Tuesday, May 14, 2019

ശിവാനി ശേഖര്‍
അമ്മ എന്നാൽ നിർവ്വചനങ്ങളിലൊതുക്കുവാനാകാത്ത പുണ്യമാണ്! പ്രപഞ്ചം മുഴുവൻ അമ്മയെന്ന ഒറ്റ വാക്കിലേക്ക് ഒതുങ്ങി നില്ക്കുന്നു!പൊക്കിൾക്കൊടിയുടെ ഒരിക്കലും മായാത്ത ബന്ധം ! എല്ലുകൾ നുറുങ്ങുന്ന പ്രസവ വേദനയിലും തനിക്ക് ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ മുഖമോർത്ത് പുഞ്ചിരിക്കുന്നവൾ!!.വേദനയുടെ ഒടുക്കം കിട്ടുന്ന കനിയെ മാറോടണച്ച് സായൂജ്യമടയുന്നവൾ! പാലൂട്ടി,താരാട്ടി, കുഞ്ഞിക്കാലടികൾക്കൊപ്പം നടന്ന് തന്റെ ജീവിതം മക്കളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവർ!! മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടവും അഭിമാനത്തോടെ നെഞ്ചേറ്റുന്നവർ! പരിഭവങ്ങളും പരാതികളും പറയാൻ മറന്നവർ!
വേദനകളെ ചെറു ചിരിയിലൊതുക്കിയവർ! അടുക്കളയുടെ ഇത്തിരി വട്ടത്തിൽ തങ്ങളുടെ സാമ്രാജ്യം കണ്ടെത്തിയവർ!! ഇല്ലായ്മയും,അരവയറും അതിബുദ്ധിയോടെ ഒളിപ്പിച്ചവർ! ഉണ്ണാതെയുറങ്ങാതെ മക്കൾക്ക് കൂട്ടിരുന്നവർ!! ജീവിതപന്ഥാവിലെ കെടാവിളക്ക്!
“തുളസിക്കതിരിന്റെ നൈർമ്മല്യവും സിന്ദൂരപ്പൊട്ടിന്റെ കാന്തിയും ,മായാത്ത പുഞ്ചിരിയും ,സഹനവും, സഹാനുഭൂതിയും, കാരുണ്യവും,അങ്ങനെയങ്ങനെ എണ്ണിയാൽ തീരാത്ത വിശേഷണങ്ങൾ ഈ ലോകത്ത് “അമ്മ “എന്ന പദത്തിന് പകരം വയ്ക്കാവുന്നതാണ്! എത്ര വളർന്നാലും ഏഴാം കടൽ കടന്നാലും ,എന്തൊക്കെ മാറ്റങ്ങളുണ്ടായാലും ഒരു മാറ്റവും തൊട്ടു തീണ്ടാത്തത് അമ്മയുടെ സ്നേഹം മാത്രമാണ്!
മനുഷ്യനായാലും ,പക്ഷിമൃഗാദികളായാലും “അമ്മ” സിരകളിൽ പടർന്ന വികാരമാണ്! രക്തബന്ധത്തിന്റെ ദൈവീകസാന്നിധ്യം! പലരും പറഞ്ഞു കേട്ടിട്ടുണ്ട്”” എത്ര വലിയ പ്രതിസന്ധികളിലും അമ്മയുടെ മുഖമൊന്നോർത്താൽ മതി, വിഷമങ്ങളെല്ലാം അലിഞ്ഞു പോകാനെന്ന്!! അമ്മയുടെ കരുതലും സാമീപ്യവും പകരം വെയ്ക്കാനില്ലാത്ത അമൂല്യ നിധിയാണ്! ഭൂമിയിൽ ജനനമെന്ന പ്രക്രിയയുടെ അവസാനവാക്ക്!!
“അച്ഛൻ” തന്റെ സ്നേഹം കടമകളിലൊളിപ്പിക്കുമ്പോൾ,അമ്മയത് കടലോളം പകർന്നു തരുന്നു! അതു കൊണ്ടു തന്നെയാവണം മിക്കവാറും എല്ലാ മക്കളും അച്ഛനോട് ബഹുമാനം കലർന്ന സ്നേഹം പ്രകടിപ്പിക്കുമ്പോൾ അമ്മയെ കൂട്ടുകാരിയെ പ്പോലെ കാണുന്നത്! അമ്മയ്ക്കറിയാത്തതോ,അമ്മയോട് പറയാത്തതോ ആയ രഹസ്യങ്ങൾ പണ്ട് മക്കൾക്കുണ്ടായിരുന്നില്ല! ഇന്ന് അങ്ങനെയല്ലെങ്കിൽ കൂടി!
ഈ ഭൂമിയിൽ അമ്മയുടെ സ്നേഹം തന്നെയാണ് ഏറ്റവും വലിയ സൗഭാഗ്യം! സന്തോഷങ്ങൾ പങ്കു വെയ്ക്കുമ്പോൾ ഇരട്ടി സന്തോഷിക്കാൻ, ദുഃഖങ്ങൾ വരുമ്പോൾ പങ്കിട്ടെടുക്കാൻ,കരയണമെന്നു തോന്നിയാൽ തല ചായ്ക്കാൻ,മനസ്സു നിറഞ്ഞ് സ്നേഹിക്കാൻ, ഒരമ്മയുണ്ടാവുന്നതാണ് ജന്മഭാഗ്യം! എത്ര അകലങ്ങളിലിരുന്നാലും തന്നെ കാത്ത്,തന്നെ മാത്രമോർത്ത്,പ്രാർത്ഥനകളിലെപ്പോഴും ചേർത്തു പിടിച്ച്,മക്കളെ പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഒരമ്മച്ചിത്രം മനസ്സിൽ തണുവായി പെയ്തിറങ്ങുമ്പോൾ ,നമുക്ക് ചുറ്റും ആ സ്നേഹവലയങ്ങൾ തീർത്ത മൃദുസ്പർശം തൊട്ടു തലോടിപ്പോകുന്നത് പോലെ തോന്നും!.
eastcost daily

No comments: