Monday, January 28, 2019

*ശ്രീമദ് ഭാഗവതം 45*

ശുകാചാര്യർ എങ്ങനെയാ ഇരിക്കുന്നത്
പൂർണ്ണസമുദ്രം പോലെ,

പ്രശാന്തമാസീനമകുണ്ഠമേധസം
മുനിം നൃപോ ഭാഗവതോ അഭ്യുപേത്യ
പ്രണമ്യ മൂർധ്നാവഹിത: കൃതാജ്ഞലി:
നത്വാ ഗിരാ സൂനൃതയാ അന്വപൃച്ഛത്.

ശുകാചാര്യരുടെ പേര് പറഞ്ഞില്ല്യ സൂത മഹാമുനി. സൂതരുടെ ഗുരു ആണേ. ബഹുമാനാധിക്യം കൊണ്ട് ചിലപ്പോ ഗുരുക്കന്മാരുടെ പേര് പറയില്ല്യ.  ശ്രീശുകാചാര്യർ വരുമ്പോ സൂതൻ അവിടെ ഇരിക്കണ്ട്. ഈ ഭാഗവതം പറയുന്ന സൂതരും പരീക്ഷിത്തിന് കഥ കേൾക്കാനായി ശുകബ്രഹ്മ മഹർഷി ഇരിക്കുന്ന സ്ഥലത്ത് ഇരിപ്പുണ്ട്. ശുകബ്രഹ്മമഹർഷി കഥ മുഴുവൻ പറഞ്ഞിട്ട് അവസാനം പറയണു ഈ സൂതൻ ഉണ്ടല്ലോ ഇയാള് പറയും. ഇനി ശൗനകാദികൾക്ക് ഭാഗവതം പറഞ്ഞു കൊടുക്കും എന്ന് പറയണ്ട് ശുകബ്രഹ്മമഹർഷി. അപ്പോ അവിടെ സൂതൻ ഇരിക്കുന്നു. സൂതൻ കണ്ടതാണ് പറയണത്. അദ്ദേഹം(ശ്രീ ശുകബ്രഹ്മ മഹർഷി ) അവിടെ വന്നു. ഋഷികളുടെ നടുവില് ഇരുന്നു. ഋഷികളൊക്കെ എഴുന്നേറ്റു നമസ്ക്കരിച്ചു. നക്ഷത്രങ്ങളുടെ നടുവിൽ പൂർണചന്ദ്രൻ ഇരിക്കുന്നത് പോലെ ഇരുന്നു .

പ്രശാന്തമാസീനമകുണ്ഠമേധസം

ആ തേജസ്സിന് യാതൊരു തടസ്സവും ഇല്ല്യ. അത്തരം ദിവ്യതേജസ്സോടുകൂടി ഇരിക്കുന്ന മുനിയുടെ മുമ്പിൽ രാജാവ്  നിന്നു. ശുകാചാര്യരുടെ പാദം തൊട്ടു പരീക്ഷിത്ത്. അതോട് കൂടി പരീക്ഷിത്തിന്റെ ടൈട്ടിൽ മാറി. സൂതൻ പറയണു. എപ്പോ ശ്രീശുകമഹർഷിയുടെ പാദം സ്പർശിച്ചുവോ,

ഭാഗവതോ അഭ്യുപേത്യ

ഭാഗവതൻ. പരീക്ഷിത്ത് മഹാരാജാവല്ല. പരീക്ഷിത്ത് ഭാഗവതൻ. കേവലം ക്ഷത്രിയനായ ഭരണാധികാരി അല്ല.

മുനിം നൃപോ ഭാഗവതോ അഭ്യുപേത്യ

എന്റെ സദ്ഗുരുവായ ശ്രീശുകമഹർഷിയുടെ പാദസ്പർശം ഏറ്റതോടെ പരീക്ഷിത്ത് മഹാരാജാവ് പരമഭാഗവതരായ രാജഋഷി ആയിട്ട് തീർന്നു.

പ്രണമ്യ മൂർധ്നാവഹിത: കൃതാജ്ഞലി:
നത്വാ ഗിരാ സൂനൃതയാ അന്വപൃച്ഛത്.

പരീക്ഷിത്ത് അദ്ദേഹത്തെ നമസ്കരിച്ച് കൊണ്ട് പറഞ്ഞു. പ്രഭോ ഞാൻ എന്തു ഭാഗ്യം ചെയ്തു?

അഹോ അദ്യ വയം ബ്രഹ്മൻ സത് സേവ്യാ: ക്ഷത്രബന്ധവ:
കൃപയാ അതിഥി രൂപേണ ഭവദ്ഭി: തീർത്ഥകാ: കൃതാ:

ക്ഷത്രിയൻ എന്ന് പറയാൻ എനിക്ക് യോഗ്യത ഇല്ല്യ. ക്ഷത്രബന്ധു. അങ്ങനെ ഉണ്ടായിരിന്നിട്ടും,

ഭവദ്ഭി: തീർത്ഥകാ: കൃതാ

അവിടുത്തെ ദർശനം കൊണ്ട് തന്നെ ഞാൻ തീർത്ഥീഭൂതനായി തീർന്നിരിക്കണു. ചിത്തം ശുദ്ധമായിരിക്കുന്നു. ആരെയാണോ സ്മരിക്കുന്നമാത്രയിൽ തന്നെ ചിത്തം ശുദ്ധമാകുന്നത് അങ്ങനെയുള്ള ആളെ അടുത്ത് കിട്ടുക അടുത്ത് ഇരിക്കുക, തൊടുക

ഏഷാം സംസ്മരണാത് പുംസാം സദ്യ: ശുദ്ധ്യന്തി വൈ ഗൃഹാ:
കിം പുന: ദർശന സ്പർശ പാദ ശൗചാ ആസനാദിഭി:

ഹേ മഹായോഗിൻ,

അത: പൃശ്ചാമി സംസിദ്ധിം.

പാരമാർത്ഥികമായ സംസിദ്ധിയെ ആഗ്രഹിച്ചു കൊണ്ട് ഞാനിപ്പോൾ ചോദിക്കാണ്. ശുകാചാര്യരെ ഒരു വിശേഷണം കൊണ്ട് വിശേഷിപ്പിക്കുകയാണ്.

യോഗിനാം പരമം ഗുരും
യോഗികൾക്ക് പരമഗുരു.
അങ്ങനെ ഉള്ള അവിടുത്തെ എനിക്ക് മുമ്പില് കിട്ടിയിരിക്കുന്നു. എനിക്ക് ഒരു കാര്യം മനസ്സിലായി. കൃഷ്ണനെ എന്റെ  അമ്മയുടെ ഗർഭത്തിൽ വെച്ച് കണ്ടത് വൃഥാവായില്ല്യ. ഗർഭത്തിൽ വെച്ച് കൃഷ്ണ ദർശനം കിട്ടിയതിന്റെ ഫലം  ആണ് ശുകബ്രഹ്മ ദർശനം. ഭാഗവതം പഠിച്ചിട്ട് കൃഷ്ണ ദർശനം അല്ല. കൃഷ്ണ ദർശനം ഉണ്ടായിട്ടുണ്ടെങ്കിൽ ഭാഗവതശ്രവണം കിട്ടും.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: