർക്കും വാർദ്ധക്യം ണ്ട്. ഈ വാർദ്ധക്യം നമ്മുടെ മുമ്പിൽ പരിഹസിച്ചു കൊണ്ട് നില്ക്കാണ് എന്നാണ് ഭർതൃഹരി പറയണത്. പക്ഷേ വാർദ്ധക്യം ആകുന്തോറും ഒരു സൗന്ദര്യം വർദ്ധിക്കും. ഭക്തി ഉള്ളിലുണ്ടെങ്കിൽ. ശൂർപ്പണഖ സുന്ദരി ആയി വേഷം കെട്ടി നിന്നപ്പോ രാമൻ ചിരിച്ചു. അതേ രാമൻ ഒരു വൃദ്ധയെ കണ്ട് സുന്ദരി എന്ന് വിളിക്കണു. ശബരി. എന്തു സൗന്ദര്യമാ ഉള്ളത്. വായിൽ പല്ലില്ല്യ. തലമുടി വെള്ളിക്കമ്പി പോലെ ആയി.  ശരീരം മഴുവൻ ആടിക്കൊണ്ടിരിക്കണ ഒരു വൃദ്ധയ്ക്ക് എന്തു സൗന്ദര്യമാ ഉള്ളത്. തപസ്സിന്റെ സൗന്ദര്യം. ഭക്തിയുടെ സൗന്ദര്യം. പഴുത്ത പഴം. ഇവിടെ ധൃതരാഷ്ട്രർക്ക് ഇത്ര വയസ്സ് ആയിട്ടിരിക്കുണു. എന്നിട്ടും എഴുന്നേൽക്കാൻ കൂട്ടാക്കണില്ല്യ എന്ന് കണ്ടപ്പോ എഴുന്നേൽക്കാ മതി . ഒന്നുകിൽ സ്വയം വിചാരം ചെയ്ത് വൈരാഗ്യം ഉണ്ടാവണം  ജ്ഞാനം ഉണ്ടാവണം. അല്ലെങ്കിൽ ആരെങ്കിലുമൊക്ക പറഞ്ഞു തന്നാലെങ്കിലും ഉണ്ടാവണം.

യ: സ്വകാത് പരതോ വേഹ ജാതനിർവ്വേദ ആത്മവാൻ
ഹൃദി കൃത്വാ ഹരിം ഗേഹാത് പ്രപ്രജേത് സ നരോത്തമ:

ഹൃദയത്തിൽ ഹരിയെ വെച്ച് കൊണ്ട് പരിവ്രജനം ചെയ്യുന്നവൻ പുരുഷോത്തമൻ.  എവിടെയെങ്കിലും ചെന്ന് ആരും അറിയാതെ ശരീരം ഉപേക്ഷിക്കണം.
ശ്രംഗേരി മഠത്തിലെ   ചന്ദ്രശേഖരഭാരതി സ്വാമി പറഞ്ഞു ഏറ്റവും ഉയർന്ന ജ്ഞാനപീഠത്തിൽ ഇരുന്ന് അദ്ദേഹം പറഞ്ഞു മരിച്ചു കഴിഞ്ഞാലേ ഈ ശരീരം ആ തുംഗാനദിയിൽ എടുത്ത് ഇടാ. മീനൊക്കെ തിന്നുകൊള്ളട്ടെ. അതിനെങ്കിലും  പ്രയോജനപ്പെടട്ടെ.

അവിജ്ഞാതഗതിർജ്ജഹ്യാത് സ വൈ ധീര ഉദാഹൃത:

ആരും അറിയാതെ എവിടെയെങ്കിലുമൊക്കെ ഇട്ടിട്ട് പോവാ ഈ ശരീരത്തിനെ അയാളാണ് ധീരൻ അത്രേ. ഇത്രയും പറഞ്ഞ് ധൃതരാഷ്ട്രരെ പിടിച്ച് എഴുന്നേൽപ്പിച്ചു കൊണ്ടുപോയി വിദുരർ മോക്ഷമാർഗ്ഗത്തിലേയ്ക്ക് തത്വോപദേശം ചെയ്തു. കാട്ടിൽ ചെന്നു. അവരൊക്കെ തപസ്സ് ചെയ്തു. യോഗസ്ഥിതിയിൽ ഇരുന്നു കൊണ്ട് ശരീരം ഉപേക്ഷിച്ചു. വിദുരർ ജീവന്മുക്തനായി ഇരുന്നത് കൊണ്ട് പ്രഭാസതീർത്ഥത്തിൽ വിദുരരും സ്വയം യോഗസമാധിയിൽ ഇരുന്ന് ശരീരം ഉപേക്ഷിക്കുകയും ധർമ്മപുത്രർ അവിടെ വന്നു കാണുകയും ആ ശരീരത്തിനെ ദഹിപ്പിക്കാൻ പുറപ്പെടുമ്പോ ആ ശരീരമേ യോഗാഗ്നിമയം ആണ്. അതിനെ ദഹിപ്പിക്കരുത്  എന്ന് അശരീരി വാണി കേൾക്കുകയും ചെയ്തു. അങ്ങനെ വിദുരന്റെ കഥ.
ശ്രീനൊച്ചൂർജി
 *തുടരും. .*
Lakshmi Prasad 

No comments: