Saturday, May 11, 2019

ദക്ഷിണാമൂർത്തി സ്തോത്രം-23
ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ അനുഭവങ്ങളും കണ്ണാടി കാണുന്ന പോലെയാണ്. ഇതൊരു ജീവിത തത്ത്വമാണ്. ലോകം കണ്ണാടിയാണ്. ഒരു വ്യക്തിയെ തന്നെ പലർ കാണുമ്പോൾ വ്യത്യസ്തമായ വികാരങ്ങൾ ഉണ്ടാകുന്നു. ഈ വികാരങ്ങൾക്ക് ആ വ്യക്തിയുമായി ഒരു ബന്ധവുമില്ല. ഈ വികാരത്തിന്റെ വെറും ഒരു ബാഹ്യമായ ചിഹ്നമാണ് മുൻമ്പിൽ കാണുന്ന വ്യക്തി. വ്യക്തിയെ മുന്നിൽ കാണുന്നു വികാരം ഉള്ളിൽ ഉണ്ടാകുന്നു. വ്യക്തിയെ മാറ്റണ്ട വികാരത്തെ മാറ്റിയാൽ ഒന്നുകിൽ ആ വ്യക്തി നിസ്സാരനായി പോകും അല്ലെങ്കിൽ മറഞ്ഞ് തന്നെ പോകും.
വിശ്വംദർപ്പണ ദൃശ്യമാന നഗരീ തുല്യം
അപ്പോൾ ഈ വിശ്വം മുഴുവൻ കണ്ണാടിയിൽ കാണുന്ന ഒരു നഗരം പോലെ.എന്നാൽ എല്ലാം പ്രതിഫലിക്കുന്നത് വിപരീതമായ ക്രമത്തിലാണ്. നമ്മുടെ ഇടത്, കണ്ണാടിയിലെ വലതാണ്. എന്നാൽ ഈ പ്രതിഫലിക്കുന്നതെല്ലാം വാസ്തവമാണെന്ന് ഒരു ഭ്രമം നമുക്കു വന്നിരിക്കുന്നു. കണ്ണാടിയിലെ ഇടത് കൈ അനക്കണമെങ്കിൽ നമ്മുടെ വലത് കൈ അനക്കേണ്ടിയിരിക്കുന്നു. അതു പോലെ ഈ പ്രപഞ്ചത്തിൽ എന്തെങ്കിലുമൊക്കെ ശരിയാക്കണമെങ്കിൽ ബാഹ്യമായല്ല ശരിയാക്കേണ്ടത് ഉള്ളിലാണ് ശരിയാക്കേണ്ടത്.
ഒരു പട്ടണത്തിന് മുന്നിൽ ഒരു വലിയ കണ്ണാടി വച്ചാൽ പട്ടണം ബിംബവും കണ്ണാടിയിൽ കാണുന്നത് പ്രതിബിംബവുമാണ്. അതു പോലെ ഈ വിശ്വം പ്രതിബിംബമാണെങ്കിൽ ബിംബം എവിടെയാണ്? ബിംബം നിജ അന്തർഗതം. കാരണ ശരീരത്തിൽ ഇതൊക്കെ അടങ്ങി കിടക്കുന്നു. വാസനാ രൂപത്തിൽ നമ്മുടെ ഉള്ളിൽ കിടക്കുന്നതാണ് പിന്നീട് ജീവിത സാഹചര്യങ്ങളും, സംഭവങ്ങളും, അച്ഛനും, അമ്മയും ഒക്കെയായി പൊട്ടി മുളയ്ക്കുന്നത്. അല്പം വിട്ട് നിന്ന് നോക്കുകയാണെങ്കിൽ അത്യത്ഭുതമാണ്.
ഒരു കുട്ടി ജനിക്കുമ്പോൾ കുട്ടിയുടെ ഭാവി അതിന്റെ കാരണ ശരീരത്തിൽ ഒരു വിത്തിന്റെ ഉള്ളിൽ മരം കിടക്കുന്ന പോലെ കിടക്കുന്നുണ്ട്. ഓരോ കാലത്തായി മരത്തിന് ചില്ലയും , ഇലകളും മറ്റും കിളിച്ചു വരുന്നതു പോലെ കുട്ടിയ്ക്കും ശരീരത്തിന് മാറ്റങ്ങൾ വരും പല അനുഭവങ്ങൾ വരും ശരിക്കും ഒരു വിത്തിട്ടാൽ മരം മുളയ്ക്കുന്നതു പോലെ. അകമെ അന്തർഗതമായിട്ടുള്ള വാസനകൾ പ്രപഞ്ചാകാരമായി പരിണമിച്ച് കാണപ്പെടുന്നു.
രമണ മഹർഷി അരുണാചല അഷ്ടകത്തിൽ മറ്റൊരു ഉദാഹരണം പറഞ്ഞു. ഒരു cinema projector നോക്കിയാൽ കാണാം ലൈറ്റ്, മുന്നിൽ ഒരു ലെൻസ് ,ഒരു സ്ക്രീൻ. അതിന് നടുക്കായി ഫിലിം റോൾ ചുറ്റും. അതുപോലെ നമ്മുടെ ഉള്ളിലെ ചിത് ജ്യോതി, ചിത് പ്രകാശം, ഞാൻ ഉണ്ട് എന്നുള്ള കേവലാനുഭവം ആണ് ചിത് പ്രകാശം, അത് പ്രകാശിക്കുന്നു. അതിന് മുന്നിൽ നമ്മൾ ശേഖരിച്ച് വച്ച വാസനകളുടെ റോൾ ചുറ്റുന്നുണ്ട്. ഇന്ദ്രിയങ്ങളാകുന്ന ഓരോ ലെൻസിലൂടെയും പ്രൊജക്റ്റ് ചെയ്ത് നമ്മുടെ മുന്നിൽ കാണുന്നതാണ് നമ്മൾ ഓരോരുത്തരുടേയും പ്രപഞ്ചം.
Nochurji.
MaliniDipu

No comments: