Sunday, January 20, 2019

തൈ പിറന്താൽ വഴി പിറക്കും!
തമിഴ്‌നാട്ടിലെ ഹിന്ദുക്കൾക്കിടയിൽ പറഞ്ഞു കേൾക്കുന്ന ഒരു ചൊല്ലാണിത് . തൈ മാസം വന്നാൽ എല്ലാ ബുദ്ധിമുട്ടുകളും നീങ്ങി കാര്യങ്ങളൊക്കെ സുഗമമാവും എന്നവർ വിശ്വസിക്കുന്നു . തൈമാസം മലയാളികൾക്ക് മകരമാസം ആണ് . മകരമാസത്തിലെ പൂയം നക്ഷത്രം വിശേഷപ്പെട്ട തൈപ്പൂയം ആയി ആഘോഷിക്കുന്നു . ശിവ പാർവതി പുത്രനായ സുബ്രഹ്മണ്യന്റെ തിരുനാളാണ് മകര മാസത്തിലെ പൂയം . കൂടാതെ സുബ്രഹ്മണ്യ സ്വാമി ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നെ അസുരന്മാരെ വധിച്ച് അവതാരോദ്ദേശ പൂർത്തീകരണം നടത്തിയ നാളെന്ന പ്രത്യേകതയും തൈപൂയത്തിനുണ്ട് .
ശുക്രാചാര്യരുടെ ശിഷ്യയായ മായയുടെ പുത്രന്മാരായിരുന്നു ശൂരപദ്മൻ, താരകാസുരൻ, സിംഹവക്ത്രൻ എന്നീ അസുരന്മാർ . ശിവ പാർവതി പുത്രന് മാത്രമേ തങ്ങളെ വധിക്കാനാവൂ എന്നയിരുന്നു അവർക്കു ലഭിച്ച വരം . ആ സമയം സതീദേവിയുടെ ആത്മാഹുതിയിൽ വിരക്തനായി മഹാദേവൻ കൊടും തപസ്സനുഷ്ടിക്കുകയുമായിരുന്നു . തങ്ങൾ സുരക്ഷിതരാണെന്ന അഹങ്കാരത്തിൽ അവർ ത്രൈലോക്യങ്ങളും അടക്കി വാണു . ദേവന്മാരുടെ പ്രേരണയാൽ കാമദേവൻ ശിവതപസ്സിളക്കാൻ നോക്കിയെങ്കിലും തൃക്കണ്ണ് തുറന്ന് ശിവൻ സുമശരനെ ഭസ്മമാക്കി . കാലങ്ങൾ ഒരുപാട് കഴിഞ്ഞു . ത്രിലോകങ്ങളും ദേവന്മാരും അസുരന്മാരെ കൊണ്ട് പൊരുതി മുട്ടി . കാത്തിരിപ്പിനൊടുവിൽ ശിവ പാർവതി സംഗമവും സംഭവിച്ചു . എന്നാൽ സ്കന്ദാവതാരം പ്രത്യക്ഷനായില്ല. ഒടുവിൽ പരമേശ്വരൻ തന്റെ പഞ്ചമുഖരൂപം കൈക്കൊള്ളുകയും ഭഗവാന്റെ അഞ്ചു മുഖങ്ങളിൽ നിന്നും വന്ന അഞ്ചു ദിവ്യജ്യോതിസ്സുകളും ,പർവതീദേവ്വീയുടെ മുഖത്ത് നിന്നും വന്ന ഒരു ദിവ്യജ്യോതിസ്സും അഗ്നിദേവനും,വായൂദേവനും കൂടി ചേർന്ന് ഗംഗയിൽ നിക്ഷേപിച്ചു. ഗംഗ ദേവി ആ ദിവ്യ ജ്യോതിസ്സുകളെ ശരവണ പൊയ്കയിൽ എത്തിക്കുകയും ,ആ ദിവ്യജ്യോതിസ്സുകളിൽ നിന്നും ആറു മുഖങ്ങളോടെ , അറുമുഖനായ സുബ്രഹ്മണ്യൻ അവതരിക്കുകയും ചെയ്തു. മഹാ വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിന്റെ അധിദേവതമാരയ കൃതിക ദേവിമാർ സുബ്രഹ്മണ്യനെ പുത്രനായി പരിപാലിച്ചു വളർത്തി .പിന്നീട് ദേവസേനാപതിയായ് അഭിഷേകം ചെയ്യപ്പെട്ട സുബ്രഹ്മണ്യൻ ശൂരപദ്മൻ, താരകാസുരൻ, സിംഹവക്തൻ എന്നീ അസുരന്മാരുമായി യുദ്ധത്തിൽ ഏർപ്പെടുകയും തൈപ്പൂയ്യത്തിന് അവരെ വധിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം .
തൈപൂയത്തിനു കേരളത്തിലും , തമിഴ്‌നാട്ടിലും , സിങ്കപ്പൂർ , മലേഷ്യ എന്നിവടങ്ങിലും സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷങ്ങൾ നടക്കുന്നു . സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവന് ഉപദേവതാ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷമുണ്ട്. സുബ്രഹ്മണ്യന് ഭക്തന് നല്കുന്ന കാവടി സമര്പ്പണമാണ് ആഘോഷത്തില്മുഖ്യം. പീലിക്കാവടി, പൂക്കാവടി, ഭസ്മക്കാവടി എന്നിങ്ങനെ പല തരം കാവടികൾ ഭക്തർ സുബ്രഹ്മണ്യനായി സമർപ്പിക്കുന്നു .പല പ്രമുഖ ക്ഷേത്രങ്ങളിലും ഒരാഴ്ചയോളം നീണ്ട ആഘോഷങ്ങൾ പതിവാണ് .പഴനിയില് രഥോത്സവവും, മധുരയില് തെപ്പരഥോത്സവവും തൈപൂയത്തിനു കൊണ്ടാടുന്നു .
ദക്ഷിണ പഴനി എന്നറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് കേരളത്തിൽ ഏറ്റവും വിപുലമായി തൈപ്പൂയം ആഘോഷിക്കുന്നത് .21 ദിവസത്തെ വ്രതശുദ്ധിയോടെ ആണ് ഇവിടെ ഭക്തർ കാവടി ആടുന്നതെന്നതും പ്രത്യേകതയാണ് .അതിരാവിലെ എണ്ണക്കാവടിയോടൂകൂടിയാണ് കാവടിയാട്ടം ആരംഭിക്കുന്നത്. എണ്ണക്കാവടിക്ക് ശേഷം നെയ്യ്, തേന്, പാല്, പഞ്ചാമൃതം, ശര്ക്കര കാവടികള് ആടും.ഉച്ചക്ക് കളഭക്കാവടിയും വൈകുന്നേരം കുങ്കുമം, ഭസ്മം, പനിനീര്, പുഷ്പം എന്നീ കാവടികളുമാണ് ആടുന്നത് . കൂടാതെ കൂര്ക്കഞ്ചേരി, പെരുന്ന, ചെറിയനാട്,ഉദയനാപുരം, കിടങ്ങൂര്, പയ്യന്നൂര്, എളംകുന്നപ്പുഴ എന്നീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രങ്ങളിലേയും കാവടിയാട്ടങ്ങള് ആഘോഷപൂർവം കൊണ്ടാടുന്നു .
രത്നശോഭയുള്ള മകുടവും , ശോഭയാർന്ന കുണ്ഡലങ്ങളും ധരിച്ചവനും മനോഹരമായ കഴുത്തിൽ ചെമ്പകമാല അണിഞ്ഞവനും ,ഇരു കൈകളിലുമായി വേലും വജ്രവും ധരിക്കുന്നവനും ,സിന്ദൂരവർണ ശോഭയാൽ മനസ്സിനെ ഭ്രമിപ്പിക്കുന്നവനും , മഞ്ഞപ്പട്ടുടുത്തവനും മയിൽ വാഹനനുമായ സുബ്രഹ്മണ്യ സ്വാമി ഭക്തർക്കു ബുദ്ധിയും , സിദ്ധിയും , ആഗ്രഹ പ്രാപ്തിയും , പുത്ര സുഖവും നൽകി അനുഗ്രഹിക്കട്ടെ .എല്ലാവര്ക്കും തൈപ്പൂയം ആശംസകൾ .❤️
ഓം വചത്ഭൂവേ നമഃ
Bodhi Dutta
വിവരങ്ങൾ : കടപ്പാട്
Photo Credit: Rames Harikrishnaswamy

No comments: