Monday, May 13, 2019

ഒരിടത്ത് ഒരു രാജാവിന് നാല് ഭാര്യമാരുണ്ടായിരുന്നു.
നാലാമത്തവളോട് രാജാവിന് ഭ്രാന്തമായ സ്നേഹമായിരുന്നു.

അവളെ തൃപ്തിപ്പെടുത്താനായി സാധ്യമായതെല്ലാം അയാൾ ചെയ്യുമായിരുന്നു.

മൂന്നാമത്തവളെയും രാജാവിന് സ്നേഹമായിരുന്നു. പക്ഷെ, അവൾ മറ്റുള്ളവർക്ക് വേണ്ടി തന്നെ ഉപേക്ഷിച്ചു പോകുമെന്നായിരുന്നു രാജാവിന്റെ ബലമായ സംശയം.

രണ്ടാമത്തെ ഭാര്യ രാജാവിന് വിഷമഘട്ടങ്ങളിൽ ഓടിച്ചെല്ലാനുള്ള ഇടമായിരുന്നു. അയാളുടെ സങ്കടങ്ങൾ കേട്ട് അവൾ ആശ്വസിപ്പിക്കുമായിരുന്നു.

ഒന്നാം ഭാര്യ രാജാവിനെ ഒട്ടേറെ സ്നേഹിച്ചിരുന്നു. അദ്ദേഹത്തെ ഭരണത്തിൽ സഹായിക്കുന്നതിൽ വലിയ പങ്ക് വഹിച്ചിരുന്നു. എന്നാൽ അയാൾ അവളെ ഒട്ടും പരിഗണിച്ചിരുന്നില്ല. അവളോടുള്ള ബാധ്യതകളൊന്നും അയാൾ നിറവേറ്റിയിരുന്നുമില്ല.

*രാജാവ് രോഗിയായി. മരണം അടുത്തെത്തിയെന്ന് അയാൾക്ക് ഉറപ്പായി.* മണ്ണാറയിൽ ഒറ്റക്ക് കഴിയുന്നതിനെ കുറിച്ച് അയാൾക്ക് ആധിയായി.

അയാൾ താൻ ഏറെ സ്നേഹിച്ചിരുന്ന നാലാം ഭാര്യയോട് ചോദിച്ചു.

*"പ്രിയേ, മറ്റു ഭാര്യമാരേക്കാളേറെ ഞാൻ നിന്നെ സ്നേഹിച്ചു. നിന്റെ സകല ആഗ്രഹങ്ങളും ഞാൻ സാധിച്ചു തന്നു. എന്റെ കൂടെ മണ്ണാറയിൽ കൂട്ടാവാൻ നീ കൂടെ വരില്ലേ?"*
സാധ്യമല്ലെന്ന് ഒറ്റ വാക്കിൽ പറഞ്ഞ് അവൾ പുറത്തേക്ക് പോയി.

മൂന്നാം ഭാര്യ കടന്നു വന്നപ്പോൾ രാജാവ് ചോദിച്ചു. *"ജീവിതം മുഴുക്കെ ഞാൻ നിന്നെ സ്നേഹിച്ചു. എന്റെ ജീവതം തീരുമ്പോൾ നീ കൂടെ വരുമോ എനിക്ക് കൂട്ടായിട്ട്?"*
അവൾ പറഞ്ഞു. " ജീവിതം സുന്ദരമാണ്. എന്റെ യുവത്വം ശേഷിക്കുന്നു. അങ്ങയുടെ മരണശേഷം മറ്റൊരു ദാമ്പത്യം ഞാൻ പ്രതീക്ഷിക്കുന്നു."

രണ്ടാം ഭാര്യ മുറിയിലേക്ക് വന്നു. രാജാവ് പറഞ്ഞു. " *എന്റെ വിഷമസന്ധികളിലെല്ലാം നീയായിരുന്നു എനിക്ക് ആശ്വാസം. എന്റെ മണ്ണാറയിലും എനിക്ക് ആശ്വാസമേകുവാൻ നീ വരുമോ?"*
അവൾ പറഞ്ഞു. "ക്ഷമിച്ചാലും പ്രഭോ, ഈ ആവശ്യം ഞാനെങ്ങനെ പൂർത്തീകരിക്കും? അങ്ങയെ മണ്ണിലേക്ക് ഇറക്കി വെക്കുവോളം ഞാൻ കൂടെയുണ്ടാവും. അതിലപ്പുറം എനിക്ക് സാധ്യമാവില്ല."

രാജാവ് അതീവ ദുഖിതനായി. സങ്കടം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.

അപ്പോഴാണ് അയാൾ ആ ശബ്ദം കേട്ടത്.

 *"ഞാൻ വരാം അങ്ങയുടെ കൂടെ, എവിടെയാണെങ്കിലും അങ്ങയുടെ കൂടെ ഞാൻ ഉണ്ടാകും "*

അയാളുടെ ഒന്നാം ഭാര്യയായിരുന്നു അത്. അയാളുടെ നിരന്തര അവഗണന കാരണം അവൾ ക്ഷീണിച്ച് രോഗാതുരയായി മാറിയിരുന്നു.
ക്ഷീണിച്ച് മരണാസന്നയായ അവളെ കണ്ടപ്പോൾ ജീവിതകാലത്ത് അവളെ പരിഗണിച്ചില്ലല്ലോ എന്നോർത്ത് അയാൾക്ക് സങ്കടമായി.

നിറകണ്ണുകളോടെ അയാൾ അവളോട് പറഞ്ഞു. *"മറ്റുള്ളവരെക്കാൾ ഞാൻ നിന്നെയായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എനിക്ക് ആയുസ്സ് നീട്ടിക്കിട്ടുകയാണെങ്കിൽ തീർച്ചയായും മറ്റു ഭാര്യമാരേക്കാൾ ഞാൻ നിന്നെ പരിപാലിക്കുന്നതാണ്."*

സുഹൃത്തെ,
നമുക്കെല്ലാം ഈ നാലു ഭാര്യമാരുണ്ട്.

*നാലാമത്തെ ഭാര്യ നമ്മുടെ ദേഹമാണ്*.
_ശരീരേച്ഛയെ പരിപോഷിപ്പിക്കാൻ നാം സദാ സമയം നമുക്ക് ഉള്ളതെല്ലാം ചെലവഴിക്കുന്നു. മരണത്തോടെ ആ ശരീരം നമ്മെ വിട്ടു പോവുന്നു._

*മൂന്നാമത്തവൾ നമ്മുടെ ധനവും അധികാരവും.*
_നമ്മുടെ മരണത്തോടെ അത് മറ്റുള്ളവരുടേതായി മാറുന്നു._

*രണ്ടാമത്തവൾ കുടുംബവും സുഹൃത്തുക്കളും.*
_അവർക്ക് നമ്മെ മണ്ണിലേക്ക് ഇറക്കി വെക്കുന്നത് വരെ കൂടെ വരാനേ സാധിക്കുകയുള്ളൂ._

*ഒന്നാമത്തവൾ, അതാണ് നമ്മുടെ സൽക്കർമ്മങ്ങൾ.*

_നമ്മുടെ ദേഹേച്ഛക്ക് വേണ്ടി, പണത്തിനും അധികാരത്തിനും വേണ്ടി, സുഹൃത്തുക്കൾക്കു വേണ്ടി നാം അതിനെ അവഗണിക്കുന്നു._

No comments: